CWC2023 | ഇന്ത്യ-പാക് മത്സരത്തിലെ 'ഉള്‍പ്പോരുകള്‍'

CWC2023 | ഇന്ത്യ-പാക് മത്സരത്തിലെ 'ഉള്‍പ്പോരുകള്‍'

ഇന്ത്യ - പാക് നിര്‍ണായക മത്സരം പുരോഗമിക്കുമ്പോള്‍ കളത്തിനുള്ളില്‍ തന്നെ താരങ്ങള്‍ തമ്മിലുള്ള ചില പോരാട്ടങ്ങളും നടക്കും

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. നാളെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടു മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ചാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ബാബര്‍ അസമും കൂട്ടരും നെതര്‍ലന്‍ഡ്സിനേയും ശ്രീലങ്കയേയും തോല്‍പിച്ചെത്തുമ്പോള്‍ ഓസ്ട്രേലിയയേയും അഫ്ഗാനിസ്ഥാനേയുമാണ് ഇന്ത്യ ആദ്യ രണ്ടു മത്സരങ്ങളില്‍ കീഴടക്കിയത്. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലായിരുന്നു അവസാനമായി ചിരവൈരികള്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് 228 റണ്‍സിന് ഇന്ത്യ വിജയിക്കുകയും ചെയ്തു.

വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുമ്പോള്‍ കളത്തിനകത്തെ ചില താരപ്പോരുകളാണ് ശ്രദ്ധകേന്ദ്രമാകുന്നത്. അത് ആരൊക്കെ തമ്മിലാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ - ഷഹീന്‍ അഫ്രീദി

2021 ട്വന്റി 20 ലോകകപ്പിലായിരുന്നു രോഹിത് - ഷഹീന്‍ പോരിന് തുടക്കമാകുന്നത്. അന്ന് രോഹിതിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയായിരുന്നു ഇടം കയ്യന്‍ പേസര്‍ മികവ് കാണിച്ചത്. ശേഷം നടന്ന നിര്‍ണായക ടൂര്‍ണമെന്റുകളിലെല്ലാം ഷഹീന്റെ ഇടം കയ്യന്‍ പേസ് അതിജീവിക്കാന്‍ ഇന്ത്യന്‍ നായകന്‍ ബുദ്ധിമുട്ടി. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ രോഹിതിന്റെ വിക്കറ്റ് ഷഹീന്‍ തെറിപ്പിച്ചത്. പക്ഷെ, സൂപ്പര്‍ ഫോറില്‍ പാക് താരത്തിന് മുകളില്‍ വ്യക്തമായ ആധിപത്യം രോഹിത് സ്ഥാപിക്കുകയും ചെയ്തിരുന്നു.

CWC2023 | ഇന്ത്യ-പാക് മത്സരത്തിലെ 'ഉള്‍പ്പോരുകള്‍'
രോഹിത് ശര്‍മ: നൈരാശ്യത്തെ 'പുള്‍ഷോട്ട് അടിച്ച് ' ചരിത്രത്തിലേക്ക്‌

വിരാട് കോഹ്ലി - ഹാരിസ് റൗഫ്

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിലായിരുന്നു കോഹ്ലിയുടെ തോളിലേറി നീലപ്പട വിജയം നേടിയെടുത്തത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഇന്ത്യയ്ക്ക് അവസാന മൂന്ന് ഓവറില്‍ വേണ്ടിയിരുന്നത് 31 റണ്‍സാണ്. ഹാരിസ് റൗഫിന്റെ ഓവറില്‍ രണ്ട് സിക്സറുകള്‍ പായിച്ചാണ് കോഹ്ലി അന്ന് വിജയപ്രതീക്ഷ നിലനിര്‍ത്തിയത്. അതില്‍ ഒരു സിക്സ് ഹാരിസിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു. കോഹ്ലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഷോട്ടുകളില്‍ ഒന്നായാണ് ആരാധകര്‍ സിക്സിനെ വിലയിരുത്തുന്നത്.

ബാബര്‍ അസം - ജസ്പ്രിത് ബുംറ

2021 ട്വന്റി 20 ലോകകപ്പില്‍ ബാബര്‍ അസമിന്റെ ബാറ്റ് ബുംറയുടെ അസാധ്യ ബൗളിങ് മികവിനെ പലതവണ ബൗണ്ടറി കടത്തിയിരുന്നു. അന്ന് ബുംറ നയിച്ച ബൗളിങ് നിരയ്ക്ക് ബാബറിനും പങ്കാളി മുഹമ്മദ് റിസ്വാനും മുന്നില്‍ മറുപടികളുണ്ടായിരുന്നില്ല. 10 വിക്കറ്റിനായിരുന്നു പാക് ജയം. ഐസിസി ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാകിസ്താന്റെ ആദ്യം ജയവും അന്ന് പിറന്നു. കഴിഞ്ഞ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ പാക് ബാറ്റിങ് നിരയെ 128 റണ്‍സിലൊതുക്കി ബുംറയും സംഘവും കണക്കുതീര്‍ത്തു. ബുംറയുടെ പേസ് മികവിന് മുന്നില്‍ പലപ്പോഴും ബാബറിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരുന്നു.

CWC2023 | ഇന്ത്യ-പാക് മത്സരത്തിലെ 'ഉള്‍പ്പോരുകള്‍'
വിയര്‍പ്പൊഴുക്കാതെ വിജയം; ഇന്ത്യ-പാക് പോരാട്ടം യഥാര്‍ത്ഥ വിലയിരുത്തലാകും

ഇഫ്തിഖര്‍ അഹമ്മദ് - കുല്‍ദീപ് യാദവ്

പാകിസ്താന്‍ ബാറ്റിങ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് ഇഫ്തിഖര്‍ അഹമ്മദ്. പക്ഷെ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ഇഫ്തിഖര്‍ - കുല്‍ദീപ് പോരില്‍ കുല്‍ദീപിനായിരുന്നു വിജയം. കുല്‍ദീപിന് തന്നെ ക്യാച്ച് നല്‍കിയാണ് ഇഫ്തിഖര്‍ മടങ്ങിയത്. അന്ന് കുല്‍ദീപ് കേവലം 25 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. കുല്‍ദീപ് ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സ്പിന്‍ നിരയെ മധ്യഓവറുകളില്‍ നേരിടുക എന്ന ഉത്തരവാദിത്തമായിരിക്കും ഇഫ്തിഖറിന് മുന്നില്‍ ശനിയാഴ്ചയുള്ളത്.

logo
The Fourth
www.thefourthnews.in