കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍

നാടകീയത എന്ന പദത്തിന് ക്രിക്കറ്റില്‍ ഒരു പര്യായമുണ്ടെങ്കില്‍ അത് 1999 ജൂണ്‍ 17-ന് നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ എഡ്ജ്ബാസ്റ്റണ്‍ സെമി പോരാട്ടമാകും.

നാടകീയത എന്ന പദത്തിന് ക്രിക്കറ്റില്‍ ഒരു പര്യായമുണ്ടെങ്കില്‍ അത് 1999 ജൂണ്‍ 17-ന് നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ എഡ്ജ്ബാസ്റ്റണ്‍ സെമി പോരാട്ടമാകും. 'സീറ്റ് എഡ്ജ് ത്രില്ലര്‍' എന്നൊക്കെ സിനിമാപ്രേമികള്‍ പറയുംപോലൊരു ഫുള്‍പാക്ക്ഡ് ആക്ഷന്‍ ത്രില്ലര്‍. അതായിരുന്നു അന്ന് നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ക്രിക്കറ്റ് പോരാട്ടം, ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ക്ലാസിക് പോരാട്ടം.

മഴമാറി മാനം തെളിഞ്ഞ എഡ്ജ്ബാസ്റ്റണില്‍ അന്ന് നാണയ ഭാഗ്യം മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം നിന്നത്. ടോസ് ജയിച്ച ഹാന്‍സി ക്രോണ്യേയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതിഹാസ താരങ്ങളായ അലന്‍ ഡൊണാള്‍ഡും ഷോണ്‍ പൊള്ളോക്കും ജാക്ക് കാലിസും തന്റെ ആവനാഴിയിലിരിക്കെ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയെന്ന ക്രോണ്യയുടെ തീരുമാനത്തെ ഒരു ക്രിക്കറ്റ് പ്രേമിപോലും അന്നും ഇന്നും വിമര്‍ശിക്കില്ല.

നായകന്റെ തീരുമാനം ശരിവയ്ക്കും പോലെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രകടനം. സ്‌കോര്‍ബോര്‍ഡില്‍ 68 റണ്‍സ് എത്തുമ്പോഴേക്കും നാല് ഓസ്‌ട്രേലിയന്‍ മുന്‍നിര താരങ്ങള്‍ കൂടാരം കയറിയിരുന്നു. അഞ്ചാം വിക്കറ്റില്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്നത് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച നായകന്‍ സ്റ്റീവ് വോയും മികച്ച ഫിനിഷര്‍ മൈക്കല്‍ ബെവനും.

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍
രോഹിത് ശര്‍മ ടോസിടുമ്പോള്‍ നാണയം പതിക്കുന്നത് എവിടെ? ടോസ് വിവാദത്തില്‍ പാകിസ്താനില്‍ 'തമ്മിലടി'

ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 90 റണ്‍സ് ടീമിനെ 150 കടത്തി. ടീം സ്‌കോര്‍ 158-ല്‍ നില്‍ക്കെ വോയെ മടക്കി പൊള്ളോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയെങ്കിലും ഒരറ്റത്ത് കുലുക്കമില്ലാതെ നിലയുറപ്പിച്ച ബെവന്‍ വാലറ്റത്തെ കൂട്ടുപിടിച്ച് ടീമിനെ പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചു. അമ്പതാം ഓവറിന്റെ രണ്ടാം പന്തില്‍ പത്താമനായി പൊള്ളോക്കിന് വിക്കറ്റ് നല്‍കി ബെവന്‍ മടങ്ങുമ്പോഴേക്കും ഓസീസ് 213 എന്ന സ്‌കോറില്‍ എത്തിയിരുന്നു.

