ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?

ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?

കേരളം ചരിത്രത്തിലാദ്യമായി സന്തോഷ്‌ ട്രോഫി നേടിയ മുഹൂർത്തം . ആ അനർഘ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ നാടെങ്ങുമുള്ള മലയാളികൾ റേഡിയോ സെറ്റുകൾക്ക് മുന്നിൽ തപസ്സിരുന്നിട്ടുണ്ട് ഒരിക്കൽ

പാൽവെളിച്ചത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയം. ഇരമ്പി മറിയുന്ന മുള ഗാലറികൾ. കാതടപ്പിക്കുന്ന ആരവങ്ങൾക്കും ചൂളം വിളികൾക്കും മീതെ, ഡി. അരവിന്ദന്റെ ഘനഗംഭീര ശബ്ദം: ഗോ......ൾ !

കേരളം ചരിത്രത്തിലാദ്യമായി സന്തോഷ്‌ ട്രോഫി നേടിയ മുഹൂർത്തം. ആ അനർഘ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ നാടെങ്ങുമുള്ള മലയാളികൾ റേഡിയോ സെറ്റുകൾക്ക് മുന്നിൽ തപസ്സിരുന്നിട്ടുണ്ട് ഒരിക്കൽ. ടെലിവിഷനും ഇന്റർനെറ്റും നമ്മുടെ സ്വപ്നങ്ങളിൽ പോലും ഇല്ലാതിരുന്ന കാലം. അന്നത്തെ വിജയത്തിന് അരനൂറ്റാണ്ട് തികയുമ്പോൾ അരവിന്ദനെ ഓർക്കാതിരിക്കുന്നത് എങ്ങനെ?

ആകാശവാണിയിലൂടെ ആ ആവേശ നിമിഷങ്ങൾ നാഗവള്ളി ആർ എസ് കുറുപ്പിനും പദ്മനാഭൻ നായർക്കും ഒപ്പം ശ്രോതാക്കളിൽ എത്തിച്ച കമന്റേറ്റർ ഡി അരവിന്ദൻ അധികമാരും അറിയാതെ ഓർമ്മയായത് വർഷങ്ങൾ മുൻപാണ്, എണ്‍പത്താറാം വയസ്സിൽ. കേരള ഫുട്ബാൾ അസോസിയേഷന്റെ മുൻ സെക്രട്ടറി ബോധാനന്ദൻ അരവിന്ദന്റെ മരണവാർത്ത വിളിച്ചു പറഞ്ഞപ്പോൾ , അറിയാതെ ആ പഴയ ദിനങ്ങളിലേക്ക് മടങ്ങിപ്പോയി മനസ്സ് . ഒരു പന്തുരുളുന്നത് കാണുമ്പോൾ പോലും ഉള്ളം ത്രസിച്ചിരുന്ന കാലത്തേക്ക് .

സന്തോഷ്‌ ട്രോഫിയും ചാക്കോള ട്രോഫിയും സേട്ട് നാഗ്ജിയും ഫെഡറേഷൻ കപ്പും ഉൾപ്പെടെ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റുകളിലെല്ലാം മുടങ്ങാതെ അരവിന്ദന്റെ കമന്ററി മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു

1973-ലെ മറക്കാനാവാത്ത ആ ഡിസംബർ സന്ധ്യയിൽ, റെയിൽവേസിനെതിരെ കേരളത്തിന്റെ നായകൻ മണി നേടിയ മിന്നുന്ന വിജയ ഗോൾ എന്നന്നേക്കുമായി മനസ്സിൽ പതിഞ്ഞത് അരവിന്ദന്റെ വികാരനിർഭരമായ ശബ്ദത്തിലൂടെയും വിവരണത്തിലൂടെയും ആയിരുന്നല്ലോ . അന്നത്തെ സ്കൂൾ കുട്ടി അതെങ്ങനെ മറക്കാൻ ?

ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?
കന്നിവിജയത്തിന് സമ്മാനം കപ്പയും മീനും കരിപ്പെട്ടിക്കാപ്പിയും!

"മണിയുടെ ഹാട്രിക് ഗോൾ, കേരളത്തിനു വിജയം കൊണ്ടുവന്ന ഗോൾ, വിവരിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്. പതിനായിരങ്ങളുടെ ആർപ്പുവിളികൾക്കു മീതെ ഗോൾ എന്ന് വിളിച്ചലറുമ്പോൾ, ആ നിമിഷത്തിനു വേണ്ടി കേരളമെമ്പാടും റേഡിയോക്ക് മുന്നിൽ കാത്തിരുന്ന ലക്ഷക്കണക്കിന്‌ ശ്രോതാക്കൾ മാത്രമായിരുന്നു എന്റെ മുന്നിൽ. പിന്നീടറിഞ്ഞു , എന്റെ അലർച്ച കേട്ട് ആഹ്ളാദം അടക്കാനാവാതെ ട്രാൻസിസ്റ്റർ തല്ലിപ്പൊളിച്ചു കളഞ്ഞവർ വരെയുണ്ട് അക്കൂട്ടത്തിൽ എന്ന് ...'' അവസാനമായി കണ്ട നാൾ അരവിന്ദൻ പങ്കുവെച്ച അനുഭവം.

