അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

സുപ്രധാന താരങ്ങളുടെ പരുക്കും അഭാവവും മാത്രമല്ല ട്വന്റി20 ലോകകപ്പിന് മുന്‍പ് ടീമെന്ന നിലയില്‍ സജ്ജമാകാനുള്ള ഇന്ത്യയുടെ അവസാന അവസരം കൂടിയാണ് പരമ്പര

ട്വന്റി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ പലകാര്യങ്ങള്‍ കൊണ്ടും അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങള്‍ മാത്രമുള്ള പരമ്പര ഇന്ത്യയ്ക്ക് നിർണായകവും വെല്ലുവിളിയുമാണ്. ഇന്ന് മൊഹാലിയില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രോഹിത് ശർമ നയിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നില്‍ ആശങ്കയുടെ വലിയൊരു പട്ടിക തന്നെ ഉണ്ടെന്ന് പറയാം. സുപ്രധാന താരങ്ങളുടെ പരുക്കും അഭാവവും മാത്രമല്ല ട്വന്റി20 ലോകകപ്പിന് മുന്‍പ് ടീമെന്ന നിലയില്‍ സജ്ജമാകാനുള്ള ഇന്ത്യയുടെ അവസാന അവസരം കൂടിയാണ് പരമ്പര.

രോഹിത്-കോഹ്ലി തിരിച്ചുവരവ്

2022 ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്തായതിനുശേഷം ആദ്യമായാണ് ഫോർമാറ്റില്‍ രോഹിതും വിരാട് കോഹ്ലിയും തിരിച്ചെത്തുന്നത്. ആദ്യ മത്സരത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കോഹ്ലി കളിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ മറ്റ് രണ്ട് മത്സരങ്ങളിലും ഇരുവരേയും ഒരുമിച്ച് കളത്തില്‍ കാണാന്‍ കഴിഞ്ഞേക്കും.

അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?
കളത്തില്‍ സമ്പൂർണ ആധിപത്യം, ജനപ്രിയന്‍; ആരാധകരുടെയും സഹതാരങ്ങളുടെയും പ്രിയപ്പെട്ട കൈസര്‍

ഇരുവരുടേയും തിരിച്ചുവരവില്‍ രണ്ട് തരം വ്യാഖ്യാനങ്ങളാണ് നിലവിലുള്ളത്. ഒന്ന്, ട്വന്റി20 ലോകകപ്പില്‍ ഇരുവരും ഉണ്ടാകുമെന്നുള്ളതിന്റെ സൂചന. രോഹിതും കോഹ്ലിയും ട്വന്റി20 ലോകകപ്പ് ടീമില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായി ബിസിസിഐ വൃത്തങ്ങളെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത്‌ തന്നെ ടീമിനെ നയിക്കണമെന്നാണ് ബിസിസിഐയുടെ നിലപാടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

രണ്ടാമതായി, രോഹിതിന്റെ അഭാവത്തില്‍ ഇന്ത്യയെ ട്വന്റി20യില്‍ നയിച്ച ഹാർദിക്ക് പാണ്ഡ്യയും ഈ ഫോർമാറ്റിലെ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവും പരുക്കുമൂലം പുറത്തായതുമാണ്. ഇരുവരും ട്വന്റി20 ലോകകപ്പിന് മുന്‍പ് ആരോഗ്യം വീണ്ടെടുക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്-കോഹ്ലി ദ്വയത്തിനെക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ബിസിസിഐക്ക് മുന്നില്‍ ഇല്ലെന്നുതന്നെ വിലയിരുത്താനാകും.

ഇനിയൊരു അവസരമില്ല

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയാണ് അഫ്ഗാനെതിരായത്. ശേഷം ഇംഗ്ലണ്ടിനെതിരായുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 25ന് ആരംഭിക്കുന്ന പരമ്പര അവസാനിക്കുന്നത് മാർച്ച് ഏഴിനാണ്. മാർച്ച് അവസാനത്തോടെ ഇന്ത്യന്‍ പ്രീമിയർ ലീഗിന് (ഐപിഎല്‍) തുടക്കമാകുകയും ചെയ്യും. മേയ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന ടൂർണമെന്റിന് തൊട്ടുപിന്നാലെ ജൂണ്‍ ആദ്യവാരം ട്വന്റി20 ലോകകപ്പിനും കൊടിയേറും.

അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?
തിരിച്ചുവരവ് താത്കാലികമോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് അഫ്ഗാനെതിരായ ടീം തിരഞ്ഞെടുപ്പ്

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയാറെടുപ്പുകള്‍ അഫ്ഗാന്‍ പരമ്പരയോടെ അവസാനിക്കുകയും ചെയ്യും. ഏകദിന ലോകകപ്പിന് മുന്നോടിയായിതന്നെ ഇന്ത്യയുടെ ടീം ഘടനയും ശൈലിയും വ്യക്തമായിരുന്നു. ഏഷ്യ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയുമായിരുന്നു ഇതിന് സഹായകരമായത്. ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയുടെ കരുത്തായ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ടീമിലിടം ഉറപ്പിച്ചതും ഇക്കാലയളവിലായിരുന്നു. നേരത്തെ ടീം സജ്ജമായത് ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തിലും പ്രതിഫലിച്ചിരുന്നു.

