CWC2023 | ഹിറ്റ്മാന്‍ പവര്‍; അഫ്ഗാനെ അതിവേഗം കീഴടക്കി ഇന്ത്യ
Matt Roberts

CWC2023 | ഹിറ്റ്മാന്‍ പവര്‍; അഫ്ഗാനെ അതിവേഗം കീഴടക്കി ഇന്ത്യ

273 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ അതിവേഗം വിജയലക്ഷ്യം കടത്തുക എന്ന തീരുമാനത്തോടെയായിരുന്നു രോഹിത് ബാറ്റുവീശിയത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം ജയവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം 15 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നായകന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 84 പന്തില്‍ 131 റണ്‍സാണ് രോഹിത് അഫ്ഗാനെതിരെ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏഴ് സെഞ്ചുറി നേടുന്ന ആദ്യ താരമാകാനും രോഹിത്തിന് കഴിഞ്ഞു.

273 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ അതിവേഗം വിജയലക്ഷ്യം കടത്തുക എന്ന തീരുമാനത്തോടെയായിരുന്നു രോഹിത് ബാറ്റുവീശിയത്. തുടക്കം മുതല്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്കു മുകളില്‍ ഹിറ്റ്മാന്റെ ആധിപത്യം. പവര്‍പ്ലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 94-0 എന്ന നിലയിലായിരുന്നു. ഇതില്‍ 76 റണ്‍സും രോഹിതിന്റെ പേരിലും. അഫ്ഗാന്‍ താരങ്ങളെ പോലെ രോഹിതിന്റെ ഇന്നിങ്സ് അസ്വദിക്കുക എന്ന ഉത്തരവാദിത്തമായിരുന്നു സഹ ഓപ്പണര്‍ ഇഷാന്‍ കിഷനുമുണ്ടായിരുന്നത്.

പവര്‍പ്ലെ അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 94-0 എന്ന നിലയിലായിരുന്നു. ഇതില്‍ 76 റണ്‍സും രോഹിതിന്റെ പേരിലും

തങ്ങളുടെ വജ്രായുധമായ റാഷിദ് ഖാനെ പവര്‍പ്ലെയില്‍ ബൗള്‍ ചെയ്യിപ്പിക്കാത്തതും അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. പവര്‍പ്ലെ കടന്നതോടെ ഇഷാനും രോഹിതിനൊപ്പം ചേര്‍ന്നു. താരം ബൗളര്‍മാരെ പ്രഹരിച്ചുതുടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു. 18-ാം ഓവറില്‍ രോഹിത് മൂന്നക്കത്തിലെത്തി. കേവലം 63 പന്തിലായിരുന്നു ലോകകപ്പിലെ താരത്തിന്റെ ഏഴാം സെഞ്ചുറി പിറന്നത് . ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ചുറിയും രോഹിത് കുറിച്ചു.

CWC2023 | ഹിറ്റ്മാന്‍ പവര്‍; അഫ്ഗാനെ അതിവേഗം കീഴടക്കി ഇന്ത്യ
CWC2023 | റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍; ലോകകപ്പില്‍ ഏഴാം സെഞ്ചുറി, മറികടന്നത് സച്ചിനെ

47 റണ്‍സെടുത്ത ഇഷാന്‍ കിഷനെ പുറത്താക്കി റാഷിദ് ഖാന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 156 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. ഇഷാന് പിന്നാലെ വിരാട് കോഹ്ലിയാണ് എത്തിയത്. വിക്കറ്റ് വീണിട്ടും രോഹിതിന്റെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ നിലയ്ക്കാതെ വന്നുകൊണ്ടേയിരുന്നു. പക്ഷെ റാഷിദിന്റെ ബ്രില്യന്‍സ് വൈകാതെ രോഹിതിന്റെ ഇന്നിങ്സിന് ഫുള്‍ സ്റ്റോപ്പിട്ടു. 84 പന്തില്‍ 16 ഫോറും അ‌ഞ്ച് സിക്സും ഉള്‍പ്പടെ 131 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍ നേടിയത്.

രോഹിത് മടങ്ങിയതിന് ശേഷമെത്തിയ ശ്രേയസ് അയ്യറിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും അല്‍പ്പം പ്രതിരോധത്തിലായെങ്കിലും പിന്നീട് ബൗണ്ടറികള്‍ നേടിത്തുടങ്ങി. 55 പന്തില്‍ കോഹ്ലി അര്‍ദ്ധ സെഞ്ചുറിയും തികച്ചു. ലോകകപ്പിലെ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ചുറിയാണിത്. കോഹ്ലി 55 റണ്‍സും ശ്രേയസ് 25 റണ്‍സുമെടുത്താണ് പുറത്താകാതെ നിന്നത്. മൂന്നാം വിക്കറ്റില്‍ സഖ്യം 68 റണ്‍സാണ് ചേര്‍ത്തത്.

CWC2023 | ഹിറ്റ്മാന്‍ പവര്‍; അഫ്ഗാനെ അതിവേഗം കീഴടക്കി ഇന്ത്യ
ഏദന്‍ ഹസാര്‍ഡ്: പരുക്കുകളോട് പൊരുതിത്തോറ്റ പടയാളി

നേരത്തെ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 272 റണ്‍സാണ് നിശ്ചിത ഓവറില്‍ നേടിയത്. ഹഷ്മത്തുള്ള ഷഹിദി (80), അസ്മത്തുള്ള ഒമര്‍സായി (62) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ നാലും ഹാര്‍ദിക്ക് പാണ്ഡ്യ രണ്ടും വിക്കറ്റുകള്‍ നേടി.

logo
The Fourth
www.thefourthnews.in