മിന്നു മണിയല്ല, അത് സൂസന്‍ ഇട്ടിച്ചെറിയ; കേരളത്തില്‍ നിന്ന് ഇന്ത്യക്ക് കളിച്ച ആദ്യ വനിതാ ക്രിക്കറ്റര്‍

മിന്നു മണിയല്ല, അത് സൂസന്‍ ഇട്ടിച്ചെറിയ; കേരളത്തില്‍ നിന്ന് ഇന്ത്യക്ക് കളിച്ച ആദ്യ വനിതാ ക്രിക്കറ്റര്‍

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യാ മാതാവ്, ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന്റെ മാതാവ്... അതാണ് സൂസന്‍ ഇട്ടിച്ചെറിയ.

മിന്നു മണി കണ്‍ഫേംഡ് ടു ഡല്‍ഹി ക്യാപിറ്റല്‍സ്... ഈ വര്‍ഷമാദ്യം നടന്ന പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ താരലേലത്തില്‍ ലേലകര്‍ത്താവ് ചുറ്റികയ്ക്കടിച്ച് ഈ വാചകം ഉരുവിട്ടപ്പോള്‍ അത് കേരളാ ക്രിക്കറ്റിന് സമ്മാനിച്ച ഉള്‍പ്പുളകം ചെറുതായിരുന്നില്ല. ഡബ്ല്യു പി എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനം കാഴ്ചവച്ചതോടെ മിന്നുവിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാതിലുകള്‍ തുറക്കുമെന്നുറപ്പായിരുന്നു.

ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ക്ഷണമെത്തി. ഈ മാസം ഒമ്പതിന് മിര്‍പുരില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ ടീം ഇന്ത്യയുടെ നീല ജഴ്‌സിയില്‍ മിന്നു അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

മിന്നു മണിയല്ല, അത് സൂസന്‍ ഇട്ടിച്ചെറിയ; കേരളത്തില്‍ നിന്ന് ഇന്ത്യക്ക് കളിച്ച ആദ്യ വനിതാ ക്രിക്കറ്റര്‍
സമ്മര്‍ദ്ദമില്ല; എന്റെ റോള്‍ ടീമിനു വേണ്ടി

മൂന്ന് മത്സരപരമ്പരയില്‍ മൂന്നിലും തിളങ്ങിയ മിന്നു മൂന്നു മത്സരങ്ങളിലായി എറിഞ്ഞ 11 ഓവറില്‍ 57 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് നേടിയത്. രണ്ടാം മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും ഒമ്പതു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇതെല്ലാം ഇന്നു മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കാരണം മിന്നുവിന് ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചതു മുതല്‍ ആരാധകരും മാധ്യമങ്ങളുമെല്ലാം വാഴ്ത്തിപ്പാടിയിരുന്നു, കേരളത്തില്‍നിന്ന് ഇന്ത്യക്ക് കളിക്കുന്ന ആദ്യ താരമാണ് മിന്നുവെന്ന്.

എന്നാല്‍ ആ വിശേഷണം ശരിയാണോ? ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ആദ്യ മലയാളിയാണോ മിന്നു മണി? അല്ലെന്നതാണ് ശരി. മിന്നുവിന് മുമ്പ് മൂന്നു മലയാളി വനിതകള്‍ ടീം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അതില്‍ ആദ്യത്തെയാള്‍ സൂസന്‍ ഇട്ടിച്ചെറിയ ആണ്.

സൂസന്‍ ഇട്ടിച്ചെറിയ... ആ പേര് ഇന്നത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന്റെ ഭാര്യാ മാതാവ് എന്ന നിലയിലോ, ഇന്ത്യന്‍ വനിതാ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിന്റെ മാതാവ് എന്ന നിലയിലോ പറഞ്ഞാല്‍ ഇന്നത്തെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കു പെട്ടെന്നു മനസിലായേക്കും.

മകളുടെയും മരുമകന്റെയും പേരില്‍ അറിയിപ്പെടും മുമ്പേ സൂസനെ ഇന്ത്യക്ക് അറിയാം... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനുവേണ്ടി ഏഴ് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും പാഡണിഞ്ഞ ആദ്യ മലയാളി താരം. 1976 മുതല്‍ 78 വരെയാണ് സൂസന്‍ ഇന്ത്യക്കായി കളിച്ചത്. 76 ഒക്‌ടോബര്‍ 31-ന് വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 1978 ജനുവരി അഞ്ചിന് ന്യൂസിലന്‍ഡിനെതിരേ ഏകദിന ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. അന്ന് ഇന്ത്യന്‍ പുരുഷ ടീം ലോകകിരീടം നേടിയിട്ടുപോലുമില്ല, ക്രിക്കറ്റ് ഇന്ത്യയില്‍ പിച്ചവച്ചു നടക്കുന്ന കാലം.

