എല്ലാം 'ഗംഭീരം'; ഇത് കൊല്‍ക്കത്ത 'പഠിച്ച്' നേടിയ ജയം

എല്ലാം 'ഗംഭീരം'; ഇത് കൊല്‍ക്കത്ത 'പഠിച്ച്' നേടിയ ജയം

കൊല്‍ക്കത്ത എങ്ങനെ ആ കിരീട നേട്ടത്തിലേക്ക് വീണ്ടുമെത്തി എന്നാണ് എതിര്‍ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. പത്തു വര്‍ഷത്തെ തികഞ്ഞ 'അധ്യയനത്തിന്' ശേഷമാണ് അവര്‍ വിജയം കൊയതത് എന്നാണ് അതിനുള്ള കൃത്യമായ മറുപടി.

ആ രണ്ട് കിരീടങ്ങള്‍ക്കും കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിനുമിടയില്‍ 3648 ദിനങ്ങളുടെ ദൂരമുണ്ടായിരുന്നു. അതിലേറെ നിരാശയുടെ ആഴവും. 2014 ജൂണ്‍ ഒന്നിനായിരുന്നു ഇതിനു മുമ്പ് കൊല്‍ക്കത്ത ആരാധകരും മാനേജ്‌മെന്റും നിറഞ്ഞ് ചിരച്ചിട്ടുണ്ടാകുക. അതിനു ശേഷം നീണ്ട 10 വര്‍ഷം അവര്‍ കാത്തിരുന്നു വീണ്ടും അതേ പോലൊരു മുഹൂര്‍ത്തത്തിനായി. ഒടുവില്‍ ഇന്നലെ, ചെന്നൈ ചെപ്പോക്കിലെ എം എ ചിദംബരം സ്‌റ്റേഡിയത്തിനു നടുവില്‍ അവര്‍ അഭിമാനത്തോടെ, നിറ ചിരിയോടെ നിന്നു, കൈയില്‍ ആ കനക കിരീടവുമായി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന പണംവാരി ക്രിക്കറ്റ് ലീഗില്‍ മൂന്നാം തവണയും ജേതാക്കളായ കൊല്‍ക്കത്ത എങ്ങനെ ആ കിരീട നേട്ടത്തിലേക്ക് വീണ്ടുമെത്തി എന്നാണ് എതിര്‍ടീം ആരാധകര്‍ ഉറ്റുനോക്കുന്നത്. 'മികച്ച കളി കളിച്ചിട്ട്' എന്ന് കൊല്‍ക്കത്ത ആരാധകര്‍ തെല്ല് പരിഹാസത്തോടെയും അല്‍പം അഹങ്കാരത്തോടെയും മറുപടി നല്‍കിയേക്കാം. എന്നാല്‍ പത്തു വര്‍ഷത്തെ തികഞ്ഞ 'അധ്യയനത്തിന്' ശേഷമാണ് അവര്‍ വിജയം കൊയ്തത് എന്നാണ് അതിനുള്ള കൃത്യമായ മറുപടി.

കഴിഞ്ഞ ഒരു പതിറ്റാണ്ട് പരിശോധിക്കേണ്ട ആ ഉത്തരത്തിലേക്ക് എത്താന്‍, കഴിഞ്ഞ രണ്ട് സീസണുകള്‍ മാത്രം നോക്കിയാല്‍ മതിയാകും. അതില്‍ നിന്നു മനസിലാക്കാം പരാജിതരുടെ ശരീരഭാഷ കുടഞ്ഞെറിഞ്ഞ് വിജയികളുടെ രൂപഭാവത്തിലേക്കുള്ള അവരുടെ പരിണാമം. എന്താണ് 2014-നും 2024-നുമിടയില്‍ കൊല്‍ക്കത്തയ്ക്ക് സംഭവിച്ചത്? അല്ലെങ്കില്‍ എന്താണ് കഴിഞ്ഞ സീണുകളില്‍ നിന്ന് അവര്‍ക്ക് ഇത്തവണ മാറ്റം വന്നത് എന്നൊന്നു പരിശോധിക്കാം.

