'ഈ മോന്‍ വന്നത് ചുമ്മാ പോകാനല്ല'; കൊല്‍ക്കത്തയുടെ പോക്കറ്റ് ഡൈനാമിറ്റ്‌, അംഗ്ക്രിഷ് രഘുവംശി

'ഈ മോന്‍ വന്നത് ചുമ്മാ പോകാനല്ല'; കൊല്‍ക്കത്തയുടെ പോക്കറ്റ് ഡൈനാമിറ്റ്‌, അംഗ്ക്രിഷ് രഘുവംശി

വിശാഖപട്ടണം സ്റ്റേഡിയം നരെ‌യ്‌ന്‍ ബാറ്റിങ് പറുദീസയാക്കി മാറ്റുന്നത് വിക്കറ്റിന്റെ മറുവശത്ത് നിന്ന് വീക്ഷിക്കാനല്ല താന്‍ വന്നതെന്ന് അംഗ്രിഷ് നേരിട്ട് ആദ്യ പന്തില്‍ തന്നെ വ്യക്തമാക്കി

വിശാഖപട്ടണം വൈ എസ് ആര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നലെ സുനില്‍ നരെയ്‌ന്റെ വെടിക്കെട്ട് ആസ്വദിച്ച് ആരാധകര്‍ ഒന്നു രസംപിടിച്ചു വരവെയാണ് കല്ലുകടിയായി ഫില്‍ സോള്‍ട്ടിന്റെ വിക്കറ്റ് വീഴുന്നത്. മൂന്നാം നമ്പറില്‍ വെങ്കിടേഷ് അയ്യരിനെ പ്രതീക്ഷിച്ച കാണികള്‍ക്കു മുന്നിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അയച്ചതാകട്ടെ ഒരു പതിനെട്ടുകാരന്‍ പയ്യനെ... നിറഞ്ഞു കവിഞ്ഞ ഗ്യാലറികള്‍ക്കോ, ക്രിക്കറ്റ് ആരാധകര്‍ക്കോ അത്ര പരിചിതമല്ലാത്ത മുഖം. പേര്... അംഗ്ക്രിഷ് രഘുവംശി.

വിശാഖപട്ടണത്തെ പേരുകേട്ട സ്ലോ വിക്കറ്റില്‍ നരെയ്ന്‍ ബാറ്റിങ് പറുദീസ തീര്‍ക്കുന്നത്‌ മറുവശത്ത് നിന്ന് വീക്ഷിക്കാനല്ല താന്‍ വന്നതെന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ അംഗ്രിഷ് വ്യക്തമാക്കി. ആന്റ്‌റിച്ച് നോര്‍ക്യെയെന്ന ലോകോത്തര ബോളറുടെ ഷോർട്ട് ബോള്‍ പുള്‍ ചെയ്ത് ബൗണ്ടറിയോടെയാണ് അംഗ്‍ക്രിഷ് തുടങ്ങിയത്. ഏതോ സിനിമിയില്‍ ആരോ പറഞ്ഞതുപോലെ 'ദാറ്റ് വാസ് ജസ്റ്റ് എ ബിഗിനിങ്'. പിന്നീട് അംഗ്‍ക്രിഷ് തന്റെ ബാറ്റിലൊളുപ്പിച്ച ഷോട്ടുകളെല്ലാം അണ്‍ലീഷ് ചെയ്യുകയായിരുന്നു. അടുത്ത പന്തില്‍ നോര്‍ക്യെയുടെ പേസിനെ നേരിട്ടത് അംഗ്ക്രിഷിന്റെ ടൈമിങ് മികവായിരുന്നു. ബാക്ക് ഓഫ് ദ ലെങ്തിലെത്തിയ പന്ത് പഞ്ച് ചെയ്ത് പോയിന്റിലൂടെ ഫോർ.

'ഈ മോന്‍ വന്നത് ചുമ്മാ പോകാനല്ല'; കൊല്‍ക്കത്തയുടെ പോക്കറ്റ് ഡൈനാമിറ്റ്‌, അംഗ്ക്രിഷ് രഘുവംശി
IPL 2024| സ്ഥിരത, കൃത്യത, വേഗത; ലഖ്നൗവിന്റെ മിന്നല്‍ മായങ്ക്

സുമിത് കുമാറിന്റെ പന്ത് മിഡ്‌വിക്കറ്റിന് മുകളിലൂടെ പായിച്ചത് വിരാട് കോഹ്ലിയുടെ പിക്കപ്പ് ഷോട്ടുകളെ ഓർമിപ്പിക്കും വിധമായിരുന്നെന്ന് പറയാതെ വയ്യ. ലെങ്ത് അതിവേഗം പിക്ക് ചെയ്യാനുള്ള മികവും അനായാസതയും ഷോട്ടില്‍ പ്രകടമായിരുന്നു.