ഒരുപക്ഷെ മലയാളത്തിൽ വന്ന കായികസംബന്ധിയായ ആദ്യത്തെ അന്വേഷണാത്മക റിപ്പോർട്ട്‌ അരവിന്ദന്റെതായിരിക്കാം

തീർന്നില്ല. കൂടുതൽ നാടകീയ രംഗങ്ങൾ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ അരവിന്ദൻ. "അവസാന വിസിൽ മുഴങ്ങിയതും ഒരു വലിയ ജനക്കൂട്ടം ഞങ്ങളുടെ കമന്റേറ്റർ ബോക്സിലേക്ക് ഇരച്ചു കയറി വന്നു. ആരൊക്കെയോ ചേർന്ന് എന്നെയും നാഗവള്ളിയെയും പൊക്കിയെടുത്ത് മൈതാനത്തിനു പുറത്ത് കൊണ്ടുപോയത് ഓർമ്മയുണ്ട്. അവിടെ കാത്തു നിന്ന ഒരു കാറിലേക്ക് ഞങ്ങളെ തള്ളിക്കയറ്റിയതും. അറിയാത്ത ഏതൊക്കെയോ ഊടുവഴികളിലൂടെ പാഞ്ഞ കാർ ഒടുവിൽ ചെന്നുനിന്നത് പള്ളുരുത്തിയിലെ ഒരു കള്ളുഷാപ്പിനു മുന്നിൽ. ഞങ്ങളെ ഷാപ്പിലേക്ക് തള്ളിവിട്ട് കൂടെ വന്നവർ പറഞ്ഞു: "എന്ത് വേണമെങ്കിലും തട്ടിക്കോ...ഇന്ന് നിങ്ങടെ ദിവസാ..'' കേരളത്തിന്റെ പ്രഥമ സന്തോഷ്‌ ട്രോഫി വിജയത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾക്കെല്ലാം നാടൻ കള്ളിന്റെ മണവും രുചിയുമായതു അങ്ങനെയാണെന്ന് ചിരിയോടെ അരവിന്ദൻ.

സന്തോഷ്‌ ട്രോഫിയും ചാക്കോള ട്രോഫിയും സേട്ട് നാഗ്ജിയും ഫെഡറേഷൻ കപ്പും ഉൾപ്പെടെ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റുകളിലെല്ലാം മുടങ്ങാതെ അരവിന്ദന്റെ കമന്ററി മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു. വെറുമൊരു ദൃക്സാക്ഷി വിവരണക്കാരൻ മാത്രമായിരുന്നില്ല അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ കളിയെഴുത്തുകാരിൽ ഒരാൾ; അറിയപ്പെടുന്ന കോളമിസ്റ്റ്; ദേവസ്വം ബോർഡിലെ കൾച്ചറൽ ഡെവലപ്പ്മെന്റ് ഓഫീസർ...അങ്ങനെ റോളുകൾ നിരവധി.

ഒരുപക്ഷെ മലയാളത്തിൽ വന്ന കായികസംബന്ധിയായ ആദ്യത്തെ അന്വേഷണാത്മക റിപ്പോർട്ട്‌ അരവിന്ദന്റെതായിരിക്കാം. തിരു-കൊച്ചി ഫുട്ബാൾ അസോസിയേഷനിലെ അഴിമതികളും സ്വജന പക്ഷപാതവും വെളിച്ചത് കൊണ്ട് വന്ന ആ പരമ്പര അരവിന്ദൻ കൗമുദി വാരികയിൽ എഴുതിയത് 1950-കളുടെ തുടക്കത്തിൽ. ശുഭ്രവ്യക്തിത്വത്തിന്റെ ഉടമയായ കേണൽ ഗോദവർമ രാജയാണ് അന്ന് സംഘടനയുടെ പ്രസിഡന്റ്. "തിരുമേനിയെ വേദനിപ്പിക്കാൻ വേണ്ടി എഴുതിയതായിരുന്നില്ല ഞാൻ . അദ്ദേഹത്തെ മുന്നിൽ നിർത്തി മറ്റു ചില ഭാരവാഹികൾ നടത്തിയ വെട്ടിപ്പ് പുറത്തു കൊണ്ടുവരുകയായിരുന്നു ലക്ഷ്യം.''

