IPL 2024 | പിച്ചറിഞ്ഞ് തന്ത്രം മെനഞ്ഞ് കൊല്‍ക്കത്ത; ചെപ്പോക്കില്‍ ഹൈദരാബാദിന് ഷോക്ക്

IPL 2024 | പിച്ചറിഞ്ഞ് തന്ത്രം മെനഞ്ഞ് കൊല്‍ക്കത്ത; ചെപ്പോക്കില്‍ ഹൈദരാബാദിന് ഷോക്ക്

സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈയിലെ വിക്കറ്റില്‍ വേരിയേഷനുകള്‍ കൊല്‍ക്കത്ത പേസർമാർ കൃത്യമായി ഉപയോഗിക്കുകയായിരുന്നു

സീസണിലുടനീളം ആധിപത്യം പുലർത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് നിരയെ കലാശപ്പോരില്‍ അളന്നുമുറിച്ച് പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത പേസർമാരുടെ വേരിയേഷനുകളെ അതിജീവിക്കാന്‍ എട്ടാം നമ്പർ വരെ നീണ്ട ഹൈദരാബാദ് ബാറ്റർമാർക്കാകാതെ പോയി. പവർപ്ലേയില്‍ മിച്ചല്‍ സ്റ്റാർക്കും മധ്യ ഓവറുകളില്‍ ആന്ദ്രെ റസലും ഹർഷിത് റാണയും തിളങ്ങിയപ്പോള്‍ ഹൈദരാബാദ് ഐപിഎല്‍ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയെ സ്കോറില്‍ ഒതുങ്ങി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - 113/10 (18.3)

പവർഫുള്‍ കൊല്‍ക്കത്ത

ടോസ് നഷ്ടപ്പെട്ട ശേഷവും ബൗളിങ് ലഭിച്ചത് തങ്ങള്‍ ആഗ്രഹിച്ച തീരുമാനമെന്നായിരുന്നു കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യർ പറഞ്ഞത്. ഹൈദരാബാദിന് സീസണിലുടനീളം ആധിപത്യം നേടിക്കൊടുത്ത ട്രാവിസ് ഹെഡ് - അഭിഷേക് ശർമ സഖ്യത്തെ വീഴ്ത്താന്‍ കൃത്യമായ ഗെയിം പ്ലാന്‍ കൊല്‍ക്കത്തയ്ക്കുണ്ടായിരുന്നു. ആദ്യ ഇരയായത് അഭിഷേക്. മിച്ചല്‍ സ്റ്റാർക്കിന്റെ മിഡില്‍ സ്റ്റമ്പ് ലൈനില്‍ പിച്ച് ചെയ്ത പന്ത് അഭിഷേകിന്റെ (2) ഓഫ്‌ സ്റ്റമ്പ് പിഴുതു. 'Dream Ball' എന്നായിരുന്നു കമന്ററിയില്‍ നിന്നുയർന്ന ശബ്ദം.

മോശം ഫോമിന്റെ ഭാരം പേറിയെത്തിയ ഹെഡിന്റേതായിരുന്നു അടുത്ത ഊഷം. വൈഭവ് അറോറയുടെ ലെഗ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് പ്രതിരോധിച്ച ഹെഡിന്റെ (0) കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് സ്വിങ്ങായിരുന്നു. ഗൂർബാസിന്റെ കൈകളില്‍ പന്ത് ഭദ്രമായെത്തിയപ്പോള്‍ രണ്ട് ഓവറിനുള്ളില്‍ തന്നെ ഹൈദരാബാദിന് ഇരട്ടപ്രഹരമായി. ഡോട്ട് ബോളുകളുടെ സമ്മർദമായിരുന്നു ത്രിപാഠിയുടെ വിക്കറ്റിലേക്ക് നയിച്ചത്. സ്റ്റാർക്കിന്റെ ലെങ്ത് ഡെലിവെറിയില്‍ കൂറ്റനടിക്ക് ശ്രമിച്ച ത്രിപാഠി (9) രമണ്‍ദീപിന് ക്യാച്ച് നല്‍കി മടങ്ങി.

