ഒരു 'ഗംഭീര' വിജയഗാഥ

ജയത്തിനായി ഏതറ്റം വരെയും പൊരുതുന്ന മനോഭാവം, ടീമിനു വേണ്ടി ആരോടും കോര്‍ക്കാന്‍ മടിക്കാത്ത സ്വഭാവം. എന്നും എപ്പോഴും ഒരു പോരാളിയാണ് ഗംഭീര്‍

''Everyone in this group will be treated equally. There is no senior, junior. There is no domestic, international. We got one mission that is to win this IPL. So, everyone needs to follow that one simple path.''

''ഈ ടീമിലുള്ള എല്ലാ താരങ്ങളും തുല്യരായി പരിഗണിക്കപ്പെടും. ഇവിടെ ജൂനിയര്‍-സീനിയര്‍ വ്യത്യാസമില്ല, ആഭ്യന്തര താരങ്ങളോ രാജ്യാന്തര താരങ്ങളോ ഇല്ല. നമുക്ക് ഒരു ലക്ഷ്യമുണ്ട്, ഈ ഐപില്‍ കിരീടം സ്വന്തമാക്കണമെന്നത്. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് ആ പാത പിന്തുടരുക,'' ലോകചാമ്പ്യന്‍ മിച്ചല്‍ സ്റ്റാർക്ക് മുതല്‍ 19 കാരന്‍ അംഗ്രിഷ് രഘുവംശി വരെയുള്ള കൊല്‍ക്കത്ത താരങ്ങള്‍ മൈതാനത്ത് അണിനിരന്നപ്പോള്‍ ഗംഭീർ നല്‍കിയ നിർദേശമാണിത്. ആ വാക്കുകളില്‍ നിശ്ചയദാർഢ്യമുണ്ടായിരുന്നു, എന്തായിരിക്കും ടീമിന്റെ മുന്നോട്ടുള്ള യാത്ര എന്നതില്‍ കൃത്യതയുണ്ടായിരുന്നു. ഒരു പതിറ്റാണ്ട് നീണ്ട കീരീട കാത്തിരിപ്പിനുള്ള ഉത്തരംകൂടിയായി പിന്നീടത്.

2007 ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്...കലാശപ്പോരാട്ടങ്ങളിലെ വിജയമന്ത്രം എന്താണെന്ന് ബാറ്റുകൊണ്ട് ഗംഭീർ തെളിയിച്ച ടൂർണമെന്റുകളായിരുന്നു ഇവ. നായകഭാരമില്ലാതെയായിരുന്നു ഈ രണ്ട് കിരീടങ്ങളും ഉയർത്താന്‍ ഇന്ത്യയെ ഗംഭീർ പ്രാപ്തമാക്കിയത്. എന്നാല്‍ 2012, 2014 ഐപിഎല്ലുകളില്‍ കൊല്‍ക്കത്തയുടെ നായകനെന്ന നിലയിലും ഗംഭീർ കിരീടമുയർത്തി.

അന്നൊക്കെ പ്രയോഗിച്ച രസക്കൂട്ടിനോട് സാമ്യമുള്ളതായിരുന്നു ഇത്തവണത്തേതും. സ്ഫോടനാത്മക ഓപ്പണിങ്ങ് കൂട്ടുകെട്ട്, കെട്ടുറപ്പുള്ള മധ്യനിര, കൂറ്റന്‍ സ്കോറിലേക്ക് എത്തിക്കാന്‍ കഴിയുന്ന ഫിനിഷർമാർ.

ഒരു 'ഗംഭീര' വിജയഗാഥ
എല്ലാം 'ഗംഭീരം'; ഇത് കൊല്‍ക്കത്ത 'പഠിച്ച്' നേടിയ ജയം

പണ്ട് ഗംഭീർ കൊല്‍ക്കത്തയെ നയിച്ച കാലത്തായിരുന്നു സുനില്‍ നരെയ്‌ന്‍ ഓപ്പണറായി അവതരിച്ചത്. അത് പലപ്പോഴും കൊല്‍ക്കത്തയുടെ കുതിപ്പിന് ഇന്ധനമായിരുന്നു. പോയ സീസണുകളിലെല്ലാം മധ്യനിരയിലും വാലറ്റത്തിലുമായി ഒറ്റക്ക സ്കോറുകളിലൊതുങ്ങിയ നരെയ്‌നെ ഗംഭീർ മുന്‍നിരയിലേക്ക് വീണ്ടുമെത്തിച്ചു. കഴിഞ്ഞ സീസണില്‍ 21 റണ്‍സായിരുന്നു നരെയ്‌ന്റെ നേട്ടം, ഇത്തവണ അത് 488 ആയി ഉയർന്നു.

2023-ല്‍ റഹ്മാനുള്ള ഗുർബാസായിരുന്നു കൊല്‍ക്കത്തയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത്. ഉത്തരവാദിത്തം ഒട്ടും മോശമാക്കാത്ത ഗുർബാസിന് പകരം ഫില്‍ സാള്‍ട്ടിനെ ഗംഭീർ തിരഞ്ഞെടുത്തു. 2012 ഫൈനലില്‍ ബ്രണ്ടന്‍ മക്കല്ലെത്ത ബെഞ്ചിലിരുത്തി മന്‍വീന്ദർ ബിസ്ലയെ കളത്തിലിറക്കിയ ഗംഭീറില്‍ നിന്നുള്ള ഈ തീരുമാനം ഞെട്ടിക്കുന്നതായിരുന്നില്ല. സാള്‍ട്ട് തന്ത്രവും ഫലം കണ്ടു, 435 റണ്‍സ്.

