ജയമൊരുക്കിയത് രോഹിതിന്റെ മാസ്റ്റര്‍ക്ലാസ്, ഇംഗ്ലണ്ട് തരുന്നത് നിരാശ മാത്രം

ജയമൊരുക്കിയത് രോഹിതിന്റെ മാസ്റ്റര്‍ക്ലാസ്, ഇംഗ്ലണ്ട് തരുന്നത് നിരാശ മാത്രം

ഒരു ലോ സ്‌കോറിങ് മത്സരത്തില്‍ അറ്റാക്കിങ് ശൈലിയില്‍ കളിച്ച് ടീമിനെ ജയിപ്പിക്കുക എന്നത് ഒരു മാസ്റ്റര്‍ക്ലാസ് തന്നെയാണ്

അനായാസമായൊരു ജയം, ബാറ്റിങ്ങില്‍ ഭയപ്പെടുത്തുന്ന ചെറിയൊരു സാഹചര്യം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തിരിച്ചുവരാനായി. ഇംഗ്ലണ്ടിനെതിരായ വിജയത്തില്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്ന്, നമുക്ക് എപ്പോഴുമുള്ളൊരു പേടിയാണ് ആദ്യത്തെ മൂന്ന് വിക്കറ്റ് വീണ് കഴിഞ്ഞാല്‍ റിക്കവര്‍ ചെയ്യാനാകുമോ എന്നത്. അതിനെ മറികടക്കാനുള്ള കെല്‍പ്പ് നമുക്കുണ്ടെന്ന് തെളിഞ്ഞു. രോഹിത് ശര്‍മയും കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ബാറ്റിങ്ങിന് ദുഷ്‌കരമായ വിക്കറ്റില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു.

രോഹിതിന്റെ ഇന്നിങ്‌സിനെ ബ്രില്യന്റ് എന്ന് തന്നെ വിശേഷിപ്പിക്കാം. തുടക്കം മുതല്‍ ബൗളര്‍മാരെ ആക്രമിക്കുന്ന രോഹിതിന്റെ പുതിയ തന്ത്രം എപ്പോഴും ഫലം തരുമോയെന്ന സംശയം നിലനിന്നിരുന്നു. ഇന്നത്തെ മത്സരത്തോടെ രോഹിതിന്റെ തന്ത്രത്തിന് ടെക്‌നിക്കലായിട്ടുള്ള പിന്തുണയുണ്ടെന്നും തെളിഞ്ഞു. ബാറ്റിങ്ങിന് ഒട്ടും തന്നെ പിന്തുണ ലഭിക്കാത്ത വിക്കറ്റില്‍ സ്വന്തം ശൈലിയില്‍ കളിക്കാനും ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ ഇന്നിങ്‌സിന്റെ ബലത്തിലാണ് നമുക്ക് ഇത്ര റണ്‍സ് കിട്ടിയത് തന്നെ. ഒരു ലോ സ്‌കോറിങ് മത്സരത്തില്‍ അറ്റാക്കിങ് ശൈലിയില്‍ കളിച്ച് ടീമിനെ ജയിപ്പിക്കുക എന്നത് ഒരു മാസ്റ്റര്‍ക്ലാസ് തന്നെയാണ്. രോഹിതിന് ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലിയിലും സംതൃപ്തി നല്‍കിയ ഇന്നിങ്‌സായിരുന്നു ഇംഗ്ലണ്ടിനെതിരായത്.

ജയമൊരുക്കിയത് രോഹിതിന്റെ മാസ്റ്റര്‍ക്ലാസ്, ഇംഗ്ലണ്ട് തരുന്നത് നിരാശ മാത്രം
CWC2023 | ഇംഗ്ലണ്ടിന് ഇന്ത്യയുടെ പേസ് പഞ്ച്; 100 റണ്‍സ് ജയത്തോടെ ഒന്നാമത്

ബൗളിങ്ങിലേക്ക് വന്നാല്‍ ഒരും കംപ്ലീറ്റ് ഡൊമിനന്‍സ് തന്നെയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം അറിയാത്ത രീതിയില്‍ പന്തെറിയാന്‍ നമുക്ക് സാധിച്ചു. എല്ലാവരും നന്നായി തന്നെ പന്തെറിഞ്ഞു. സിറാജ് കുറച്ച് റണ്‍സ് വിട്ടുനല്‍കി. സിറാജിനെ കുറ്റം പറയാനാകില്ല, അദ്ദേഹം ഫുള്‍ ലെങ്തില്‍ പന്തെറിയുന്ന ആളാണ്. പന്തിന് മൂവ്‌മെന്റ് ഉണ്ടാകുന്നതിന് വേണ്ടിയാണിത്. പക്ഷെ ഇന്ത്യയിലെ വിക്കറ്റുകളില്‍ പന്തിന് അത്ര മൂവ്‌മെന്റ് ലഭിക്കാറില്ല. അതുകൊണ്ടാണ് ആദ്യ ഓവറുകളില്‍ സിറാജിന് റണ്‍സ് വഴങ്ങേണ്ടി വരുന്നത്. ശ്രീലങ്കയിലൊക്കെ സിറാജിന്റെ മികവ് നമ്മള്‍ കണ്ടതാണല്ലൊ.

