ഇന്ത്യയോ ലങ്കയോ? ഏഷ്യൻ രാജാക്കന്മാരെ ഇന്നറിയാം

ഇന്ത്യയോ ലങ്കയോ? ഏഷ്യൻ രാജാക്കന്മാരെ ഇന്നറിയാം

ശ്രീലങ്കയുടെ തട്ടകമായ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് കലാശപ്പോരാട്ടം

ഏഷ്യാ കപ്പ് 2023 ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ഏറ്റുമുട്ടും. ഫൈനലിന് മഴഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു ടീമുകളും നേര്‍ക്കുനേരെയെത്തുമ്പോള്‍ പോരാട്ടച്ചൂടിന് ഒട്ടും കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെങ്കിലും ശ്രീലങ്കയെയും കുറച്ചുകാണാന്‍ കഴിയില്ല. സൂപ്പര്‍ഫോറിലെ ആവേശപ്പോരാട്ടത്തില്‍ രോഹിത് ശര്‍മയെയും ഒന്ന് വിറപ്പിച്ചാണ് ശ്രീലങ്ക കീഴടങ്ങിയത്.

നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെങ്കിലും ശ്രീലങ്കയെയും കുറച്ചുകാണാനാകില്ല

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. ആദ്യ മത്സരങ്ങളില്‍ പാകിസ്താനെയും ലങ്കയെയും തോല്‍പ്പിച്ച് നീലപ്പട നേരത്തേ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. സൂപ്പര്‍ ഫോറില്‍ അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ വീഴ്ത്തിയാണ് ലങ്കയുടെ ഫൈനല്‍ പ്രവേശം. ശ്രീലങ്കയുടെ തട്ടകമായ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് കലാശപ്പോരാട്ടം. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ദസുന്‍ ഷണകയും സംഘവും. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചായതിന്റെ നേരിയ ആശ്വാസം ഇന്ത്യയ്ക്കുണ്ട്.

ഏഷ്യാകപ്പ് പുതിയ സീസണില്‍ ആദ്യം മുതല്‍ വെല്ലുവിളി ഉയര്‍ത്തിയ മഴ ഫൈനലിലും കുഴപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് കൊളംബോയില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കളിമുടക്കിയാല്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. അന്നും മഴമൂലം 20 ഓവറെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരു ടീമുകളെയും സംയ്യുക്തചാമ്പ്യന്മാരായി പ്രഖ്യാപിക്കും.

ഓള്‍റൗണ്ടര്‍ അക്‌സര്‍പട്ടേലിന്റെ അഭാവം ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. ബംഗ്ലാദേശിനോട് പരാജയപ്പെട്ട മത്സരത്തില്‍ താരം ഇന്ത്യന്‍ പ്രതീക്ഷകളെ ഉയര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ പാകിസ്താനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരെ പൂജ്യത്തിനാണ് പുറത്തായത്. ലങ്കയ്‌ക്കെതിരായ ഫൈനലില്‍ അദ്ദേഹം ഫോമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ശുഭ്മാന്‍ഗില്ലും പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.

പാകിസ്താനെതിരായ സെഞ്ചുറി പ്രകടനത്തിന്റെ കരുത്തിലാണ് വിരാട് കോഹ്‌ലി നാളെ ഇറങ്ങുക. കൂടാതെ കെ എല്‍ രാഹുലും ഇഷാന്‍ കിഷാനും, ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. അക്‌സര്‍ പട്ടേലിന് പകരം ശാര്‍ദൂല്‍ ഠാക്കൂറോ വാഷിങ്ടണ്‍ സുന്ദറോ ടീമിലെത്തും. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും പേസ് കുന്തമുന ജസ്പ്രിത് ബുംറയുമാണ് ഇന്ത്യയുടെ ബൗളിങ്‌നിരയുടെ കരുത്ത്. പേസ് ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ മുഹമ്മദ് സിറാജോ മുഹമ്മദ് ഷമിയോ ഇന്ത്യയ്‌ക്കൊപ്പം ചേരും. എന്നാല്‍ ബാറ്റിങ്ങില്‍ ഇന്ത്യയുടെ വാലറ്റം തിളങ്ങാത്തത് ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. വാലറ്റം ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കൂ.

Surjeet Yadav

ഫൈനലില്‍ ഇന്ത്യയ്ക്ക് ഏറ്റവും തലവേദനയാവുക ലങ്കന്‍ സ്പിന്നര്‍മാരാകും. പിച്ച് സ്പിന്നിന് മുന്‍തൂക്കം നല്‍കുന്നുണ്ട്, കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ പ്രകടനമാണ് ലങ്കന്‍ സ്പിന്നര്‍മാര്‍ കാഴ്ചവച്ചത്. മഹീഷ് തീക്ഷണയുടെ അഭാവം ശ്രീലങ്കയുടെ പോരാട്ടത്തെ ബാധിച്ചേക്കാം. എങ്കിലും ഇന്ത്യയെ വിറപ്പിച്ച ദുനിത് വെല്ലാലാഗെയെ പോലുള്ള യുവസ്പിന്നര്‍മാരുടെ പ്രകടനമികവിലൂടെ ലങ്കയ്ക്ക് അതിനെ മറികടക്കാനാകും.

ചരിത് അസലങ്കയും ഇന്ത്യയെ കറക്കിവീഴ്ത്താനുള്ള ലങ്കയുടെ ആയുധമാണ്. മതീഷ് പതിരണയും ക്യാപ്റ്റനുമെല്ലാം ലങ്കയുടെ ബൗളിങ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടുന്നു. ഇവരെ മറികടക്കാനായാല്‍ മാത്രമേ ഇന്ത്യയ്ക്ക് അനായാസജയം സാധ്യമാകു. ബാറ്റിങ്ങില്‍ പാതും നിസങ്ക, കുസാല്‍ മെന്‍ഡിസ്, സദീര സമാരവിക്രമ, അസലങ്ക തുടങ്ങിയവരാണ് പ്രതീക്ഷ. കൂടാതെ ലങ്കയുടെ വാലറ്റവും മികച്ച പ്രകടനാണ് കാഴ്ചവയ്ക്കുന്നുണ്ട്.

ഇന്ത്യയോ ലങ്കയോ? ഏഷ്യൻ രാജാക്കന്മാരെ ഇന്നറിയാം
ഇന്ത്യയ്ക്കും ലങ്കയ്ക്കും പരുക്ക് ഭീഷണി; അക്സറും തീക്ഷണയും ഏഷ്യാകപ്പ് ഫൈനലില്‍ കളിക്കില്ല

ഏഷ്യാകപ്പില്‍ ഇത് ഒന്‍പതാം തവണായാണ് ഇരുടീമുകളും നേര്‍ക്കുനേരെയെത്തുന്നത്. അതില്‍ അഞ്ച് തവണ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ മൂന്ന് തവണ ജയം ലങ്കയ്‌ക്കൊപ്പമായിരുന്നു. 2010 ലാണ് ഇരുവരും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള നീലപ്പട ശ്രീലങ്കയെ വീഴ്ത്തി കിരീടമുയര്‍ത്തിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് ഇരുടീമുകളും ഫൈനലില്‍ കണ്ടുമുട്ടുന്നത്. ഏഷ്യാകപ്പില്‍ ഏഴാം കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്. ആറ് തവണയാണ് ലങ്ക കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഏഷ്യയിലെ രാജാക്കന്മാരായി മാറാന്‍ നാലപ്പടയ്ക്ക് കഴിയുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

logo
The Fourth
www.thefourthnews.in