ഇന്നിങ്‌സിന്റെ ഇടവേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ തെല്ലുമില്ലായിരുന്നു ആശങ്ക. കാരണം മികച്ച ഫോമിലുള്ള ബാറ്റിങ് നിരയ്ക്ക് അനായാസം എത്തിപ്പിടിക്കാവുന്ന സ്‌കോര്‍ മാത്രമായിരുന്നു അത്. അതേ ആത്മവിശ്വാസത്തോടെയാണ് ഓപ്പണര്‍മാരായ ഗ്യാരി കിര്‍സ്റ്റനും ഹെര്‍ഷല്‍ ഗിബ്‌സും ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റ് വീശിയത്. മെല്ലെയെങ്കിലും ഒന്നാം വിക്കറ്റില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി അവര്‍ മികച്ച അടിത്തറയിട്ടു.

എന്നാല്‍ ഓസീസിന്റെ പക്കല്‍ മറ്റൊരു വജ്രായുധമുള്ള കാര്യം ഗ്യാലറിയില്‍ ആര്‍ത്തലച്ച് ആഹ്‌ളാദം പ്രകടിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ മറന്നുപോയിരുന്നു. കളികൈവിട്ടു പോകുമെന്ന സാഹചര്യത്തില്‍ സ്റ്റീവ് വോ അവനെ വിളിച്ചു... ഷെയ്ന്‍ വോണ്‍ എന്ന സ്പിന്‍ മാന്ത്രികനെ. ആദ്യം ഗിബ്‌സ്, പിന്നെ കിര്‍സ്റ്റന്‍, തൊട്ടുപിന്നാലെ ക്രോണ്യേ... പന്തെടുത്ത് അധികം വൈകുംമുമ്പേ തന്റെ ഫ്‌ളിപ്പറുകളിലൂടെ വോണ്‍ ഓപ്പണര്‍മാരെ മടക്കി.

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍
ഷമി ദ ഷാര്‍പ്പ് ഷൂട്ടര്‍; വാങ്ക്‌ഡെയെ വിസ്മയിപ്പിച്ച വിക്കറ്റ്‌ വേട്ടക്കാരന്‍

തൊട്ടുപിന്നാലെ ബെവന്റെ കൃത്യതയാര്‍ന്ന ത്രോയിലൂടെ ഡാരില്‍ കള്ളിനനും മടങ്ങിയതോടെ ക്ഷണനേരത്തില്‍ നാലിന് 61 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. പക്ഷേ ആശങ്കയില്ലായിരുന്നു അവര്‍ക്ക്, കാരണം ക്രീസിലുള്ളത് ആപത്ബാന്ധവരായ ജാക്ക് കാലിസും ജോണ്ടി റോഡ്‌സും. തങ്ങളിലുള്ള പ്രതീക്ഷ അവര്‍ കളഞ്ഞുകുളിച്ചില്ല. മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 40 ഓവറില്‍ 145-ല്‍ എത്തിച്ചു.

അറുപത് പന്തില്‍ ജയിക്കാന്‍ ഇനി വേണ്ടത് 68 റണ്‍സ്, കൈയിലുള്ളത് ആറു വിക്കറ്റുകള്‍. ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു അപ്പോഴേക്കും. എന്നാല്‍ ഭാഗ്യദേവതയുടെ കടാക്ഷം കംഗാരുപ്പടയുടെ നേര്‍ക്കായിരുന്നു. ആ ലോകകപ്പിലെ ഒട്ടുമിക്ക മത്സരങ്ങളിലും പുറത്തിരുന്ന പോള്‍ റീഫലിനെയാണ് ആ സമയത്ത് സ്റ്റീവ് വോ വിശ്വാസത്തിലെടുത്തത്. നായകന്‍ ഏല്‍പിച്ച ദൗത്യം റീഫല്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു. നാല്‍പ്പതാം ഓവറിന്റെ മൂന്നാം പന്തില്‍ അപകടകാരിയായ റീഫലിനെ ഡീപ് സ്‌ക്വയര്‍ ലെഗ്ലില്‍ ബെവന്റെ വിശ്വസ്ത കരങ്ങളില്‍ എത്തിച്ച റീഫല്‍ ഓസ്‌ട്രേലിയയെ മത്സരത്തില്‍ തിരികെ എത്തിച്ചു.