കോട്ടയം പാലായിലെ കെ കെ ഇട്ടിച്ചെറിയയുടെയും ഗ്രേസി ഇട്ടിച്ചെറിയയുടെയും മകളായ സൂസന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലായിരുന്നു. 1975-ല്‍ സ്‌കൂള്‍ ക്രിക്കറ്റിലൂടെയാണ് സൂസന്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. സ്‌കൂള്‍ തലത്തില്‍ കാഴ്ചവച്ച മികച്ച പ്രകടനം സൂസനെ ആദ്യം തമിഴ്‌നാട് വനിതാ ക്രിക്കറ്റ് ടീമിലേക്കും ഏറെ വൈകാതെ ഇന്ത്യന്‍ ദേശീയ ടീമിലേക്കും എത്തിക്കുകയായിരുന്നു.

രണ്ടു വര്‍ഷം മാത്രമാണ് രാജ്യാന്തര കരിയര്‍ നീണ്ടതെങ്കിലും ദക്ഷിണേന്ത്യയില്‍ വനിതാ ക്രിക്കറ്റിന് പ്രചാരം നല്‍കാന്‍ സൂസന്റെ ദേശീയ ടീം പ്രവേശനത്തിനു കഴിഞ്ഞു. 1975 മുതല്‍ 1981 വരെ സൂസന്‍ തമിഴ്‌നാട് വനിതാ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണുകളില്‍ ഒന്നായിരുന്നു. 81-ല്‍ വിവാഹിതയായ ശേഷം കെ എല്‍ എം റോയല്‍ ഡച്ച് എയര്‍വെയ്‌സില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് ക്രിക്കറ്റ് കരിയറിന് അന്ത്യം കുറിച്ചത്. തുടര്‍ന്നും ക്രിക്കറ്റ് കളത്തില്‍ ഇറങ്ങാന്‍ തനിക്കു താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ജോലിയും പരിശീലനവും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ ഏറെ വിഷമിച്ച് ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നുവെന്നു സൂസന്‍ 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

വനിതകള്‍ കായികരംഗത്തേക്ക് വരാന്‍ മടിച്ചുനിന്നിരുന്ന കാലത്താണ് സൂസന്‍ ക്രിക്കറ്റ് ബാറ്റ് കൈയിലെടുക്കുന്നത്. പുരുഷ ക്രിക്കറ്റിനു പോലും കേരളത്തില്‍ വേണ്ടത്ര പ്രചാരമില്ലായിരുന്ന സമയത്താണ് ഏറെ പ്രതിസന്ധികളും പരിഹാസങ്ങളും തരണം ചെയ്തു സൂസന്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്. താന്‍ കടന്നുവന്ന വഴികളല്ല ഇന്നുള്ളതെന്നും ഇപ്പോള്‍ വനിതകള്‍ക്കും തുല്യപ്രാധാന്യം ലഭിക്കുന്ന സമയമാണെന്നും മിന്നു മണിയെപ്പോലൊരു താരത്തിന് ഉയരത്തിലേക്ക് വളരാന്‍ എല്ലാ സാഹചര്യവും കഴിവും ഉണ്ടെന്നും മിന്നു മലയാളത്തിന്റെ അഭിമാനമാകുമെന്നും സൂസന്‍ പറഞ്ഞു. ക്രിക്കറ്റിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും ഇന്നത്തെ തലമുറയുടെ പ്രതീക്ഷകളെക്കുറിച്ചും സൂസന്‍ സംസാരിക്കുന്നു.

? 1970-കളില്‍ ക്രിക്കറ്റിലേക്ക്. വനിതകള്‍ക്ക് ഏറെ 'വിലക്കുകള്‍' ഉണ്ടായിരുന്ന ആ കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സിലേക്ക് എങ്ങനെ എത്തി

കായിക കുടുംബമായിരുന്നു എന്റേത്. അച്ഛന്‍ കെ കെ ഇട്ടിച്ചെറിയ ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്നു. അമ്മ ഗ്രേസി ഇട്ടിച്ചെറിയ അത്‌ലറ്റായിരുന്നു. ഹര്‍ഡില്‍സും ജാവലിനുമായിരുന്നു അമ്മയുടെ ഇനങ്ങള്‍. അച്ഛനും അമ്മയും കായിക പാരമ്പര്യമുള്ളവരായിരുന്നതിനാല്‍ എന്റെ ഇഷ്ടത്തിന് ആരം തടസം നിന്നില്ല. ക്രിക്കറ്റ് എങ്ങനെ മനസില്‍ കയറിക്കൂടിയെന്ന് കൃത്യമായി പറയാനാകില്ല. പഠിച്ചതും വളര്‍ന്നതും ചെന്നൈയിലായിരുന്നു. സ്‌കൂളില്‍ സീനിയേഴ്‌സ് കളിക്കുന്നതുകണ്ട് ക്രിക്കറ്റിലേക്ക് തിരിയുകയായിരുന്നു.