വെങ്കിടേഷ് അയ്യരെ താരലേലത്തിന് മുന്‍പെ നിലനിർത്തിയതായിരുന്നു ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്. പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ ശ്രേയസ് അയ്യരും വെങ്കിടേഷും അംഗ്രിഷും ചേർന്നതോടെ മധ്യനിര കെട്ടുറപ്പുള്ളതായി. ഒപ്പം റിങ്കു സിങ്ങ്, ആന്ദ്രെ റസല്‍ എന്നീ ട്വന്റി 20 സ്പെഷ്യലിസ്റ്റുകൂടി ചേർന്നതോടെ കൊല്‍ക്കത്തയുടെ ബാറ്റിങ് നിര വെല്‍ സെറ്റില്‍ഡായി.

കൊല്‍ക്കത്തയുടെ നായകനായിരുന്നപ്പോഴും ലഖ്നൌ സൂപ്പർ ജയന്റ്സിന്റെ മെന്ററായിരുന്നപ്പോഴുമെല്ലാം താരങ്ങളെ ബാക്ക് ചെയ്യുന്നതില്‍ ഗംഭീർ നിലനിർത്തിയ കണിശത ആവർത്തിച്ചു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാർക്ക്, വരുണ്‍ ചക്രവർത്തി എന്നിവർ.

ഒരു 'ഗംഭീര' വിജയഗാഥ
IPL 2024 | സമ്പൂര്‍ണ ആധിപത്യം, അനായാസം! ചെപ്പോക്കില്‍ കൊല്‍ക്കത്തന്‍ K'night'

മുംബൈ ഇന്ത്യന്‍സിന്റെ ഡഗൗട്ടിലൊതുങ്ങിയ കരിയറായിരുന്നു രമണ്‍ദീപിന്റേത്. എഴ്, എട്ട് നമ്പറുകളില്‍ ക്രീസിലെത്തി കുറഞ്ഞ പന്തുകളില്‍ കൂടുതല്‍ റണ്‍സെടുക്കുക എന്ന ചുമതലയായിരുന്നു ഗംഭീർ രമണ്‍ദീപിന് നല്‍കിയത്. അതിന് അനുയോജ്യമായ കഠിനപരിശീനവും നല്‍കി. 201 സ്ട്രൈക്ക് റേറ്റില്‍ 125 റണ്‍സാണ് രമണ്‍ദീപിന്റെ ബാറ്റിന്റെ സംഭാവന.

മിച്ചല്‍ സ്റ്റാർക്ക്, 24.75 കോടി രൂപയ്ക്ക് ഗംഭീറിന്റെ നിർബന്ധത്തില്‍ ടീമിലെത്തിയ വെട്ടേരന്‍ പേസർ. സീസണിലുടനീളം മോശം ഫോമിന്റെ പേരില്‍ അധിക്ഷേപങ്ങള്‍ നേരിട്ട താരം. പക്ഷേ, സ്റ്റാർക്കിനെ ഒരു കളിയില്‍ പോലും പുറത്തിരുത്താന്‍ ഗംഭീർ തയാറായില്ല. വിമർശകർക്കും തന്നില്‍ വിശ്വാസം അർപ്പിച്ച ടീമിനും സ്റ്റാർക്ക് സമ്മാനിച്ചത് ക്വാളിഫയർ ഒന്നിലും രണ്ടിലും ഡ്രീം സ്പെല്ലുകള്‍. ഇത് തന്നെയായിരുന്നു ചക്രവർത്തിയുടെ കാര്യത്തിലും സംഭവിച്ചത്.

ഇതെല്ലാം സാധ്യമാക്കിയതിനു പിന്നില്‍ ഗംഭീറിന്റെ നിശ്ചയദാര്‍ഡ്യം മാത്രമാണ്. കളത്തിനകത്തും പുറത്തും ഒന്നിനോടും വിട്ടുവീഴ്ചയില്ലാത്ത വ്യക്തിത്വമാണ് ഗംഭീറിന്റേത്. ജയത്തിനായി ഏതറ്റം വരെയും പൊരുതുന്ന മനോഭാവം, ടീമിനു വേണ്ടി ആരോടും കോര്‍ക്കാന്‍ മടിക്കാത്ത സ്വഭാവം. എന്നും എപ്പോഴും ഒരു പോരാളിയാണ് ഗംഭീര്‍.

അതുകൊണ്ടു തന്നെയാണ് 2014-ന് ശേഷം നീണ്ട പത്തു വര്‍ഷം കിരീട വരള്‍ച്ച നേരിട്ടപ്പോള്‍ ഗംഭീറിനെ തിരികെക്കൊണ്ടു വരാന്‍ ആരാധകര്‍ മുറവിളി കൂട്ടിയത്. അത് സാധ്യമാക്കിയ ടീം മാനേജ്‌മെന്റിന് അര്‍ഹിച്ച പ്രതിഫലം കിരീട ജയത്തിലൂടെ അദ്ദേഹം സാധ്യമാക്കുകയും ചെയ്തു. അടുത്ത സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്തയ്ക്ക് ഒപ്പമുണ്ടാകുമോയെന്ന് ഉറപ്പില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ളയാളാണ് ഗംഭീര്‍. ആ സ്ഥാനത്തേക്ക് അദ്ദേഹം കടന്നു വന്നാല്‍ ഒരു പതിറ്റാണ്ടിലേറെയായി ടീം ഇന്ത്യ അനുഭവിക്കുന്ന ഐസിസി കിരീട വരള്‍ച്ചയ്ക്കും പരിഹാരമാകുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ വിശ്വസിക്കുന്നത്.

logo
The Fourth
www.thefourthnews.in