പറക്കുന്ന ലോങ് റേഞ്ചറുകള്‍, പരിഭ്രമിപ്പിക്കുന്ന സെല്‍ഫുകള്‍; സംഭവബഹുലമാണ് യൂറോ

പറക്കുന്ന ലോങ് റേഞ്ചറുകള്‍, പരിഭ്രമിപ്പിക്കുന്ന സെല്‍ഫുകള്‍; സംഭവബഹുലമാണ് യൂറോ

ഗോള്‍ മുഹൂര്‍ത്തങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ഒരുക്കുകയാണ് ജര്‍മന്‍ മണ്ണില്‍ നടന്നു വരുന്ന 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

വാരകള്‍ അകലെ നിന്നു പായിക്കുന്ന ഷോട്ട് ഗോള്‍വലയില്‍ ഓളംതീര്‍ക്കുന്നതിനേക്കാള്‍ മനോഹരമായ ഒരു കാഴ്ച ലോകഫുട്‌ബോളില്‍ ഉണ്ടാകില്ല. അത്തരം മുഹൂര്‍ത്തങ്ങളുടെ ഒരു കമനീയ ശേഖരം തന്നെ ഒരുക്കുകയാണ് ജര്‍മന്‍ മണ്ണില്‍ നടന്നു വരുന്ന 2024 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്. മത്സരങ്ങള്‍ രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോള്‍ ഇതുവരെ 10 ലോങ്‌റേഞ്ചറുകളാണ് വലയ്ക്കുള്ളില്‍ കയറിയത്.

അതില്‍ത്തന്നെ ഏറ്റവും മനോഹരം എന്ന് എടുത്തു പറയാവുന്നത് യുക്രെയ്‌നെതിരേ റൊമേനിയന്‍ താരം നിക്കോളെ സ്റ്റാന്‍സ്യു നേടിയ ഗോളാണ്. ഗോള്‍വരയില്‍ നിന്നു 20 വാരയോളം അകലെ നിന്ന് ഫസ്റ്റ് ടച്ചില്‍ സ്റ്റാന്‍സ്യു പായിച്ച ഷോട്ട് വലയുടെ ഇടത്തേ മൂലയിലാണ് പതിച്ചത്. ബാറിനു കീഴില്‍ യുക്രെയ്ന്‍ ഗോള്‍കീപ്പര്‍ ആന്ദ്രെ ലുനിന്‍ വായുവില്‍ മുഴുനീള ഡൈവ് നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

യുക്രെയ്‌നെതിരേ റൊമേനിയന്‍ താരം നിക്കോളെ സ്റ്റാന്‍സ്യു ഗോള്‍ നേടുന്നു.
യുക്രെയ്‌നെതിരേ റൊമേനിയന്‍ താരം നിക്കോളെ സ്റ്റാന്‍സ്യു ഗോള്‍ നേടുന്നു.

സ്റ്റാന്‍സ്യു നേടിയ ഈ മിന്നും ഗോളിനോടു കിടപിടിക്കുന്ന ഒന്നാണ് സ്‌കോട്ട്‌ലന്‍ഡിനെതിരേ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില സമ്മാനിച്ച സെദ്രാന്‍ ഷാക്കീരിയുടെ സ്‌കോറിങ്ങും. മത്സരത്തിന്റെ 26-ാം മിനിറ്റിലാണ് കാണികളെ ത്രസിപ്പിച്ച ആ ഗോള്‍ പിറന്നത്. സ്റ്റാന്‍സ്യുവിന്റെ ഗോളിന് സമാനമായി എതിരാളികളുടെ പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഷാക്കീരിയും ലക്ഷ്യം കണ്ടത്.

