കൊടുക്കാക്കടം ഇതുവരെ 90 കോടി; തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

കൊടുക്കാക്കടം ഇതുവരെ 90 കോടി; തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

സ്റ്റേഡിയം പരിപാലനത്തില്‍ കമ്പനി വീഴ്ച വരുത്തിയതിനൊപ്പം സര്‍ക്കാരിന്റെ അന്യൂറ്റിയും മുടങ്ങി. കഴിഞ്ഞു മൂന്നു വര്‍ഷമായി അന്യൂറ്റി അടച്ചിട്ടില്ല. 90 കോടിയോളം രൂപ ഈയിനത്തില്‍ കുടിശികയാണെന്നാണ് വിവരം.

ഇരുപത്തിയെട്ടു വര്‍ഷത്തെ കാത്തിരുപ്പിനു ശേഷം ദേശീയ ഗെയിംസ് എന്ന കായിക മാമാങ്കത്തിന് കേരളം വേദിയായത് 2015-ലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലായാണ് ഗെയിംസ് നടന്നത്. മുഖ്യവേദിയായി തെരഞ്ഞെടുക്കപ്പെട്ട തലസ്ഥാന നഗരത്തില്‍ ഒരു ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കത്തക്ക തലയെടുപ്പുള്ള സ്‌റ്റേഡിയമില്ലെന്ന പരാതിയാണ് പുതിയ സ്‌റ്റേഡിയ നിര്‍മാണത്തിലേക്ക് വഴിതെളിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്‌ക്കൊടുവില്‍ പതിനൊന്നു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2012 മധ്യത്തോടെയാണ് അത്തരമൊരു സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 13.3 കിലോമീറ്ററും സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍-ബസ് സ്റ്റാന്‍ഡ് എന്നിവയില്‍ നിന്ന് 14.4 കിലോമീറ്ററുമകലെ കേരളാ സര്‍വകലാശാല നല്‍കിയ 36 ഏക്കര്‍ സ്ഥലത്ത് സ്‌റ്റേഡിയം നിര്‍മിക്കാനായിരുന്നു തീരുമാനം.

ഡിസൈന്‍, ബില്‍ഡ്, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍(ഡി.ബി.ഒ.ടി.) വ്യവസ്ഥയില്‍ മുംബൈ ആസ്ഥാനമായ ഐ.എല്‍. ആന്‍ഡ് എഫ്.എസ്. ആണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്‌റ്റേഡിയം നിര്‍മിച്ചത്. സബ്‌സിഡയറി കമ്പനിയായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റിഡി(കെ.എസ്.എഫ്.എല്‍)നായിരുന്നു മേല്‍നോട്ട ചുമതല. 2012-ല്‍ നിര്‍മാണം ആരംഭിച്ച് 2015-ല്‍ പൂര്‍ത്തീകരിച്ച സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം കരാര്‍ പ്രകാരം 15 വര്‍ഷത്തേക്ക് കമ്പനിക്കായിരുന്നു.

നിര്‍മാണ കാലാവധിയായി കണക്കാക്കുന്ന ആദ്യ അഞ്ചു വര്‍ഷം കഴിഞ്ഞുള്ള 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ 300 കോടി രൂപ(പ്രതിവര്‍ഷം 30 കോടി വീതം) ഐ.എല്‍. ആന്‍ഡ് എഫ്.എസിന്/കെ.എസ്.എഫ്.എല്ലിന് അന്യുറ്റിയായി നല്‍കണം. 2027ല്‍ സ്റ്റേഡിയം സര്‍ക്കാരിന് സ്വന്തമാകുമെന്നാണ് കരാര്‍.

എന്നാല്‍ ഈ കരാര്‍ പാലിക്കാന്‍ സര്‍ക്കാരിനോ ഐ.എല്‍. ആന്‍ഡ് എഫ്.എസിനോ കഴിഞ്ഞില്ല. കമ്പനിക്കു നല്‍കാനുള്ള അന്യൂറ്റി സര്‍ക്കാര്‍ കുടിശിക വരുത്തിയപ്പോള്‍ സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് കടക്കെണിയിലായ ഐ.എല്‍. ആന്‍ഡ് എഫ്.എസിനു സ്‌റ്റേഡിയത്തിന്റെ പരിപാലനം കൃത്യമായി കൊണ്ടുപോകാനുമായില്ല.