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍
32,000 കാണികള്‍ ഒന്നിച്ചുപാടി; വാങ്ക്ഡേയില്‍ ഇന്ത്യന്‍ വിജയത്തിന്റെ മാറ്റുകൂട്ടി വന്ദേമാതരം

അധികം വൈകാതെ കാലിസിനെ വീഴ്ത്തി വോണ്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ലൈനപ്പിന്റെ നട്ടെല്ലുമൊടിച്ചു. സ്‌കോര്‍ 44.5 ഓവറില്‍ ആറിന് 175, ജയിക്കാന്‍ 31 പന്തില്‍ 38 റണ്‍സ്. അപ്പോഴും ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ക്ക് കുലുക്കമുണ്ടായിരുന്നില്ല. കാരണം ആ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ഇനിയും ക്രീസിലുണ്ട്. ലാന്‍സ് ക്ലൂസ്‌നര്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട 'സുലു'.

ആ ലോകകപ്പില്‍ ഏറ്റവും മികച്ച ഫോമിലായിരുന്ന ക്ലൂസ്‌നര്‍ നിരാശപ്പെടുത്താന്‍ ഒരുക്കമായിരുന്നില്ല. ജീവന്മരണപ്പോരില്‍ ഒപ്പം നില്‍ക്കാനാകാതെ ഒരറ്റത്ത് കൂട്ടുകാര്‍ വന്നുപോയിക്കൊണ്ടിരുന്നപ്പോഴും പ്രത്യാക്രമണങ്ങളിലൂടെ പടനയിച്ച ക്ലൂസ്‌നര്‍ ടീമിനെ ജയത്തോട് അടുപ്പിച്ചു. ഒടുവില്‍ മത്സരം അവസാന ഓവറിലേക്ക്. അവസാന ആറു പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ്, ശേഷിക്കുന്നത് ഒരു വിക്കറ്റ്.

എന്തും സംഭവിക്കാമെന്ന അവസ്ഥ. ഗ്യാലറിയില്‍ പരിപൂര്‍ണ നിശബ്ദ്ധത. ക്രീസില്‍ ഒരു കൂസലുമില്ലാതെ നില്‍ക്കുന്ന ലാന്‍സ് ക്ലൂസ്‌നര്‍. ആരെ പന്തേല്‍പിക്കുമെന്ന ചെറിയ കൂടിയാലോചനകള്‍ക്കൊടുവില്‍ സ്റ്റീവ് വോ ക്ഷണിച്ചത് ഡാമിയന്‍ ഫ്‌ളെമിങ് എന്ന ഊശാന്‍ താടിക്കാരനെ. എറൗണ്ട് ദ വിക്കറ്റില്‍ ഫ്‌ളെമിങ് എറിഞ്ഞ 138 കിലോമീറ്റര്‍ വേഗതയുള്ള പന്ത് ക്ലൂസ്‌നര്‍ ബാറ്റുവച്ചതേ ഓസീസ് ഫീല്‍ഡര്‍മാര്‍ അറിഞ്ഞുള്ളു. കണ്ണടച്ച് തുറക്കും മുമ്പേ കവറിലൂടെ പന്ത് ബൗണ്ടറിയില്‍. സ്‌കോര്‍ 209-ന് ഒമ്പത്.

രണ്ടാം പന്തിനും ക്ലൂസ്‌നര്‍ വിധിച്ചത് അതേ ശിക്ഷ. ഇക്കുറി പന്ത് പാഞ്ഞത് ലോങ് ഓഫിലൂടെ. ആദ്യ രണ്ട് പന്തുകളില്‍ തന്നെ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയ്ക്ക് ഒപ്പമെത്തി. ജയത്തിലേക്ക് ഒരു റണ്‍ കൂടി വേണം. ക്ലൂസ്‌നര്‍ക്കൊപ്പം ക്രീസിലുള്ളത് അലന്‍ ഡൊണാള്‍ഡ്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശത്തിനരികെ ഡൊണാള്‍ഡ് ആവേശഭരിതന്‍.