? ദേശീയ ടീമിലേക്ക് എങ്ങനെ വേഗമെത്തി

സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു. അങ്ങനെ തമിഴ്‌നാട് ടീമിലെത്തി. സംസ്ഥാനത്തിനു വേണ്ടി ഇന്റര്‍ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. അതാണ് ദേശീയ ടീമിലേക്ക് വഴിതുറന്നത്. അന്ന് വനിതാ ക്രിക്കറ്റ് ബിസിസിഐയുടെ കീഴില്‍ ആയിരുന്നില്ല. വുമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യു സി എ ഐ) എന്ന സ്വതന്ത്ര സംഘടനയായിരുന്നു വനിതാ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. എ കെ ശര്‍മയായിരുന്നു അന്ന് ദേശീയ ടീം കോച്ച്. ശുഭാംഗി കുല്‍ക്കര്‍ണിയായിരുന്നു ഇന്ത്യന്‍ ടീം നായിക. ചന്ദ്ര ത്രിപാഠിയായിരുന്നു ഡബ്ല്യു സി എ ഐ ചെയര്‍പേഴ്‌സണ്‍. ഇന്റര്‍ സ്‌റ്റേറ്റ് മത്സരങ്ങളിലെ പ്രകടനം നേരിട്ടു വീക്ഷിച്ച ഇവരാണ് എനിക്ക് ദേശീയ ടീമില്‍ അവസരം തന്നത്.

? രാജ്യാന്തര അരങ്ങേറ്റം എങ്ങനെ

1976-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ പുനെയിലാണ് ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. ആ മത്സരത്തില്‍ രണ്ടു വിക്കറ്റാണ് നേടിയത്. പിന്നീട് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ അവരുടെ നാട്ടില്‍ പോയി നേരിടാനും അവസരം ലഭിച്ചു.

മിന്നു മണിയല്ല, അത് സൂസന്‍ ഇട്ടിച്ചെറിയ; കേരളത്തില്‍ നിന്ന് ഇന്ത്യക്ക് കളിച്ച ആദ്യ വനിതാ ക്രിക്കറ്റര്‍
ഇനി വരുന്നത് വനിതകളുടെ കാലം

? ആ കാലഘട്ടത്തില്‍ എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ടോ

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തായിരുന്നു അന്ന് ഓരോ മത്സരവും കളിച്ചിരുന്നത്. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത സാഹചര്യങ്ങളായിരുന്നു അന്ന്. ഇന്നത്തെ ഇന്ത്യന്‍ ടീമിനെ മാറ്റിനിര്‍ത്താം. ഏതെങ്കിലും സംസ്ഥാന ടീം മത്സരങ്ങള്‍ക്കായി ട്രെയിനില്‍ യാത്ര ചെയ്യുന്നത് ചിന്തിക്കാനാകുമോ? എല്ലാവരും ഫ്‌ളൈറ്റില്‍ അല്ലേ യാത്ര ചെയ്യുന്നത്. എന്നാല്‍ അന്ന് ട്രെയിനില്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിലും തറയിലുമൊക്കെയായി ഇരുന്നും കിടന്നുമായിരുന്നു ഞാന്‍ അടങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മത്സരങ്ങള്‍ക്കായി യാത്ര ചെയ്തിരുന്നത്. പുനെയില്‍ നടന്ന മത്സരത്തിനുശേഷം അടുത്ത മത്സരം ചെന്നൈയിലാണെങ്കില്‍ അവിടെനിന്ന് മത്സരം കഴിഞ്ഞ് ട്രെയിനില്‍ യാത്ര തിരിക്കും. പലപ്പോഴം മത്സരത്തലേന്നാകും എത്തിച്ചേരുക. അങ്ങനെയൊക്കയായിരുന്നു ഞങ്ങള്‍ കളിച്ചത്. ഇന്ന് അതൊക്കെ ചിന്തിക്കാനാകുമോ?

? വനിതാ ക്രിക്കറ്റ് ഇന്ന് എത്തിനിൽക്കുന്ന മാറ്റത്തെ എങ്ങനെ കാണുന്നു

വനിതാ ക്രിക്കറ്റ് എന്നല്ല, ക്രിക്കറ്റ് തന്നെ മാറിയില്ലേ. ഇന്ന് പണമാണ് ഭരിക്കുന്നത്. ഞങ്ങളുടെ കാലത്ത് പണത്തിനുവേണ്ടിയായിരുന്നില്ല കളിച്ചിരുന്നത്, അത് ഒരു പാഷനായിരുന്നു. എന്നാല്‍ ഇന്ന് ക്രിക്കറ്റ് എന്നത് പണം കായ്ക്കുന്ന മരമായി വളര്‍ന്നില്ലേ. പക്ഷേ അതൊരു തെറ്റായല്ല ഞാന്‍ കാണുന്നത്. അതുകൊണ്ട് രാജ്യത്ത് ക്രിക്കറ്റ് വളര്‍ന്നു, ഏറെ പേർക്ക് അവസരങ്ങള്‍ ലഭിക്കുന്നു. അതു നല്ല കാര്യമല്ലേ.

