MSD...ഒന്നും അവസാനിച്ചിട്ടില്ല!

MSD...ഒന്നും അവസാനിച്ചിട്ടില്ല!

പലരും പരിശീലകന്റെ കോട്ടിടുന്ന കാലത്ത്, 42-ാം വയസില്‍ ഇന്നും എതിർ ടീമിന്റെ പേടി സ്വപ്നമായി തുടരുകയാണ്

2008 ഏപ്രില്‍ 19, മൊഹാലിയിലെ മൈതാനം. കിങ്സ് ഇലവന്‍ പഞ്ചാബ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരം. ചെന്നൈയ്‌ക്കായി അഞ്ചാം നമ്പറില്‍ റീബോക്കിന്റെ ബാറ്റുമേന്തി ഒരു 26കാരന്‍ ക്രീസിലെത്തി. മഞ്ഞക്കുപ്പായമണിഞ്ഞ് അയാള്‍ മൈതാനത്തേക്ക് ആദ്യമായി നടന്നെത്തിയ നിമിഷം.

അന്നയാളുടെ വരവിന് ഇന്നത്തെപ്പോലെ സ്‌റ്റേഡിയം പ്രകമ്പനം കൊള്ളുമായിരുന്നില്ല, ഗ്യാലറിയില്‍ ആരവമുയരുമായിരുന്നെങ്കിലും ഇന്നത്തെ ആവേശവും ശബ്ദവും ഉണ്ടായിരുന്നില്ല, അയാള്‍ നേരിടുന്ന ഓരോ പന്തിലും ഇന്നത്തെയത്ര ആകാംക്ഷയുണ്ടായിരുന്നില്ല.

പക്ഷേ, എതിർ ഗ്യാലറിയുടെ ആരവങ്ങള്‍ക്കും മൈതാനത്തിനു പുറത്തുനിന്നുള്ള വിമർശനങ്ങള്‍ക്കും പുകഴ്ത്തുപാട്ടുകള്‍ക്കും അയാള്‍ ചെവികൊടുത്തില്ല. തന്റെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കി. കൂട്ടിയും കിഴിച്ചും കളികള്‍ ടീമിന് അനുകൂലമാക്കി, കിരീടങ്ങള്‍ വാരിക്കൂട്ടി. ഒരേയൊരു മഹേന്ദ്ര സിങ് ധോണി.

ഒരു പരിശീലകന്റെ കീഴില്‍ വാർത്തെടുത്ത ക്രിക്കറ്റ് ശൈലിയായിരുന്നില്ല ധോണിയുടേത്, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ വിരാട് കോഹ്ലിയുടെയോ, രോഹിത് ശര്‍മയുടെയോ പോലെ ടെക്സ്റ്റ് ബുക്ക് ഷോട്ടുകളാല്‍ സമ്പന്നനുമല്ല; മസില്‍ പവർ മാത്രമാണ് കൈമുതല്‍. അവിടെയാണ് ധോണിയെ ആരാധകർ ഇഷ്ടപ്പെട്ടതും എതിരാളികള്‍ ഭയന്നതും. ഐപിഎല്ലില്‍ കഴിഞ്ഞ 16 സീസണുകളില്‍ ഉടനീളം ദൃശ്യമായതും അതുതന്നെ.

പ്രധാന ബാറ്റർമാർ കൂടാരം കയറിയാല്‍ സ്റ്റേഡിയം വിടുന്ന കാണികളെ അവസാന പന്തുവരെ കാത്തിരിക്കാന്‍ ധോണി പ്രേരിപ്പിച്ചു, നങ്കൂരമിട്ട് തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിന്റെ തീരത്തേക്ക് അടുപ്പിച്ച എണ്ണം പറഞ്ഞ ഇന്നിങ്സുകള്‍. നേരിടുന്നത് അഞ്ചോ പത്തോ പന്ത് മാത്രമായിരിക്കാം, പക്ഷെ കാണികള്‍ക്ക് വിസിലടിക്കാന്‍ ഒരു നിമിഷമെങ്കിലും മിനിമം ഗ്യാരന്റിയാണ്.

MSD...ഒന്നും അവസാനിച്ചിട്ടില്ല!
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

ക്യാപ്റ്റന്‍സിയിയില്‍ അണ്‍പ്രെഡിക്ടബിള്‍. അശ്വിനെക്കൊണ്ട് ബോളിങ് ഓപ്പണ്‍ ചെയ്യിപ്പിച്ച തന്ത്രം, സുരേഷ് റെയ്‌നയെക്കൊണ്ട് പന്തെറിയിപ്പിച്ച് കളിയുടെ ഗതി തിരിക്കുന്ന നീക്കം, ചിലപ്പോള്‍ പ്രധാന ബോളർമാർക്ക് കാണികളുടെ റോള്‍ മാത്രമായിരിക്കും നല്‍കുക. വയസന്‍പടയെന്ന് എഴുതി തള്ളിയ ടീമിനെക്കൊണ്ട് കിരീടവും നേടും. ഒന്‍പതാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് തിരിച്ചുവരുമെന്ന് ഉറപ്പു നല്‍കി അടുത്ത സീസണില്‍ കപ്പുയർത്തി 'നോട്ട് ഫിനിഷ്‌ഡ് യെറ്റ്' എന്ന് പറയാതെ പറഞ്ഞ നായകനും കൂടിയാകുന്നു ധോണി.

ഐപിഎല്ലിന്റെ ഒന്നരപതിറ്റാണ്ട് പിന്നിടുമ്പോള്‍, ഇന്ന് അയാള്‍ക്കായി ഗ്യാലറികള്‍ മഞ്ഞപുതയ്ക്കും, പ്രകമ്പനം കൊള്ളും, ഏഴാം നമ്പർ ജേഴ്‌സിയണിഞ്ഞ് പതിനായിരങ്ങള്‍ അണിനിരക്കും. ബാറ്റ് ചെയ്യുന്നത് കേവലം ഒരു പന്തിലാണെങ്കില്‍ പോലും അതുകണ്ട് ലോകകപ്പ് നേടിയ തൃപ്തിയോടെ സ്റ്റേഡിയം വിടുന്ന ആരാധകരുണ്ട്. അത് ഇങ്ങ് ചെപ്പോക്കില്‍ മാത്രമല്ല ഇന്ത്യയിലെ ഓരോ മൈതാനത്തും.

പലരും പരിശീലകന്റെ കോട്ടിടുന്ന കാലത്ത്, 42-ാം വയസില്‍ ഇന്നും എതിർ ടീമിന്റെ പേടി സ്വപ്നമായി തുടരുകയാണ്... ആരാധകരുടെ തലയായി...തലൈവനായ്. ഇത് ധോണിയുടെ അവസാന സീസണായിരിക്കുമോയെന്ന് ചോദ്യമുയർത്തുന്നവരോട്. Its not over, Until he says its over!

logo
The Fourth
www.thefourthnews.in