14 വർഷം, ഇതിഹാസങ്ങളെ പിന്നിലാക്കിയ റെക്കോഡുകള്‍; അശ്വിന്‍ 100-ാം ടെസ്റ്റിനൊരുങ്ങുമ്പോള്‍

14 വർഷം, ഇതിഹാസങ്ങളെ പിന്നിലാക്കിയ റെക്കോഡുകള്‍; അശ്വിന്‍ 100-ാം ടെസ്റ്റിനൊരുങ്ങുമ്പോള്‍

വെള്ളക്കുപ്പായമണിഞ്ഞ് 100-ാം മത്സരത്തിനിറങ്ങുന്ന 14-ാമത്തെ ഇന്ത്യക്കാരനാണ് അശ്വിന്‍, ആദ്യ തമിഴ്നാട് സ്വദേശിയും

എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ...നായകന്മാർ മാറിമാറി വന്നു. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാവരുടെയും പ്രധാന ആയുധം ഒരാളായിരുന്നു, ചെന്നൈക്കാരന്‍ രവിചന്ദ്രന്‍ അശ്വിന്‍. അപൂർവ റെക്കോർഡുകളെയും ലോകോത്തര ബാറ്റർമാരെയും തന്റെ വേരിയേഷനുകള്‍ക്കൊണ്ട് കീഴടക്കിയവന്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് ധരംശാലയില്‍ കളമൊരുങ്ങുമ്പോള്‍ മറ്റൊരു ചരിത്ര മുഹൂർത്തത്തിലേക്ക് കൂടി ചുവടുവെക്കുകയാണ് അശ്വിന്‍, കരിയറിലെ 100-ാം ടെസ്റ്റ്.

ഇതിഹാസങ്ങളെക്കാള്‍ മുന്നില്‍

വെള്ളക്കുപ്പായമണിഞ്ഞ് 100-ാം മത്സരത്തിനിറങ്ങുന്ന 14-ാമത്തെ ഇന്ത്യക്കാരനാണ് അശ്വിന്‍, ആദ്യ തമിഴ്നാട് സ്വദേശിയും. അനില്‍ കുംബ്ലെയുടെയും ഹർഭജന്‍ സിങ്ങിന്റെയും അഭാവം അനായാസം നികത്താന്‍ 13 വർഷം നീണ്ട കരിയർകൊണ്ട് അശ്വിന് സാധിച്ചു.

100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബൗളർമാരുടെയും ഓള്‍ റൗണ്ടർമാരുടെയും പട്ടികയെടുത്താല്‍ റെക്കോർഡുകളുടെ കാര്യത്തില്‍ അശ്വിന്‍ മുന്നിലാണ്. മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിനേക്കാള്‍ വിക്കറ്റുകളുണ്ടായിരുന്നത്, 584. അശ്വിനുള്ളത് 507 വിക്കറ്റാണ്. ബൗളിങ്ങിലെ കരിയർ സ്ട്രൈക്ക് റേറ്റ് പരിശോധിക്കുകയാണെങ്കിലും അശ്വിന്‍ മുന്‍പന്തിയിലുണ്ട്. 51.3 ആണ് അശ്വിന്റെ സ്ട്രൈക്ക് റേറ്റ്. 23.91 ബൗളിങ്ങ് ശരാശരി. ഇവ രണ്ടും താരത്തിന്റെ സ്ഥിരതയുടെ ഉത്തമ ഉദാഹരണങ്ങളാണ്.

14 വർഷം, ഇതിഹാസങ്ങളെ പിന്നിലാക്കിയ റെക്കോഡുകള്‍; അശ്വിന്‍ 100-ാം ടെസ്റ്റിനൊരുങ്ങുമ്പോള്‍
ഇറ്റ്‌സ് ക്യാപ്റ്റന്‍സ് ബ്രില്ല്യന്‍സ്; രോഹിതിന്റെ തന്ത്രത്തില്‍ പത്തി താഴ്ത്തിയ ബാസ്‌ബോള്‍

ഇന്ത്യയിലെ അശ്വിന്‍

കഴിഞ്ഞ ഒരു ദശാബ്ദം പരിശോധിച്ചാല്‍ ഇന്ത്യയില്‍ വന്ന് ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കുകയെന്നത് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും പോലും അസാധ്യമായ ഒന്നാണ്. അതിന്റെ സുപ്രധാന കാരണങ്ങളിലൊന്ന് അശ്വിന്‍ തന്നെയാണ്. ഇന്ത്യയിലെ എല്ലാ മൈതാനങ്ങളിലും അശ്വിന്റെ പന്തുകള്‍ക്ക് ഒരേ പ്രഹരശേഷിയാണ്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ എല്ലാ ഇതിഹാസങ്ങള്‍ക്കും പ്രിയപ്പെട്ട മൈതാനങ്ങളുണ്ടായിരുന്നു. കൊളംബൊ, കാന്‍ഡി, ഗാലെ എന്നിവിടങ്ങളില്‍ മുരളീധരന് നൂറിലധികം വിക്കറ്റുകളുണ്ട്. ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവർട്ട് ബ്രോഡിനും ലോർഡ്സിനോടാണ് പ്രിയം. ഇരുവർക്കും ലോർഡ്സില്‍ നൂറിലധികം വിക്കറ്റുകളുണ്ട്. വിക്കറ്റിന്റെ കാര്യത്തില്‍ കൊളംബോയില്‍ രംഗണ ഹെറാത്തിനുമുണ്ട് സെഞ്ചുറി.

