ലോകകപ്പ് കിരീടങ്ങളും മലയാളി 'പച്ചക്കുതിര'കളും

ലോകകപ്പ് കിരീടങ്ങളും മലയാളി 'പച്ചക്കുതിര'കളും

ഇന്ത്യ നേടിയ മൂന്ന് ക്രിക്കറ്റ് ലോകകപ്പുകളിലും 'ലക്കി ചാം' എന്നപോലെ മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണയും മലയാളി വേരുകളുള്ള ഒരാള്‍ ഇന്ത്യന്‍ ടീമിലുണ്ട്

'ഹാ..കപ്പടിക്കാനുള്ള യോഗവും ഭാഗ്യവുമൊന്നും നമുക്കില്ല', നിരാശയുടെ പടുകുഴിയില്‍ നിന്ന് സ്വയം സമാധാനിപ്പിക്കാന്‍ എത്ര ലോകകപ്പുകളില്‍ ഈ വാചകം സാധാരണക്കാരായ ക്രിക്കറ്റ് ആരാധകരുടെ മനസിലേക്ക് എത്തിയിട്ടുണ്ടാകും. ഫേവറൈറ്റ്സ് എന്ന ടൈറ്റിലോടെ ലോകകപ്പുകളിലേക്ക് പലതവണ എത്തിയപ്പോഴും ഇന്ത്യ കിരീടമുയര്‍ത്തിയതു മൂന്ന് തവണ മാത്രമാണ്. ആരാധകരിൽ ചിലര്‍ കരുതും പോലെ ഭാഗ്യവും യോഗവുമൊക്കെ കായിക മേഖലയിലുണ്ടോ? പിഴവുകളില്ലാതെ മികവോടെ കളിച്ചാൽ കൂടെ പോരാത്ത ഏത് കപ്പാണുള്ളത്? എന്നാല്‍ ടീം ഇന്ത്യയെ കിരീടമണിയിക്കാന്‍ ഭാഗ്യം കൂടി വേണമെന്ന് കരുതുന്നവരുടെ എണ്ണം ചെറുതല്ല. ചാംപ്യന്‍മാരായപ്പോഴെല്ലാം അത്തരത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഭാഗ്യസാന്നിധ്യത്തിന്റെ 'പച്ചക്കുതിര'കളായി ഒരു മലയാളി കൂടിയുണ്ടായിരുന്നെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ആദ്യമായി ഇന്ത്യ ലോകകപ്പ് കിരീടം ഉയര്‍ത്തിയത് 1983ൽ. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ടീം അന്ന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കുമെന്ന് ആരും കരുതിയിരുന്നില്ല. പതിവ് പോലെ ലോകജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനായിരുന്നു കിരീടസാധ്യത. പക്ഷെ, പ്രവചനങ്ങള്‍ പാടെ പാളിയപ്പോള്‍ വിന്‍ഡീസിനെ ഫൈനലില്‍ മുട്ടുകുത്തിച്ച് ഇന്ത്യ കിരീടം നേടി. കിരീടമുയര്‍ത്തിയ കപിലിന്റെ ചെകുത്താന്‍ പടയില്‍ മലയാളി സാന്നിധ്യമായി സുനില്‍ വാല്‍സനുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു തവണ പോലും പ്ലേയിങ് ഇലവനിലെത്താന്‍ സുനിലിന് കഴിഞ്ഞിരുന്നില്ല, പകരക്കാരനായി പോലും കളത്തിലിറങ്ങാന്‍ സുനിലിനെ തേടി അവസരമെത്തിയില്ല. സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ 12-ാമനായി സുനിലിന്റെ പേരുണ്ടായിരുന്നു ആശ്വാസമായി അവശേഷിച്ചത്.

