ടി എ ജാഫര്‍ അന്തരിച്ചു

ടി എ ജാഫര്‍ അന്തരിച്ചു

1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു. പിന്നീട് 1992-ലും,1993-ലും പരിശീലകനെന്ന നിലയിലും കേരളത്തെ സന്തോഷ് ട്രോഫി ജയത്തിലേക്ക് നയിച്ചിട്ടുണ്ട്

കേരളാ ഫുട്‌ബോള്‍ ടീം മുന്‍ താരവും പരിശീലകനുമായിരുന്ന ടി എ ജാഫര്‍ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ വൈസ് ക്യാപ്റ്റനായിരുന്നു കൊച്ചി സ്വദേശിയായ ജാഫര്‍. പിന്നീട് 1992-ലും,1993-ലും പരിശീലകനെന്ന നിലയിലും കേരളത്തെ സന്തോഷ് ട്രോഫി ജയത്തിലേക്ക് നയിച്ചിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയിലെ മൈതാനങ്ങളില്‍ പന്തുതട്ടിത്തുടങ്ങിയ ജാഫര്‍ പഴയകാല ക്ലബായ യംഗ്‌സ്‌റ്റേഴ്‌സിലൂടെയാണ് പ്രൊഫഷണല്‍ രംഗത്തേക്ക് വരുന്നത്. പിന്നീട് ഫാക്ട് ടീമിന്റെയും പ്രീമിയര്‍ ടയേഴ്‌സിന്റെയും ഭാഗമായി. ജാഫറിന്റെ നേതൃത്വത്തിലായിരുന്നു പ്രീമിയര്‍ ടയേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ അശ്വമേധം നടത്തിയത്. 1974-ല്‍ ജാഫറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അവര്‍ ഒരേ സീസണില്‍ ജിവി രാജ ട്രോഫി, കൊല്ലം മുന്‍സിപ്പല്‍ ഗോള്‍ഡണ്‍ ജൂബിലി ട്രോഫി, ചാക്കോള ട്രോഫി, നെഹ്‌റു ട്രോഫി എന്നി നേടി ചരിത്രം കുറിച്ചു.

ടി എ ജാഫര്‍ അന്തരിച്ചു
ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ

കേരളത്തില്‍ നിന്ന് അഖിലേന്ത്യാ ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതി പ്രീമിയര്‍ സ്വന്തമാക്കുന്നതും ജാഫറിന്റെ നായകത്വത്തിലാണ്. ഡാര്‍ജിലിങ്ങില്‍ നടന്ന ഗൂര്‍ഖാ ഗോള്‍ഡ് കപ്പിലായിരുന്നു ആ നേട്ടം. 1969 സന്തോഷ് ട്രോഫിയിലൂടെയാണ് ജാഫര്‍ കേരളത്തിന്റെ ജഴ്‌സിയണിയുന്നത്. 73-ല്‍ കേരളം പ്രഥമ കിരീടം നേടുമ്പോള്‍ ഉപനായകനായിരുന്നു.

പിന്നീട് 74 സന്തോഷ് ട്രോഫിയില്‍ ടീമിന്റെ ക്യാപ്റ്റനുമായി. 75 സന്തോഷ് ട്രോഫി വരെ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ശ്രീലങ്ക, ബംഗളൂരു, കൊല്ലം എന്നിവിടങ്ങളില്‍ നടന്ന പെന്റാങ്കുലര്‍ ടൂര്‍ണമെന്റുകളിലും കൊച്ചിയിലെ പ്രദര്‍ശന മത്സരത്തില്‍ ജര്‍മ്മനിയെ നേരിട്ട ഇന്ത്യന്‍ ടീമിലും കളിച്ചു. പിന്നീട് കോച്ചെന്ന നിലയില്‍ 92-ല്‍ കോയമ്പത്തൂരിലും 93-ല്‍ കൊച്ചിയിലും കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയങ്ങളുടെ ശില്പിയായിരുന്നു.

logo
The Fourth
www.thefourthnews.in