ബെറാത്താണ് ഹീറോ; കുസൃതിയില്‍ പിറന്ന സുന്ദര നിമിഷം

ഇരുകൈകളും വിടർത്തി പുഞ്ചിരിയുമായുള്ള വരവിനെ തടുക്കാൻ റൊണാള്‍ഡോയ്ക്കുമായില്ല. ബെറാത്തിന്റെ ആഗ്രഹത്തിനൊപ്പം റൊണാള്‍ഡോയും ഗ്യാലറിയും ഒപ്പം നിന്നു

തലേന്ന് രാത്രി അവൻ ഉറങ്ങിയിട്ടുണ്ടാകില്ല, കാരണം മനസ് നിറയെ തന്റെ ഹീറൊ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കൊപ്പമുള്ള നിമിഷമായിരുന്നു. കൂട്ടുകാരോടെല്ലാം അവൻ പറഞ്ഞിരുന്നു. അവന്റെ വാക്കുകള്‍ക്ക് പുഞ്ചിരിയായിരുന്നു കുട്ടുകാരുടെ മറുപടി. ആരും വിശ്വസിച്ചില്ല. പക്ഷേ, കായിക ലോകത്തിനും ഫുട്ബോള്‍ പ്രേമികള്‍ക്കും ഒരു സുന്ദര നിമിഷമായിരുന്നു പത്തുവയസുകാരൻ ബെറാത്ത് കാത്തുവെച്ചത്.

ഗ്രൂപ്പ് എഫിലെ പോർച്ചുഗല്‍ - തുർക്കി മത്സരത്തിന് പിതാവ് സെറ്റിനൊട് പറഞ്ഞ് ബെറാത്ത് ടിക്കറ്റൊപ്പിച്ചു. സെറ്റിന്റെ കൈപിടിച്ച് സിഗ്നല്‍ ഇഡ്യൂന പാർക്കിലെത്തി. ഓർമവെച്ചകാലം മുതല്‍ തന്നെ കോരിത്തരിപ്പിച്ച ആ ഏഴാം നമ്പർ ജേഴ്‌സിക്കാരന്റെ മായാജാലങ്ങള്‍ അകലെ നിന്ന് കണ്‍കുളിർക്കെ കണ്ടു. ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല, അപ്പോഴാണ് മനസിലൊരു കുസൃതി തോന്നിയത്.

രണ്ടാം പകുതിയ്ക്ക് ശേഷം ചെറിയൊരു ഇടവേള വന്ന സമയം. സെറ്റിനൊട് വാഷ്‌റൂമിലേക്ക് പോകണമെന്നൊരു കുഞ്ഞുനുണ ബെറാത്ത് പറഞ്ഞു. പിന്നീട് സെറ്റിൻ ബെറാത്തിനെ കാണുന്നത് സബ്‌സ്റ്റിറ്റ്യൂട്ടുകളുടെ ഡഗൗട്ടിന് മുകളിലായിരുന്നു. കണ്ണടച്ചു തുറന്ന സമയംകൊണ്ട് സുരക്ഷാജീവനക്കാരെ കബളിപ്പിച്ച് റൊണാള്‍ഡോയ്ക്ക് അരികിലേക്ക് അവൻ പാഞ്ഞു. കയ്യിലൊരു മൊബൈലുമുണ്ടായിരുന്നു.

ഇരുകൈകളും വിടർത്തി പുഞ്ചിരിയുമായുള്ള വരവിനെ തടുക്കാൻ റൊണാള്‍ഡോയ്ക്കുമായില്ല. ബെറാത്തിന്റെ ആഗ്രഹത്തിനൊപ്പം റൊണാള്‍ഡോയും ഗ്യാലറിയും ഒപ്പം നിന്നു. മതിയാവോളം ചിത്രങ്ങള്‍ അവൻ ഫോണില്‍ പകർത്തി. ഒട്ടും ടെൻഷനില്ലായിരുന്നു അവന്റെ മുഖത്ത്, നിറപുഞ്ചിരി മാത്രം.