ഐപിഎല്‍ 2022, 2023 സീസണുകളില്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈറ്റ്‌റൈഡേഴ്‌സ് ഫിനിഷ് ചെയ്തത്. തങ്ങള്‍ രണ്ടാം തവണ ഐപിഎല്‍ കിരീടം നേടിയ 2014 സീസണിലെ ആ മികവിലേക്ക് ഉയരാനുള്ള ശ്രമങ്ങള്‍ ഈ രണ്ട് സീസണിലും അവര്‍ കാട്ടി. ഓയിന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും നയിച്ച ഈ രണ്ട് സീസണുകളാണ് കൊല്‍ക്കത്തയെ ഇന്ന് ഐപിഎല്‍ രാജാക്കന്മാരുടെ സിംഹാസത്തില്‍ വീണ്ടും ഇരുത്തിയതെന്നു വേണം പറയാന്‍.

എല്ലാം 'ഗംഭീരം'; ഇത് കൊല്‍ക്കത്ത 'പഠിച്ച്' നേടിയ ജയം
IPL 2024 | സമ്പൂര്‍ണ ആധിപത്യം, അനായാസം! ചെപ്പോക്കില്‍ കൊല്‍ക്കത്തന്‍ K'night'

കാരണം, 2024-ല്‍ ഒരു സമ്പൂര്‍ണ ടീമായി കളിക്കാന്‍ അവര്‍ക്ക് സാധ്യമായത് 2022, 2023 സീസണുകളിലെ സ്‌ക്വാഡില്‍ 'മിസ് ചെയ്ത' ഘടകങ്ങള്‍ പൂരിപ്പിച്ചതിലൂടെയാണ്. ഇത്തവണത്തെ സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ കൊല്‍ക്കത്തന്‍ ടീം മാനേജ്‌മെന്റിന്റെ ശ്രമങ്ങള്‍ മുഴുവന്‍ അതിനായിരുന്നു. ആ രണ്ട് സീസണുകളില്‍ നിന്ന് അവര്‍ക്ക് ഇത്തവണ എന്തു മാറ്റമാണ് വന്നത് എന്നു ചോദിച്ചാല്‍ ടീമിന്റെ ഘടനയുടെ സ്ഥിരതയും അടിമുടി മാറിയെന്നതാണ് ഉത്തരം.

ടീമിന്റെ ഘടനയുടെ സ്ഥിരതയിലാണ് പ്രധാനമായും മാറ്റമുണ്ടായത്. 2022-ലും 2023-ലും ഏഴ് വ്യത്യസ്ത ഓപ്പണര്‍മാരെയാണ് അവര്‍ പരീക്ഷിച്ചത്. എന്നാല്‍ ഇത്തവണ തങ്ങളുടെ ആദ്യ 12 മത്സരങ്ങളിലും സുനില്‍ നരെയ്ന്‍-ഫില്‍ സോള്‍ട്ട് സഖ്യത്തെയാണ് അവര്‍ വിശ്വസിച്ചത്. സോള്‍ട്ട് രാജ്യാന്തര മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയ ശേഷം കളിച്ച മത്സരങ്ങളില്‍ സ്റ്റാന്‍ഡ്‌ബൈ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയാണ് നരെയ്‌ന്റെ പങ്കാളിയാക്കിയത്.

നായകന്‍ ശ്രേയസ് അയ്യര്‍ മുതല്‍ ഓള്‍റൗണ്ടര്‍മാരായ വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, വെടിക്കെട്ട് വീരന്‍ റിങ്കു സിങ് വരെയുള്ള മധ്യനിര സീസണില്‍ എന്ത് ചെയ്‌തെന്നു ചോദിച്ചാല്‍, വേണ്ടപ്പോള്‍ വേണ്ടപോലെ 'ഉണര്‍ന്ന്' കളിച്ചു എന്നാകും ആരാധകര്‍ മറുപടി നല്‍കുക

ടീം ഘടനയില്‍ സ്ഥിരത കൊണ്ടുവന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മെന്ററായി എത്തിയ മുന്‍ നായകന്‍ ഗൗതം ഗംഭീറാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് ഇത്തവണ ഗംഭീര്‍ നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തിയ ശേഷം ആദ്യ കൈക്കൊണ്ട തീരുമാനം നരെയ്‌നെ ഓപ്പണറായി നിശ്ചയിക്കുകയെന്നതാണ്. ആ തീരുമാനം കൈക്കൊണ്ടപ്പോള്‍ ഗംഭീര്‍ പോലും കരുത്തിക്കാണില്ല, ടീമിന്റെയും നരെയ്‌ന്റെയും പ്രകടനം ഇത്ര ഗംഭീരമാകുമെന്ന്.