സ്റ്റാന്‍സ്യുവിന്റെ ഗോളിന്റെ തനിപ്പകര്‍പ്പ്, പക്ഷേ ഇടങ്കാല്‍ ഷോട്ട് ആയിരുന്നുവെന്ന വ്യത്യാസം മാത്രം. സ്വിസ് താരത്തിന്റെ ബൂട്ടില്‍ നിന്നു പാഞ്ഞ പന്ത് മഴവില്‍ കണക്കെ വളഞ്ഞാണ് ഗോള്‍കീപ്പറെ കബളിപ്പിച്ച് വലയില്‍ കയറിയത്. സമാനമായ രീതിയില്‍ ഒരു മഴവില്‍ ഷോട്ടിലൂടെ ചെക്ക് റിപ്പബ്ലിക് താരം ലൂക്കാസ് പ്രൊവോഡും കൈയടി നേടി. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിനെതിരേയായിരുന്നു ആ ഗോള്‍.

സ്‌കോട്ട്‌ലന്‍ഡിനെതിരേ സ്വിസ് താരം സെദ്രാന്‍ ഷാക്കീരിയുടെ ഗോള്‍
സ്‌കോട്ട്‌ലന്‍ഡിനെതിരേ സ്വിസ് താരം സെദ്രാന്‍ ഷാക്കീരിയുടെ ഗോള്‍

മറ്റൊരു മനോഹര ലോങ്‌റേഞ്ചര്‍ കണ്ടത് ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് പോരാട്ടത്തിലാണ്. ഇംഗ്ലീഷുകാര്‍ക്കെതിരേ ഡച്ച് ടീമിന് സമനില നേടിക്കൊടുത്ത മോര്‍ട്ടന്‍ ഹ്യൂല്‍മാന്‍ഡാണ് സ്‌കോര്‍ ചെയ്തത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ആ മത്സരത്തിലെ ഗോള്‍ വീക്ഷിച്ച ഇതിഹാസ താരം ഗ്യാരി ലിനേക്കര്‍ ബിബിസിക്കായുള്ള കമന്ററിയില്‍ അതിനിലെ വിശേഷിപ്പിച്ചത് 'ലക്ഷത്തില്‍ ഒന്ന്' എന്നായിരുന്നു. ആ വിശേഷണത്തിലുണ്ട് ഗോളിന്റെ ഭംഗി.

സ്‌കോട്ട്‌ലന്‍ഡിനെതിരേ ജര്‍മന്‍ യുവതാരം ഫ്‌ളോറിയന്‍ വിര്‍റ്റ്‌സിന്റെ ലോങ്‌റേഞ്ചര്‍ കണ്ടുകൊണ്ടാണ് യൂറോ ആരംഭിച്ചതു തന്നെ. അതേ മത്സരത്തില്‍ തന്നെ ഒരു ലോങ്‌റേഞ്ചര്‍ കൂടി പിറന്നിരുന്നു. ജര്‍മനിയുടെ പട്ടിക തികച്ച എംറെ കാനിന്റേതായിരുന്നു അത്.

ഇംഗ്ലണ്ടിനെതിരേ ഡെന്‍മാര്‍ക്കിനു വേണ്ടി ലോങ് റേഞ്ചറിലൂടെ സമനില ഗോള്‍ നേടുന്ന മോര്‍ട്ടന്‍ ഹ്യൂല്‍മാന്‍ഡ്‌
ഇംഗ്ലണ്ടിനെതിരേ ഡെന്‍മാര്‍ക്കിനു വേണ്ടി ലോങ് റേഞ്ചറിലൂടെ സമനില ഗോള്‍ നേടുന്ന മോര്‍ട്ടന്‍ ഹ്യൂല്‍മാന്‍ഡ്‌

ജോര്‍ജിയയ്‌ക്കെതിരേ തുര്‍ക്കി താരം മെര്‍ഡ് മുള്‍ദുര്‍, സ്വിസ് താരം മിഷേല്‍ അബിഷെര്‍, ഇറ്റാലിയന്‍ താരം നിക്കോളോ ബരേല്ല, നെതര്‍ലന്‍ഡ്‌സ് താരം കോഡി ഗാക്‌പോ, സ്ലോവേനിയന്‍ താരം എറിക് യാന്‍സ എന്നിവരും ബോക്‌സിനു പുറത്തു നിന്ന് ഗോള്‍ നേടി ഗ്യാലറിയെ ഞെട്ടിച്ച താരങ്ങളുടെ പട്ടികയില്‍പ്പെടും.