2019-ല്‍ 94,000 കോടി രൂപയുടെ കടക്കെണിയിലായി ഐ.എല്‍. ആന്‍ഡ് എഫ്.എസ്. തുടര്‍ന്ന് സാമ്പത്തികത്തട്ടിപ്പിന്റെ പേരില്‍ കമ്പനി വൈസ് ചെയര്‍മാന്‍ അറസ്റ്റിലാകുകയും ചെയ്തു. തുടര്‍ന്ന് ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ കീഴിലായി കമ്പനി. ഇതോടെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിന്റെ സ്‌റ്റേഡിയത്തിന്റെ നടത്തിപ്പ്-മേല്‍നോട്ട-അറ്റകുറ്റപ്പണികളും നിലച്ചു.

കെ.സി.എയുടെ വരവ്

ഇതിനിടെ സംസ്ഥാനത്ത് സ്വന്തമായി ഒരു ക്രിക്കറ്റ് സ്‌റ്റേഡിയത്തിനായി അന്വേഷണം ആരംഭിച്ചിരുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കെ.എസ്.എഫ്.എല്ലുമായി ഒരു കരാറില്‍ എത്തിയിരുന്നു. വര്‍ഷത്തില്‍ 180 ദിവസത്തെ ക്രിക്കറ്റിനു വേണ്ടി പ്രതിദിനം 4000 രൂപയ്ക്ക് പിച്ചും ഗ്രൗണ്ടും നോക്കിനടത്തുക എന്ന കരാറിലാണ് കെ.സി.എ. ഏറ്റെടുക്കുന്നത്.

കരാര്‍പ്രകാരം സ്‌റ്റേഡിയത്തിന്റെയും മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും മേല്‍നോട്ടവും പരിപാലനവും കെ.എസ്.എഫ്.എല്‍. നിര്‍വഹിക്കുമ്പോള്‍ പിച്ചും ഗ്രൗണ്ടും കെ.സി.എയുടെ ചുമതലയിലായി. അതു കൃത്യമായി കെ.സി.എ. നിര്‍വഹിക്കുകയും ചെയ്തു. 2016-ലാണ് ഈ കരാര്‍ നിലവില്‍ വന്നത്.

തുടര്‍ന്ന് 2017-ല്‍ തന്നെ ഇവിടെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം എത്തിക്കാനും കെ.സി.എയ്ക്കായി. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന ആ മത്സരം ഇന്നും അതീവ വാര്‍ത്താപ്രാധാന്യമുള്ളതായി നിലനില്‍ക്കുന്നതിനു പിന്നില്‍ കെ.സി.എ. വൃത്തങ്ങള്‍ കരാര്‍പ്രകാരം നടത്തിയ പരിഷ്‌കാരങ്ങളാണ്.

ലോകം കൈയടിച്ച ഡ്രെയ്‌നേജ് സിസ്റ്റം

പതിറ്റാണ്ടുകള്‍ക്കു ശേഷം തലസ്ഥാന നഗരിയില്‍ വിരുന്നെത്തിയ രാജ്യാന്തര ക്രിക്കറ്റ് ആഘോഷമാക്കാന്‍ ഒരുങ്ങിയെത്തിയ ക്രിക്കറ്റ് പ്രേമികളുടെ ആവേശം കെടുത്തി പെരുമഴയായിരുന്നു മത്സരദിവസം കാര്യവട്ടത്തെ ആകാശത്ത് പെയ്തിറങ്ങിയത്.

മത്സരം നടക്കില്ലെന്ന എന്ന സ്ഥിതിയില്‍ നിന്ന് അഞ്ചോവര്‍ മത്സരം നടത്താന്‍ കഴിഞ്ഞപ്പോള്‍ രാജ്യത്തിനു തന്നെ അഭിമാനമായ പ്രവര്‍ത്തനമാണ് കെ.സി.എ. കാഴ്ചവച്ചത്. സ്‌റ്റേഡിയം ലീസിന് ലഭിച്ച് കേവലം ഒരു വര്‍ഷത്തിനിടയില്‍ അവിടെ രാജ്യാന്തര നിലവാരത്തിലുള്ള ഡ്രെയ്‌നേജ് സിസ്റ്റമാണ് കെ.സി.എ. ഒരുക്കിയത്. അന്ന് അത്തരത്തിലൊരു സംവിധാനം അതിനു മുമ്പ് ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ 2017-നു ശേഷം ഇവിടേക്ക് എത്തിയത് വെറും നാല് രാജ്യാന്തര മത്സരങ്ങള്‍ മാത്രം.