ഒരു മൈതാനത്തുനിന്ന് മാത്രം അന്‍പതിലധികം വിക്കറ്റുകള്‍ താരങ്ങള്‍ സ്വന്തമാക്കുന്ന 68 സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെ 58 വിക്കറ്റ് ഡല്‍ഹിയില്‍ നേടിയിട്ടുണ്ട്. എന്നാല്‍ അശ്വിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഇന്ത്യയിലെ ഒരു മൈതാനത്തും 38ലധികം വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടില്ല. ഒരു വിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അശ്വിന്റെ ആധിപത്യമെന്ന് ഇത് തെളിയിക്കുന്നു.

വിക്കറ്റിന് മുന്നില്‍ കുടുക്കുന്ന അശ്വിന്‍

ടെസ്റ്റ് മത്സരത്തില്‍ പത്ത് വിക്കറ്റും അഞ്ച് വിക്കറ്റും നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന റെക്കോർഡ് അശ്വിന്റെ പേരിലാണ്. 36-ാം വയസിലാണ് അശ്വിന്‍ അവസാനം പത്ത് വിക്കറ്റെടുത്തത്. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു നേട്ടം. അഞ്ച് വിക്കറ്റ് നേട്ടം ഈ വർഷം ഇംഗ്ലണ്ടിനെതിരെയും (37 വയസ് 306 ദിവസം).

ബാറ്റർമാരെ എല്‍ബിഡബ്ല്യുവിലൂടെയും ബൗള്‍ഡാക്കിയും കൂടുതല്‍ തവണ പുറത്താക്കിയിട്ടുള്ള സ്പിന്നറും അശ്വിന്‍ തന്നെ. 214 തവണ (ബൗള്‍ഡ് - 101, എല്‍ബിഡബ്ല്യു - 113). പട്ടികയില്‍ ജെയിംസ് ആന്‍ഡേഴ്സണാണ് ഒന്നാമത് (233).

14 വർഷം, ഇതിഹാസങ്ങളെ പിന്നിലാക്കിയ റെക്കോഡുകള്‍; അശ്വിന്‍ 100-ാം ടെസ്റ്റിനൊരുങ്ങുമ്പോള്‍
ജോറായി ജൂറല്‍; ഇന്ത്യയുടെ മോംഗിയ 2.0

ഏറ്റവും കൂടതല്‍ തവണ ബാറ്റർമാരെ പൂജ്യത്തില്‍ പുറത്താക്കിയിട്ടുള്ള ഇന്ത്യന്‍ ബൗളർമാരില്‍ രണ്ടാമതാണ് അശ്വിന്‍. 74 പ്രാവശ്യമാണ് അശ്വിന്‍ ബാറ്റർമാരെ പൂജ്യത്തില്‍ മടക്കിയത്. അനില്‍ കുംബ്ലെയാണ് ഒന്നാമത് (77).

ബൗളിങ് ഓപ്പണ്‍ ചെയ്ത് കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ള സ്പിന്നർമാരില്‍ അശ്വിന്‍ ബഹുദൂരം മുന്നിലാണ്. 170 വിക്കറ്റുകളാണ് അശ്വിന്‍ ഇത്തരത്തില്‍ നേടിയിട്ടുള്ളത്. കരിയറിലെ ആകെ വിക്കറ്റുകളുടെ 33.5 ശതമാനം വരും ഇത്. രണ്ടാമതുള്ള ഹെറാത്തിന് 104 വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരവും ഇന്ത്യന്‍ സ്പിന്നറാണ്.

അശ്വിനെന്ന വജ്രായുധം

അശ്വിന്റെ അരങ്ങേറ്റത്തിനുശേഷം നടന്ന 59 ഹോം ടെസ്റ്റുകളില്‍ 44 എണ്ണവും ഇന്ത്യ വിജയിച്ചു. പരാജയപ്പെട്ടതാകട്ടെ കേവലം ആറ് മത്സരത്തില്‍ മാത്രം. ഹോം ടെസ്റ്റുകളില്‍ ഇത്രയും മികച്ച റെക്കോർഡുള്ള മറ്റൊരു ടീം ഇല്ല. ഈ കാലയളവില്‍ എവെ വിജയങ്ങളിലും ഇന്ത്യ തന്നെയാണ് മുന്നില്‍ (23 വിജയം).

ഇന്ത്യയുടെ 58 വിജയങ്ങളുടെ ഭാഗമായ അശ്വിന്‍ ഈ മത്സരങ്ങളില്‍നിന്ന് മാത്രം 354 വിക്കറ്റാണ് നേടിയത്. 19.11 ആണ് ശരാശരി. ഓരോ 43 ബോളിലും അശ്വിന്‍ ഒരു വിക്കറ്റെടുക്കും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിജയങ്ങളില്‍ കൂടുതല്‍ വിക്കറ്റെടുത്തവരുടെ കണക്കില്‍ വോണ്‍ (510), മുരളീധരന്‍ (438), ഗ്ലെന്‍ മഗ്രാത്ത് (414), ആന്‍ഡേഴ്സണ്‍ (380) എന്നിവരാണ് മുന്നിൽ.

logo
The Fourth
www.thefourthnews.in