ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ

ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ

ആദ്യ സന്തോഷ് ട്രോഫി വിജയത്തിന്റെ മുഖ്യശില്പികളിലൊരാൾ ആശുപത്രിക്കിടക്കയിൽ

കണ്ണു ചിമ്മിത്തുറക്കുന്ന ക്യാമറകളില്ല, കാതടപ്പിക്കുന്ന ആരവങ്ങളില്ല. ചുറ്റും ഘനീഭവിച്ച നിശബ്ദത മാത്രം. ജീവിതത്തിലെ അനർഘ മുഹൂർത്തത്തിന് അൻപത് വയസ് തികയുമ്പോൾ ആ ആഘോഷനിമിഷങ്ങളിൽ പങ്കാളിയാകാൻ കൊതിക്കുന്നുണ്ടാവില്ലേ ടി എ ജാഫറിന്റെ മനസ്? ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, 1973 ലെ കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തിന്റെ സുവർണജൂബിലി ഒരു മഹാസംഭവമാക്കി മാറ്റണം എന്ന് ആദ്യം വിളിച്ചു പറഞ്ഞത് പ്രിയപ്പെട്ട ജാഫർക്കയാണ്. "എന്റെ ജീവിതം തന്നെ മാറ്റിമറിച്ച വിജയമാണ്. അതാഘോഷിക്കുമ്പോൾ രവി കൂടെ വേണം.." -- കളിക്കാരനെന്ന നിലയിൽ ഒരു തവണയും പരിശീലകനെന്ന നിലയിൽ രണ്ടു തവണയും കേരളത്തിന്റെ ദേശീയ ഫുട്ബോൾ വിജയങ്ങളുടെ ഭാഗമാകാൻ ഭാഗ്യമുണ്ടായ ജാഫർ പറഞ്ഞു; വികാരഭരിതമായ ശബ്ദത്തിൽ.

ആ വികാരാധിക്യം തിരിച്ചറിയാനും ഉൾക്കൊള്ളാനും കഴിയുമെനിക്ക്. കളിയെഴുത്തിന്റെ ലോകത്തേക്ക് കടന്നുചെല്ലാൻ പ്രചോദനമായതും അതേ സന്തോഷ് ട്രോഫി വിജയത്തിന്റെ ആവേശലഹരി ആയിരുന്നല്ലോ. എന്നിലെ അഞ്ചാം ക്ലാസുകാരനെ മാത്രമല്ല, കേരളത്തെ മുഴുവൻ ആനന്ദസാഗരത്തിൽ ആറാടിച്ച വിജയം. പക്ഷേ, ആ വിജയലഹരിയുടെ ഭാഗമാകാൻ ജാഫർ എത്തുമോ?

ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഏറ്റുവാങ്ങുന്ന ടിഎ ജാഫര്‍. (പഴയകാലചിത്രം)
ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഏറ്റുവാങ്ങുന്ന ടിഎ ജാഫര്‍. (പഴയകാലചിത്രം)

കേരളത്തിന്റെ പഴയ മിഡ്‌ഫീൽഡ് ജനറൽ, മറവിയുടെ ലോകത്താണിപ്പോൾ. ദുബായിൽ വച്ച് പക്ഷാഘാതത്തിന്റെ രൂപത്തിൽ വന്ന വിധിയുടെ ഫൗൾ കിക്ക് ജാഫറിനെ നിശ്ചലനും നിശബ്ദനുമാക്കിയിട്ട് ദിവസങ്ങൾ നൂറാകുന്നു.

