CWC2023 Team Focus | ഷനകയുടെ കീഴില്‍ യുവലങ്ക

CWC2023 Team Focus | ഷനകയുടെ കീഴില്‍ യുവലങ്ക

നിര്‍ണായകമായ താരങ്ങളുടെ അഭാവത്തിലും സന്തുലിതമായ ടീമിനെ ലോകകപ്പിന് തിരിഞ്ഞെടുക്കാന്‍ ശ്രീലങ്കയ്ക്കായിട്ടുണ്ട്

പരുക്കേറ്റ താരങ്ങളുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് അവസാന ഘട്ടം വരെ കാത്തിരുന്ന ശേഷമായിരുന്നു ശ്രീലങ്ക ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ശ്രീലങ്കന്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയത് ലോകകപ്പില്‍ വനിന്ദു ഹസരങ്കയുടെ ഓള്‍റൗണ്ട് മാജിക്ക് കാണാനാകില്ല എന്നതാണ്. ശ്രീലങ്കയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയും സൂപ്പര്‍ താരത്തിന്റെ അഭാവം തന്നെ. ലങ്കന്‍ പ്രീമിയര്‍ ലീഗിനിടെ (എല്‍പിഎല്‍) തുടയിലേറ്റ പരുക്കില്‍ നിന്ന് മുക്തമാകാനാകാതെ പോയതാണ് ഹസരങ്കയ്ക്ക് ലോകകപ്പ് നഷ്ടമാകാനുള്ള കാരണം.

ജൂണിലും ജൂലൈയിലുമായി നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ 22 വിക്കറ്റ് നേടിയ ഹസരങ്കയുടെ പ്രകടനമികവായിരുന്നു ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. അതുകൊണ്ട് തന്നെ വലം കയ്യന്‍ സ്പിന്നറുടെ അഭാവം മുന്‍ ചാമ്പ്യന്മാരുടെ സാധ്യതകള്‍ക്ക് വെല്ലുവിളിയുര്‍ത്തുന്നുണ്ട്. ഹസരങ്കയ്ക്ക് പുറമെ പേസ് ബോളര്‍ ദുശ്മന്ത ചമീരയ്ക്കും പരുക്കിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായിട്ടില്ല. എന്നാല്‍ ടീമിന് ആശ്വാസമാകുന്നത് ദില്‍ഷന്‍ മധുശനകയുടേയും ലഹിരു കുമാരയുടേയും തിരിച്ചുവരവാണ്.

CWC2023 Team Focus | ഷനകയുടെ കീഴില്‍ യുവലങ്ക
CWC2023 Team Focus |പവര്‍ തെളിയിക്കാന്‍ പ്രോട്ടിയാസ്‌

നിര്‍ണായകമായ താരങ്ങളുടെ അഭാവത്തിലും സന്തുലിതമായ ടീമിനെ ലോകകപ്പിന് തിരിഞ്ഞെടുക്കാന്‍ ശ്രീലങ്കയ്ക്കായിട്ടുണ്ട്. പാതും നിസംഗ, ദിമുത് കരുണരത്നെ, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ ചേരുന്നതാണ് ലങ്കയുടെ മുന്‍നിര. സദീര സമരവിക്രമെ, കുശാല്‍ പെരേര, ചരിത് അസലങ്ക, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ മധ്യനിരയില്‍ ബാറ്റേന്തും.

നായകന്‍ ദാസുന്‍ ഷനക നയിക്കുന്ന ഓള്‍റൗണ്ട് നിരയില്‍ ധനഞ്ജയ, ദുനിത് വെല്ലലാഗെ, അസലങ്ക എന്നീ താരങ്ങളുമുണ്ട്. വെല്ലലാഗെയുടെ ഇംപാക്ട് എന്താണെന്ന് ഏഷ്യ കപ്പില്‍ വ്യക്തമായിരുന്നു. രോഹിത്, കോഹ്ലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്ക് പോലും 20കാരന്റെ പന്തിന് മറുപടി നല്‍കാന്‍ അന്ന് കഴിഞ്ഞിരുന്നില്ല. ഇന്ത്യയിലെ സ്പിന്നിന് അനുകൂലിക്കുന്ന പിച്ചുകളില്‍ വിക്കറ്റുകൊയ്ത്തുതന്നെ വെല്ലലാഗെ ലക്ഷ്യമിടുന്നുണ്ടാകും.

CWC2023 Team Focus | ഷനകയുടെ കീഴില്‍ യുവലങ്ക
CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍

പരിചയസമ്പത്ത് കുറഞ്ഞ താരനിരയാണ് ലങ്കയുടെ പ്രധാന പോരായ്മ. പ്രത്യേകിച്ചും പേസ് നിരയിലേക്ക് എത്തുമ്പോള്‍. കാസുന്‍ രജിത, ദില്‍ഷന്‍ മധുഷനക, ലഹിരു കുമാര, മതീഷ പതിരന നാല്‍വര്‍ സംഘത്തിനാണ് പേസ് ഉത്തരവാദിത്തം. തീക്ഷണയും വെല്ലലാഗെയും ധനഞ്ജയയുമാണ് സ്പിന്നര്‍മാരായി ശ്രീലങ്കന്‍ ടീമിലുള്ളത്.

1996-ലെ കിരീടനേട്ടത്തിന് ശേഷം 2007, 2011 ലോകകപ്പുകളില്‍ ഫൈനലിലെത്താന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീടു നടന്ന രണ്ട് ലോകകപ്പുകളിലും അവസാന നാലിലെത്താന്‍ ശ്രീങ്കയ്ക്ക് സാധിച്ചില്ല. പ്രമുഖ താരങ്ങളുടെ കൊഴിഞ്ഞുപോക്കില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ആകാതെ പോയതാണ് തിരിച്ചടിയായത്.

ശ്രീലങ്കന്‍ ടീം

ദസുൻ ഷനക, കുശാൽ മെൻഡിസ്, കുശാൽ പെരേര, പാത്തും നിസംഗ, ദിമുത് കരുണരത്‌നെ, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദുഷൻ ഹേമന്ത, മഹേഷ് തീക്ഷണ, ദുനിത് വെല്ലലാഗെ, കാസുൻ രജിത, മതീഷ പതിരന, ലഹിരു കുമാര, ദില്‍ഷന്‍ മധുഷനക.

ശ്രീലങ്കന്‍ ടീമിന്റെ മത്സരങ്ങള്‍

ദക്ഷിണാഫ്രിക്ക - ഒക്ടോബര്‍ ഏഴ്, ഡല്‍ഹി.

പാക്കിസ്ഥാന്‍ - ഒക്ടോബര്‍ 10, ഹൈദരാബാദ്.

ഓസ്ട്രേലിയ - ഒക്ടോബര്‍ 16, ലഖ്നൗ.

നെതര്‍ലന്‍ഡ്സ് - ഒക്ടോബര്‍ 21, ലഖ്നൗ.

ഇംഗ്ലണ്ട് - ഒക്ടോബര്‍ 26, ബെംഗളൂരു.

അഫ്ഗാനിസ്ഥാന്‍ - ഒക്ടോബര്‍ 30, പൂനെ.

ഇന്ത്യ - നവംബര്‍ രണ്ട്, മുംബൈ.

ബംഗ്ലാദേശ് - നവംബര്‍ ആറ്, ഡല്‍ഹി.

ന്യൂസിലന്‍ഡ് - നവംബര്‍ ഒന്‍പത്, ഡല്‍ഹി.

logo
The Fourth
www.thefourthnews.in