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍
കീശയില്‍ കാശില്ലാതെ ക്രിക്കറ്റ് ബോർഡ്, കൈത്താങ്ങായത് ധീരുഭായ് അംബാനി; ആദ്യ ലോകകപ്പ് ഇന്ത്യയിലെത്തിയത് ഇങ്ങനെ

ലോങ് റണ്ണപ്പിനൊടുവില്‍ ഫ്‌ളെമിങ് എറിഞ്ഞ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച ക്ലൂസ്‌നര്‍ക്ക് പിഴച്ചു. പന്ത് ചെന്നുവീണത് ഷോര്‍ട്ട് മിഡ് ഓണില്‍ ഡാരന്‍ ലേമാന്റെ പക്കല്‍. ജയം മാത്രം മനസില്‍ ഉന്നിയിരുന്ന ഡൊണാള്‍ഡ് അപ്പോഴേക്കും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡ് വിട്ട് കുതിച്ചിരുന്നു. ക്ലൂസ്‌നറുടെ 'നോ' വിളികേട്ട് ഡൊണാള്‍ഡ് അപകടം മണത്തപ്പോഴേക്കും ലേമാന്‍ ത്രോ ചെയ്തിരുന്നു. എന്നാല്‍ കൃത്യതയിലായ്മ ഡൊണാള്‍ഡിനെ രക്ഷിച്ചു.

നാലാം പന്ത് എറിയാന്‍ ഫ്‌ളെമിങ് അല്‍പം സമയമെടുത്തു. ഫള്‍ലെങ്തില്‍ വന്ന പന്ത് ലോങ് ഓഫിലേക്ക് ജാബ് ചെയ്തിട്ട് ക്ലൂസ്‌നര്‍ വിജയറണ്ണിനായി ഓടി. എന്നാല്‍ തൊട്ടുമുമ്പത്തെ പന്തില്‍ കഷ്ടിച്ച് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ട ഡൊണാള്‍ഡ് ഇനിയൊരു അബദ്ധം കാട്ടില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു. പന്ത് ശ്രദ്ധിച്ചുനിന്ന ഡൊണാള്‍ഡ് കാണുന്നത് തന്റെ നേരെ കുതിച്ചുവരുന്ന ക്ലൂസ്‌നറിനെയാണ്. കൈയില്‍ നിന്ന് ബാറ്റ് വീണുപോയിട്ടും തന്നാലാവും വിധം റണ്‍ പൂര്‍ത്തിയാക്കാന്‍ ഡൊണാള്‍ഡ് ഓടി. എന്നാല്‍ തേനീച്ചക്കൂട്ടം പോലെ അപ്പോഴേക്കും സ്‌ട്രൈക്കര്‍ എന്‍ഡിലെ വിക്കറ്റിന് ചുറ്റുമെത്തിയിരുന്നു ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍.

പന്ത് പറന്നു പിടിച്ച് മാര്‍ക്ക് വോ ഫ്‌ളെമിങ്ങിനു കൈമാറി. ഫ്‌ളെമിങ് അത് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന് കൈമാറി. ഗില്ലി വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ക്രീസിന്റെ മധ്യഭാഗം വരെ എത്തിയതേയുണ്ടായിരുന്നുള്ളു ഡൊണാള്‍ഡ്. ഒരുനിമിഷം ഗ്യാലറി ഒന്നടങ്കം സ്തബ്ധരായിപ്പോയി. അവിശ്വസനീയമായത് എന്തോ കണ്ടപോലെ ശ്വാസം നിലച്ചുനിന്ന കാണികള്‍ പിന്നീട് കൈയടിച്ചു, നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച മത്സരം കണ്ട ചാരിതാര്‍ഥ്യത്തോടെ.