സുനില്‍ വാല്‍സന്‍
സുനില്‍ വാല്‍സന്‍

ലോകകപ്പ് ജേതാവെന്ന ടൈറ്റിലുണ്ടെങ്കിലും തന്റെ മികവ് ലോകത്തിന് മുന്നിലെത്തിക്കാന്‍ അവസരം ലഭിക്കാതെ പോയതിൽ സുനിലിന് നിരാശയുണ്ടാകും. ഇടംകൈയന്‍ പേസറായ സുനില്‍ 1981-82 കാലഘട്ടത്തില്‍ തമിഴ്നാട് ടീമിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളായിരുന്നു പിഴുതത്. ഈ പ്രകടനം ദുലീപ്, ദേവധര്‍ ട്രോഫികള്‍ക്കുള്ള ദക്ഷിണ മേഖല ടീമുകളിലേക്കും എത്തിച്ചു. പിന്നീട് രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായും പന്തെറിഞ്ഞു. 80കളില്‍ രാജ്യം കണ്ട ഏറ്റവും വേഗതയാര്‍ന്ന പേസര്‍മാരിൽ ഒരാളെന്ന വിശേഷണമാണ് സുനിലിന് ദേശീയ ടീമിന്റെ വാതില്‍ തുറന്ന് നല്‍കിയത്. 1977-88 വരെ 75 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചാണ് സുനില്‍ കളം വിട്ടത്.

ലോകകപ്പ് കിരീടങ്ങളും മലയാളി 'പച്ചക്കുതിര'കളും
കളിച്ചില്ലെങ്കിലും ലോകകപ്പ് നേടിയ വാല്‍സന്‍

പിന്നീട് നടന്ന ആറ് ഏകദിന ലോകകപ്പുകളില്‍ കിരീടം എന്നത് ഇന്ത്യക്ക് സ്വപ്നമായി തന്നെ തുടർന്നു. 2007 ഏകദിന ലോകകപ്പിന് ശേഷമായിരുന്നു പ്രഥമ ട്വന്റി 20 ലോകകപ്പ് നടത്താനുള്ള ഐസിസിയുടെ തീരുമാനം വന്നത്. 2007 ഏകദിന ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് ഞെട്ടലായിരുന്നു. അതിനാല്‍ മുതിര്‍ന്ന താരങ്ങളെ മാറ്റി നിര്‍ത്തി എം എസ് ധോണിയുടെ കീഴില്‍ യുവനിരയെയാണ് ഇന്ത്യ കുട്ടിക്രിക്കറ്റ് മാമാങ്കത്തിനിറങ്ങിയത്. 15 അംഗ ടീമിലെ മലയാളിയായി കൊച്ചിക്കാരന്‍ പേസ് ബൗളര്‍ ശാന്തകുമാരന്‍ ശ്രീശാന്തുമുണ്ടായിരുന്നു. വിദേശ പിച്ചുകളില്‍ ശ്രീശാന്തിന് മികവ് പുലര്‍ത്താനാകുമെന്ന ടീം മാനേജ്മെന്റിന്റെ വിശ്വാസം ലോകകപ്പില്‍ തെളിയിക്കപ്പെടുകയും ചെയ്തു.

ലോകകപ്പിലെ ശ്രീശാന്തിന്റെ രണ്ട് പ്രകടനങ്ങളാണ് എടുത്ത് പറയേണ്ടത്, ഒന്ന് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയത്. മറ്റൊന്ന് സെമി ഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പടെ രണ്ട് വിക്കറ്റ് സ്വന്തമാക്കിയത്. അന്ന് ശ്രീശാന്തിന്റെ ബൗളിങ് കൃത്യതയ്ക്ക് മുന്നില്‍ വിക്കറ്റ് തെറിച്ചത് സാക്ഷാല്‍ ആദം ഗില്‍ക്രിസ്റ്റിന്റേയും മാത്യു ഹെയ്ഡെന്റേയുമായിരുന്നു. ഹെയ്ഡന്റെ വിക്കറ്റാണ് ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായതും. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് ഫൈനലില്‍ പാകിസ്താന്‍ നായകന്‍ മിസബ ഉള്‍ ഹഖിന്റെ സ്കൂപ്പ് കൈകളിലൊതുക്കിയ നിമിഷം.