ഓർമകളുടെ മൈതാനത്ത് ഒരിക്കൽ കൂടി പന്ത് തട്ടാൻ കൊതിച്ച ജാഫർ, കേരളത്തിന്റെ പഴയ മിഡ്‌ഫീൽഡ് ജനറൽ, മറവിയുടെ ലോകത്താണിപ്പോൾ. ദുബായിൽ വച്ച് പക്ഷാഘാതത്തിന്റെ രൂപത്തിൽ വന്ന വിധിയുടെ ഫൗൾ കിക്ക് ജാഫറിനെ നിശ്ചലനും നിശബ്ദനുമാക്കിയിട്ട് ദിവസങ്ങൾ നൂറാകുന്നു. "ആ കാഴ്ച കണ്ടു നിൽക്കാനായില്ല ഞങ്ങൾക്ക്." കഴിഞ്ഞ ദിവസം പഴയ കളിക്കൂട്ടുകാരൻ കെ പി സേതുമാധവനൊപ്പം കൊച്ചിയിലെ നഴ്‌സിംഗ് ഹോമിൽ ചെന്ന് ജാഫറിനെ കണ്ട മുൻ ഇന്ത്യൻ ഗോൾകീപ്പർ വിക്ടർ മഞ്ഞിലയുടെ വാക്കുകൾ. "എന്നും ചിരിച്ചും ഉറക്കെ സംസാരിച്ചും മാത്രം കണ്ടിട്ടുള്ള ജാഫറിനെ അത്തരമൊരു അവസ്ഥയിൽ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലല്ലോ.."

ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ
കേരളം ഉമ്മവെച്ച പന്ത്

കോച്ച് സൈമൺ സുന്ദർരാജിന്റെ നേതൃത്വത്തിൽ 73 ലെ സന്തോഷ് ട്രോഫി ജേതാക്കൾ ഒരാഴ്ച മുൻപ് കൊച്ചി മഹാരാജാസ് മൈതാനത്ത് ഒത്തുചേർന്നപ്പോൾ ആ ഗൃഹാതുര സംഗമത്തിന്റെ ഭാഗമാകാൻ ജാഫറുണ്ടായിരുന്നില്ല. എങ്കിലും ടീമിന്റെ വൈസ് ക്യാപ്ടനായിരുന്ന ജാഫറിന്റെ അദൃശ്യ സാന്നിധ്യം അനുഭവിക്കാത്തവർ ആരുമുണ്ടായിരുന്നില്ല അദ്ദേഹത്തിന്റെ സഹതാരങ്ങൾക്കിടയിൽ. ഈ സംഗമം നടന്നുകാണണമെന്ന് ഏറ്റവും തീവ്രമായി ആഗ്രഹിച്ചവരിൽ ഒരാളായിരുന്നല്ലോ ജാഫർ. ഡിസംബർ 27 നാണ് ആദ്യവിജയത്തിന്റെ അൻപതാം പിറന്നാൾ.

അര നൂറ്റാണ്ടു മുൻപ്, പന്തുമായി ജാഫർ മനസിൽ കുതിച്ചുകയറിവന്ന രാത്രി ഇന്നുമുണ്ട് ഓർമ്മയിൽ. അതും എന്തൊരു വരവ് ! വയനാട്ടിലെ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിന്റെ കാവി മെഴുകിയ പൂമുഖത്ത് മലർന്നു കിടക്കുകയാണ് ഞാനും അനിയനും. തൊട്ടപ്പുറത്ത് ചാരുകസേരയിൽ അച്ഛൻ. മുറിക്ക് നടുവിലെ മേശപ്പുറത്ത് രാജകുമാരനെപ്പോലെ ഫിലിപ്സ് ട്രാൻസിസ്റ്റർ. അന്ന് ഞങ്ങൾ തപസിരുന്നത് കാതങ്ങൾക്കപ്പുറത്ത് മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിന്റെ ദൃക്‌സാക്ഷി വിവരണം കേൾക്കാനാണ്. കേരളം മുഴുവൻ കാത്തിരുന്ന രോമാഞ്ചദായക പോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാൻ. റെയിൽവേസ് ആയിരുന്നു ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.

ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ
ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?

