കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ വാല്‍സന്‍

കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ വാല്‍സന്‍

ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന് ജൂണ്‍ 25ന് നാല്‍പ്പത് വര്‍ഷം തികയുന്നു. ടീമിന്റെ ഭാഗമായിട്ടും കളിക്കളത്തിലിറങ്ങാന്‍ ഭാഗ്യമില്ലാതെ പോയ മലയാളി താരം സുനില്‍ വാല്‍സനെക്കുറിച്ച്

നീല്‍ ആംസ്ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ നൂറു കിലോമീറ്ററോളം ഉയരത്തില്‍ 'റോന്തുചുറ്റുക'യായിരുന്നു മൈക്കല്‍ കോളിന്‍സ്; അപ്പോളോ 11 ന്റെ മാതൃപേടകത്തില്‍, തീര്‍ത്തും ഏകാകിയായി.

ഇത്രയേറെ 'മാരക'മായ ഏകാന്തത അനുഭവിച്ചവര്‍ ലോകചരിത്രത്തില്‍ തന്നെ വേറെയുണ്ടാവില്ല. ഇരുപത്തൊന്നു മണിക്കൂറാണ് ഭൂലോകവും ജീവജാലങ്ങളുമായുള്ള സകല ബന്ധവും വിഛേദിച്ച് കമാന്‍ഡ് മൊഡ്യൂളായ 'കൊളംബിയ'യില്‍ കോളിന്‍സ് കഴിഞ്ഞത്. സഹയാത്രികരായ ആംസ്ട്രോങ്ങും ആല്‍ഡ്രിനും തൊട്ട ചന്ദ്രനെ ദൂരെനിന്ന് കണ്ട് നിര്‍വൃതിയടയാനായിരുന്നു കോളിന്‍സിന് യോഗം.

കോളിന്‍സിനെ കുറിച്ചോര്‍ക്കുമ്പോഴെല്ലാം സുനില്‍ വാല്‍സനെ ഓര്‍മ വരും; 1983 ല്‍ ചരിത്രത്തിലാദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പതിനാല് അംഗങ്ങളില്‍ ഒരാളായിട്ടും ഒരൊറ്റ മത്സരം പോലും കളിക്കാന്‍ ഭാഗ്യമുണ്ടാകാതെ പോയ ഇടംകൈയന്‍ പേസ് ബൗളര്‍. ലോര്‍ഡ്സിലെ പവിലിയനിലിരുന്ന് വാല്‍സനും അനുഭവിച്ചിരിക്കില്ലേ അതുപോലൊരു ഏകാന്തത?

സുനിൽ വാൽസൻ. 1983 ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന്
സുനിൽ വാൽസൻ. 1983 ലോക കപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന്

സമ്മതിച്ചുതരാനിടയില്ല വാല്‍സന്‍; കോളിന്‍സിനെപ്പോലെ തന്നെ. ''ഒരിക്കലും ഏകാന്തത തോന്നിയിരുന്നില്ല എനിക്ക്,'' ആത്മകഥയില്‍ കോളിന്‍സ് എഴുതി. ''ഞങ്ങള്‍ മൂന്ന് പേരും ഈ ദൗത്യത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍. നീലിനും എഡ്വിനുമുള്ള അതേ പങ്ക് അപ്പോളോയുടെ വിജയത്തില്‍ എനിക്കുമുണ്ട്. ആര്‍ക്കുമാവില്ല അത് നിഷേധിക്കാന്‍.'' സുനില്‍ വാല്‍സനും പങ്കുവയ്ക്കുന്നത് അതേ വീക്ഷണം: ''ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ 14 പേരില്‍ ഒരാളാണ് ഞാനും. ആ ബഹുമതി എന്നില്‍നിന്ന് തട്ടിമാറ്റാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ടുതന്നെ അന്നും ഇന്നും എനിക്ക് നിരാശയില്ല,''വാല്‍സന്റെ വാക്കുകള്‍.

കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ വാല്‍സന്‍
സച്ചിന് വേണ്ടി മാത്രം ലതാജി പാടിയ പാട്ട്

കളിച്ചിരുന്ന കാലത്ത് രാജ്യത്തെ ഏറ്റവും വേഗതയാര്‍ന്ന പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു വാല്‍സന്‍. തമിഴ്‌നാടിനും ഡല്‍ഹിക്കും വേണ്ടി രഞ്ജി ട്രോഫിയിലും ദക്ഷിണമേഖലയ്ക്കുവേണ്ടി ദേവധര്‍, ദുലീപ് ട്രോഫികളിലും കാഴ്ച്ചവച്ച മികച്ച പ്രകടനമാണ് വാല്‍സന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള വഴിതുറന്നത്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത വരുമ്പോള്‍ ഇംഗ്ലണ്ടില്‍ ഡര്‍ഹം ലീഗില്‍ കളിക്കുകയാണ് വാല്‍സന്‍. ''ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഒരു ക്ലബ് ഒഫിഷ്യല്‍ വന്ന് പറഞ്ഞപ്പോള്‍ പൂര്‍ണവിശ്വാസം വന്നില്ല. വാര്‍ത്ത സത്യമെന്ന് ഉറപ്പിക്കാന്‍ ഇന്നത്തെപ്പോലെ ഇന്റര്‍നെറ്റും ഓണ്‍ലൈന്‍ മീഡിയയുമൊന്നും ഇല്ലാത്ത കാലമല്ലേ? ഇംഗ്ലണ്ടില്‍ തന്നെ കളിച്ചിരുന്ന കീര്‍ത്തി ആസാദിനെ വിളിച്ചാണ് സംഗതി സത്യമെന്ന് ഉറപ്പിച്ചത്. സന്തോഷം തോന്നി. എങ്കിലും പ്ലേയിങ് ഇലവനില്‍ കടന്നുകൂടുക എളുപ്പമല്ലെന്ന് അറിയാമായിരുന്നു.''

സുനിൽ വാൽസൻ സുനിൽ ഗവാസ്കർക്കൊപ്പം
സുനിൽ വാൽസൻ സുനിൽ ഗവാസ്കർക്കൊപ്പം

അതുവരെ കളിച്ച രണ്ടു ലോകകപ്പുകളില്‍ ഒരേയൊരു മത്സരം, അതും ദുര്‍ബലരായ ഈസ്റ്റ് ആഫ്രിക്കക്കെതിരെ, മാത്രം ജയിച്ച ചരിത്രവുമായി ഇംഗ്ലണ്ടില്‍ വന്നിറങ്ങിയ ഇന്ത്യയെ മാധ്യമങ്ങളും കളിവിദഗ്ദ്ധരും കാണികളുമൊന്നും ഗൗനിച്ചിരുന്നില്ലെന്നതാണ് സത്യം. സൗഹൃദ മത്സരങ്ങളില്‍ ന്യൂസിലണ്ടിനോടും മൈനര്‍ കൗണ്ടീസിനോടും പിണഞ്ഞ പരാജയങ്ങള്‍ ആ പുച്ഛം അരക്കിട്ടുറപ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഓപ്പണര്‍മാരായ ജോണ്‍ റൈറ്റിനെയും ബ്രൂസ് എഡ്ഗറേയും പുറത്താക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു വാല്‍സന്‍. എങ്കിലും റോജര്‍ ബിന്നി മികച്ച ഫോമിലുള്ള കാലത്തോളം തനിക്ക് ലോകകപ്പ് ഇലവനില്‍ സ്ഥാനം ലഭിക്കാനിടയില്ലെന്ന് ഉറപ്പായിരുന്നു വാല്‍സന്.

കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ വാല്‍സന്‍
''മ്മടെ എഴുത്തും വായനയുമൊക്കെ ഈ കാലുമ്മേലല്ലേ രവ്യേട്ടാ...''

എന്നിട്ടും ഒരിക്കല്‍, ഒരേയൊരിക്കല്‍ മാത്രം, ഭാഗ്യദേവത വന്ന് വാല്‍സനെ ഒന്നു എത്തിനോക്കിപ്പോയോയെന്ന് സംശയം. ഓവലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ റൗണ്ട് റോബിന്‍ ലീഗ് മത്സരം. തൊട്ടു മുന്‍പത്തെ മത്സരത്തില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലാണ് റോജര്‍ ബിന്നി. പരുക്ക് ഗുരുതരമെങ്കില്‍ ബിന്നി കളിക്കില്ല. ഫിറ്റ്‌നസ് ടെസ്റ്റില്‍ ബിന്നി പരാജയപ്പെടുകയാണെങ്കില്‍ കളിക്കാന്‍ തയ്യാറായിക്കൊള്ളൂയെന്ന് വാല്‍സന് സൂചന നല്‍കുന്നു ക്യാപ്റ്റന്‍ കപില്‍ദേവ്. വാല്‍സന്‍ ശരിക്കും ആവേശഭരിതനായ നിമിഷം. ആരാണ് ത്രില്ലടിച്ചു പോകാതിരിക്കുക.