പവർപ്ലേയിലെ അവസാന ഓവറില്‍ എയ്‌ഡന്‍ മാർക്രവും നിതീഷ് റെഡ്ഡിയും ചേർന്ന് നേടിയ 17 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിന് ആശ്വാസമായത്. 40-3 (6)

IPL 2024 | പിച്ചറിഞ്ഞ് തന്ത്രം മെനഞ്ഞ് കൊല്‍ക്കത്ത; ചെപ്പോക്കില്‍ ഹൈദരാബാദിന് ഷോക്ക്
രണ്ടു വര്‍ഷമായി കിരീടവരള്‍ച്ച; സിന്ധുവിന് ഇതെന്ത് പറ്റി?

കളി മറന്ന ബാറ്റർമാർ

പവർപ്ലേയ്ക്ക് ശേഷം ഹൈദരാബാദ് ബാറ്റിങ് നിരയ്ക്ക് കൊല്‍ക്കത്ത ബൗളർമാരെ അതിജീവിക്കാന്‍ സാധിച്ചില്ല. സ്പിന്നിനെ തുണയ്ക്കുന്ന വിക്കറ്റില്‍ വേരിയേഷനുകള്‍ കൊല്‍ക്കത്ത പേസർമാർ കൃത്യമായി ഉപയോഗിച്ചു. മൂന്ന് വേഗത കുറഞ്ഞ പന്തിന് പിന്നാലെ മണിക്കൂറില്‍ 146 കിലോമീറ്റർ വേഗതയിലെത്തിയ ഹർഷിത് റാണയുടെ പന്തിലാണ് നിതീഷ് (13) പുറത്തായത്. ക്രീസില്‍ നിലയുറപ്പിച്ച മാർക്രത്തിന്റെ (23) വീഴ്ത്തിയത് റസലിന്റെ സ്ലോ ബോളായിരുന്നു.

സ്പിന്നിനെ നേരിടുന്നതില്‍ വിഷമിച്ച ഷഹബാസ് അഹമ്മദ് വരുണ്‍ ചക്രവർത്തിക്കെതിരെ സ്വീപ്പ് ഷോട്ടിന് ശ്രമിക്കുകയും ഷോർട്ട് ഫൈന്‍ ലെഗില്‍ സുനില്‍ നരെയ്‌ന് ക്യാച്ച് നല്‍കുകയുമായിരുന്നു. അബ്ദുള്‍ സമദിനെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിച്ച തന്ത്രവും ഹൈദരാബാദിനെ തുണച്ചില്ല. റസലിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച സമദിന്റെ (4) ഇന്നിങ്സ് ഗുർബാസിന്റെ കൈകളിലവസാനിച്ചു. ഹൈദരാബാദിന്റെ അവസാന അത്താണിയാകുമെന്ന് കരുതിയ ഹെന്‍ററിച്ച് ക്ലാസന്‍ (16) ഹർഷിതിന്റെ സ്ലോ ബോളില്‍ ഡ്രൈവിന് ശ്രമിച്ച് ബൗള്‍ഡാവുകയായിരുന്നു.

കരകയറ്റിയ കമ്മിന്‍സ്

ജയദേവ് ഉനദ്‌കട്ടിനെ കൂട്ടുപിടിച്ച് പാറ്റ് കമ്മിന്‍സെന്ന നായകന്‍ ഹൈദരാബാദിനെ നാണക്കേടില്‍ നിന്ന് കരകയറ്റുകയായിരുന്നു ചെപ്പോക്കില്‍. കൂറ്റനടികള്‍ക്ക് മുതിരാതെ ക്ഷമയോടെ ബാറ്റ് വീശി കമ്മിന്‍സ്. ഒന്‍പതാം വിക്കറ്റില്‍ ഉനദ്‌കട്ടിനൊപ്പം 23 റണ്‍സ് ചേർത്തു. നാല് റണ്‍സെടുത്ത ഉനദ്‌കട്ടിനെ നരെയ്‌ന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുമ്പോള്‍ സ്കോർ 110 കടന്നിരുന്നു. അധികം വൈകാതെ കമ്മിന്‍സിന്റെ പോരാട്ടവും അവസാനിച്ചു. 19 പന്തില്‍ 24 റണ്‍സെടുത്ത കമ്മിന്‍സ് റസലിന്റെ പന്തിലാണ് മടങ്ങിയത്.

logo
The Fourth
www.thefourthnews.in