അത്തരമൊരു അവസരം ഇന്ത്യയ്ക്ക് മുന്നില്‍ നിലവിലില്ല എന്നതാണ് വെല്ലുവിളി. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കുമെതിരെ കഴിഞ്ഞ മാസങ്ങളില്‍ ട്വന്റി20 പരമ്പരകള്‍ കളിച്ചെങ്കിലും പല താരങ്ങളുടേയും അഭാവമുണ്ടായിരുന്നു. പൂർണമായൊരു ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നില്ല.

എല്ലാം ഐപിഎല്ലില്‍, സഞ്ജുവിനും നിർണായകം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്വന്റി20 മത്സരങ്ങള്‍ അവശേഷിക്കാത്ത സാഹചര്യത്തില്‍ ടീം തിരഞ്ഞെടുപ്പില്‍ നിർണായകമാകുക താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനങ്ങളായിരിക്കും. ഇക്കാര്യം ദ്രാവിഡ്‌തന്നെ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിലൂടെ ടീമിലെത്തിയ റിങ്കു സിങ്, ജിതേഷ് ശർമ, തിലക് വർമ, യശസ്വി ജയ്സ്വാള്‍, മുകേഷ് കുമാർ എന്നിവർക്ക് ഒരിക്കല്‍ക്കൂടി പരീക്ഷണഘട്ടം താണ്ടേണ്ടി വന്നേക്കാം.

ഏകദിനത്തില്‍ സ്ഥിരത പുലർത്തുന്നുണ്ടെങ്കിലും ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഇതുവരെ തിളങ്ങാന്‍‍ മലയാളി താരം സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. 24 കളികളില്‍ നിന്ന് 374 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം, ശരാശരിയാകട്ടെ 20ല്‍ താഴെയും. അഫ്ഗാന്‍ പരമ്പരയും ഐപിഎല്ലും ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം കൂടിയാണ് സഞ്ജുവിന്. പ്രത്യേകിച്ചും ഫിനിഷറുടെ റോളില്‍ ജിതേഷ് ശർമയേയും പരിഗണിക്കുന്ന പശ്ചാത്തലത്തില്‍.

അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?
മൂന്ന് സുവർണ നിമിഷങ്ങള്‍; ഇന്ത്യന്‍ കായികപ്രേമികള്‍ കാത്തിരിക്കുന്നു

ടീം ഘടനയില്‍ തലവേദന

രോഹിത് ശർമയുടെ മടങ്ങി വരവോടെ ഓപ്പണറുടെ റോള്‍ ആർക്കെന്നതിലെ തർക്കം അവസാനിച്ചു കഴിഞ്ഞു. ഒപ്പം ഇടം കയ്യന്‍ ബാറ്ററായ യശസ്വി ജയ്സ്വാളിനായിരിക്കും മുന്‍ഗണന. ടെസ്റ്റ് ക്രിക്കറ്റിലുള്‍പ്പെടെ രോഹിതിനൊപ്പം ശുഭ്മാന്‍ ഗില്ലിന് പകരം ജയ്സ്വാളിനെയാണ് ടീം മാനേജ്മെന്റെ പരീക്ഷിക്കുന്നതും.

ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, തിലക് വർമ, സഞ്ജു സാംസണ്‍, ജിതേഷ് വർമ, റിങ്കു സിങ്, ശിവം ദുബെ എന്നിങ്ങനെ നീളുന്നു ബാറ്റർമാരുടെ പട്ടിക. രാഹുല്‍, ശ്രേയസ്, ഇഷാന്‍ കിഷന്‍, സൂര്യകുമാർ, ഹാർദിക് പാണ്ഡ്യ, റുതുരാജ് ഗെയ്ക്വാദ് എന്നിവർ പുറത്തും നില്‍ക്കുന്നു. ട്വന്റി20 ലോകകപ്പില്‍ പല പ്രമുഖ താരങ്ങളും പുറത്തിരിക്കേണ്ടി വന്നേക്കുമെന്ന സൂചനയാണ് നീണ്ട നിര നല്‍കുന്നത്.

ബൗളിങ്ങിലേക്ക് എത്തിയാലും കാര്യങ്ങള്‍ സമാനമാണ്. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് ത്രയമില്ലാതെയാണ് അഫ്ഗാനെതിരെ ഇന്ത്യ ഇറങ്ങുന്നത്. മുകേഷ് കുമാർ, അർഷദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരാണ് പകരക്കാരായി കളിക്കുന്നത്. ഷമി ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ്.

ഏകദിന ലോകകപ്പിലെ താരത്തിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത വിരളമാണ്. ബുംറയും സിറാജും അങ്ങനെതന്നെ. അക്സർ പട്ടേല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദർ എന്നിവരാണ് സ്പിന്നർമാരുടെ പട്ടികയിലുള്ളത്. സുന്ദറും അക്സറും ഓള്‍ റൗണ്ടർമാരുകൂടിയാണ്.

logo
The Fourth
www.thefourthnews.in