IPL 2024| സ്ഥിരത, കൃത്യത, വേഗത; ലഖ്നൗവിന്റെ മിന്നല്‍ മായങ്ക്

IPL 2024| സ്ഥിരത, കൃത്യത, വേഗത; ലഖ്നൗവിന്റെ മിന്നല്‍ മായങ്ക്

മണിക്കൂറില്‍ 150 കിലോമീറ്റർ വേഗതയില്‍ സ്ഥിരതയോടെ പന്തെറിഞ്ഞാണ് കേവലം രണ്ട് മത്സരങ്ങള്‍ക്ക് മായങ്ക് ശ്രദ്ധ നേടിയത്

ബോളർമാരുടെ ശവപ്പറമ്പെന്ന് അറിയപ്പെടുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നാല് ഓവറില്‍ കേവലം 14 റണ്‍സ് മാത്രം വഴങ്ങി നേടിയത് മൂന്ന് വിക്കറ്റുകള്‍. ചിന്നസ്വാമിയില്‍ ഇത്തരമൊരു പ്രകടനം അപൂർവം, അതും ട്വന്റി 20യില്‍. ഐപിഎല്ലിലെ ടോക്ക് ഓഫ് ദ ടൗണാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. മണിക്കൂറില്‍ 150 കിലോമീറ്റർ വേഗതയില്‍ സ്ഥിരതയോടെ പന്തെറിഞ്ഞാണ് കേവലം രണ്ട് മത്സരങ്ങള്‍ക്ക് മായങ്ക് ശ്രദ്ധ നേടിയത്.

''അവന്റെ വേഗത മികച്ചതായിരുന്നു. പക്ഷെ എന്നെ കൂടുതല്‍ ആകർഷിച്ചത് ലെങ്ത് നിയന്ത്രിക്കാനുള്ള മികവും അച്ചടക്കത്തോടെ പന്തെറിയാനുള്ള കഴിവുമാണ്. പേസും കൃത്യതയും അടങ്ങിയ പ്രകടനം," സ്വന്തം ടീമിന്റെ മധ്യനിരയെ തകർത്തെറിഞ്ഞ 21കാരന്‍ പയ്യനെക്കുറിച്ചുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ വാക്കുകളാണിത്.

പഞ്ചാബിന്റെ മുന്‍നിര മായങ്കിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ഒരു വണ്‍ ഗെയിം വണ്ടറായിരിക്കുമോയെന്ന ചോദ്യം പല കോണില്‍ നിന്ന് ഉയർന്നിരുന്നു. എന്നാല്‍ അത്തരം സംശയങ്ങളെ മായങ്ക് തുടച്ചു നീക്കിയിരിക്കുകയാണ് ബെംഗളൂരുവിനെതിരായ മത്സരത്തോടെ.

മായങ്കിന്റെ പന്തിന് ആദ്യം ഇരയായത് ട്വന്റി 20 ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയ ബാറ്റർമാരിലൊരാളായ ഗ്ലെന്‍ മാക്സ്വെല്ലായിരുന്നു. മണിക്കൂറില്‍ 151 കിലോ മീറ്റർ വേഗതയിലെത്തിയ ലെങ്ത് ബോള്‍ ജഡ്ജ് ചെയ്യുന്നതില്‍ മാക്സ്വെല്‍ പരാജയപ്പെട്ടു. പന്ത് ടോപ് എഡ്ജ് ചെയ്ത് നിക്കോളാസ് പൂരാന്റെ കൈകളില്‍.

IPL 2024| സ്ഥിരത, കൃത്യത, വേഗത; ലഖ്നൗവിന്റെ മിന്നല്‍ മായങ്ക്
ഹാർദിക്കും ഗ്യാലറികളും; യാര് നല്ലവർ, യാര് കെട്ടവർ!

സ്റ്റാർ ഓള്‍ റൗണ്ടർ കാമറൂണ്‍ ഗ്രീനിന്റെ ഊഴമായിരുന്നു അടുത്തത്. ഔട്ട്സൈഡ് ഓഫ് ലെങ്തിലെത്തിയ പന്ത് പ്രതിരോധിക്കാമെന്ന് ഗ്രീന്‍ ചിന്തിച്ച സമയത്തിനുള്ളില്‍ തന്നെ ബെയില്‍സ് മൈതാനം തൊട്ടു, ക്ലീന്‍ ബൗള്‍ഡ്. ഒരു ക്ലാസ് ബൗളറുടെ എല്ലാ അടയാളങ്ങളുമുണ്ടായിരുന്നു ആ പന്തില്‍. പിന്നാലെ, കമന്റഫറി ബോക്സില്‍ നിന്ന് രവിശാസ്ത്രിയുടെ ശബ്ദമുയർന്നു, വാട്ട് എ ബോള്‍.