? ക്രിക്കറ്റില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യപ്രാധാന്യം ലഭിക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ

തുല്യപ്രാധാന്യം ഇല്ലെന്ന് ആരു പറഞ്ഞു. ഇന്നലെയല്ലേ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ പ്രൈസ് മണി തുല്യമായി നല്‍കുമെന്ന പ്രഖ്യാപനം വന്നത്. വേര്‍തിരിവ് ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ കാലാനുസൃതമായ എല്ലാത്തിനും മാറ്റം വരുന്നുണ്ട്. വനിതാ ക്രിക്കറ്റിന് ഇന്ന് ബിസിസിഐ എത്ര വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വനിതാ ക്രിക്കറ്റ് വളര്‍ത്താനും കൂടുതല്‍ താരങ്ങളെ കണ്ടെത്താനും സംസ്ഥാന അസോസിയേഷനുകളുമായി സഹകരിച്ച് ഗ്രാസ് റൂട്ട് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നുണ്ട്.

? തുല്യത വാക്കിലല്ലേ ഉള്ളൂ. ഐപിഎല്‍ പോലൊരു ലീഗ് വനിതാ ക്രിക്കറ്റില്‍ നടപ്പിലാക്കാന്‍ 15 വര്‍ഷം വേണ്ടി വന്നില്ലേ

15 വര്‍ഷമെടുത്താണ് വനിതാ പ്രീമിയര്‍ ലീഗ് നടപ്പിലാക്കിയത് എന്നത് ശരിയാണ്. പക്ഷേ അത് മികച്ച ഒരു തീരുമാനമായിരുന്നു എന്നു വേണം പറയാന്‍. ഓസ്‌ട്രേലിയയില്‍ ഒക്കെ വനിതാ ബിഗ്ബാഷ് ലീഗ് വന്നപ്പോള്‍ തന്നെ ഇന്ത്യയിലും ലീഗ് ആരംഭിച്ചിരുന്നെങ്കില്‍ അത് വലിയ പരാജയമായി മാറിയേനെ. കാരണം രാജ്യത്ത് വനിതാ ക്രിക്കറ്റിന് ഇന്നത്തെ പ്രചാരം അന്നുണ്ടായിരുന്നില്ല. അതു മനസിലാക്കിയാണ് ബിസിസിഐ കാത്തിരുന്നത്. നിങ്ങള്‍ ഒരു കാര്യം ആലോചിച്ചു നോക്കൂ. ഒരു 10 വര്‍ഷം മുമ്പുള്ള ഇന്ത്യന്‍ വനിതാ ടീമിലെ എത്ര പേരെ ആരാധകര്‍ ഓര്‍ത്തിരിക്കുന്നു, അല്ലെങ്കില്‍ എത്ര പേരുടെ പേര് അറിയാമായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഇന്ത്യന്‍ വനിതാ ടീമിലെ താരങ്ങളെ എല്ലാവരും തിരിച്ചറിയുന്നു. ഈ സമയത്ത് ലീഗ് തുടങ്ങിയതോടെ ഇഷ്ടതാരങ്ങളെ കാണാന്‍ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകുന്നു. അതുകൊണ്ട് വൈകിയെന്നു ഞാന്‍ പറയില്ല. ഉചിതമായ സമയത്ത് ആരംഭിച്ചു എന്നേ പറയൂ.

? ഇന്ത്യന്‍ മുന്‍ താരമെന്ന നിലയില്‍ മിന്നു മണിക്കും ഇന്നത്തെ മറ്റ് യുവതാരങ്ങള്‍ക്കും നല്‍കാനുള്ള ഉപദേശം

അങ്ങനെ ഉപദേശമായിട്ടൊന്നും നല്‍കാന്‍ ഇല്ല. ഒരേയൊരു കാര്യമാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. സ്വപ്നങ്ങള്‍ എപ്പോഴും യാഥാര്‍ഥ്യമാകും, അതിനായി യത്‌നിച്ചാല്‍. അതുകൊണ്ട് കഠിനമായി പരിശ്രമിക്കുക. ഇന്നത്തെ പരാജയം നാളത്തെ വിജയത്തിനു വേണ്ടിയാണ്. യത്‌നിച്ചുകൊണ്ടേയിരിക്കുക.

logo
The Fourth
www.thefourthnews.in