ഹാര്‍ദിക് മടങ്ങി വരുന്നത്, അല്ലെങ്കില്‍ മൂന്ന് സ്പിന്നര്‍മാര്‍ കളിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ജസ്പ്രിത് ബുംറ - മുഹമ്മദ് ഷമി പേസ് സഖ്യത്തിനെയായിരിക്കാം ഇനി ടീം മാനേജ്‌മെന്റ് പരിഗണിക്കുക. ഇരുവരും മികച്ച ഫോമിലുമാണ്, വിക്കറ്റുമെടുക്കുന്നുണ്ട്, അപ്പോള്‍ അവരെ പരിഗണിക്കുകയാണെങ്കില്‍ നമ്മള്‍ അത്ഭുതപ്പെടേണ്ടതില്ല. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മികച്ചു തന്നെ നിന്നു.

ജയമൊരുക്കിയത് രോഹിതിന്റെ മാസ്റ്റര്‍ക്ലാസ്, ഇംഗ്ലണ്ട് തരുന്നത് നിരാശ മാത്രം
CWC2023 | ഡേവിഡ് മലന്റെ 'ബംഗ്ലാ'മര്‍ദനം; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ പ്രകടനം നിരാശാജനകമാണെന്ന് പറയാതെ വയ്യ. എന്ത് രീതിയിലൊക്കെ വിശകലനം ചെയ്താലും ഇംഗ്ലണ്ടിന്റെ പ്രകടനം ന്യായീകരിക്കാനാകില്ല. അത്ര മോശം പ്രകടനമാണ് കാണാനായത്. നല്ല തുടക്കം നല്‍കുന്ന, അല്ലെങ്കില്‍ ദീര്‍ഘനേരം ക്രീസില്‍ തുടരാനാകുന്ന ഓപ്പണര്‍മാരില്ല. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തുടക്കം പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന് ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ഉണ്ടായതെങ്കിലും രോഹിത് നിന്നു കളിച്ചു.

ജോ റൂട്ടാണ് അവരുടെ മികച്ച ബാറ്റര്‍. പവര്‍പ്ലേയ്ക്കുള്ളില്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ റൂട്ടിന് പവര്‍പ്ലെ അതിജീവിക്കാന്‍ കഴിയുന്നില്ല. ജേസണ്‍ റോയിയുടെ അഭാവം ഇംഗ്ലണ്ട് മനസിലാക്കുന്നുണ്ടാകണം. ശാരീരികക്ഷമതയുടെ പോരായ്മ ചൂണ്ടിക്കാണിച്ചാണ് റോയിയെ അവര്‍ ടീമില്‍ നിന്ന് പുറത്താക്കിയത്. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില് റോയിയെ പോലെ പരിചയസമ്പത്തും മികച്ച തുടക്കം നല്‍കാനും കെല്‍പ്പുള്ള ഒരു ഓപ്പണറുടെ അഭാവം ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്.

ബൗളിങ്ങില്‍ ഇംഗ്ലണ്ടിന്റേത് ഒരു മികച്ച അറ്റാക്കിങ് നിരയല്ല. പേസര്‍മാരില്‍ മാര്‍ക്ക് വുഡ് മാത്രമാണ് പേസുകൊണ്ടെങ്കിലും ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ള ഒരു താരം. പക്ഷെ വുഡിനും തിളങ്ങാനാകുന്നില്ല. ആദില്‍ റഷീദും മൊയിന്‍ അലിയും മാത്രമാണ് ഇന്ത്യയിലെ പിച്ചുകള്‍ മനസിലാക്കി പന്തെറിയുന്നത്. നിര്‍ണായക താരമായ സ്റ്റോക്‌സ് പൂര്‍ണമായും ഫോം ഔട്ടാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് കിരീടത്തിലേക്ക് നയിച്ച സ്റ്റോക്‌സ് ക്ലബ്ബ് മാച്ച് കളിക്കുന്ന പോലെയാണ് ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്തത്. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം താരങ്ങളേയും ബാധിച്ചിട്ടുണ്ട്.

ഒരു മിറാക്കിള്‍ സംഭവിക്കണമായിരുന്നു ടീമിന് തിരിച്ചുവരാനായിട്ട്. ഒന്നുകില്‍ ഒരു വ്യക്തിഗത പ്രകടനം, അല്ലെങ്കില്‍ നായകന്റെ നേതൃത്വത്തിലൊരു ജയം. ഇന്ത്യയ്‌ക്കെതിരെ അതിനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് സാധിച്ചില്ല. ഓസ്‌ട്രേലിയയെ നോക്കു, ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് തിരിച്ചുവന്നത്.

logo
The Fourth
www.thefourthnews.in