1983 ലോക കപ്പ് നേടിയ ഇന്ത്യൻ ടീം
1983 ലോക കപ്പ് നേടിയ ഇന്ത്യൻ ടീം

ഫിറ്റ്‌നസ് ടെസ്റ്റ് ഇന്നത്തെയത്ര ദുഷ്‌കരമല്ല അന്ന്. കുറച്ച് ജോഗിങ്, കുറച്ച് സ്പ്രിന്റ്. പിന്നെ ബാറ്റിംഗ് പ്രാക്ടീസും. അത്രയേയുള്ളൂ. പുഷ്പം പോലെ പരീക്ഷ ജയിച്ചുവന്നു ബിന്നി. പിന്നീടങ്ങോട്ട് ടീമിന്റെ നെടുംതൂണായി മാറുകയും ചെയ്തു. വാല്‍സന്റെ ഇടം പവലിയനില്‍ തന്നെ.

എങ്കിലും കളിക്കളത്തില്‍ ഇറങ്ങിയില്ലയെന്ന് പറഞ്ഞുകൂടാ. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ മാല്‍ക്കം മാര്‍ഷലിന്റെ ഒരു ബൗണ്‍സര്‍ നേരിട്ട് പരുക്കേറ്റ ദിലീപ് വെങ്്‌സര്‍ക്കാറിനെ പ്രഥമശുശ്രൂഷക്കായി ഗ്രൗണ്ടില്‍നിന്ന് ഡ്രസ്സിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോന്നത് വാല്‍സനാണ്. ''ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ചരിത്രത്തിന്റെ ഭാഗമായിരുന്നു ഞാനും എന്ന ഓര്‍മ പോലും ആവേശഭരിതം. കളിക്കാന്‍ അവസരം ലഭിച്ചില്ലെന്നത് സത്യമെങ്കിലും ഇന്ത്യയുടെ മഹാവിജയത്തിനു മുന്നില്‍ അതെല്ലാം നിഷ്പ്രഭമല്ലേ?''

സുനിൽ വാൽസൻ
സുനിൽ വാൽസൻ

മികച്ച ഫോമിലായിരുന്ന കാലത്തുപോലും ഒരിക്കലും ഇന്ത്യന്‍ ക്യാപ്പ് ലഭിച്ചില്ലെന്നതാണ് വാല്‍സന്റെ ഏറ്റവും വലിയ ദുഃഖം. പരമാവധി മൂന്ന് വര്‍ഷമാണ് ഒരു പേസ് ബൗളറുടെ ജീവിതത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ കാലഘട്ടം. ആ കാലയളവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിക്കുകയെന്നത് സുപ്രധാനമാണ്. വാല്‍സനെ ഒഴിഞ്ഞുപോയതും ആ ഭാഗ്യം തന്നെ. റെയില്‍വേസിനെ 1987 ലെ രഞ്ജി ട്രോഫി ഫൈനലില്‍ എത്തിച്ച ശേഷമായിരുന്നു ക്രിക്കറ്റില്‍നിന്നുള്ള വിടവാങ്ങല്‍. ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ 75 മത്സരങ്ങളില്‍നിന്ന് 212 വിക്കറ്റാണ് വാല്‍സന്റെ സമ്പാദ്യം. ശരാശരി 25.35.ഐ എം വിജയനെ കീഴടക്കി എസ് ജാനകിയുടെ 'സ്നേഹഗോൾ'

കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ വാല്‍സന്‍
ഐ എം വിജയനെ കീഴടക്കി എസ് ജാനകിയുടെ 'സ്നേഹഗോൾ'

ജനിച്ചത് ആന്ധ്രയിലെങ്കിലും വടക്കന്‍ കേരളത്തിലാണ് സുനില്‍ വാല്‍സന്റെ കുടുംബവേരുകള്‍. ആര്‍മി ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ കണ്ണൂരിലെ ചന്ത്രോത്ത് കുടുംബാംഗം. അമ്മ തലശേരിക്കാരി. വേനലവധിക്കാലത്ത് നാട്ടില്‍ ചെലവഴിച്ചിരുന്ന ഒരു മാസമാണ് കേരളത്തെക്കുറിച്ചുള്ള വാല്‍സന്റെ ഏറ്റവും ഗൃഹാതുരമായ ഓര്‍മ. ഇന്ത്യയുടെ ഐതിഹാസിക ലോകകപ്പ് വിജയത്തിന് ഈ ജൂണ്‍ 25 ന് നാല് ദശകം തികയുമ്പോള്‍, സുനില്‍ വാല്‍സനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?

logo
The Fourth
www.thefourthnews.in