സഞ്ജുവിന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 297 റണ്‍സ് വിജയലക്ഷ്യം
Grant Pitcher

സഞ്ജുവിന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 297 റണ്‍സ് വിജയലക്ഷ്യം

തിലക് വർമയുമായി ചേർന്ന് നാലാം വിക്കറ്റില്‍ 116 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്നിങ്സില്‍ നിർണായകമായതും ഈ കൂട്ടുകെട്ടായിരുന്നു

മലയാളി താരം സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കന്നി സെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. സഞ്ജുവിന് പുറമെ (108) തിലക് വർമയും (52) റിങ്കു സിങ്ങും (38) തിളങ്ങിയ മത്സരത്തില്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് ഇന്ത്യ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് മൂന്ന് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം സമ്മാനിക്കാന്‍ ഓപ്പണർമാരായ സായ് സുദർശനും രജത് പട്ടിദാറിനും സാധിച്ചിരുന്നു. ഒന്നാം വിക്കറ്റില്‍ 34 റണ്‍സാണ് ഇരുവരും ചേർത്തത്. മൂന്നാമനായാണ് സഞ്ജു ക്രീസിലെത്തിയത്. ന്യൂ ബോളിന്റെ വെല്ലുവിളിയും ദക്ഷിണാഫ്രിക്കന്‍ പേസർമാരുടെ കൃത്യതയും അതിജീവിച്ചായിരുന്നു സഞ്ജു ബാറ്റ് വീശിയത്.

സഞ്ജുവിന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 297 റണ്‍സ് വിജയലക്ഷ്യം
ശതകം തൊട്ട് സഞ്ജു; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ചുറി

രജതും (22) സായിയും (10) പവർപ്ലേയ്ക്കുള്ളില്‍ തന്നെ മടങ്ങിയെങ്കിലും സഞ്ജു നിലയുറപ്പിച്ചു കളിച്ചു. നായകന്‍ കെ എല്‍ രാഹുലിനെ കൂട്ടുപിടിച്ച് മൂന്നാം വിക്കറ്റില്‍ 52 റണ്‍സ് സഞ്ജു ചേർത്തു. രാഹുല്‍ (21) മടങ്ങിയ ശേഷം എത്തിയത് തിലക് വർമയായിരുന്നു. തിലക് തുടക്കത്തിലെ റണ്‍സ് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ സഞ്ജുവില്‍ സമ്മർദമേറി. എന്നാല്‍ അനാവശ്യ ഷോട്ടുകള്‍ക്ക് തയാറാകാതെ കരുതലോടെ സഞ്ജു ഇന്നിങ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

തിലക് വർമയുമായി ചേർന്ന് നാലാം വിക്കറ്റില്‍ 116 റണ്‍സാണ് സഞ്ജു കണ്ടെത്തിയത്. ഇന്ത്യന്‍ ഇന്നിങ്സില്‍ നിർണായകമായതും ഈ കൂട്ടുകെട്ടായിരുന്നു. സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് റണ്ണൊഴുകുന്നില്ലെന്ന് പരാതി ഉയർത്തിയവർക്കുള്ള മറുപടി 44-ാം ഓവറിലെ അവസാന പന്തിലെത്തി.

കേശവ് മഹരാജിന്റെ പന്തില്‍ ലോങ് ഓഫിലേക്ക് സിംഗിളിട്ടായിരുന്നു തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ശതകം സഞ്ജു സ്വന്തമാക്കിയത്. സെഞ്ചുറിക്ക് പിന്നാലെ എട്ട് റണ്‍സ് മാത്രമാണ് സഞ്ജുവിന് ചേർക്കാനായത്. വില്യംസിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു റീസ ഹെന്‍ഡ്രിക്സിന്റെ കൈകളിലൊതുങ്ങി.

സഞ്ജുവിന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 297 റണ്‍സ് വിജയലക്ഷ്യം
ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണ്‍

സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ അക്സർ പട്ടേലിന് (1) കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍ റിങ്കു സിങ്ങും വാഷിങ്ടണ്‍ സുന്ദറും ചേർന്ന് ഇന്ത്യയുടെ സ്കോറിങ്ങിന്റെ വേഗതകൂട്ടുകയായിരുന്നു. 27 പന്തില്‍ 38 റണ്‍സെടുത്ത റിങ്കുവിന്റെ ഇന്നിങ്സാണ് ഇന്ത്യന്‍ സ്കോർ 290 കടത്തിയത്.

മൂന്ന് വിക്കറ്റെടുത്ത ബ്യൂറന്‍ ഹെന്‍ഡ്രിക്സ് പുറമെ നന്ദ്രെ ബർഗർ രണ്ടും ലിസാഡ് വില്യംസ്, വിയാന്‍ മള്‍ഡർ, കേശവ് മഹരാജ് എന്നിവർ ഓരോ വിക്കറ്റും നേടി.

logo
The Fourth
www.thefourthnews.in