കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ

കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ

1983-ലെ ആവേശത്തിന്റെ അലയൊലികളില്‍ നിന്നായിരുന്നു ഇന്ത്യയുടെ ക്രിക്കറ്റ് യുഗത്തിന്റെ തുടക്കം. പക്ഷേ, ആദ്യമായി ഇന്ത്യയിലേക്ക് ടൂ‍ർണമെന്റ് എത്തിയപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ബോർഡ്
Published on

ക്രിക്കറ്റ് എന്ന മൂന്നക്ഷരം ഇന്ത്യയിലെ ഓരോ മനുഷ്യരുടേയും ജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. വഴിയിലൂടെ നടക്കുമ്പോള്‍ ഒന്ന് പന്തെറിയാന്‍ അല്ലെങ്കില്‍ ഒരു ഷോട്ടിന് ശ്രമിക്കാത്ത ആരാണുണ്ടാകുക...

12 വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ തെരുവുകളില്‍ ക്രിക്കറ്റ് ആവേശം നിറച്ചുകൊണ്ട് മറ്റൊരു ലോകകപ്പ് കൂടി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫൈനലിലേക്ക് ടിക്കറ്റുറപ്പിച്ച് കിരീടത്തിന് തൊട്ടരികില്‍ ഇന്ത്യയും.

ഇതിന്റെയെല്ലാം ആരംഭം 1983-ലായിരുന്നു. ലോകക്രിക്കറ്റിലെ ടീമുകള്‍ ഒന്നടങ്കം ഭയപ്പെട്ടിരുന്ന വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി അന്ന് ഇന്ത്യ കിരീടം ഉയർത്തി. ലണ്ടണിലെ ചരിത്ര വിജയത്തിന്റെ ആവേശത്തിന്റെ അലയൊലികളില്‍ നിന്നായിരുന്നു ഇന്ത്യയുടെ ക്രിക്കറ്റ് യുഗത്തിന്റെ സ്റ്റാർട്ടിങ് പോയിന്റ്.

ശബ്ദത്തിലൂടെയായിരുന്നു ഇന്ത്യന്‍ ജനത 1983-ലെ ലോകകപ്പ് അനുഭവിച്ചത്. പക്ഷെ അധികനാള്‍ കാത്തിരിക്കേണ്ടി വന്നില്ല ലോകകപ്പ് അനുഭവം നേരിട്ടറിയാന്‍. 1987-ല്‍ അത് സംഭവിച്ചു. പക്ഷേ, ഇന്ത്യന്‍ ക്രിക്കറ്റ് ബോർഡിന്റെ സ്വപ്നങ്ങള്‍ക്ക് അന്ന് ചിറകേകിയത് ധീരുഭായ് അംബാനിയായിരുന്നു.

1983 വരേയുള്ള ലോകകപ്പുകളുടെ ആതിഥേയ അവകാശം ഇംഗ്ലണ്ട് വിട്ട് പോയിട്ടില്ല. എന്നാല്‍ 1987-ല്‍ ആതിഥേയ അവകാശത്തിനായി പാകിസ്താനും ശ്രീലങ്കയ്ക്കുമൊപ്പം ഇന്ത്യയും രംഗത്തെത്തി. ഇംഗ്ലണ്ടിനേക്കാള്‍ അഞ്ച് മടങ്ങ് പണം വാഗ്ദാനം ചെയ്തായിരുന്നു നീക്കം.

കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ
ശതകങ്ങളില്‍ അർദ്ധ സെഞ്ചുറിയുമായി കോഹ്ലി; സച്ചിനെ മറികടന്നു, ചരിത്രം

നീക്കം വിജയിക്കുകയും, ആതിഥേയ അവകാശം ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ മൈതാനങ്ങളിലേക്ക് ലോകകപ്പ് എത്തിക്കാന്‍ മാത്രം സാമ്പത്തിക ശേഷി അന്നത്തെ ക്രിക്കറ്റ് ബോർഡിനുണ്ടായിരുന്നില്ല. ആതിഥേയ അവകാശം നേടിയിട്ടും തങ്ങളുടെ വിഹിതം നല്‍കാന്‍ ബോർഡിന് സാധിച്ചില്ല, സ്പോണ്‍സർമാരെ സമീപിച്ചിട്ടും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല.

ക്രിക്കറ്റ് ബോർഡ് പ്രതിസന്ധിയില്‍ തുടർന്നപ്പോഴാണ് ധീരുഭായ് അംബാനിയുടെ ഇടപെടലുണ്ടാകുന്നത്. ടൂർണമെന്റിനെ സ്പോണ്‍സർ ചെയ്യാനും അംബാനി തയാറായി. അതിനാലാണ് 1987 ലോകകപ്പിനെക്കുറിച്ച് ഗൂഗിളില്‍ ഉള്‍പ്പടെ തിരയുമ്പോള്‍ റിലയന്‍സ് കപ്പെന്ന് കാണാനാകുന്നത്.

ഇന്ത്യ ആദ്യം സെമിയില്‍ വീണ ലോകകപ്പ്, ഓസ്ട്രേലിയ വിജയികള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ നിരാശകളുടെ തുടക്കം 1987-ലായിരുന്നു. ഇംഗ്ലണ്ടായിരുന്നു അന്ന് ഇന്ത്യയുടെ എതിരാളികള്‍. ഓപ്പണർ ഗ്രഹാം ഗൂച്ചിന്റെ ശതകത്തിന്റെ (115) മികവില്‍ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 254 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ 219 റണ്‍സില്‍ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് അസ്ഹറൂദീന്റെ അർദ്ധ സെഞ്ചുറി മാറ്റി നിർത്തിയാല്‍ (64) ഇന്ത്യന്‍ ബാറ്റർമാരുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമം ഉണ്ടായില്ല.

ഫൈനലില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമായിരുന്നു നേർക്കുനേർ വന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 254 റണ്‍സ് വിജയലക്ഷ്യമാണ് ഉയർത്തിയത്. പക്ഷെ ഏഴ് റണ്‍സ് അകലെ ഇംഗ്ലണ്ട് വീണു. ഓസ്ട്രേലിയയുടെ ആദ്യ ലോകകിരീടം കൂടിയായിരുന്നു ഇത്.

കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ
സച്ചിനെ മറികടന്ന് കോഹ്ലി; തകര്‍ത്തത് രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡ്

പിന്നീട് മൂന്ന് തവണ ലോകകപ്പ് ഇന്ത്യയില്‍

1987-ന് ശേഷം 1996-ലാണ് ഇന്ത്യയിലേക്ക് ലോകകപ്പ് എത്തുന്നത്. ഇന്ത്യയ്ക്കൊപ്പം പാകിസ്താനും ശ്രീലങ്കയും ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ശ്രീലങ്കയായിരുന്നു ടൂർണമെന്റിലെ ജേതാക്കള്‍.

2011-ല്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായായിരുന്നു ടൂർണമെന്റ്. 28 വർഷത്തെ ലോകകപ്പ് വരള്‍ച്ച അവസാനിപ്പിച്ച് അന്ന് ഇന്ത്യ കിരീടമുയർത്തി. ഫൈനലില്‍ ശ്രീലങ്കയെ കീഴ്പ്പെടുത്തിയായിരുന്നു ജയം.

ഇന്ത്യ പൂർണമായി ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇത്തവണയാണ്. ടൂർണമെന്റില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചിരിക്കുന്നത്. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെയായിരിക്കും കലാശപ്പോരില്‍ ഇന്ത്യ നേരിടുക.

logo
The Fourth
www.thefourthnews.in