CWC2023 | ഡേവിഡ് മലന്റെ 'ബംഗ്ലാ'മര്‍ദനം; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

CWC2023 | ഡേവിഡ് മലന്റെ 'ബംഗ്ലാ'മര്‍ദനം; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍

അവസാന ഓവറുകളിലെ സ്പിന്നര്‍മാരുടെ മികവാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ബംഗ്ലാദേശിനെ സഹായിച്ചത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് 365 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറി നേടിയ ഓപ്പണര്‍ ഡേവിഡ് മലന്റെ (140) കരുത്തിലാണ് നിലവിലെ ചാമ്പ്യന്മാര്‍ വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. മുന്‍ നായകന്‍ ജോ റൂട്ട് (82), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോ(52) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. ബംഗ്ലാദേശിനായി മെഹെദി ഹസന്‍ നാലും ഷൊറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീതം നേടി.

ന്യൂസിലന്‍ഡിനോട് വഴങ്ങിയ കൂറ്റന്‍ തോല്‍വിയോടെ -2.149 നെറ്റ് റണ്‍ റേറ്റുമായി പോയിന്റ് പട്ടികയുടെ അവസാനസ്ഥാനത്തേക്ക് തഴയപ്പെട്ട ഇംഗ്ലണ്ടിന്റെ തിരിച്ചുവരവായിരുന്നു ധരംശാലയില്‍ കണ്ടത്. ടോസ് നേടിയിട്ടും തങ്ങളെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്റെ തീരുമാനം 'രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ഒന്ന്' എന്ന പോലെയാണ് ഇംഗ്ലണ്ട് സ്വീകരിച്ചത്.

ധരംശാലയിലെ ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യം ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് മലനും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒന്നാം വിക്കറ്റില്‍ 17.5 ഓവറില്‍ 115 റണ്‍സാണ് സഖ്യം ചേര്‍ത്തത്. 52 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ മടക്കി ഷാക്കിബ് കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നീടും സ്കോറിങ് വേഗത കുറയ്ക്കാനായില്ല.

CWC2023 | ഡേവിഡ് മലന്റെ 'ബംഗ്ലാ'മര്‍ദനം; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍
CWC2023 | സ്റ്റാറായി സാന്റ്നര്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് രണ്ടാം ജയം

ജോ റൂട്ടിനെ കൂട്ടുപിടിച്ച് മലന്‍ ബംഗ്ലാ മര്‍ദനം തുടര്‍ന്നു. മലന് സ്ട്രൈക്ക് നല്‍കുക എന്ന ഉത്തരവാദിത്തം മാത്രമായിരുന്നു റൂട്ടിന് ഉണ്ടായിരുന്നത്. 107 പന്തില്‍ 16 ഫോറും അഞ്ച് സിക്സും ഉള്‍പ്പടെ 140 റണ്‍സുമായി മലന്‍ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 37.2 ഓവറില്‍ 266ലെത്തിയിരുന്നു.

ഈ വര്‍ഷം മലന്‍ നേടുന്ന നാലാം സെഞ്ചുറിയാണ്. ഇംഗ്ലണ്ടിനായി ഒരു കലണ്ടര്‍ വര്‍ഷം നാല് സെഞ്ചുറി തികയ്ക്കുന്ന മൂന്നാം താരമെന്ന റെക്കോഡും മലന്‍ നേടി. മെഹ്‌ദി ഹസനാണ് മലനെ ബൗള്‍ഡാക്കി ബംഗ്ലാദേശിന് ആശ്വാസ വിക്കറ്റ് സമ്മാനിച്ചത്. 68 പന്തില്‍ 82 റണ്‍സെടുത്ത റൂട്ടും 10 പന്തില്‍ 20 റണ്‍സെടുത്ത ബട്ട്ലറും മലന് പിന്നാലെ തന്നെ കൂടാരം കയറിയത് 400 എന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യത്തിന് തിരിച്ചടിയായി.

ബട്ട്ലറിനേയും റൂട്ടിനേയും പുറത്താക്കിയത് ഷൊറിഫുള്‍ ഇസ്ലാമായിരുന്നു. ഹാരി ബ്രൂക്ക് (20), ലിയാം ലിവിങ്സ്റ്റണ്‍ (0), സാം കറണ്‍ (11), ആദില്‍ റഷീദ് (11) എന്നിവര്‍ക്കും കാര്യമായി സ്കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്യാനായില്ല. ബ്രൂക്കിനേയും കറണേയും ആദിലിനേയും മെഹെദിയും ലിവിങ്സ്റ്റണിനെ ഷൊറിഫുളുമാണ് മടക്കിയത്. ഇംഗ്ലണ്ടിന് നഷ്ടമായ ഒന്‍പത് വിക്കറ്റുകളില്‍ എട്ടും സ്പിന്നര്‍മാരുടെ പേരിലാണ്. 364-9 എന്ന സ്കോറിലാണ് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in