അപ്പോഴേക്കും രണ്ടാം റൗണ്ട് ഓട്ടത്തിന് സമയമായിരുന്നു. കാരണം സുരക്ഷ ജീവനക്കാരുടെ ഒരു പട തന്നെ അവന് പിന്നിലുണ്ടായിരുന്നു. ബ്രൂണോയ്ക്ക് റോണാള്‍ഡൊ നല്‍കിയ നിസ്വാർഥമായ അസിസ്റ്റിനേക്കാള്‍ മനോഹരമായ ഒരു നിമിഷം സമ്മാനിച്ചുകൊണ്ട് അവൻ വീണ്ടും പാഞ്ഞു. പത്തു സെക്കൻഡ് ഓട്ടത്തിനൊടുവില്‍ നാല് സുരക്ഷ ജീവനക്കാർ ചേർന്നാണ് ബെറത്തിനെ പിടികൂടിയത്.

ആറുപതിനായിരത്തലധികം വരുന്ന കാണികള്‍ ഏഴുനേറ്റ് നിന്ന് കയ്യടിച്ചായിരുന്നു ബെറാത്തിന് കളത്തിന് പുറത്തേക്ക് വഴിയൊരുക്കിയത്. അത്രമേല്‍ അവരെ അവൻ സന്തോഷിപ്പിച്ചിരുന്നു. ചെക്കന്റെ കുസൃതിയൊക്കെ സെറ്റിനും ആസ്വദിച്ചു. പക്ഷേ, പിഴകൊടുത്ത് പോക്കറ്റ് കാലിയാകുമോയെന്നായിരുന്നു മനസിലെ ചിന്ത.

ബെറാത്താണ് ഹീറോ; കുസൃതിയില്‍ പിറന്ന സുന്ദര നിമിഷം
പറക്കുന്ന ലോങ് റേഞ്ചറുകള്‍, പരിഭ്രമിപ്പിക്കുന്ന സെല്‍ഫുകള്‍; സംഭവബഹുലമാണ് യൂറോ

എന്തോ ഭാഗ്യമെന്ന് പറയാം, ബെറാത്തിന്റെ കുസൃതിയില്‍ യുഇഎഫ്എയും കണ്ണടച്ചു. സ്കൂളില്‍ അധ്യാപകർ കൊടുക്കുന്നപോലെ ബെറാത്തിന് ഒരു ചെറിയ താക്കീതിലൊതുക്കി ശിക്ഷ. സ്വപ്നം സാക്ഷാത്കരിച്ചുവെന്നായിരുന്നു ഒരു ജർമൻ മാധ്യമത്തിനോട് ബെറാത്ത് പറഞ്ഞത്. ഇനിയാ ചിത്രം തന്റെ റൂമിലെ ഭിത്തിയിലുണ്ടാകുമെന്നും പറഞ്ഞുവെച്ചു പത്തുവയസുകാരൻ.

ബെറാത്ത് ഒരു സാധാരണ ഫുട്ബോള്‍ ആരാധകൻ മാത്രമല്ല, ഒരു ഫുട്ബോള്‍ താരം കൂടിയാണ്. കെസലിലെ പ്രാദേശിക ക്ലബ്ബായ കെഎസ്‌വി ഹെസന്റെ താരമാണ്. ബെറാത്ത് ഉള്‍പ്പെടെ അഞ്ച് പേരാണ് സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ആ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് അരികിലേക്ക് എത്തിയത്. ഇതിന്റെ പേരില്‍ യുഇഎഫ്എ കണക്കിന് പഴിയും കേള്‍ക്കുന്നുണ്ട്. പക്ഷെ ബെറാത്ത് സമാധാനത്തോടെ ഉറങ്ങുകയാണ്, ഒരു ആയുസിനുകൂട്ടായി ലഭിച്ച നിമിഷവും വാരിപ്പുണർന്ന്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in