CWC2023 | വീണ്ടും റണ്ണൊഴുക്കി കിവികള്‍; നെതര്‍ലന്‍ഡ്സിന് 323 റണ്‍സ് വിജയലക്ഷ്യം

CWC2023 | വീണ്ടും റണ്ണൊഴുക്കി കിവികള്‍; നെതര്‍ലന്‍ഡ്സിന് 323 റണ്‍സ് വിജയലക്ഷ്യം

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കീഴടക്കിയെത്തിയ ന്യൂസിലന്‍ഡ് തങ്ങളുടെ ഫോം നെതര്‍ലന്‍ഡ്സിനെതിരെ തുടരുന്നതായിരുന്നു ഹൈദരാബാദില്‍ കണ്ടത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ നെതര്‍ലന്‍ഡ്സിന് 323 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വില്‍ യങ് (70), ടോം ലാഥം (53), രച്ചിന്‍ രവീന്ദ്ര (51) എന്നിവരുടെ മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. നെതര്‍ലന്‍ഡ്സിനായി വാന്‍ ഡെര്‍ മേര്‍വും പോള്‍ വാന്‍ മീകെരനും രണ്ട് വിക്കറ്റ് വീതം നേടി.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കീഴടക്കിയെത്തിയ ന്യൂസിലന്‍ഡ് തങ്ങളുടെ ഫോം നെതര്‍ലന്‍ഡ്സിനെതിരെ തുടരുന്നതായിരുന്നു ഹൈദരാബാദില്‍ കണ്ടത്. ഒന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും വില്‍ യങ്ങും ചേര്‍ന്ന് 67 റണ്‍സ് ചേര്‍ത്തു. ആദ്യ മത്സരത്തിലെ സെഞ്ചൂറിയന്‍ കോണ്‍വെയെ പുറത്താക്കി വാന്‍ ഡെര്‍ മേര്‍വാണ് കിവികളുടെ ആദ്യ വിക്കറ്റ് പിഴുതത്. മൂന്നാമനായി എത്തിയ രച്ചിന്‍ രവീന്ദ്ര ആദ്യ മത്സരത്തില്‍ നിര്‍ത്തിയ പോയിന്റില്‍ നിന്ന് തന്നെ തുടര്‍ന്നു.

CWC2023 | വീണ്ടും റണ്ണൊഴുക്കി കിവികള്‍; നെതര്‍ലന്‍ഡ്സിന് 323 റണ്‍സ് വിജയലക്ഷ്യം
CWC2023 | അഫ്ഗാനിസ്ഥാനെതിരായ മത്സരവും ഗില്ലിന് നഷ്ടമാകും; സ്ഥിരീകരിച്ച് ബിസിസിഐ

രണ്ടാം വിക്കറ്റില്‍ രച്ചിന്‍ - യങ് സഖ്യവും അര്‍ദ്ധ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. 80 പന്തില്‍ 70 റണ്‍സെടുത്ത യങ് മടങ്ങുമ്പോള്‍ ന്യൂസിലന്‍ഡ് സ്കോര്‍ 144-2 എന്ന നിലയിലായിരുന്നു. പിന്നീട് ഡാരില്‍ മിച്ചലും രച്ചിനും ചേര്‍ന്ന് മധ്യഓവറുകളില്‍ ന്യസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. 50 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച രച്ചിനെ തൊട്ടടുത്ത പന്തില്‍ തന്നെ വാന്‍ ഡെര്‍ മേര്‍വ് വിക്കറ്റ് കീപ്പര്‍ എഡ്വേര്‍ഡ്സിന്റെ കൈകളിലെത്തിച്ചു.

235-3 എന്ന ശക്തമായ നിലയില്‍ നിന്ന് 254-6ലേക്ക് ന്യൂസിലന്‍ഡ് വീണു. ഡാരില്‍ മിച്ചല്‍ (48), ഗ്ലെന്‍ ഫിലിപ്സ് (4), മാര്‍ക്ക് ചാപ്മാന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് നിര്‍ണായകമായ അവസാന ഓവറുകളില്‍ കിവികള്‍ക്ക് നഷ്ടമായത്. ഇതോടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു. പക്ഷെ നായകന്‍ ടോം ലാഥം ക്രീസില്‍ നിലയുറപ്പിച്ചതോടെ റണ്‍സോഴുകി. 43 പന്തില്‍ ലാഥം 50 പിന്നിട്ടു.

49-ാം ഓവറില്‍ ലാഥത്തിനേയും ന്യൂസിലന്‍ഡിന് നഷ്ടമായി. ആര്യന്‍ ദത്തിന്റെ പന്തില്‍ ക്രീസിന് പുറത്തിറങ്ങി കൂറ്റനടിക്ക് ശ്രമിച്ചതാണ് ലാഥത്തിന് തിരിച്ചടിയായത്. മിച്ചല്‍ സാറ്റ്നറും (17 പന്തില്‍ 36) മാറ്റ് ഹെന്റിയും (നാല് പന്തില്‍ 10) ചേര്‍ന്നാണ് ന്യൂസിലന്‍ഡ് സ്കോര്‍ 320 കടത്തിയത്. നെതര്‍ലന്‍ഡ്സിനായി വാന്‍ ഡെര്‍ മേര്‍വിനും മീകെരനും പുറമെ ആര്യന്‍ ദത്ത് രണ്ടും ബാസ് ഡി ലീഡ് ഒരു വിക്കറ്റും നേടി.

logo
The Fourth
www.thefourthnews.in