2024 ടി20 ലോകകപ്പ്: 'ഇന്ത്യന്‍' കരുത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നവർ

2024 ടി20 ലോകകപ്പ്: 'ഇന്ത്യന്‍' കരുത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നവർ

അമേരിക്ക, കാനഡ എന്നീ ടീമുകളില്‍ നിരവധി ഇന്ത്യന്‍ വംശജരാണുള്ളത്

ട്വന്റി 20 ലോകകപ്പിന്റെ ആതിഥേയത്വം അമേരിക്കയ്ക്ക് സമ്മാനിച്ചതോടെ ക്രിക്കറ്റിന്റെ ആഗോളസ്വീകാര്യത വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഐസിസിക്കുള്ളത്. പ്രത്യേകിച്ചും അമേരിക്കയില്‍ മേജർ ലീഗ് ക്രിക്കറ്റിന് (എംഎല്‍സി) ആസ്വാദകരുമുണ്ടായ സാഹചര്യത്തില്‍. അതുകൊണ്ട് തന്നെ ലോകകപ്പില്‍ കൂടുതല്‍ ടീമുകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2022ല്‍ 12 ടീമുകള്‍ മാത്രമായിരുന്നെങ്കില്‍ ഇത്തവണ 20 ആയി ഉയർത്തി. അങ്ങനെ ലോകകപ്പില്‍ ഇടം പിടിച്ച ടീമുകളാണ്, അമേരിക്ക, കാനഡ, ഉഗാണ്ട, നമീബിയ, പപ്പുവ ന്യൂ ഗിനി എന്നിവയെല്ലാം.

ആതിഥേയ രാജ്യമെന്ന ആനുകൂല്യമാണ് അമേരിക്കയെ കുട്ടിക്രിക്കറ്റ് പൂരത്തിലേക്ക് അടുപ്പിച്ചത്. രസകരമായ വസ്തുതയെന്തെന്നാല്‍ അമേരിക്കയും കാനഡയും ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ ബി ടീം തന്നെയാണ്. ഏഴ് ഇന്ത്യന്‍ വംശജരാണ് ലോകകപ്പില്‍ അമേരിക്കന്‍ ജഴ്‌സി അണിയുന്നത്. അമേരിക്കയ്ക്കൊപ്പം തന്നെ ഇന്ത്യന്‍ വംശജരുള്ള സംഘമാണ് കാനഡയുടേതും.

ഇന്ത്യയുള്‍പ്പെട്ട എ ഗ്രൂപ്പില്‍ തന്നെയാണ് കാനഡയും അമേരിക്കയുമുള്ളത്. അതിനാല്‍ തന്നെ ഒരു ഇന്ത്യന്‍ പോരാട്ടം തന്നെ ഗ്രൂപ്പില്‍ കാണാനാകും. അമേരിക്കയ്ക്ക് പുറമെ ഒമാന്‍, ഉഗാണ്ട ടീമുകളിലും ഇന്ത്യന്‍ വംശജരുണ്ട്.

നവ്‌നീത് ധാലിവാള്‍
നവ്‌നീത് ധാലിവാള്‍

കനേഡിയന്‍ നിരയിലെ പ്രധാന ബാറ്റർമാരിലൊരാളാണ് നവ്‌നീത് ധാലിവാള്‍. പഞ്ചാബിലെ ചണ്ഡിഗഡാണ് നവ്‌നീതിന്റെ ജന്മനാട്. ഇതുവരെ 30 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ച വലം കയ്യന്‍ ബാറ്റർ 131 സ്ട്രൈക്ക് റേറ്റില്‍ 870 റണ്‍സും നേടിയിട്ടുണ്ട്. രവീന്ദർപാല്‍ സിങ്ങാണ് കാനഡയ്ക്കായി ബാറ്റിങ്ങിനിറങ്ങുന്ന മറ്റൊരു ഇന്ത്യന്‍ വംശജന്‍. 29 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളാണ് രവീന്ദർപാല്‍ കളിച്ചിട്ടുള്ളത്.

2024 ടി20 ലോകകപ്പ്: 'ഇന്ത്യന്‍' കരുത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നവർ
കളത്തില്‍ തിളങ്ങിയവര്‍ കരയ്ക്കിരിക്കും! ഐപിഎല്‍ ആവേശം ലോകകപ്പിന് വഴിമാറുമ്പോള്‍ ഇന്ത്യയ്ക്ക് 'ക്ഷീണം'
 രവീന്ദർപാല്‍ സിങ്
രവീന്ദർപാല്‍ സിങ്

ഓള്‍ റൗണ്ടറായ ഹാർഷ് താക്കർ കാനഡയ്ക്കായി 27 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 23 വിക്കറ്റും 364 റണ്‍സും നേടിയിട്ടുണ്ട്. ടീമിലെ മറ്റൊരു ഓള്‍ റൗണ്ടറാണ് പർഗത് സിങ്ങ്. 16 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് ലോകകപ്പിനിറങ്ങുന്നത്. ശ്രേയസ് വാസുദേവ റെഡ്ഡി, ദില്‍പ്രീത് സിങ് ബജ്‍‌വ, റിഷിവ് ജോഷി എന്നിവരാണ് ടീമിലെ മറ്റ് ഇന്ത്യന്‍ വംശജർ.

