ധരംശാല ടെസ്റ്റ്: കറങ്ങി വീണ് ഇംഗ്ലണ്ട്, 218 റണ്‍സിന് പുറത്ത്

ധരംശാല ടെസ്റ്റ്: കറങ്ങി വീണ് ഇംഗ്ലണ്ട്, 218 റണ്‍സിന് പുറത്ത്

കുല്‍ദീപ് യാദവ് അഞ്ചും അശ്വിന്‍ നാലും വിക്കറ്റ് നേടി

ധരംശാല ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നർമാർക്ക് മുന്നില്‍ തകർന്നടിഞ്ഞ് ഇംഗ്ലണ്ട് ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 218 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും നാല് വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. 78 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് സന്ദർശകരുടെ ടോപ് സ്കോറർ.

ബെന്‍ ഡക്കറ്റിന്റേയും സാക്ക് ക്രൗളിയുടേയും മികച്ച തുടക്കത്താല്‍ ആദ്യ വിക്കറ്റിനായി 18-ാം ഓവർ വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ഡക്കറ്റിനെ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ച് കുല്‍ദീപായിരുന്നു തുടക്കമിട്ടത്. പിന്നാലെയെത്തിയ ഒലി പോപ്പിനേയും (11) മടക്കി കുല്‍ദീപ് ആദ്യ സെഷന്‍ ബലാബലമാക്കി മാറ്റി.

ധരംശാല ടെസ്റ്റ്: കറങ്ങി വീണ് ഇംഗ്ലണ്ട്, 218 റണ്‍സിന് പുറത്ത്
'ഞങ്ങളുടെ ടീമില്‍ റിഷഭ് പന്ത് എന്നൊരു താരമുണ്ടായിരുന്നു'; ബെന്‍ ഡക്കറ്റിന് മറുപടിയുമായി രോഹിത് ശർമ

ജോ റൂട്ടിനെ കൂട്ടുപിടിച്ച് ഇന്നിങ്സിനെ മുന്നോട്ടു കൊണ്ടുപോകവെയായിരുന്ന ക്രൗളിയുടെ പ്രതിരോധം കുല്‍ദീപ് തകർത്തത്. റൂട്ടിനും (26) ജോണി ബെയർസ്റ്റോയ്ക്കും (29) ലഭിച്ച തുടക്കം ഉപയോഗിക്കാനായില്ല. റൂട്ടിനെ ജഡേജയും ബെയർസ്റ്റോയെ കുല്‍ദീപുമാണ് പുറത്താക്കിയത്. സ്റ്റോക്സിനെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് അഞ്ച് വിക്കറ്റ് തികച്ചു.

ടോം ഹാർട്ട്ലിയും (6) മാർക്ക് വുഡും (0) അശ്വിന് മുന്നില്‍‍ കീഴടങ്ങിയതോടെ 137-3 എന്ന നിലയില്‍ നിന്ന് 183-8ലേക്ക് ഇംഗ്ലണ്ട് വീണു. ബെന്‍ ഫോക്സിന്റെ ചെറുത്തു നില്‍പ്പായിരുന്നു ഇംഗ്ലണ്ട് സ്കോർ 200 കടത്തിയത്. 24 റണ്‍സെടുത്ത ഫോക്സും അശ്വിന്റെ ഇരയായി. ജെയിംസ് ആന്‍ഡേഴ്സണും അശ്വിനെ അതിജീവിക്കാനാകാതെ പോയതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 218ല്‍ അവസാനിച്ചു. 11 റണ്‍സുമായി ഷോയിബ് ബഷീർ പുറത്താകാതെ നിന്നു.

logo
The Fourth
www.thefourthnews.in