വനിതകളുടെ 100 മീറ്ററിൽ പുതിയ ലോക ചാമ്പ്യൻ;  
കിരീടത്തിൽ മുത്തമിട്ട് ഷകാരി റിച്ചാർഡ്‌സൺ

വനിതകളുടെ 100 മീറ്ററിൽ പുതിയ ലോക ചാമ്പ്യൻ; കിരീടത്തിൽ മുത്തമിട്ട് ഷകാരി റിച്ചാർഡ്‌സൺ

അഞ്ചുതവണ ലോക കിരീടം നേടിയ ജമൈക്കയുടെ ഇതിഹാസതാരം ഷെല്ലി ആൻ ഫ്രേസറെ പിന്നിലാക്കിയാണ് ഷകാരിയുടെ നേട്ടം

ഹം​ഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ട്രാക്കിൽ ഇത്തവണ കുതിച്ചെത്തിയത് അമേരിക്കക്കാരിയായ ഷകാരി റിച്ചാർഡ്‌സൺ. അഞ്ചുതവണ ലോക കിരീടം നേടിയ ഇതിഹാസതാരം ഷെല്ലി ആൻ ഫ്രേസറെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളിയും ഷെറിക്ക ജാക്‌സണെ രണ്ടാംസ്ഥാനത്താക്കിയുമായിരുന്നു പുതിയ ലോക ചാമ്പ്യന്റെ പിറവി. 10.65 സെക്കൻ‍‍ഡിലാണ് ഇരുപത്തിമൂന്നുകാരി ഫിനിഷ് ചെയ്തത്.

അവിശ്വാസനീയമായ നിമിഷങ്ങൾക്കാണ് ഹം​ഗറിയിലെ ബുഡാപെസ്റ്റ് സാക്ഷ്യം വഹിച്ചത്. അഞ്ചുതവണ ലോക കിരീടം നേടിയ ജമൈക്കയുടെ ഇതിഹാസതാരം ഷെല്ലി ആൻ ഫ്രേസർ മുപ്പത്തിയാറാം വയസ്സിൽ തന്റെ ആറാം ലോക കിരീടം മുത്തമിടാനാണ് ട്രാക്കിലേക്ക് ഇറങ്ങിയത്. എന്നാൽ, ഷകാരിയ്ക്ക് മുന്നിൽ ജമൈക്കൻ താരത്തിന് 10.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൂന്നാമത് എത്താനേയായുള്ളൂ. 10.72 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജമൈക്കക്കാരി ഷെറീക ജാക്‌സൻ വെള്ളി നേടി തൃപ്തി അടയുകയായിരുന്നു. കഴിഞ്ഞ രണ്ടു തവണയും ഷെല്ലിക്കായിരുന്നു സ്വർണം.

മത്സരത്തിന്റെ തുടക്കത്തിൽ ജമൈക്കൻ താരങ്ങളായ ഷെല്ലിയുടെയും ഷെറീക്കയുടെയും കുതിപ്പിൽ പിന്നിൽ പോയ ഷകാരി അവാസാന 50 മീറ്ററിലാണ് മിന്നൽ വേ​ഗതയിൽ കുതിച്ചെത്തിയത്. മികച്ചൊരു മത്സരമായിരുന്നുവെന്നും ഏറ്റവും മികച്ചത് തന്നെ പുറത്തെടുക്കാൻ സാധിച്ചുവെന്നും മത്സരശേഷം ഷകാരി പറഞ്ഞു.

പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം നേടി അമേരിക്കയുടെ നോഹ ലൈൽസ് ലോക ചാമ്പ്യനായിരുന്നു. 9.83 സെക്കന്‍ഡിലാണ് അമേരിക്കൻ താരം ഫിനിഷ് ചെയ്തത്. ബോട്‌സ്വാനയുടെ ലെസ്‌ലി ടോബോഗോ ആണ് രണ്ടാമതെത്തിയത്. 9.88 സെക്കന്‍ഡിലാണ് താരം ഓടിയെത്തിയത്. ബ്രിട്ടന്റെ ഷാര്‍ണല്‍ ഹ്യൂസ് ആണ് വെങ്കലം കരസ്ഥമാക്കിയത്. എന്നാല്‍ 14 വര്‍ഷത്തിന് മുന്‍പ് 2009 ല്‍ ഉസൈന്‍ ബോള്‍ട്ട് കുറിച്ച 9.58 സെക്കന്‍ഡ് എന്ന മാന്ത്രിക റെക്കോര്‍ഡിന് അടുത്തെത്താന്‍ പോലും ഇത്തവണയും സാധിച്ചിട്ടില്ല.

വനിതകളുടെ 100 മീറ്ററിൽ പുതിയ ലോക ചാമ്പ്യൻ;  
കിരീടത്തിൽ മുത്തമിട്ട് ഷകാരി റിച്ചാർഡ്‌സൺ
നോഹ ലൈല്‍സ് പുതിയ വേഗരാജാവ്
logo
The Fourth
www.thefourthnews.in