മാന്ത്രികബൂട്ടുകള്‍ അഴിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം; ഫുട്‌ബോള്‍ ഇതിഹാസം  ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം രാത്രി ഏഴിന്

മാന്ത്രികബൂട്ടുകള്‍ അഴിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം; ഫുട്‌ബോള്‍ ഇതിഹാസം ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം രാത്രി ഏഴിന്

ഛേത്രിയുടെ അവസാനമത്സരം വീക്ഷിക്കാന്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നല്ല, ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുവരെ ആരാധകര്‍ കൊല്‍ക്കത്തയിലേക്ക് എത്തിയിട്ടുണ്ട്

ലോക ഫുട്‌ബോളില്‍ ഇന്ത്യയുടെ നാമം എഴുതിച്ചേര്‍ക്കാന്‍ കളിക്കളങ്ങളില്‍ ഒന്നരപ്പതിറ്റാണ്ട് കാലം വിസ്മയങ്ങള്‍ തീര്‍ത്ത താരം ഇന്ന് കളത്തില്‍ നിന്ന് വിടവാങ്ങുകയാണ്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാകും സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഇതിഹാസം ലോകകപ്പ് യോഗ്യതമത്സരത്തില്‍ കുവൈറ്റിനെതിരായ മത്സരശേഷം ബൂട്ടഴിക്കുന്നത്. ഛേത്രിയുടെ അവസാനമത്സരം വീക്ഷിക്കാന്‍ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നല്ല, ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുവരെ ആരാധകര്‍ കൊല്‍ക്കത്തയിലേക്ക് എത്തിയിട്ടുണ്ട്. നിരവധി മാധ്യമപ്രതിനിധികളും ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയിട്ടുണ്ട്. ക്രൊയേഷ്യന്‍ താരം ലൂക്ക മോന്‍ഡ്രിച്ച് ഉള്‍പ്പെടെ കളിക്കാര്‍ ഛേത്രിക്ക് ആശംസ അറിയിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കിട്ടുണ്ട്.

കഴിഞ്ഞ ദിവസം സെന്റര്‍ ഓഫ് എക്സലന്‍സില്‍ പരിശീലനത്തിനെത്തിയപ്പോഴും ആരാധാകര്‍ ഛേത്രിക്കായി ആര്‍ത്തുവിളിച്ചിരുന്നു 'ഞങ്ങള്‍നിങ്ങളെ മിസ്സ് ചെയ്യും ഛേത്രി' എന്നര്‍ഥം വരുന്ന ബംഗാളി വാചകം 'അമ്ര ഛേത്രിര്‍ കേല മിസ് കോര്‍ബോ ഖൂബ്' എന്നായിരുന്നു അവര്‍ ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരുന്നത്. പരിശീലനത്തില്‍ പന്ത് ഛേത്രിയുടെ ബൂട്ടില്‍ എത്തുമ്പോഴെല്ലാം ആവര്‍ ആവേശത്താല്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മേയ് 16നാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

94 അന്താരാഷ്ട്ര ഗോളുകളാണ് ഛേത്രി ഇന്ത്യക്കായി സ്വന്തമാക്കിയത്. ഇന്ത്യന്‍ ജഴ്സിയില്‍ നെഹ്രു കപ്പ്, സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, എഎഫ്സി ചലഞ്ച് കപ്പ്, എഎഫ്സി ഏഷ്യന്‍ കപ്പ് തുടങ്ങിയ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും ഛേത്രിയുടെ പേര് മാത്രമായിരുന്നു ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ പലപ്പോഴും തെളിഞ്ഞത്. മോഹന്‍ ബഗാന്‍, ജെസിടി, ഈസ്റ്റ് ബെംഗാള്‍, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി എന്നിങ്ങനെ എല്ലാ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്സികളിലും ഛേത്രിയുടെ ഗോളടിമികവ് തുടര്‍ന്നു.

ഒരു പ്രൈം കാലഘട്ടം ഛേത്രിക്കുണ്ടായിരുന്നോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലായിരുന്നു ഛേത്രി ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കിയ സംഭാവന. പ്രായം നാല്‍പ്പതിനോട് അടുക്കുമ്പോഴും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പോലും ഇന്ത്യയുടെ വജ്രായുധം ഛേത്രി തന്നെയാണ്. പക്ഷേ, ഛേത്രി ബൂട്ടഴിക്കുമ്പോള്‍ ആ വിടവ് ആര് നികത്തുമെന്ന ചോദ്യം പലവര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഒടുവില്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കേണ്ട നിമിഷവുമെത്തി.

