'തല'യ്ക്ക് മേലെ ഇംപാക്ട്; പത്തരമാറ്റ് പതിരന

'തല'യ്ക്ക് മേലെ ഇംപാക്ട്; പത്തരമാറ്റ് പതിരന

മികച്ച ഡെത്ത് ബൗളർമാരില്ല എന്ന വിമർശനം പതിരന എന്ന ഇരുപത്തിയൊന്നുകാരനിലൂടെ തിരുത്തുകയാണ് ചെന്നൈ

വാങ്ക്ഡെയിലെ ഫ്ലാറ്റ് വിക്കറ്റില്‍ ഒരു ട്വന്റി 20 മത്സരത്തില്‍ 206 റണ്‍സെന്നത് ഒരു സുരക്ഷിതമായ സ്കോർ ആണോ? പ്രത്യേകിച്ചും രോഹിത് ശർമയെ പോലൊരു താരത്തിന്റെ ഫുള്‍ ഫ്ലോയിലുള്ള ഹിറ്റിങ്ങിനേയും എട്ടാം നിര വരെ നീണ്ടു നില്‍ക്കുന്ന കൂറ്റനടിക്കാർക്കുമെതിരെ? ഒരിക്കലുമല്ല എന്ന് തന്നെയാണ് ഉത്തരം. ഒന്നോ രണ്ടോ ഓവറുകൊണ്ട് കളിയുടെ ഗതി തിരിക്കാന്‍ പോന്ന ഒരു ബൗളറുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു കാര്യം സാധ്യമാകൂ, ഒരു എക്സ് ഫാക്ടർ. ഇന്നലെ നടന്ന ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ അത് ചെന്നൈ സൂപ്പർ കിങ്സിന്റെ മതീഷ പതിരനയായിരുന്നു.

ഒരു ഓവറില്‍ 10 റണ്‍സ് ആവശ്യമായ റണ്‍നിരക്കിനോട് മല്ലടിച്ചാണ് രോഹിതും ഇഷാന്‍ കിഷനും തുടങ്ങിയത്. വിക്കറ്റിന്റെ താളം മനസിലാക്കാന്‍ രണ്ടാം ഓവർ വരെ കാത്തിരുന്നതിന് ശേഷമായിരുന്നു ഇരുവരും ചെന്നൈ ബൗളർമാര്‍ക്കെതിരെ തനതുശൈലിയില്‍ ബാറ്റ് ചെയ്യാനാരംഭിച്ചത്. നായകന്‍ റിതുരാജ് ഗെയ്‌ക്വാദ് പവർപ്ലെയില്‍ പരീക്ഷിച്ച മുസ്തഫിസൂർ റഹ്മാന്‍, തുഷാർ ദേശ്‌പാണ്ഡെ, ശാർദൂല്‍ ഠാക്കൂർ എന്നിവർക്ക് റണ്ണൊഴുക്ക് പിടിച്ചുനിർത്താനായില്ല. ഏഴ് ഓവറില്‍ 70-0 എന്ന സ്കോറിലേക്ക് മുംബൈ എത്തി.

'തല'യ്ക്ക് മേലെ ഇംപാക്ട്; പത്തരമാറ്റ് പതിരന
സ്പിന്നിനോട് കമ്പം, പേസർമാർക്കെതിരെ പുതിയ തന്ത്രം; 'ക്ഷമയോടെ' റണ്‍മല കയറുന്ന സഞ്ജു

കളി കൈവിടുന്നുവെന്ന് തോന്നിച്ച സാഹചര്യത്തിലാണ് പവർപ്ലെയില്‍ പ്രയോഗിക്കാത്ത തന്റെ വിശ്വസ്തനിലേക്ക് ഗെയ്‌ക്വാദ് വിരല്‍ ചൂണ്ടിയത്. പരുക്കില്‍ നിന്നുള്ള മടങ്ങി വരവിലെ ആദ്യ പന്തില്‍ 'ഇമ്മീഡിയറ്റ് ഇംപാക്ട്'! ഏത് പന്തിനേയും അതിർത്തി കടത്താന്‍ പോന്ന ഫോമിലായിരുന്ന ഇഷാന്‍, പതിരന തന്റെ പാഡ് ലക്ഷ്യമാക്കിയെറിഞ്ഞ പന്തിലും ഷോട്ട് പായിച്ചു. പക്ഷേ, പന്ത് മിഡ്‌വിക്കറ്റിലുണ്ടായിരുന്ന ശാർദൂലിന്റെ കൈകളിലാണ് പതിച്ചത്. കൂട്ടുകെട്ട് പൊളിഞ്ഞു.

