2023-24 രഞ്ജി ട്രോഫി സീസണിലെ ജേതാക്കളായ മുംബൈ ടീം
2023-24 രഞ്ജി ട്രോഫി സീസണിലെ ജേതാക്കളായ മുംബൈ ടീം

'ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ്' മോഡല്‍ രഞ്ജിയിലേക്കും; മാച്ച് ഫീ ഉയർത്തി താരങ്ങളെ ആകർഷിക്കാന്‍ ബിസിസിഐ

ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെ തഴഞ്ഞ് പണവും ഗ്ലാമറും നിറഞ്ഞ ഐപിഎല്ലിന് മുന്‍ഗണന നല്‍കുന്ന ട്രെന്‍ഡ് രൂപപ്പെടുന്നതിനിടെയാണ് ബിസിസിഐയുടെ തീരുമാനം

'ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ്' പ്രഖ്യാപിച്ചതിന് പിന്നാലെ രഞ്ജി ട്രോഫിയിലും സമാന നീക്കവുമായി ബോർഡ് ഓഫ് കണ്‍ട്രോള്‍ ഫോർ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ). ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെ തഴഞ്ഞ് പണവും ഗ്ലാമറും നിറഞ്ഞ ഐപിഎല്ലിന് മുന്‍ഗണന നല്‍കുന്ന ട്രെന്‍ഡ് രൂപപ്പെടുന്നതിനിടെയാണ് ബിസിസിഐയുടെ തീരുമാനം.

"രഞ്ജി ട്രോഫിയുടെ ഭാഗമാകുന്ന താരങ്ങള്‍ക്ക് എങ്ങനെ പ്രതിഫലം നല്‍കാമെന്ന ആലോചനകള്‍ ബിസിസിഐക്കുണ്ട്. മാച്ച് ഫീസ് വർധിപ്പിച്ച് റെഡ് ബോള്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഉദ്ദേശിക്കുന്നത്," ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവിന് കീഴില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന ഓരോ താരങ്ങള്‍ക്കും 15 ലക്ഷം രൂപ മാച്ച് ഫീക്ക് പുറമെ ഇന്‍സെന്റീവായി 45 ലക്ഷം രൂപ വരെ ലഭിക്കും.

രഞ്ജിയില്‍ 40,000-60,000 രൂപ വരെയാണ് പ്രതിദിനം മാച്ച് ഫീയായി ബിസിസിഐ നല്‍കുന്നത്. സീസണില്‍ എത്ര മത്സരങ്ങള്‍ ഒരു താരം കളിച്ചുവെന്നതിനെ അടിസ്ഥാനമാക്കിയാണ് മാച്ച് ഫീ നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് സീസണിലെ ഏഴ് ഗ്രൂപ്പ് മത്സരങ്ങളും കളിക്കുന്ന താരത്തിന് ഏകദേശം 11.2 ലക്ഷം രൂപ വരെ ലഭിക്കും.

ഐപിഎല്ലില്‍ ഒരു താരത്തിന്റെ സീസണിലെ അടിസ്ഥാന വിലയെക്കാള്‍ (20 ലക്ഷം രൂപ) താഴെയാണിത്.

2023-24 രഞ്ജി ട്രോഫി സീസണിലെ ജേതാക്കളായ മുംബൈ ടീം
'റെഡ് ബോളിന് ഇന്‍സെന്റീവ്'; ബിസിസിഐ ലക്ഷ്യം 'ഇഷാന്മാരെ' ചട്ടംപഠിപ്പിക്കല്‍

ഐപിഎല്‍ കരാറുള്ള നിരവധി താരങ്ങള്‍ പരുക്കിന്റെ സാധ്യത ഒഴിവാക്കുന്നതിനും ടൂർണമെന്റിനായി തയ്യാറെടുക്കുന്നതിനും രഞ്ജി മത്സരങ്ങളുടെ ഭാഗമാകാതിരുന്നിരുന്നു. ഐപിഎല്ലില്‍ കരാറിലേർപ്പെട്ടിരിക്കുന്ന 165 ഇന്ത്യന്‍ താരങ്ങളില്‍ 56 പേരാണ് രഞ്ജി ട്രോഫി ഒഴിവാക്കിയത്. 25 താരങ്ങള്‍ ഒരു മത്സരത്തിന്റെ മാത്രം ഭാഗമായി.

കഴിഞ്ഞ ഫെബ്രുവരിയില്‍ വാർഷിക കരാർ പ്രഖ്യാപിക്കവെ രഞ്ജി ട്രോഫിയുടെ ഭാഗമാകാതിരുന്ന ശ്രേയസ് അയ്യർ, ഇഷാന്‍ കിഷന്‍ എന്നിവരെ പ്രധാന കരാറില്‍ നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in