മാന്ത്രികബൂട്ടുകള്‍ അഴിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം; ഫുട്‌ബോള്‍ ഇതിഹാസം  ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം രാത്രി ഏഴിന്
വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

അന്‍പതുകളില്‍ ശൈലേന്ദ്ര നാഥും അറുപതുകളില്‍ പികെ ബാനര്‍ജിയും ഇന്ദര്‍ സിങ്ങുമായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖവും കളത്തിലെ കരുത്തനും. ഏഴുപതുകളില്‍ അത് ഷബീര്‍ അലിയായിരുന്നു. പിന്നീട് ഐ എം വിജയന്‍, ബെയ്ച്ചുങ് ബൂട്ടിയ എന്നിങ്ങനെ കാലഘട്ടം മാറിയപ്പോഴെല്ലാം എതിരാളികളുടെ വലകുലുക്കാന്‍ നീലക്കുപ്പായത്തിലാളുണ്ടായിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ജെജെ ലാല്‍പെഖ്‌ലുവ, റോബിന്‍ സിങ്, സുമിത് പാസി, ബല്‍വന്ത് സിങ്, സുശീല്‍ കുമാര്‍, ഫാറൂഖ് ചൌദരി എന്നിവരെയെല്ലാം സ്‌ട്രൈക്കര്‍മാരായി പരീക്ഷിച്ചു. 24 ഗോള്‍ നേടിയ ജെ ജെ മാത്രമായിരുന്നു അല്‍പ്പമെങ്കിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നത്. പുതിയ നിര പരിശോധിച്ചാല്‍ കെ പി രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ്, ലാലിയാന്‍സുവാല ചാങ്‌തെ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കോളാസൊ എന്നിവരൊക്കെയുണ്ട്.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഛേത്രി സൃഷ്ടിച്ച വിടവ് ഉടനടി നികത്താനാകുമെന്നു തോന്നുന്നില്ല. കാരണം ഇവരുടെ ഇന്നത്തെ പ്രായത്തില്‍ ഛേത്രി സൃഷ്ടിച്ചുവച്ച റെക്കോഡുകളിലേക്ക് എത്തിനോക്കാന്‍ പോലും അവര്‍ക്ക് ആയിട്ടില്ല. ഛേത്രി മാത്രമല്ല, മുന്‍ഗാമികളായ ഐ എം വിജയനയും ബൈചുങ് ബൂട്ടിയയും ഒക്കെ ഇതേപ്രായത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറ ഏറെ പിന്നിലാണ്.

2002 ല്‍ 18 -ാം വയസില്‍ മോഹന്‍ ബഗാനിലൂടെയാണ് ഛേത്രി പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. അതിനും മുന്‍പ് 16 -ാം വയസില്‍ 2001 ല്‍ ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു സുനില്‍ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോഹന്‍ ബഗാനില്‍നിന്ന് ജെസിടിയിലേക്ക് പിന്നീട് ഛേത്രി കൂടുമാറി. ജെസിടിക്കുവേണ്ടി 48 കളികളില്‍നിന്ന് 21 ഗോളുകളാണ് ഛേത്രി നേടിയത്. പിന്നീട് ഈസ്റ്റ് ബംഗാള്‍, ഡെംപോ തുടങ്ങിയ ക്ലബ്ബുകള്‍ക്കായും ഛേത്രി ബൂട്ടുകെട്ടി.

വര്‍ഷം 2005 ജൂണ്‍ 12. സുനില്‍ ഛേത്രിയെന്ന ഇരുപത്തിയൊന്നുകാരന്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറി. പാകിസ്താനെതിരെയുള്ള ആ സൗഹൃദമത്സരത്തില്‍ ഛേത്രി തന്റെ ആദ്യ അന്താരാഷ്ട്ര ഗോള്‍ സ്വന്തമാക്കി. അപ്രതീക്ഷിതമായിരുന്നു ആ ഗോള്‍. അരങ്ങേറ്റ മത്സരത്തിലെ ഛേത്രിയുടെ പ്രകടനം കണ്ട് ഇന്ത്യന്‍ ടീം തന്നെ പകച്ചുനിന്നുപോയിരുന്നു. അവിടെ നിന്നങ്ങോട്ട് സുനില്‍ ഛേത്രിയെന്ന മിന്നുന്ന താരത്തിന്റെ ജൈത്രയാത്രയായിരുന്നു.

18 വര്‍ഷത്തിനുശേഷം അതേ പാകിസ്താനെതിരെ തന്റെ 90 -ാം ഗോള്‍ നേടി ഛേത്രി ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം ജൂണില്‍ ബെംഗളുരുവിലായിരുന്നു ഈ ഗോള്‍ നേട്ടം.