കമന്റേറ്റർമാരായ നാഗവള്ളിയും ശ്യാമളാലയം കൃഷ്ണൻ നായരും അരവിന്ദനും അളന്നുമുറിച്ച വാക്കുകൾ കൊണ്ട് ആവേശഭരിതമായ ശബ്ദത്തിൽ വരച്ചിട്ട ചിത്രങ്ങളിലൂടെയാണ് ആ രാത്രി ക്യാപ്റ്റൻ മണിക്കും നജീമുദ്ദീനും സേവ്യർ പയസിനും വില്യംസിനും ഗോളി രവിക്കുമൊപ്പം ടി എ ജാഫറും മനസിലേക്ക് ഇരമ്പിക്കയറി വന്നത്. അവരിൽ ജാഫറിന് അരവിന്ദൻ നൽകിയ വിശേഷണം അര നൂറ്റാണ്ടിനിപ്പുറവും കാതിലുണ്ട്: "കേരളത്തിന്റെ മധ്യനിരയിലെ ഫയർ എൻജിൻ." എതിർ മുന്നേറ്റ നിരയിലെ തീ ശമിപ്പിക്കാൻ മാത്രമല്ല, അവശ്യഘട്ടങ്ങളിൽ സ്വന്തം ടീമിന്റെ കുതിപ്പുകൾക്ക് അഗ്നി പകരാനും കഴിവുള്ള പടക്കുതിര.

ഫൈനലിൽ ഗോളൊന്നുമടിച്ചില്ല ജാഫർ. പക്ഷേ റെയിൽവേസിനെതിരായ കേരളത്തിന്റെ വിജയത്തിൽ തളർച്ചയറിയാത്ത ആ ബൂട്ടുകൾക്ക് വലിയൊരു പങ്കുണ്ടായിരുന്നു. ചെന്നറെഡ്ഢിയുടേയും അലോക് മുഖർജിയുടെയും മുന്നേറ്റങ്ങൾ സ്വന്തം പെനാൽറ്റി ഏരിയയിലെത്തും മുൻപ് മുനയൊടിച്ചു വിടാനും, നജീമുദ്ദീൻ - വില്യംസ് - എം ആർ ജോസഫ് സഖ്യത്തിന്റെ കുതിപ്പുകൾക്ക് വഴിമരുന്നിടാനും മധ്യനിരയിൽ വിയർപ്പൊഴുക്കിക്കൊണ്ടിരുന്നു ജാഫർ.

ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ
കന്നിവിജയത്തിന് സമ്മാനം കപ്പയും മീനും കരിപ്പെട്ടിക്കാപ്പിയും!

1991 ലെ പാലക്കാട് നാഷണൽസിനിടയിലായിരുന്നു ജാഫറുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. ഫുട്ബോളിൽ നിന്ന് ആത്മാർത്ഥതയും അർപ്പണബോധവും അപ്രത്യക്ഷമാകുന്നതിന്റെ വേവലാതിയാണ് അന്നത്തെ സംഭാഷണത്തിൽ ജാഫർ ഏറെയും പങ്കുവെച്ചത്. "നിങ്ങൾക്കറിയുമോ? ആദ്യമായി ഒരു ടൂർണമെന്റിൽ പങ്കെടുക്കുമ്പോൾ ഞങ്ങൾക്ക് സ്വന്തമായി ഉണ്ടായിരുന്നത് ചാക്ക് കൊണ്ടുള്ള ഒരു സോക്‌സും മുഷിഞ്ഞ ഒരു ജേഴ്‌സിയും മാത്രം. ഇന്നത്തെപ്പോലെ ക്രമീകൃതവും പോഷകസമൃദ്ധവുമായുള്ള ഭക്ഷണമൊന്നും സ്വപ്നം കാണാൻ പോലും കോപ്പില്ല. ഒരു സാദാ ശാപ്പാട് കിട്ടിയാൽ ഭാഗ്യം." -- ജാഫറിന്റെ വാക്കുകൾ ഓർമ്മവരുന്നു.