എസ് ശ്രീശാന്ത് 2007 ട്വന്റി 20 ലോകകപ്പില്‍
എസ് ശ്രീശാന്ത് 2007 ട്വന്റി 20 ലോകകപ്പില്‍

'In the air, Sreesanth takes it' ശ്രീശാന്തിന്റെ കൈകളില്‍ പന്തെത്തിയപ്പോള്‍ രവി ശാസ്ത്രിയുടെ കമന്ററി വാചകം ഇതായിരുന്നു. ഇത്രയും സമ്മര്‍ദമുള്ളൊരു ക്യാച്ച് ശ്രീശാന്ത് കരിയറില്‍ എടുത്തിട്ടുണ്ടാകില്ല. കാരണം അത് കേവലം ഒരു ക്യാച്ച് മാത്രമായിരുന്നില്ല, പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം കൂടിയായിരുന്നു. ആറ് കളികളില്‍ നിന്ന് ആറ് വിക്കറ്റ് മാത്രമാണ് നേടാനായതെങ്കിലും 2007ലെ ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍ യുവരാജിനും ഗംഭീറിനും ആര്‍ പി സിങ്ങിനുമൊപ്പം ശ്രീശാന്തിന്റെ പേരും ഓര്‍ക്കപ്പെടും.

ലോകകപ്പ് കിരീടങ്ങളും മലയാളി 'പച്ചക്കുതിര'കളും
CWC2023 Team Focus |പട്ടാഭിഷേകം കാത്ത് ആരാധകര്‍; സ്വപ്നകിരീടത്തിനായി ഇന്ത്യ

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം 2011ലാണ് ഇന്ത്യ മൂന്നാം ലോകകിരീടം ചൂണ്ടിയത്. 2011 ഏകദിന ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സ്വപ്നസാക്ഷാത്കാരവും കൂടിയായിരുന്നു. രണ്ടു പതിറ്റാണ്ട് പിന്നിട്ട ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ക്രിക്കറ്റ് കരിയറിന് അര്‍ഹമായ കിരീടം നേടിക്കൊടുക്കാന്‍ ധോണിപ്പടയ്ക്ക് കഴിഞ്ഞു. അന്നും ടീമിലെ മലയാളി സാന്നിധ്യമായി ശ്രീശാന്തുണ്ടായിരുന്നു. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് ഓവറില്‍ 53 റണ്‍സ് വഴങ്ങിയതിനു പിന്നാലെ ശ്രീശാന്ത് ടീമില്‍ നിന്ന് പിന്തള്ളപ്പെട്ടു. പിന്നീട് താരം പ്രത്യക്ഷപ്പെട്ടത് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു. ഫൈനലിലും ശ്രീ നിരാശപ്പെടുത്തി. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം രണ്ട് നോ ബോള്‍ ഉള്‍പ്പടെ എറിഞ്ഞ് 52 റണ്‍സ് വഴങ്ങി.

ഏകദിന ലോകകപ്പ് കിരീടവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ക്കൊപ്പം ശ്രീശാന്ത്
ഏകദിന ലോകകപ്പ് കിരീടവുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ക്കൊപ്പം ശ്രീശാന്ത്

ശേഷം ട്വന്റി 20, ഏകദിന ലോകകപ്പുകള്‍ നിരവധിയെത്തി. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഉയര്‍ന്ന മലയാളി താരം സഞ്ജു സാംസണായിരുന്നു. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന് ശേഷം മികവിന്റെ പേരില്‍ വാഴ്ത്തപ്പെട്ടെങ്കിലും ലോകകപ്പിലേക്കുള്ള എന്‍ട്രി സഞ്ജുവിന് നിഷേധിക്കപ്പെട്ടു. 2023 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായില്ല. സഞ്ജു വീണ്ടും തഴയപ്പെട്ടു, കെ എല്‍ രാഹുലും ശ്രേയസ് അയ്യറും പരുക്കിന്റെ പിടിയില്‍ നിന്ന് മുക്തി നേടി തിരിച്ചെത്തിയതാണ് താരത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. സഞ്ജുവിനെ പോലൊരു പക്കാ മലയാളി അല്ലെങ്കിലും, കേരള വേരുകളുള്ള കുടുംബത്തില്‍ ജനിച്ചതാണ് ശ്രേയസ് അയ്യര്‍. പക്ഷെ കിരീടഭാഗ്യം കൊണ്ടുവരാന്‍ അത്രയും 'മലയാളി ടച്ച്' മതിയാകുമോയെന്നത് നവംബര്‍ 19നറിയാം.

logo
The Fourth
www.thefourthnews.in