488 റണ്‍സാണ് വെസ്റ്റിന്‍ഡീസ് താരം ഈ സീസണില്‍ അടിച്ചുകൂട്ടിയത്. അതില്‍ മൂന്ന് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടും, ടീമിന്റെ വിശ്വസ്ത സ്പിന്നറായി 17 വിക്കറ്റുകള്‍ കൊയ്ത നരെയ്ന്‍ കിരീട ജയത്തില്‍ എത്ര നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ഊഹിക്കാമല്ലോ? അതുപോലെ തന്നെയാണ് സോള്‍ട്ടിന്റെ കാര്യവും. താരലേലത്തില്‍ സ്വന്തമാക്കിയതല്ല സോള്‍ട്ടിനെ. ഓപ്പണറാക്കാന്‍ ലക്ഷ്യമിട്ട് ലേലത്തില്‍ സ്വന്തമാക്കിയ ജേസണ്‍ റോയി പരുക്കേറ്റ് പിന്മാറിയപ്പോള്‍ ഗംഭീറിന്റെ 'സെലക്ഷന്‍' ആയി പകരമെത്തിയയാളാണ് സോള്‍ട്ട്. നല്‍കിയ സംഭാവനയാകട്ടെ 12 മത്സരങ്ങളില്‍ നിന്ന് 182 സ്‌ട്രൈക്ക് റേറ്റില്‍ 435 റണ്‍സ്.

അതുപോലെ നൈറ്റ്‌റൈഡേഴ്‌സിന് ഇക്കുറി ഭാഗ്യം കൊണ്ടുവന്ന ഒന്നാണ് മധ്യനിര. നായകന്‍ ശ്രേയസ് അയ്യര്‍ മുതല്‍ ഓള്‍റൗണ്ടര്‍മാരായ വെങ്കിടേഷ് അയ്യര്‍, ആന്ദ്രെ റസല്‍, വെടിക്കെട്ട് വീരന്‍ റിങ്കു സിങ് വരെയുള്ള മധ്യനിര സീസണില്‍ എന്ത് ചെയ്‌തെന്നു ചോദിച്ചാല്‍, വേണ്ടപ്പോള്‍ വേണ്ടപോലെ 'ഉണര്‍ന്ന്' കളിച്ചു എന്നാകും ആരാധകര്‍ മറുപടി നല്‍കുക.

സത്യവുമിതാണ്, മധ്യനിരയില്‍ ആരാണ് ഏറ്റവും മികച്ച താരമെന്നത് ഈ സീസണില്‍ കൊല്‍ക്കത്തയില്‍ ഉയര്‍ന്നില്ല. ഓരോരുത്തരും ഓരോ ഘട്ടത്തില്‍ നിര്‍ണായക സമയത്ത് മികച്ച പ്രകടനവുമായി ടീമിന്റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. ചിലര്‍ പരാജയപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ പരാജിതരുടെ റോള്‍ കൂടി ഏറ്റെടുത്തു ചെയ്തു. പരാജിതരെ ഒഴിവാക്കാതെ, ഇലവനില്‍ നിലനിര്‍ത്തി, അവസരങ്ങള്‍ നല്‍കി അവരെ ഫോമിലേക്ക് തിരികെക്കൊണ്ടുവരാന്‍ ടീമിന്റെ ഘടന അവര്‍ക്കു തുണയായി.

ക്രിക്കറ്റില്‍ ടീം ബാലന്‍സ് നിലനിര്‍ത്തുന്നത് ഓള്‍റൗണ്ടര്‍മാരാണ്. അക്കാര്യത്തില്‍ ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും ഭാഗ്യമുള്ള ടീമായിരുന്നു നൈറ്റ്‌റൈഡേഴ്‌സ്. വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ നരെയ്‌ന്റെയും റസലിന്റെയും സാന്നിദ്ധ്യം തന്നെ മറ്റു ടീമുകളില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കാന്‍ അവരെ തുണച്ചു. ഒപ്പം വിശ്വസിച്ച് ക്രീസിലേക്ക് വിടാനും അവശ്യ ഘട്ടത്തില്‍ പന്തേല്‍പിക്കാനും വെങ്കിടേഷ് അയ്യര്‍ കൂടി ഉണ്ടായതോടെ ഓള്‍ സെറ്റ്.