അവിടെ നിലച്ചു പ്രവര്‍ത്തനങ്ങള്‍

മഴ മാറി വെറും ഒരു മണിക്കൂറിനുള്ളില്‍ മത്സരം ആരംഭിച്ച് വിജയകരമായി പൂത്തിയാക്കുക... ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമെല്ലാം ഗ്രീന്‍ഫീല്‍ഡിനെയും കെ.സി.എയെയും മുക്തകണ്ഠം പ്രശംസിച്ചപ്പോള്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ കിനാവു കാണുകയായിരുന്നു. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമെല്ലാം നിരന്തരം ക്രിക്കറ്റ് കളിക്കാനെത്തുന്ന ഒരു ഗ്രീന്‍ഫീല്‍ഡിനെക്കുറിച്ച്.

എന്നാല്‍ 2017-നു ശേഷം ഇവിടേക്ക് എത്തിയത് വെറും നാല് രാജ്യാന്തര മത്സരങ്ങള്‍ മാത്രം. ഇതിനു കാരണം കെ.സി.എയുടെ പിടിപ്പുകേട് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കില്‍ അതല്ല കാരണം.

2017-ല്‍ ഗ്രീന്‍ഫീല്‍ഡ് കൈവരിച്ചത് ചിന്നസ്വാമിയില്‍ മാത്രമുണ്ടായിരുന്ന ഏറ്റവും നൂതനമായ ഡ്രെയ്‌നേജ് സിസ്റ്റമെന്ന നേട്ടമാണ്. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറവും ഗ്രീന്‍ഫീല്‍ഡ് അവിടെത്തന്നെ നില്‍ക്കുമ്പോള്‍ ചിന്നസ്വാമി പെരിയ സ്വാമിയായിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ഗ്രീന്‍ഫീല്‍ഡില്‍ ഔട്ട്‌ഡേറ്റഡ് സംവിധാനങ്ങളാണെങ്കില്‍ ചിന്നസ്വാമിയും വാങ്ക്‌ഡെയും ഈഡനുമൊക്കെ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു.

കൊടുക്കാക്കടം ഇതുവരെ 90 കോടി; തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍
കേരളത്തിനും വേണ്ടേ ഒരു ചിദംബരമോ ചിന്നസ്വാമിയോ?

ആ സംവിധാനങ്ങള്‍ ഇവിടെയും കൊണ്ടുവരാന്‍ സാധിക്കാത്തതല്ല കെ.സി.എയെ വലയ്ക്കുന്നത്. പകരം സാങ്കേതിക കാരണങ്ങളാണ്. ഇത്തരം സംവിധാനങ്ങള്‍ ഒരഒ സംസ്ഥാന അസോസിയേഷന്‍ ഒറ്റയ്ക്ക് ഒരുക്കുന്നതല്ല. അതിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ മികച്ച സാമ്പത്തിക-സാങ്കേതിക സഹായം കൂടിയേ തീരു. എന്നാല്‍ ബി.സി.സി.ഐയുടെ ബൈലോ പ്രകാരം അതത് സംസ്ഥാന അസോസിയേഷനു സ്വന്തമായി ഉള്ളതോ അല്ലെങ്കില്‍ ചുരുങ്ങിയത് 30 വര്‍ഷത്തെ ഉടമസ്ഥാവകാശത്തില്‍ ലീസില്‍ എടുത്തതോ അല്ലാത്ത സ്‌റ്റേഡിയത്തില്‍ അനാവശ്യമായി പണം മുടക്കാന്‍ ആവില്ല.

അതിനാല്‍ തന്നെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സെന്‍ട്രല്‍ ബോര്‍ഡില്‍ നിന്ന് പണം ലഭിക്കാത്ത അവസ്ഥയിലാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. കേരളം രാജ്യാന്തര ക്രിക്കറ്റ് കൂടുതലായി എത്തണമെങ്കില്‍ ഇവിടെയുള്ള രാജ്യാന്തര സ്‌റ്റേഡിയം അതിനൂതനമായി വികസിക്കണം. അത്തരമൊരു വികസനത്തിന് ബി.സി.സി.ഐ. പണമൊഴുക്കണമെങ്കില്‍ അതിന് സ്വന്തമായി സ്‌റ്റേഡിയവും വേണം.

നിലവിലെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം തങ്ങള്‍ക്ക് 30 വര്‍ഷത്തേക്ക് പൂര്‍ണമായും പാട്ടത്തിനു നല്‍കുകയെന്ന ആവശ്യമാണ് കെ.എസി.എയുടേത്.