രജത് പാട്ടിദാറിനെ കുടുക്കിയത് മായങ്കിന്റെ ഷോർട്ട് ബോള്‍ തന്ത്രമാണ്. പുള്‍ ഷോട്ടിന് ശ്രമിച്ച പാട്ടിദാറിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഡീപ് സ്ക്വയർ ലെഗില്‍ ദേവദത്ത് പടിക്കലിന്റെ ചോരാത്ത കൈകള്‍ മൂന്നാം വിക്കറ്റും മായങ്കിന് സമ്മാനിച്ചു.

ഇതിനിടയില്‍ സീസണിലെ വേഗമേറിയ പന്തെന്ന തന്റെ സ്വന്തം റെക്കോർഡും മായങ്ക് തിരുത്തി. ചിന്നസ്വാമിയില്‍ മായങ്കിന്റെ പന്ത് ക്ലോക്ക് ചെയ്തത് മണിക്കൂറില്‍ 156.7 കിലോ മീറ്റർ വേഗതയായിരുന്നു.

ഐപിഎല്ലിന് ദേശീയ ടീമിലേക്ക് നിരവധി ബാറ്റർമാരെ സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുണ്ടാകാം, എന്നാല്‍ പേസർമാരുടെ പട്ടികയെടുത്താല്‍ ജസ്പ്രിത് ബുംറ എന്ന ഒറ്റപ്പേരില്‍ ചുരുങ്ങും. വരുണ്‍ ആരോണും ഉമ്രാന്‍ മാലിക്കുമൊക്കെയാണ് പന്തിന്റെ വേഗതയുടെ പേരില്‍ ഇതിനു മുന്‍പ് തലക്കെട്ടുകളില്‍ ഇടം പിടിച്ച ഇന്ത്യന്‍ ബൗർമാർ.

ഉമ്രാന്റെയും വരുണിന്റെയും മികവ് പേസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നു. എന്നാല്‍ ഒരു ഫാസ്റ്റ് ബോളർക്ക് ആവശ്യമായ ക്യത്യതയും ലെങ്തിലെ നിയന്ത്രണവും പേസും മായങ്കിന് കൈമുതലായിട്ടുണ്ട്. പന്തെറിയുമ്പോള്‍ താരത്തിന്റെ തലയുടേയും കൈകളുടേയും പൊസിഷനിങ് വരെ നിയർ പെർഫെക്ടെന്ന് വിലയിരുത്താനാകും. പേസ് ഇതിഹാസം ബ്രെറ്റ് ലീയെ ഓർമ്മിപ്പിക്കും വിധമാണ് റിസ്റ്റ് പൊസിഷന്‍ പോലും.

IPL 2024| സ്ഥിരത, കൃത്യത, വേഗത; ലഖ്നൗവിന്റെ മിന്നല്‍ മായങ്ക്
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

ബുംറയ്ക്ക് ശേഷം ആവേശ് ഖാന്‍, മോഹ്സിന്‍ ഖാന്‍, ഹർഷല്‍ പട്ടേല്‍, ആകാശ് മധ്വാള്‍ തുടങ്ങി ക്രിക്കറ്റ് വിദഗ്ദരുടെ ഗുഡ് ബുക്കിലിടം പിടിച്ച നിരവധി പേസർമാരുടെ ഉദയത്തിന് ഐപിഎല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ, സമീപകാലത്ത് ഇന്ത്യന്‍ ടീമില്‍ മൂന്ന് ഫോർമാറ്റുകളിലും ഒരു ലോങ് റണ്‍ ബുംറയ്ക്കല്ലാതെ മാറ്റാർക്കും സാധ്യമാക്കാനായിട്ടില്ല. സ്ഥിരതയോടെ തുടർന്നാല്‍ ഇതിനൊരു പരിഹാരമാകാന്‍ മാത്രമല്ല മായങ്കിന് സാധിക്കുക. അയല്‍ രാജ്യങ്ങളില്‍ മുളപൊട്ടുന്നപോലെ പേസർമാർ ഉയർന്നു വരുമ്പോള്‍, ഇന്ത്യന്‍ മണ്ണ് ബാറ്റർമാർക്കും സ്പിന്നർമാർക്കും മാത്രമെ വിളഭൂമിയാകു എന്ന പരിഹാസത്തിനുകൂടി ഉത്തരമായേക്കും.

logo
The Fourth
www.thefourthnews.in