പിന്നാലെയെത്തിയത് ബെംഗളൂരുവിനെതിരെ 17 പന്തില്‍ അർധ സെഞ്ചുറി കുറിച്ച സൂര്യകുമാർ യാദവ്. പതിരനയുടെ മൂന്നാം പന്തില്‍ അപ്പർ കട്ടിന് സൂര്യ ശ്രമിച്ചു. മികച്ച ടൈമിങ്ങുണ്ടായിട്ടും ഡീപ് തേർഡില്‍ 'അളന്നുമുറിച്ചുള്ള' മുസ്തഫിസൂറിന്റെ ക്യാച്ചില്‍ സൂര്യയുടെ ഇന്നിങ്സ് അവസാനിച്ചു.

പിന്നീട് പതിരനയെ ഗെയ്‌‌ക്വാദ് പരീക്ഷിച്ചത് 14-ാം ഓവറിലായിരുന്നു. തിലക് വർമയെ കൂട്ടുപിടിച്ച് രോഹിത് വീണ്ടും മുംബൈക്ക് അനുകൂലമായി കളിയുടെ ഗതി മാറ്റുന്ന സമയം. 19 പന്തില്‍ 31 റണ്‍സുമായി ആത്മവിശ്വാസത്തിലായിരുന്നു തിലക്. എന്നാല്‍ മണിക്കൂറില്‍ 140 കിലോ മീറ്റർ വേഗതയിലെത്തിയ ബാക്ക് ഓഫ് ദ ലെങ്‌ത് പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച തിലകിന് പിഴച്ചു. മിഡ് ഓഫില്‍ ശാർദൂലിന്റെ പിന്നോട്ടോടിയുള്ള ക്യാച്ച്. തിലകിന്റെ കണക്കുകൂട്ടലുകളാകെ തെറ്റിച്ചത് പതിരന പന്തിലൊളിപ്പിച്ച വേഗതക്കുറവായിരുന്നു.

'തല'യ്ക്ക് മേലെ ഇംപാക്ട്; പത്തരമാറ്റ് പതിരന
ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

പതിരനയുടെ ആദ്യ രണ്ട് സ്പെല്ലുകളുടേയും ആയുസ് ഓരോ ഓവർ വീതം മാത്രമായിരുന്നു. മൂന്നാം സ്പെല്ലിനായി 'ബേബി മലിങ്ക' എത്തിയത് ഡെത്ത് ഓവറില്‍. 10 പന്തില്‍ 39 റണ്‍സുമായി ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റിങ് വിരുന്നൊരുക്കിയ റൊമാരിയൊ ഷെപ്പേഡിന് പതിരന കാത്തുവെച്ചത് യോർക്കറായിരുന്നു. മണിക്കൂറില്‍ 149.3 കിലോ മീറ്റർ വേഗതയിലത്തിയ പന്ത് ഷെപ്പേഡിനെ നിഷ്പ്രഭമാക്കി സ്റ്റമ്പുകള്‍ തകർത്തു. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളുമായി ചെന്നൈയുടെ ജയം ഉറപ്പിച്ചായിരുന്നു പതിരന കളം വിട്ടത്.

പതിരനയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ച ഏക ബാറ്റർ രോഹിതായിരുന്നു. വലം കയ്യന്‍ ബാറ്റർക്കെതിരെ എറിഞ്ഞ എട്ട് പന്തില്‍ 15 റണ്‍സായിരുന്നു ചെന്നൈ താരം വഴങ്ങിയത്.

മികച്ച ഡെത്ത് ബൗളർമാരില്ല എന്ന വിമർശനം പതിരന എന്ന ഇരുപത്തിയൊന്നുകാരനിലൂടെ തിരുത്തുകയാണ് ചെന്നൈ. ഡെത്ത് ഓവറുകളിലെ പതിരനയുടെ എക്കോണമി കഴിഞ്ഞ സീസണില്‍ 8.13 മാത്രമാണ്. 2023ല്‍ നിന്ന് വ്യത്യസ്തമായി കൃത്യതയും പതിരനയ്ക്ക് ഇത്തവണ മുതല്‍ക്കൂട്ടായിട്ടുണ്ട്. വിക്കറ്റ് സമ്മാനിക്കുന്ന ലെങ്ത് ബോളിലൂടെയും ഷോർട്ട് ബോളിലൂടെയും യോർക്കർ മാത്രമല്ല തന്റെ കരുത്തെന്ന് ഈ സീസണില്‍ തെളിയിക്കുകയാണ് താരം.

logo
The Fourth
www.thefourthnews.in