പ്രതിവിധിയെന്ത്?

ഈയൊരൊറ്റക്കാരണത്താലാണ് സ്വന്തമായി ഒരു സറ്റേഡിയമെന്ന ആശയവുമായി കെ.സി.എ. മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇപ്പോഴും അത് ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇനി അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തി അവിടെ സ്‌റ്റേഡിയം നിര്‍മിച്ച് രാജ്യാന്തര മത്സരങ്ങള്‍ കൂടുതലായി എത്തിക്കണമെങ്കില്‍ അതിന് ചുരുങ്ങിയത് ഏഴെട്ട് വര്‍ഷമെങ്കിലുമെടുക്കും. അപ്പോഴേക്കും മറ്റു പല സ്ംസ്ഥാനങ്ങളും രാജ്യാന്തര ടെസ്റ്റ് വേദികളായി മാറിക്കഴിഞ്ഞിരിക്കും.

ഈയൊരു സാഹചര്യത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ടു വയ്ക്കുന്നത് മറ്റൊരു നിര്‍ദേശമാണ്. നിലവിലെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം തങ്ങള്‍ക്ക് 30 വര്‍ഷത്തേക്ക് പൂര്‍ണമായും പാട്ടത്തിനു നല്‍കുകയെന്ന ആവശ്യം.

സര്‍ക്കാര്‍ കൊടുക്കാനുള്ളത് 90 കോടി

നിര്‍മാണക്കാലയളവിലെ കരാര്‍ പ്രകാരം സ്‌റ്റേഡിയം പരിപാലിക്കേണ്ടത് ഐ.എല്‍. ആന്‍ഡ് എഫ്.സാണ്. നിര്‍മാണച്ചിലവിനും പരിപാലനച്ചിലവിനുമായി പ്രതിവര്‍ഷം 30 കോടി രൂപ നിരക്കില്‍ 10 വര്‍ഷത്തേക്ക് 300 കോടി രൂപ അന്യൂറ്റിയായി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു.

നിലവില്‍ സ്റ്റേഡിയം പരിപാലനത്തില്‍ കമ്പനി വീഴ്ച വരുത്തിയതിനൊപ്പം സര്‍ക്കാരിന്റെ അന്യൂറ്റിയും മുടങ്ങി. കഴിഞ്ഞു മൂന്നു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ അന്യൂറ്റി അടച്ചിട്ടില്ല. 90 കോടിയോളം രൂപ അന്യൂറ്റി ഇനത്തില്‍ കുടിശികയാണെന്നാണ് വിവരം. 2027 വരെയാണ് കരാര്‍ നിലവിലുള്ളത്.

അതായത് ഇനി കേവലം നാലു വര്‍ഷം കൂടി. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കുടിശികയായി 90 കോടി നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നു കരുതുന്നില്ല. ശേഷിക്കുന്ന നാലു വര്‍ഷത്തെ അന്യൂറ്റി കൂടി കണക്കിലെടുത്താല്‍ 2027 ആകുമ്പോഴേക്കും 210 കോടി രൂപയെങ്കിലും കൈവശം ഉണ്ടായാല്‍ മാത്രമേ സര്‍ക്കാരിന സ്‌റ്റേഡിയം സ്വന്തമാക്കാനാകൂ.

ആ പണം അടച്ചു തീര്‍ക്കും വരെ സ്‌റ്റേഡിയത്തിന്റെ അവകാശം കമ്പനിയുടെ പേരില്‍ത്തന്നെയാകും. കടക്കെണിയിലായ കമ്പനിയ്ക്കാകട്ടെ സ്‌റ്റേഡിയത്തിന്റെ പരിപാലനത്തിനു പണം കണ്ടെത്താന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ കുടിശികയെല്ലാം തീര്‍പ്പാക്കി സ്‌റ്റേഡിയം സര്‍ക്കാര്‍ സ്വന്തം പേരിലാക്കുമ്പോഴേക്കും അത് നശിച്ച് നാമാവശേഷമായി മാറിയിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