മിസൈല്‍ വേഗത്തിലുള്ള ലോങ്‌റേഞ്ചറുകള്‍ കണ്ട് ആഹ്‌ളാദിക്കുന്നതിനിടയില്‍ പരിഭ്രാന്തി പരത്തുന്ന സെല്‍ഫ് ഗോളുകള്‍ക്കും ഈ യൂറോയില്‍ പഞ്ഞമില്ലെന്നു വേണം പറയാന്‍. ടൂര്‍ണമെന്റ് ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ ആറ് സെല്‍ഫ് ഗോളുകളാണ് ഈ യൂറോയില്‍ പിറന്നത്. ഉദ്ഘാടന മത്സരമായ ജര്‍മനി-സ്‌കോട്ട്‌ലന്‍ഡ് പോരാട്ടത്തില്‍ തന്നെ സെല്‍ഫ് ഗോള്‍ കളി തുടങ്ങിയിരുന്നു.

ജര്‍മനിയുടെ വിശ്വസ്ത പ്രതിരോധ ഭടനായ ആന്റോണിയോ റൂഡിഗറാണ് ഈ യൂറോയിലെ ആദ്യ സെല്‍ഫ് ഗോള്‍ സ്വന്തം പേരിലെഴുതിയത്. ആദ്യ മത്സരത്തില്‍ തന്നെ അഞ്ചു ഗോളുകള്‍ വഴങ്ങിയ സ്‌കോട്ടിഷ് ടീമിന് അത് ആശ്വാസമാകുകയും ചെയ്തു. കരുത്തരായ ഫ്രാന്‍സാണ് അടുത്തതായി സെല്‍ഫ് ഗോളിന്റെ ആനുകൂല്യം നേടിയത്.

സ്‌കോട്ട്‌ലന്‍ഡിനെതിരേ സ്വന്തം വലയിലേക്ക് പന്ത് ഹെഡ് ചെയ്യുന്ന ജര്‍മന്‍ താരം അന്റോണിയോ റൂഡിഗര്‍.
സ്‌കോട്ട്‌ലന്‍ഡിനെതിരേ സ്വന്തം വലയിലേക്ക് പന്ത് ഹെഡ് ചെയ്യുന്ന ജര്‍മന്‍ താരം അന്റോണിയോ റൂഡിഗര്‍.

ഫ്രഞ്ച് പടയ്‌ക്കെതിരേ പൊരുതിനിന്ന ഓസ്ട്രിയയ്ക്ക് തങ്ങളുടെ തന്നെ താരം മാക്‌സിമിലിയന്‍ വോബറുടെ പിഴവ് തിരിച്ചടിയായി. സ്വന്തം വലയിലേക്ക് വോബര്‍ തട്ടിയിട്ട പന്തില്‍ ഓസ്ട്രിയ തലകുനിച്ചപ്പോള്‍ ഫ്രാന്‍സ് ജയത്തോടെ യൂറോയില്‍ പ്രയാണം തുടങ്ങി. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിനും ലഭിച്ചു ഈ ആനുകൂല്യം.

പറങ്കിപ്പടയെ വിറപ്പിച്ചു നിര്‍ത്തിയ ചെക്ക് റിപ്പബ്ലിക്കിനെതിരേ ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും തിരിച്ചുവരവിന് വഴിയൊരുക്കിയത് ചെക്ക് താരം റോബിന്‍ ഹ്രാനാക്കിന്റെ പിഴവാണ്. 62-ാം മിനിറ്റില്‍ പ്രോവോഡിന്റെ മനോഹരമായ ലോങ്‌റേഞ്ചറില്‍ ചെക്ക് റിപ്പബ്ലിക് മുന്നില്‍ നില്‍ക്കെയാണ് ഹ്രാനാക്ക് സ്വന്തം ടീമിന് ചെക്ക് വച്ചത്. അതോടെ ആത്മവിശ്വാസം വീണ്ടെടുത്ത പോര്‍ചുഗല്‍ ഇന്‍ജുറി ടൈമില്‍ ഒരു ഗോള്‍ കൂടി നേടി വിജയം പിടിച്ചെടുക്കുകയും ചെയ്തു.

