രോഹിത്തിന്റെ നായക സ്ഥാനം തുലാസിൽ; വിൻഡീസ് പര്യടനം നിർണായകം

രോഹിത്തിന്റെ നായക സ്ഥാനം തുലാസിൽ; വിൻഡീസ് പര്യടനം നിർണായകം

അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുത്തേക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രോഹിത് ശര്‍മയുടെ നായകസ്ഥാനം കയ്യാലപ്പുറത്ത്. അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുത്തേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സീസണ്‍ വിന്‍ഡീസ് പര്യടനത്തോടെയാണ് ആരംഭിക്കുക.

ബിസിസിഐ ഈ വര്‍ഷം സെലക്ഷന്‍ കമ്മിറ്റി വിളിക്കാന്‍ ഒരുങ്ങുകയാണ്

2022 ലോകകപ്പിന് ശേഷം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെടുന്ന രണ്ടാമത്തെ ഐസിസി ടൂര്‍ണമെന്റാണ് ഇത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുടനീളം ഓസീസ് സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ചെറിയ വെല്ലുവിളി പോലും ഉയര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല. അതോടെ രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിയുടെ ഭാവിയെക്കുറിച്ച് വലിയ ചോദ്യം ഉയരുകയാണ്. ബിസിസിഐ ഉടൻ സെലക്ഷന്‍ കമ്മിറ്റി വിളിക്കാന്‍ ഒരുങ്ങുകയാണ്.

രോഹിത്തിന്റെ നായക സ്ഥാനം തുലാസിൽ; വിൻഡീസ് പര്യടനം നിർണായകം
ഇന്ത്യ കീഴടങ്ങി; ലോക ടെസ്റ്റ് ചാമ്പ്യന്മാരായി കംഗാരുപ്പട

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023/25 സൈക്കിളിന് തുടക്കമിടുന്ന വിന്‍ഡീസിനെതിരായ ദ്വി മത്സര പരമ്പരയില്‍ നായകസ്ഥാനത്ത് രോഹിത് ശര്‍മ തന്നെ തുടരാനാണ് സാധ്യത. എന്നാല്‍ ആ ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ബിസിസിഐ എടുത്തേക്കും.

''2025 ലാണ് ഡബ്ലുടിസിയുടെ അടുത്ത സീസണ്‍ അവസാനിക്കുക. അപ്പോഴേയ്ക്ക് രോഹിത്തിന് 38 വയസ് തികയും, അതിനാല്‍ ആ കാലയളവിലുടനീളം രോഹിത് ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തില്‍ സംശയമാണ്.'' ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം രോഹിത്തിന്റെ ഫോമിനെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചും ശിവ് സുന്ദര്‍ ദാസിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഡിസംബര്‍ വരെ ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരകളില്ല. ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് പിന്നീട് വരുന്നത്. അതിനാല്‍ ക്യാപ്റ്റന്‍സി കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാനുള്ള സമയമുണ്ട്, അപ്പോഴേക്ക് സെലക്ഷന്‍ കമ്മിറ്റിക്ക് പുതിയ ചെയര്‍മാന്‍ വരുമെന്നും അവര്‍ വ്യക്തമാക്കി.

രോഹിത്തിന്റെ നായക സ്ഥാനം തുലാസിൽ; വിൻഡീസ് പര്യടനം നിർണായകം
''നന്നായി തുടങ്ങി, പിന്നെ കളി കൈവിട്ടു പോയി'' തോല്‍വിയില്‍ കുറ്റസമ്മതം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിരാട് കോഹ്‌ലി അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചപ്പോള്‍ പകരം ചുമതലയേറ്റെടുക്കാന്‍ രോഹിത്തിന് താല്പര്യമില്ലായിരുന്നു. എന്നാല്‍ അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും ഇടപെടല്‍ കാരണം രോഹിത്ത് സമ്മതിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ക്യാപ്റ്റനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ നിരാശപ്പെടുത്തിയതാണ് രോഹിത്തിനെ നായകനാക്കാന്‍ കാരണമെന്നും ബിസിസിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റനായി ഇറങ്ങിയ ഏഴ് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 390 റണ്‍സേ രോഹിത്തിന് നേടാന്‍ സാധിച്ചുള്ളു

2022 ലാണ് രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. അതിനുശേഷം 10 ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. അതില്‍ മൂന്നെണ്ണത്തില്‍ ഹിറ്റ്മാന് കളിക്കാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റനായി ഇറങ്ങിയ ഏഴ് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പെടെ 390 റണ്‍സേ രോഹിത്തിന് നേടാന്‍ സാധിച്ചുള്ളു. ബാക്കി മത്സരങ്ങളില്‍ 50 ന് മുകളില്‍ റണ്‍സും നേടാനായില്ല. ഓസീസിനെതിരായ തോല്‍വിക്ക് പിന്നാലെ ഹിറ്റ്മാന്റെ ബാറ്റിങ്ങിനെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചും ടീം സെലക്ഷനെക്കുറിച്ചും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

logo
The Fourth
www.thefourthnews.in