എല്ലാം 'ഗംഭീരം'; ഇത് കൊല്‍ക്കത്ത 'പഠിച്ച്' നേടിയ ജയം
IPL 2024 | പിച്ചറിഞ്ഞ് തന്ത്രം മെനഞ്ഞ് കൊല്‍ക്കത്ത; ചെപ്പോക്കില്‍ ഹൈദരാബാദിന് ഷോക്ക്

എല്ലാ മത്സരത്തിലും എട്ട് ബാറ്റര്‍മാരുമായും ആറ് ബൗളര്‍മാരുമായും ഇറങ്ങാന്‍ തക്ക ലക്ഷ്വറി അവര്‍ക്ക് ലഭിച്ചു. നരെയ്‌ന്റെയും റസലിന്റെയും സാന്നിദ്ധ്യം എന്തു പരീക്ഷണത്തിനും കൊല്‍ക്കത്തയ്ക്ക് ധൈര്യം നല്‍കിയിരുന്നു. അതിന്റെ ഗുണം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കണ്ടതാണ്. അഞ്ചിന് 57 എന്ന നിലയില്‍ തകര്‍ന്നപ്പോള്‍ ബൗളിങ് നിരയുടെ കരുത്ത് ചോരാതെ ഒമ്പതാമത് ഒരു ബാറ്ററെക്കൂടി കളത്തിലിറക്കാന്‍ അവര്‍ക്കായി.

2022-ലും 2023-ലും കണ്ട ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കുകയാണ് അവര്‍ ഇത്തവണ ചെയ്ത മറ്റൊരു കാര്യം. ആ സീസണുകളില്‍ എതിര്‍ ടീമുകള്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഫലപ്രദമായി ഉപയോഗിച്ച തന്ത്രമാണ് അവരുടെ നിരയിലുള്ള ദൗര്‍ബല്യം ഉപയോഗപ്പെടുത്തുകയെന്നത്. ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള ദൗര്‍ബല്യമായിരുന്നു അതില്‍ പ്രധാനം. 2022-ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അത് പ്രകടമായി തെളിഞ്ഞതാണ്. മൊഹ്‌സിന്‍ ഖാന്‍, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നീ ലഖ്‌നൗ പേസ് ബൗളിങ് നിര അന്ന് കൊല്‍ക്കത്തയെ കീറിമുറിച്ചു കനത്ത തോല്‍വിയിലേക്കാണ് തള്ളിയിട്ടത്.

ഇത്തവണ അത്തരത്തിലുള്ള ദൗര്‍ബല്യങ്ങള്‍ക്കു പരിഹാരം കാണാന്‍ മാത്രം അഭിഷേക് നായര്‍ എന്ന ബാറ്റിങ് കോച്ചിനെയും ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന വിഖ്യാത പരിശീലകനെയും എത്തിച്ച മാനേജ്‌മെന്റ് ഇപ്പോള്‍ ആ തീരുമാനം കൈക്കൊണ്ട നിമിഷമോര്‍ത്ത് അഭിമാനിക്കുന്നുണ്ടാകും. സീസണില്‍ ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ മികച്ച റെക്കോഡാണ് കൊല്‍ക്കത്തയ്ക്ക്.

ഷോര്‍ട്ട് ബോളുകളില്‍ ഓപ്പണര്‍ നരെയ്‌ന്റെ ശരാശരി 50 ആണ്, സ്‌ട്രൈക്ക് റേറ്റ് 172.41 ഉം. അതേസമയം ശ്രേയസിന് ഇത് യഥാക്രമം 52 ഉം 133.33ഉം. വെങ്കിടേഷ് അയ്യര്‍(40, 164.26), റസല്‍(29.50, 203.44) എന്നിങ്ങനെയാണ് മറ്റു പ്രധാന ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍. ഇത് ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സീസണില്‍ ഒരു പിടി മത്സരങ്ങള്‍ ബൗണ്‍സി ട്രാക്കില്‍ കളിച്ചിട്ടും അവര്‍ക്ക് മികച്ച കുതിപ്പ് നടത്താനായി എന്നത് തന്നെ തെളിവ്.

ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് മറ്റൊരു പ്രധാന മാറ്റം അവര്‍ക്ക് ഗുണമായത്. സീസണിലെ മികച്ച ബൗളിങ് നിരയുള്ള ടീമുകളില്‍ ഒന്നായിരുന്നു അവര്‍ എന്നത് നിസംശയം പറയാം. വിക്കറ്റ് നേട്ടത്തില്‍ മികച്ച ശരാശരിയുള്ള(22.94) രണ്ടു ടീമുകളില്‍ ഒന്നാണ് അവര്‍. ഇക്കണോമി റേറ്റില്‍ മികച്ച മൂന്നാമത്തെ ടീമും. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും മാത്രമാണ് ഇക്കണോമിയില്‍ അവര്‍ക്ക് മുന്നിലുള്ളത്.

ബൗളിങ് നിരയിലെ ആറ് ബൗളര്‍മാരാണ് സീസണില്‍ 10 ലേറെ വിക്കറ്റ് വീഴ്ത്തിയതെന്നത് തന്നെ അവരുടെ ബൗളിങ് ശക്തി വിളിച്ചോതുന്നു. ബൗളിങ് നിരയിലെ ഓരോരുത്തര്‍ക്കും ഓരോ റോളുകളും കല്‍പിച്ചു നല്‍കിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനും വൈഭവ് അറോറയ്ക്കുമായിരുന്നു ന്യൂബോള്‍ സ്വിങ് ചെയ്യിക്കാനുള്ള ചുമതല. സ്ലോ ബോളുകളുമായി എതിര്‍ ടീമിനെ കബളിപ്പിക്കേണ്ട ചുമതല ഹര്‍ഷിത് റാണ, റസല്‍ എന്നിവര്‍ക്കും മധ്യഓവറുകളില്‍ റണ്‍ നിയന്ത്രിക്കേണ്ട ചുമതല നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കുമായിരുന്നു.

ഇതില്‍ സ്റ്റാര്‍ക്കും വരുണും മാത്രമാണ് സീസണില്‍ മങ്ങിയ തുടക്കം കാഴ്ചവച്ചത്. എന്നാല്‍ കൃത്യസമയത്ത് അവര്‍ ഫോമിലേക്ക് ഉയര്‍ന്നതോടെ കാര്യങ്ങള്‍ എല്ലാം അവര്‍ക്ക് അനുകൂലമായി മാറുകയായിരുന്നു. മോശം ഫോമിന്റെ സമയത്തു പോലും അവരെ ഇലവനില്‍ നിന്ന് ഒഴിവാക്കാഞ്ഞതും തുണയായി. ഇലവനില്‍ അനാവശ്യ മാറ്റങ്ങള്‍ കൊണ്ടു വരാഞ്ഞത് ടീമിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനും അതുവഴി താരങ്ങളുടെ ആത്മവിശ്വാസമുയര്‍ത്തി അവരെ ഫോമിലേക്ക് തിരികെ എത്തിക്കാനും സഹായിച്ചു.

സീസണില്‍ സകല റെക്കോഡുകളും തകര്‍ത്തെറിഞ്ഞ്, വിസ്‌ഫോടന ബാറ്റിങ്ങിന്റെ പൂരം തീര്‍ത്ത സണ്‍റൈണ്‍സേഴ്‌സിനെ ഇന്ന് ചെപ്പോക്കില്‍ നിഷ്പ്രഭമാക്കി ശ്രേയസും സംഘവും തലയുയര്‍ത്തി നിന്നപ്പോള്‍ ഉയര്‍ന്ന കൈയടികളില്‍ നല്ലൊരു പങ്ക് അതുകൊണ്ടു തന്നെ ടീം മാനേജ്‌മെന്റിനും കോച്ചിങ് സ്റ്റാഫിനും കൂടിയുള്ളതാണ്. ഒരു പതിറ്റാണ്ട് നീണ്ട കാത്തിരുപ്പിനു ശേഷം വീണ്ടും ആ കനകക്കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലിലെ ശേഷിച്ച ഒമ്പത് ടീമുകള്‍ക്കും നല്‍കിയത് വലിയൊരു സന്ദേശമാണ്, 'തുടര്‍ച്ചയായ പരാജയങ്ങളില്‍ നിരാശപ്പെടടേണ്ട, തെറ്റുകളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടാല്‍ വിജയം നിങ്ങളെ തേടിയെത്തും' എന്ന മഹത്തായ സന്ദേശം.

logo
The Fourth
www.thefourthnews.in