നരെയ്‌ന്റെ ഒപ്പം വേഗതയില്‍ കുതിച്ച അംഗ്‍ക്രിഷിനെ പിടിച്ചുകെട്ടാന്‍ ലെങ്തുകള്‍ മാറി മാറി പരീക്ഷിക്കുകയായിരുന്നു ഡല്‍ഹി ബോളർമാർ. റാസിഖ് സലാം എറിഞ്ഞ പത്താം ഓവറിലെ നാലാം പന്ത് റിവേഴ്‌സ് സ്വീപ്പിലൂടെ സിക്സർ. ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമായ ചടുലതയും വേഗതയും നിറഞ്ഞതായിരുന്നു ആ ഷോട്ട്. ഇന്നിങ്സിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. ഒരു പന്തിന്റെ ഇടവേളയ്ക്ക് ശേഷം റാസിഖ് പരീക്ഷിച്ച സ്ലൊ ബോള്‍ കാത്തിരുന്ന് ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ അംഗ്‍ക്രിഷ് ഗ്യാലറിയില്‍ എത്തിച്ചു. കേവലം 25 പന്തിലായിരുന്നു അംഗ്‍ക്രിഷ് അർധ സെഞ്ചുറി കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.

ഒടുവില്‍ നോര്‍ക്യെയ്ക്ക് മുന്നില്‍ കീഴടങ്ങിയപ്പോള്‍ താരത്തിന്റെ സമ്പാദ്യം 27 പന്തില്‍ 54 റണ്‍സായിരുന്നു. അഞ്ച് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. സ്ട്രൈക്ക് റേറ്റ് ഇരുനൂറും. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്തയിലെത്തി പൊന്നുംവിലയുള്ള താരമാകാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നൊവേഷനുകളാല്‍ സമ്പന്നമായ അംഗ്‍ക്രിഷിന്റെ സ്ട്രോക്ക് പ്ലെ.

2021-22 സീസണിലെ അണ്ടർ 19 ലോകകപ്പ് വീക്ഷിച്ചവർക്ക് അംഗ്‍ക്രിഷിന്റെ ഇന്നിങ്സൊരു അത്ഭുതമായിരിക്കില്ല. അന്ന് യാഷ് ദുള്ളിന്റെ കീഴില്‍ ഇന്ത്യ കിരീടം ഉയർത്തിയപ്പോള്‍ കേവലം ആറ് കളികളില്‍ നിന്ന് 278 റണ്‍സുമായി ബാറ്റിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചത് അംഗ്‍ക്രിഷായിരുന്നു. ടൂർണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും യുവതാരം ഇടംപിടിച്ചു. 2023ലെ സി കെ നായുഡു ട്രോഫിയിലും അംഗ്‍ക്രിഷിന്റെ മികവ് ആവർത്തിച്ചു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 765 റണ്‍സായിരുന്നു ടൂർണമെന്റിലെ നേട്ടം.

'ഈ മോന്‍ വന്നത് ചുമ്മാ പോകാനല്ല'; കൊല്‍ക്കത്തയുടെ പോക്കറ്റ് ഡൈനാമിറ്റ്‌, അംഗ്ക്രിഷ് രഘുവംശി
ഹാർദിക്കും ഗ്യാലറികളും; യാര് നല്ലവർ, യാര് കെട്ടവർ!

പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ കടന്നുവന്ന ഒട്ടനവധി പ്രതിഭകളുണ്ട്. അവരില്‍ യുവ്‌രാജ് സിങ്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാള്‍ തുടങ്ങി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പിന്നീട് ദേശീയ ടീമിന് മുതല്‍ക്കൂട്ടായി മാറിയത്. അതിനിടെ ഉന്മുക്ത് ചന്ദിനെപ്പോലെ ഒട്ടനവധിപ്പേര്‍ അവസരങ്ങള്‍ ലഭിക്കാതെ എങ്ങുമെത്താതെ പോയിട്ടുണ്ട്. അതുപോലൊരു വിധിയല്ലാതെ അംഗ്ക്രിഷ് രഘുവംശി എന്ന പേര് വരും നാളുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുമെന്നു പ്രതീക്ഷിക്കാം.

logo
The Fourth
www.thefourthnews.in