'ഞങ്ങളുടെ ടീമില്‍ റിഷഭ് പന്ത് എന്നൊരു താരമുണ്ടായിരുന്നു'; ബെന്‍ ഡക്കറ്റിന് മറുപടിയുമായി രോഹിത് ശർമ

'ഞങ്ങളുടെ ടീമില്‍ റിഷഭ് പന്ത് എന്നൊരു താരമുണ്ടായിരുന്നു'; ബെന്‍ ഡക്കറ്റിന് മറുപടിയുമായി രോഹിത് ശർമ

ഇന്ത്യന്‍ യുവതാരങ്ങളുടെ ആക്രമണശൈലി ബാസ്‍ബോളിന്റെ സ്വാധീനമാണെന്നായിരുന്നു ഡക്കറ്റിന്റെ വാദം

ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആക്രമണ ശൈലി സ്വീകരിച്ചത് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ കണ്ടാണെന്ന ബെന്‍ ഡക്കറ്റിന്റെ പരാമർശത്തോട് പ്രതികരിച്ച് രോഹിത് ശർമ. "ഞങ്ങളുടെ ടീമില്‍ റിഷഭ് പന്ത് എന്നൊരു കളിക്കാരനുണ്ടായിരുന്നു. ബെന്‍ ഡക്കറ്റ് പന്ത് കളിക്കുന്നത് ഒരുപക്ഷേ കണ്ടിട്ടുണ്ടാകില്ല," രോഹിത് ശർമ പറഞ്ഞു. ധരംശാല ടെസ്റ്റ് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് രോഹിതിന്റെ പ്രതികരണം. ബാസ്ബോള്‍ എന്താണ് അർത്ഥമാക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ യുവതാരങ്ങളുടെ ആക്രമണശൈലി ബാസ്‍ബോളിന്റെ സ്വാധീനമാണെന്നായിരുന്നു ഡക്കറ്റിന്റെ വാദം. ജയ്സ്വാളിന്റെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്കോട്ട് ടെസ്റ്റിനിടെ ഡക്കറ്റിന്റെ പരാമർശം വന്നത്. ഇതിനുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് മാത്രമല്ല ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളില്‍ നിന്നും ഡക്കറ്റിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ നാസർ ഹുസൈനായിരുന്നു വിമർശകരില്‍ പ്രധാനി. ജയസ്വാളിന്റേത് തനത് ശൈലിയാണെന്നും ഇംഗ്ലണ്ട് ബാറ്റർമാർ താരത്തെ കണ്ട് പഠിക്കണമെന്നും നാസർ ഹുസൈന്‍ വ്യക്തമാക്കി.

'ഞങ്ങളുടെ ടീമില്‍ റിഷഭ് പന്ത് എന്നൊരു താരമുണ്ടായിരുന്നു'; ബെന്‍ ഡക്കറ്റിന് മറുപടിയുമായി രോഹിത് ശർമ
വാട്ട് എ ക്യാച്ച്; അത്യുഗ്രന്‍ ക്യാച്ചുമായി ബോൾ ബോയ്, ഓടിയെത്തി കെട്ടിപ്പിടിച്ച് കിവി താരം കോളിന്‍ മണ്‍റോ, വീഡിയോ വൈറല്‍

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉജ്വല ഫോമിലാണ് ജയ്സ്വാള്‍. നാല് മത്സരങ്ങളിലെ എട്ട് ഇന്നിങ്സുകളിലായി 655 റണ്‍സാണ് താരം നേടിയത്. 78.63 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്ന ജയ്സ്വാളിന്റെ ശരാശരി 93.57 ആണ്. ഇതിനോടകം തന്നെ 23 സിക്സുകള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇരുപതിലധികം സിക്സറുകള്‍ പായിക്കുന്ന ആദ്യ താരമാണ് ജയ്സ്വാള്‍. ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് എന്ന പാകിസ്താന്‍ താരം വസിം അക്രത്തിന്റെ റെക്കോഡിനൊപ്പമെത്താനും (12) യുവതാരത്തിന് കഴിഞ്ഞു.

ജയ്സ്വാളിന് മുന്‍പ് റിഷഭ് പന്തിലായിരുന്നു സമാന സമീപനം കണ്ടിരുന്നത്. ടീം ദുർഘടമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ബൗളർമാരെ ആക്രമിച്ച് എതിർ ടീമിനെ സമ്മർദത്തിലാക്കുന്ന പന്ത് ശൈലി പലപ്പോഴും ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച ഒന്നാണ്. വിദേശത്ത് ഇന്ത്യയുടെ പല ചരിത്ര വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതും പന്തായിരുന്നു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇതിനോടകം തന്നെ ഇന്ത്യ നേടിക്കഴിഞ്ഞു. 3-1 പരമ്പരയില്‍ മുന്നിലാണ് ഇന്ത്യ.

logo
The Fourth
www.thefourthnews.in