'വിഷമമുള്ള തീരുമാനം, പക്ഷെ ഇതാണ് ശരിയായ സമയം';  വിമർശനങ്ങൾക്കൊടുവിൽ പാകിസ്താൻ നായക സ്ഥാനമൊഴിഞ്ഞ് ബാബർ അസം

'വിഷമമുള്ള തീരുമാനം, പക്ഷെ ഇതാണ് ശരിയായ സമയം'; വിമർശനങ്ങൾക്കൊടുവിൽ പാകിസ്താൻ നായക സ്ഥാനമൊഴിഞ്ഞ് ബാബർ അസം

ഏഷ്യ കപ്പിലേയും 2023 ഏകദിന ലോകകപ്പിലെയും പാകിസ്താന്റെ മോശം പ്രകടനത്തെ തുടർന്ന് ബാബർ അസം പാകിസ്താന്‍ നായകസ്ഥാനത്ത് നിന്ന് പിന്മാറിയേക്കുമെന്ന വാർത്തകൾ സജീവമായിരുന്നു

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ് ബാബർ അസം. ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ മോശം പ്രകടനത്തിനെ തുടർന്ന് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജി. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നും സ്ഥാനമൊഴിയുന്നതായി ബാബര്‍ അറിയിച്ചു.

ഏഷ്യാ കപ്പിലും തുടർന്നു വന്ന 2023 ഏകദിന ലോകകപ്പിലും മോശം പ്രകടനമായിരുന്നു പാകിസ്താൻ ക്രിക്കറ്റ് ടീമിന്റേത്. ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയായി. ബാബർ അസമിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. നായക സ്ഥാനത്തേക്ക് പകരക്കാരനെ ഇതുവരെ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരില്‍ ഒരാള്‍ നായകനായേക്കുമെന്നാണ് സൂചന.

'വിഷമമുള്ള തീരുമാനം, പക്ഷെ ഇതാണ് ശരിയായ സമയം';  വിമർശനങ്ങൾക്കൊടുവിൽ പാകിസ്താൻ നായക സ്ഥാനമൊഴിഞ്ഞ് ബാബർ അസം
ലോകകപ്പിലും ഏഷ്യ കപ്പിലും നിറം മങ്ങി പാകിസ്താന്‍; ക്യാപ്റ്റന്‍ സ്ഥാനത്തോട് ബൈ ബൈ പറയാന്‍ ബാബര്‍

വിഷമമേറിയ തീരുമാനമാണിതെന്നും എന്നാൽ ഇപ്പോഴാണ് ശരിയായ സമയമെന്ന് തോന്നിയതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും ബാബര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. തുടർന്നും പാകിസ്താന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിക്കുമെന്നും ബാബര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ, 'പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകൻ' എന്ന ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ച പിസിബിക്ക് (പാകിസ്താൻ ക്രിക്കറ്റ് ബോർഡ്) പ്രതേകം നന്ദിയറിക്കുന്നതായും ബാബര്‍ പറഞ്ഞു.

''2019ല്‍ ഒരു ഫോണ്‍ സന്ദേശത്തിലൂടെയാണ് പിസിബി എന്നെ നായകസ്ഥാനമേൽപ്പിക്കുന്നത്, അത് ഞാന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എന്റെ ക്രിക്കറ്റ് കരിയറിൽ ധാരാളം കയറ്റിറങ്ങളുണ്ടായി. എന്നാല്‍ എപ്പോഴും ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്റെ പ്രതാപം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒന്നാം നമ്പർ കരസ്ഥമാക്കാൻ പാകിസ്താന് സാധിച്ചു. താരങ്ങള്‍, പരിശീലകര്‍, ടീം മാനേജ്‌മെന്റ് എന്നിവരുടെ കൂട്ടായ ശ്രമഫലം കൂടിയാണിത്. യാത്രയില്‍ കൂടെ നിന്ന് പാകിസ്ഥാന്‍ ആരാധകരോടും നന്ദി.'' ബാബര്‍ പ്രസ്താവനയിൽ കുറിച്ചു.

ലോകകപ്പിലെ തോല്‍വികള്‍ മാത്രമല്ല ലോകകപ്പിന് മുന്‍പ് നടന്ന ഏഷ്യ കപ്പിലും പാകിസ്താന് തിളങ്ങാനായിരുന്നില്ല എന്നത് നായകനായ ബാബറിന്‌ തിരിച്ചടിയായിരുന്നു. സൂപ്പർ ഫോറില്‍ അവസാന സ്ഥാനക്കാരായാണ് ഏഷ്യ കപ്പിൽ പാകിസ്താൻ ടൂർണമെന്റ് അവസാനിപ്പിച്ചത്. പാകിസ്താന്റെ മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ബാബറിന്റെ നായകമികവിനെ ചോദ്യം ചെയ്‌തിരുന്നു.

'ടിവിയിലൂടെ നിർദേശങ്ങള്‍ പറയുന്നത് എളുപ്പമുള്ള കാര്യമാണെന്നും ആർക്കെങ്കിലും തനിക്ക് ഉപദേശം നല്‍കണമെന്നുണ്ടെങ്കിൽ നേരിട്ടാകാമെന്നും' ആയിരുന്നു പാകിസ്താന്റെ ലോകകപ്പിലെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെയുണ്ടായ വിമർശനങ്ങള്‍ക്ക് അസം മറുപടി നൽകിയത്.

പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ബൗളിംഗ് കോച്ചായിരുന്ന മോര്‍ണി മോര്‍ക്കല്‍ നേരത്തെ രാജിവച്ചിരുന്നു. ടീമിന്റെ മാസം നില തുടരുന്നതിനാൽ ബാബറിനെ നായക സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ചർച്ചകൾ സജീവമായിരുന്നു. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളിൽ നിന്ന് 320 റൺസ് നേടി പാകിസ്താന്റെ ടോപ് സ്കോറെർമാരിൽ ഒരാളായാണ് ബാബർ ടൂർണമെന്റ് അവസാനിപ്പിച്ചത്.

ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് ടീമുകൾക്കെതിരെ മാത്രമാണ് പാകിസ്താന് ജയിക്കാന്‍ സാധിച്ചത്. ഇന്ത്യക്കും അഫ്ഗാനിസ്ഥാനും പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരോടും തോൽവിയേറ്റുവാങ്ങി.

logo
The Fourth
www.thefourthnews.in