സര്‍ക്കാര്‍ തയാറാണോ? പണം കെ.സി.എ. മുടക്കും

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് വന്‍ നഷ്ടം സഹിച്ചും ഇതുവരെ കെ.സി.എ. രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയും ഇത്തരം നഷ്ടക്കണക്ക് സ്വീകരിക്കില്ലെന്നു ബി.സി.സി.ഐ. കടുംപിടുത്തം പിടിച്ചതോടെ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കുരുക്കിലായിരിക്കുകയാണ്. പുതിയയൊരു സ്‌റ്റേഡിയമെന്ന ആശയത്തിനൊപ്പം 'പാട്ടക്കാരാര്‍' നീക്കവും ആലോചിച്ചുകൊള്ളാന്‍ ബി.സി.സി.ഐ. അനുമതി നല്‍കിയ സാഹചര്യത്തില്‍ ഗ്രീന്‍ഫീല്‍ഡ് പാട്ടവ്യവ്‌സഥയില്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് അവര്‍. ഇതിനായി സര്‍ക്കാരിനു മുന്നില്‍ കഴിഞ്ഞ ദിവസം അവര്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇക്കാര്യത്തില്‍ കെ.സി.എയ്ക്ക് വ്യക്തമായ പദ്ധതിയും ലക്ഷ്യവുമുണ്ട്. മള്‍ട്ടിപ്പര്‍പ്പസ് സ്‌റ്റേഡിയവും അനുബന്ധ കെട്ടിടങ്ങളും, കണ്‍വെന്‍ഷന്‍ സെന്ററും, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ഫുഡ് കോര്‍ട്ട്, സിനിമാ തീയറ്റര്‍, നിരവധി ഓഫീസ് മുറികളുമടക്കം വന്‍ കെട്ടിട സമുച്ചയമാണ് ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്.

നിലവില്‍ ഇവിടെ ഗ്രൗണ്ട് പരിപാലനം മാത്രമാണ് കെ.സി.എയുടെ ചുമതലയിലുളളത്. മറ്റ് കെട്ടിട സമുച്ചയങ്ങളുടെയെല്ലാം മേല്‍നോട്ടവും പരിപാലനവും കെ.എസ്.എഫ്.എല്ലിനാണ്. വര്‍ഷങ്ങളായി അത് മുടങ്ങിക്കിടക്കുകയുമാണ്.

ഗ്രൗണ്ടിന് പുറമേ മറ്റ് അനുബന്ധ സൗകര്യങ്ങളുടെയെല്ലാം നടത്തിപ്പ് അവകാശം വരുന്ന 30 വര്‍ഷത്തേക്ക് പൂര്‍ണമായും തങ്ങള്‍ക്ക് നല്‍കിയാല്‍ സ്‌റ്റേഡിയം വിപുലപ്പെടുത്തി കൂടുതുല്‍ രാജ്യാന്തര മത്സരങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ വരുമാനം ലഭ്യമാക്കാം കെ.സി.എ. നിലവില്‍ സര്‍ക്കാരിനു മുന്നില്‍വച്ചിരിക്കുന്ന അപേക്ഷ.

വന്‍കിട ക്ലബ് മെംബര്‍ഷിപ്പുകളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ എത്തിക്കുക വഴി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നിന്ന് കൂടുതല്‍ വരുമാനം കൊയ്യാനുള്ള വ്യക്തമായ പദ്ധതിയും അവര്‍ തയാറാക്കിയിട്ടുണ്ട്.

ഒരു ക്രിക്കറ്റ് മത്സരത്തിലെ ഗേറ്റ് കളക്ക്ഷന്‍ വച്ച് ഇത്രയും വലിയൊരു കെട്ടിട സമുച്ചയത്തിന്റെ മേല്‍നോട്ടനിര്‍വഹണം പൂര്‍ത്തീകരിക്കാനാകില്ലെന്ന ഉത്തമബോധ്യമുള്ള കെ.സി.എ. മുംബൈ, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നടത്തി വിജയിപ്പിച്ച് ക്രിക്കറ്റ് ക്ലബ് സംസ്‌കാരത്തിലേക്ക് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിനെയും വളര്‍ത്തിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

വന്‍കിട ക്ലബ് മെംബര്‍ഷിപ്പുകളും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളുമൊക്കെ എത്തിക്കുക വഴി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ നിന്ന് കൂടുതല്‍ വരുമാനം കൊയ്യാനുള്ള വ്യക്തമായ പദ്ധതിയും അവര്‍ തയാറാക്കിയിട്ടുണ്ട്. ഇനി തീരുമാനം സര്‍ക്കാരിന്റേതാണ്...

വെറും വാക്കല്ല കെ.സി.എയുടേത്; മുംബൈയും കര്‍ണാടകയും തെളിച്ച വഴിയാണത്... അതേക്കുറിച്ച് നാളെ...

logo
The Fourth
www.thefourthnews.in