ആരോപണം സ്വാഭാവികമായും ജി വി രാജയെ ചൊടിപ്പിച്ചു. "ഏതാണീ റിപ്പോർട്ടർ ? കളിയറിയാമോ അയാൾക്ക്‌ ?'' എന്നൊക്കെ ചോദിച്ചു കൗമുദി ബാലകൃഷ്ണന് കത്തെഴുതി അദ്ദേഹം. അടുത്ത ലക്കത്തിൽ അരവിന്ദന്റെ വിശദീകരണം. ഭാരവാഹികളുടെ അഴിമതികൾ അക്കമിട്ടു നിരത്തിയ ആ കുറിപ്പ് ബാലേണ്ണൻ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. ഒപ്പം ഒരു ഫോട്ടോയും. കളിക്കാരനായ അരവിന്ദന് ജി വി രാജ കൈ കൊടുക്കുന്ന ഒരു പഴയ പടം.

ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?
പുറംലോകത്തിന്റെ സ്നേഹം കൊതിച്ച് സജീവൻ

യൂണിവേഴ്സിറ്റി കോളേജ് ടീമിന്റെ ഗോളടി വീരനായി അരവിന്ദൻ തിളങ്ങി നില്‍ക്കുന്ന കാലത്തെ ചിത്രമായിരുന്നു അത് . "ബാലേണ്ണന് മാത്രമേ അത്തരമൊരു കുസൃതി ഒപ്പിക്കാൻ കഴിയൂ,'' അരവിന്ദൻ പറഞ്ഞു. "ആ പടം കണ്ടു തിരുമേനി അന്തം വിട്ടിരിക്കണം. ഒരു വർഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നാഗവള്ളിയോടൊപ്പം ദൃക്സാക്ഷി വിവരണത്തിന്റെ ട്രയൽ നടത്തുകയായിരുന്നു ഞാൻ. നിനച്ചിരിക്കാതെ തിരുമേനി ബോക്സിൽ കയറി വന്നു. നാഗവള്ളി പരിചയപ്പെടുത്തിയപ്പോൾ ആ വലിയ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു: ഇത്രയും ചെറുപ്പമാണല്ലേ. എനിക്ക് വിഷമമൊന്നും ഇല്ല കേട്ടോ. നമ്മുടെ കലഹം കളിക്ക് നല്ലതേ വരുത്തൂ. ഹൃദയത്തിൽ തട്ടിയ വാക്കുകൾ.''

ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?
ഏഷ്യാഡിൽ ജപ്പാനെ പിടിച്ചുകെട്ടിയ ഇന്ത്യൻ പുലി

അറുപതുകളിൽ തിരുവനന്തപുരം ഗോൾഫ് ക്ലബ് ഏറ്റെടുത്ത് , സ്ഥലം ആവശ്യക്കാർക്ക് മുറിച്ചു നല്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത് അരവിന്ദന്റെ മറ്റൊരു റിപ്പോർട്ടിനെ തുടർന്നാണ്‌. കേരളകൗമുദി, മലയാള രാജ്യം, ദീപിക എന്നീ പത്രങ്ങളിൽ എല്ലാം കോളം എഴുതിയിരുന്നു അരവിന്ദൻ. ശബരിമല മകരവിളക്കിന്റെയും (1970) നെഹ്‌റു ട്രോഫി വള്ളംകളിയുടെയും തത്സമയ ദൃക്സാക്ഷി വിവരണം ആദ്യമായി മലയാളികൾക്ക് എത്തിച്ചതും അരവിന്ദൻ തന്നെ. രണ്ടിന്റെയും ലൈവ് സംപ്രേക്ഷണം ഇല്ലാത്ത ചാനലുകളില്ല ഇന്ന്.

"പന്തുകളി ടി വിയിൽ കാണുമ്പോൾ ഇപ്പോഴും കാൽ തരിക്കും. അറിയാതെ കസേരയിൽ നിന്ന് ചാടിയെണീക്കുകയും ആർത്തു വിളിക്കുകയും ഒക്കെ ചെയ്യും. എന്ത് ചെയ്യാം - ഫുട്ബാൾ രക്തത്തിൽ അലിഞ്ഞു പോയില്ലേ ?'' വിടവാങ്ങുമ്പോൾ അരവിന്ദൻ പറഞ്ഞു. ആ ആർപ്പുവിളി ഇനി ഓർമ്മയിൽ മാത്രം.

logo
The Fourth
www.thefourthnews.in