"പക്ഷേ അന്ന് ഞങ്ങൾക്ക് അർപ്പണബോധമുണ്ടായിരുന്നു. സ്വന്തം ടീം ജയിക്കണമെന്നും ഗെയിം മെച്ചപ്പെടുത്തണമെന്നുമുള്ള വാശിയും. ആ മനോഭാവമുള്ള പത്തിരുപത് കളിക്കാർ ഒത്തുചേരുമ്പോൾ ഏത് കോച്ചിനും മന്ത്രികമായ ഒരു ടീമിനെ വാർത്തെടുക്കാം. പ്രീമിയർ ടയേഴ്‌സിന്റെ വിജയരഹസ്യം അതായിരുന്നു.."

ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ
നമ്മുടെ സൂപ്പർ സ്റ്റാർ ആയിരുന്നു ഈ പാകിസ്താൻകാരൻ

പ്രീമിയറിന്റെ ഭാഗ്യതാരമായിരുന്നു എന്നും ജാഫർ. 1974 ൽ ജാഫറിന്റെ നേതൃത്വത്തിലാണ് ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി ട്രോഫി, ചാക്കോള, നെഹ്‌റു ട്രോഫി എന്നീ ടൂർണമെന്റുകളിൽ വഴിക്കുവഴിയായി ചാമ്പ്യന്മാരായി പ്രീമിയർ ചരിത്രം സൃഷ്ടിച്ചത്. സംസ്ഥാനത്തിന് പുറത്ത് ആദ്യമായി ഒരു അഖിലേന്ത്യാ ടൂർണമെന്റിൽ ജേതാക്കളാകുന്ന കേരള ടീം എന്ന ബഹുമതിയും അക്കാലത്ത് പ്രീമിയർ നേടി. ഡാർജിലിംഗിലെ ഗൂർഖാ ഗോൾഡ് കപ്പിലായിരുന്നു ആ ചരിത്ര നേട്ടം. റോവേഴ്‌സിൽ സെമിഫൈനൽ വരെ എത്തി ഡെംപോയോട് പൊരുതിത്തോറ്റത് മറ്റൊരു നല്ല ഓർമ്മ.

ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ
ഏഷ്യാഡിൽ ജപ്പാനെ പിടിച്ചുകെട്ടിയ ഇന്ത്യൻ പുലി

1969 ലെ നൗഗോംഗ് സന്തോഷ് ട്രോഫിയിൽ ജാഫർ ആദ്യമായി സംസ്ഥാനത്തിന് കളിച്ചു. 75 ലെ കോഴിക്കോട് നാഷണൽസ് വരെ ടീമിൽ സ്ഥിരക്കാരൻ. ഇടക്ക് ജലന്ധറിൽ (74) ടീമിനെ നയിച്ചതും ജാഫർ തന്നെ. ശ്രീലങ്ക, ബംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നടന്ന പെന്റാങ്കുലർ ടൂർണമെന്റുകളിലും കൊച്ചിയിലെ പ്രദർശന മത്സരത്തിൽ ജർമ്മനിയെ നേരിട്ട ഇന്ത്യൻ ടീമിലും കളിച്ചു. പിന്നീട് കോച്ചെന്ന നിലയിൽ കോയമ്പത്തൂരിലും കൊച്ചിയിലും കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയങ്ങളുടെ ശില്പിയായി. തിളക്കമാർന്ന നേട്ടങ്ങളുടെ ബാലൻസ് ഷീറ്റ്.

ആവേശമുണർത്തുന്ന ആ ഓർമ്മകളുടെ മൈതാനത്ത് വിടർന്ന ചിരിയുമായി തിരികെയെത്തുമോ ജാഫർ? അന്തിമതീരുമാനം വിധി എന്ന റഫറിയുടേതാണ്. വിസിലും കൊടിയും ആ കൈകളിലാണല്ലോ.

logo
The Fourth
www.thefourthnews.in