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍
ഷമി തന്നെ ഹീറോ; ഫൈനലില്‍ ഓസ്ട്രേലിയയെങ്കില്‍ കഠിനമാകും

കൈവിട്ട ക്യാച്ച്... ഒരനുബന്ധം

ഓസ്‌ട്രേയിലയന്‍ ടീമിന്റെ സ്‌കോറിന് ഒപ്പമെത്തിയിട്ടും ദക്ഷിണാഫ്രിക്കന്‍ ടീം തോറ്റ് മടങ്ങിയതെങ്ങനെ. അതറിയണമെങ്കില്‍ ജൂണ്‍ 17ന് ഒരു നാലുദിനം പിന്നിലേക്ക് പോകണം. അതേ മാസം 13-ന് നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ സൂപ്പര്‍ സിക്‌സ് പോരാട്ടം അതിന്റെ കഥപറയും. അന്നും ടോസ് ഭാഗ്യം ക്രോണ്യേയ്ക്കായിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് ഏഴിന് 271 എന്ന മികച്ച സ്‌കോര്‍.

അത് പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേയില നേരിട്ടത് വന്‍ തകര്‍ച്ചയായിരുന്നു. 11.3 ഓവറില്‍ മൂന്ന് മുന്‍നിര വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ അവര്‍ക്ക് അന്ന് രക്ഷകനായത് നായകന്‍ സ്റ്റീവ് വോയായിരുന്നു. 110 പന്തില്‍ നിന്ന് 10 ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 120 റണ്‍സ് നേടിയ സ്റ്റീവ് ഒറ്റയ്ക്ക് ടീമനെ കരകയറ്റുകയായിരുന്നു. ഉപനായകന്‍ റിക്കിപോണ്ടിങ്ങിന് ഒപ്പം ചേര്‍ന്നായിരുന്നു സ്റ്റീവിന്റെ രക്ഷാപ്രവര്‍ത്തനം.

എന്നാല്‍ അന്ന് സ്റ്റീവ് ഒരവസരം ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയിരുന്നു. ക്ലൂസ്‌നറുടെ പന്തില്‍ വോ നല്‍കിയ അനായാസ് ക്യാച്ച് പക്ഷേ ഗിബ്‌സ് വിട്ടുകളഞ്ഞു. ആ അവസരത്തില്‍ വോയുടെ വിക്കറ്റ് ലഭിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക ആ മത്സരം ജയിക്കുമായിരുന്നു. ആ തോല്‍വിയാണ് സെമിപോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. മത്സരം ടൈ ആയാല്‍ അതിനു മുമ്പുള്ള നേര്‍ക്ക്‌നേര്‍ പോരാട്ടത്തിലെ വിജയികളാകും മുന്നേറുകയെന്ന അന്നത്തെ ഐസിസി നിയമമാണ് സെമിയില്‍ ഓസ്‌ട്രേലിയയെ രക്ഷിച്ചത്.

കൈവിട്ട ക്യാച്ചും പൂര്‍ത്തിയാകാത്ത റണ്ണും; മറക്കില്ല എഡ്ജ്ബാസ്റ്റണ്‍
CWC2023 | പടിക്കല്‍ കലമുടയ്ക്കുമോ പ്രോട്ടിയാസ്; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി ഇന്ന്

രണ്ടുപതിറ്റാണ്ടിനു ശേഷം വീണ്ടും

ഇരുപത്തിനാല് വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും കൊമ്പുകോര്‍ക്കുകയാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ മനസില്‍ മായാതെ കിടപ്പുണ്ട് എഡ്ജ്ബാസ്റ്റണ്‍ ഓര്‍മകള്‍.

logo
The Fourth
www.thefourthnews.in