മോനങ്ക് പട്ടേല്‍
മോനങ്ക് പട്ടേല്‍

അമേരിക്കന്‍ നിരയിലേക്ക് എത്തിയാല്‍ മേജർ ലീഗ് ക്രിക്കറ്റ് (എംഎല്‍സി), ഇന്റർനാഷണല്‍ ലീഗ് ടി20 എന്നീ ലീഗുകളിലെ പ്രമുഖ താരങ്ങളും ലോകകപ്പ് ടീമിലുണ്ട്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയായ മോനങ്ക് പട്ടേലാണ് അമേരിക്കന്‍ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ. ഇന്റർനാഷണല്‍ ലീഗ് ടി20യില്‍ മുംബൈ എമിരേറ്റ്‍‌സിന്റെ താരമാണ് മോനങ്ക്. അമേരിക്കയ്ക്കായി ഏകദനിത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള രണ്ടാമത്തെ താരം കൂടിയാണ് മോനങ്ക്.

ഹർമീത് സിങ്ങ്
ഹർമീത് സിങ്ങ്

ഇന്ത്യയ്ക്കായി രണ്ട് തവണ അണ്ടർ 19 ലോകകപ്പിനിറങ്ങിയ ഹർമീത് സിങ് ഇത്തവണ അമേരിക്കന്‍ ടീമിലുണ്ട്. ഐപിഎല്ലിലെ വാതുവെപ്പ് വിവാദത്തില്‍ ഹർമീതിന്റെ പേരും ഉയർന്നു വന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ഹർമീതിനെ സമീപിച്ചിരുന്നതായി വാതുവെപ്പുകാരന്‍ ആരോപിച്ചു. എന്നാല്‍ ബിസിസിഐയുടെ അന്വേഷണത്തില്‍ ഹർമീത് നിരപരാധിയാണെന്ന് വ്യക്തമായി.

2024 ടി20 ലോകകപ്പ്: 'ഇന്ത്യന്‍' കരുത്തില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്നവർ
ഒരു 'ഗംഭീര' വിജയഗാഥ
മിലിന്ദ് കുമാർ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹി, സിക്കിം ടീമുകള്‍ക്കായി 46 മത്സരങ്ങളില്‍ 2988 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് അമേരിക്കന്‍ നിരയിലെ പ്രധാന ഓള്‍റൗണ്ടർ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌ ബെംഗളൂരുവിന്റേയും ഡല്‍ഹി ഡെയർഡെവിള്‍സിന്റേയും ഭാഗമായിരുന്നു മിലിന്ദ്. എംഎല്‍സിയില്‍ ടെക്സാസ് സൂപ്പർ കിങ്സിന്റെ താരമാണ് മിലിന്ദ്.

സൗരഭ് നേത്രാവല്‍ക്കർ
സൗരഭ് നേത്രാവല്‍ക്കർ

ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന സൗരഭ് നേത്രാവല്‍ക്കറും അമേരിക്കന്‍ നിരയിലുണ്ട്. ഇന്റർനാഷണല്‍ ലീഗ് ട്വന്റി 20യില്‍ ഗള്‍ഫ് ജയന്റ്സിന്റെ ഭാഗമാണ് ഇടം കയ്യന്‍ പേസർ.

ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ നിസർഗ് പട്ടേലും അമേരിക്കന്‍ നിരയിലുണ്ട്. എംഎല്‍സിയില്‍ സിയാറ്റില്‍ ഓർക്കാസിന്റെ ഭാഗമാണ് നിസർഗ്. നേരത്തെ കാനഡയ്ക്കായി കളിച്ചിരുന്ന നിതീഷ് കുമാറാണ് അമേരിക്കയുടെ മറ്റൊരു ഇന്ത്യന്‍ വംശജന്‍. മുന്‍നിര ബാറ്ററാണ് നിതീഷ്. എംഎല്‍സിയില്‍ മുംബൈ ന്യൂയോർക്ക് താരമായ ജെസ്‌ദീപ് സിങ്ങും ടീമിലുണ്ട്.

കശ്യപ് പ്രജാപതി
കശ്യപ് പ്രജാപതി

അമേരിക്കയ്ക്കും കാനഡയ്ക്കും ശേഷം ഏറ്റവുമധികം ഇന്ത്യന്‍ വംശജരുള്ള ടീം ഒമാനാണ്. മൂന്ന് പേരാണ് ഒമാനൊപ്പമുള്ളത്. ഒമാന്റെ മുന്‍നിര ബാറ്ററായ കശ്യപ് പ്രജാപതി ഗുജറാത്ത് സ്വദേശിയാണ്. 41 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് വലം കയ്യന്‍ ബാറ്റർ 812 റണ്‍സ് നേടിയിട്ടുണ്ട്. മധ്യപ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള അയാന്‍ ഖാനും മഹാരാഷ്ട്ര സ്വദേശിയായ പ്രാതിക്ക് അതാവാലെയുമാണ് മറ്റ് രണ്ട് താരങ്ങള്‍.

ഉഗാണ്ടയുടെ ടീമിലുമുണ്ട് ഇന്ത്യന്‍ സാന്നിധ്യം. സൗരാഷ്ട്രയ്ക്കായി ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിട്ടുള്ള ദിനേഷ് നക്രാണിയാണ് താരം. ഓള്‍ റൗണ്ടറായ ദിനേഷ് 56 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 881 റണ്‍സും 67 വിക്കറ്റും നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in