സെല്‍ഫ്‌ഗോള്‍ വഴങ്ങിയ ശേഷം അവസാന മിനിറ്റില്‍ ടീമിന് സമനില ഗോള്‍ കണ്ടെത്തിയ അല്‍ബേനിയന്‍ താരം ക്ലോസ് യാസുലയുടെയും സഹതാരങ്ങളുടെയും ആഹ്‌ളാദം.
സെല്‍ഫ്‌ഗോള്‍ വഴങ്ങിയ ശേഷം അവസാന മിനിറ്റില്‍ ടീമിന് സമനില ഗോള്‍ കണ്ടെത്തിയ അല്‍ബേനിയന്‍ താരം ക്ലോസ് യാസുലയുടെയും സഹതാരങ്ങളുടെയും ആഹ്‌ളാദം.

വഴങ്ങിയ സെല്‍ഫ് ഗോളിന് ഗോള്‍ തിരിച്ചടിച്ചു പ്രായശ്ചിത്തം ചെയ്ത താരമാണ് അല്‍ബേനിയയുടെ ക്ലോസ് യാസുല. ശക്തരായ ക്രൊയേഷ്യയ്‌ക്കെതിരേയായിരുന്നു അത്. വന്‍ശക്തികള്‍ക്കെതിരേ മികച്ച ണ്‍പോരാട്ടവീര്യം കാഴ്ചവച്ച അല്‍ബേനിയ 1-1 എന്ന നിലയില്‍ പിടിച്ചു നില്‍ക്കവെയാണ് എതിര്‍ താരത്തിന്റെ ഷോട്ട് തടുക്കാനുള്ള ശ്രമത്തില്‍ യാസുലയ്ക്കു പിഴച്ചത്. പന്ത് ഉരുണ്ടുകയറിയത് സ്വന്തം വലയില്‍. ഇതോടെ 1-2ന് അല്‍ബേനിയ പിന്നിലാകുകയും ചെയ്തു. എന്നാല്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ 95-ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ വലയിലേക്കു പന്ത് അടിച്ചുകയറ്റി യാസുല പിഴവിന് പ്രായശ്ചിത്തം ചെയ്തു.

പറക്കുന്ന ലോങ് റേഞ്ചറുകള്‍, പരിഭ്രമിപ്പിക്കുന്ന സെല്‍ഫുകള്‍; സംഭവബഹുലമാണ് യൂറോ
അര്‍ജന്റീനയെ വിമര്‍ശിക്കാന്‍ വരട്ടെ; കളിച്ചുജയിച്ചത് ഏഴു ദിവസം പ്രായമുള്ള പുല്ലിനോട്‌!

ത്രില്ലര്‍ ഒരുക്കി ലേറ്റ് വിന്നറുകള്‍

ലോങ്‌റേഞ്ചറുകള്‍ക്കും സെല്‍ഫ് ഗോളുകള്‍ക്കും മാത്രമല്ല, കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമുള്ള അവസാന മിനിറ്റ് ഗോളുകള്‍ക്കും യൂറോയില്‍ യഥേഷ്ടം സ്ഥാനമുണ്ട്. നിശ്ചിത സമയമായ 90 മിനിറ്റിനു ശേഷം ഇതുവരെ ആറു ഗോളുകളാണ് പിറന്നത്. യൂറോ പോരാട്ടങ്ങള്‍ ഇനി നോക്കൗട്ട് റൗണ്ടുകളിലേക്കും അധികസമയ പോരാട്ടങ്ങളിലേക്കും നീളുമ്പോള്‍ ഇതിന്റെ എണ്ണം ഇനിയും കൂടാം. അത്തരം ആവേശപ്പോരാട്ടങ്ങള്‍ക്കായി കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും.

logo
The Fourth
www.thefourthnews.in