24 വയസ്; ഏകദിന ലോകകപ്പ് ട്രോഫിയും അറിയാക്കഥകളും

24 വയസ്; ഏകദിന ലോകകപ്പ് ട്രോഫിയും അറിയാക്കഥകളും

1975 മുതല്‍ 1996 വരെ ആറ് ലോകകപ്പ് പതിപ്പുകളില്‍ ഉപയോഗിച്ചത് നാല് വ്യത്യസ്ത ട്രോഫികളാണ്. 1999 മുതലാണ് സ്ഥിരമായുള്ള ട്രോഫി ഐസിസി അവതരിപ്പിച്ചത്

2023 ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കമായതോടെ ക്രിക്കറ്റ് ലോകം ഇന്ത്യയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇനി നവംബര്‍ 19 വരെ കായികപ്രേമികള്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാമുണ്ടാകും. ടീമുകളും താരങ്ങളും മൈതാനങ്ങളുമെല്ലാം ലോകകപ്പ് കാലത്ത് ചര്‍‍ച്ചയാകാറുണ്ട്. പക്ഷെ, ബാറ്റിങ് ആധിപത്യത്തേയും ബോളിങ് ചതിക്കുഴികളും അതിജീവിച്ചെത്തുന്ന ടീമിനെ കാത്തിരിക്കുന്ന കിരീടത്തിന് പിന്നിലെ അറിയാക്കഥകള്‍ തേടി ആരും പോയിട്ടുണ്ടാകില്ല.

ലോകകപ്പിന്റെ ആദ്യ പതിപ്പിന് ആതിഥേയത്വം വഹിച്ചത് 1975ല്‍ ഇംഗ്ലണ്ടായിരുന്നു. 48 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍, ഇന്ന് കാണുന്ന മാതൃകയിലുള്ള ലോകകിരീടത്തിന്റെ പ്രായം 24 വയസ് മാത്രമാണ്. 1975 മുതല്‍ 1996 വരെ ആറ് ലോകകപ്പ് പതിപ്പുകളില്‍ ഉപയോഗിച്ചത് നാല് വ്യത്യസ്ത ട്രോഫികളാണ്. അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ 1996ല്‍ ശ്രീലങ്ക ജേതാക്കളായതിന് പിന്നാലെയാണ് സ്ഥിരമായൊരു ലോകകപ്പ് ട്രോഫിയെന്ന ആശയത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) എത്തുന്നത്. നിലവിലെ ലോകകപ്പ് ട്രോഫി ആദ്യമായി അവതരിപ്പിച്ചത് 1999ലാണ്. അന്ന് സ്റ്റീവ് വോയുടെ കീഴില്‍ ഓസ്ട്രേലിയയായിരുന്നു കിരീടം ചൂടിയത്.

24 വയസ്; ഏകദിന ലോകകപ്പ് ട്രോഫിയും അറിയാക്കഥകളും
ലോകകപ്പ് കിരീടങ്ങളും മലയാളി 'പച്ചക്കുതിര'കളും

ലോകകപ്പ് ട്രോഫിയുടെ ഭാരവും ഉയരവും രൂപകല്‍പ്പനയും

ലണ്ടനിലുള്ള ജെറാഡ് ആന്‍ഡ് കമ്പനിയിലെ പോള്‍ മാര്‍സ്ഡനാണ് ലോകകപ്പ് ട്രോഫി രൂപകല്‍പ്പന ചെയ്തത്. 11 കിലോഗ്രാം ഭാരവും 65 സെന്റി മീറ്റര്‍ ഉയരവുമാണ് ട്രോഫിക്കുള്ളത്. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രോഫികളിലൊന്നായാണ് ഏകദിന ലോകകപ്പ് കിരീടത്തിനെ വിലയിരുത്തുന്നത്. ഫിഫ ലോകകിരീടത്തിന്റെ ഭാരം കേവലം ആറ് കിലോഗ്രാം മാത്രമാണ്, ഉയരം 37 സെന്റി മീറ്ററും.

വെള്ളിയും സ്വര്‍ണവും ഉപയോഗിച്ചാണ് ട്രോഫി നിര്‍മ്മിച്ചിരിക്കുന്നത്. ഗോളാകൃതിയിലുള്ള ക്രിക്കറ്റ് ബോളാണ് ട്രോഫിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ക്രിക്കറ്റ്, ലോകം (ഭൂമി) എന്നീ ആശയങ്ങളാണ് ബോളിലൂടെ പങ്കുവയ്ക്കാന്‍ ശ്രമിക്കുന്നത്. മൂന്ന് വെള്ളി നിരകളാണ് ബോളിനെ താങ്ങി നിര്‍ത്തുന്നത്. ഇത് സ്റ്റമ്പുകളേയും ക്രിക്കറ്റിന്റെ മൂന്ന് അടിസ്ഥാന മേഖലകളായ ഫീല്‍ഡിങ്, ബാറ്റിങ്, ബോളിങ് എന്നിവയേയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

ജേതാക്കള്‍ക്ക് യഥാര്‍ത്ഥ ട്രോഫി ലഭിക്കുമോ

ഐസിസി ലോകകപ്പ് കിരീടം നേടുന്നവര്‍ക്ക് യഥാര്‍ത്ഥ ട്രോഫി മത്സരശേഷം നല്‍കും. എന്നാല്‍ അത് സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനാകില്ല. പകരം ട്രോഫിയുടെ പകര്‍പ്പായിരിക്കും നല്‍കുക. ഒര്‍ജിനൽ ട്രോഫി യുഎഇയിലുള്ള ഐസിസി ആസ്ഥാനത്താണ് സൂക്ഷിക്കുന്നത്. രണ്ടും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. പകര്‍പ്പില്‍ ട്രോഫിയുടെ നിരകളുടെ അകത്ത് ഐസിസി ലോഗോയ്ക്ക് പകരം ലോകകപ്പ് പതിപ്പിന്റെ ലോഗോയായിരിക്കും നല്‍കുക.

വിവാദങ്ങള്‍

2003ല്‍ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ആദ്യ വിവാദമുണ്ടായത്. പകര്‍പ്പിന് പകരം ഓസ്ട്രേലിയ യഥാര്‍ത്ഥ ട്രോഫിയാണ് നാട്ടിലേക്ക് കൊണ്ടുപോയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ഇന്നും അവ്യക്തമായി തുടരുകയാണ്. 2011ല്‍ ഇന്ത്യ കിരീടം നേടിയപ്പോഴും ട്രോഫിയ്ക്ക് ചുറ്റും വിവാദമുണ്ടായിരുന്നു. മുംബൈ കസ്റ്റംസ് യഥാര്‍ത്ഥ ട്രോഫി പിടിച്ചുവച്ചിരുന്നതിനാല്‍ ഇന്ത്യയ്ക്ക് ഫൈനലിന് ശേഷം നല്‍കിയത് പകര്‍പ്പായിരുന്നെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in