2007 ലാണ് ഛേത്രിക്കു വിദേശ ക്ലബിലേക്കുള്ള ആദ്യ ക്ഷണം ലഭിക്കുന്നത്. അന്ന് ഇംഗ്ലണ്ടിലെ കവെന്‍ട്രി സിറ്റിയുടെ ഒരു ട്രയലില്‍ ഛേത്രി പങ്കെടുത്തു. ലണ്ടന്‍ ആസ്ഥാനമായുള്ള ക്ലബ് ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്സിനുവേണ്ടി അവസരം ലഭിച്ചെങ്കിലും യുകെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആ അവസരം പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല.

മാന്ത്രികബൂട്ടുകള്‍ അഴിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം; ഫുട്‌ബോള്‍ ഇതിഹാസം  ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം രാത്രി ഏഴിന്
ഇല്ല, ആരും കരുതിയില്ല ഛേത്രി ചരിത്രം സൃഷ്ടിക്കുമെന്ന്

2010 ല്‍ അമേരിക്കയുടെ മേജര്‍ ലീഗ് സോക്കറില്‍ കന്‍സാസ് സിറ്റി വിസാര്‍ഡ്സിനുവേണ്ടി സുനില്‍ ഛേത്രി കരാര്‍ ഒപ്പിട്ടു. ഇതോടെ വിദേശലീഗില്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനായി ഛേത്രി മാറി. എന്നാല്‍ ഒരു സീസണിനുശേഷം ഛേത്രി ഇന്ത്യയിലേക്ക് തിരികെയെത്തുകയും ചിരാഗ് യുണെറ്റഡിനുവേണ്ടി കരാര്‍ ഒപ്പിടുകയും ചെയ്തു.

2007 ലായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള ഛേത്രിയുടെ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്റ്. 2007 ലെ നെഹ്റുകപ്പില്‍ ഛേത്രിയുടെ നാലു ഗോള്‍ ഇന്ത്യയെ പത്ത് വര്‍ഷത്തിനുശേഷം കിരീടം സ്വന്തമാക്കാന്‍ സഹായിച്ചു. 2008 എഎഫ്സി ചലഞ്ച് കപ്പില്‍ ഫൈനലിലെ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോള്‍ നേടി ഛേത്രി തിളങ്ങി.

2011 ലെ സാഫ് ഫുട്ബോളില്‍ ഏഴ് ഗോളായിരുന്നു ഛേത്രി നേടിയത്. ടൂര്‍ണമെന്റിന്റെ മികച്ച കളിക്കാരനായി സുനില്‍ ഛേത്രി മാറി. 2012 എഎഫ്സി ചലഞ്ച് കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആദ്യമായി ദേശീയ ടീം ക്യാപ്റ്റനായി ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. അതേവര്‍ഷം തന്നെ ഇന്ത്യക്കായി വീണ്ടും നെഹ്‌റു കപ്പ് ട്രോഫി ഛേത്രിയും സംഘവും നേടി.

2012-ല്‍ സുനില്‍ ഛേത്രിയെ സ്പോര്‍ട്ടിങ് ക്ലബ് ഡി പോര്‍ച്ചുഗല്‍ (സ്പോര്‍ട്ടിംഗ് സിപി) ടീമിലെടുത്തു. ക്ലബ്ബിന്റെ റിസര്‍വ് ടീമിനായി അഞ്ച് മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. പിന്നീട് ഐ ലീഗിലേക്ക് തിരികെയെത്തിയ ഛേത്രി ബെംഗളൂരു എഫ്സിക്കായി കരാര്‍ ഒപ്പുവെച്ചു. 2015 ല്‍ ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്സിക്കായി ഛേത്രി ബൂട്ടുകെട്ടി. ടൂര്‍ണമെന്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. 2016-ല്‍ മുംബൈ സിറ്റി എഫ്സിയെ ആദ്യമായി പ്ലേ ഓഫിലെത്താന്‍ സഹായിച്ചതും ഛേത്രിയുടെ മികവായിരുന്നു.

മാന്ത്രികബൂട്ടുകള്‍ അഴിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം; ഫുട്‌ബോള്‍ ഇതിഹാസം  ഛേത്രിയുടെ വിടവാങ്ങല്‍ മത്സരം രാത്രി ഏഴിന്
ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

പിന്നീട് ബെംഗളൂരു എഫ്സിക്കായി ബൂട്ടണിഞ്ഞ ഛേത്രി രണ്ട് സീസണുകളില്‍ ക്ലബിനെ ഫൈനലിലെത്തിക്കുകയും ഒരു സീസണില്‍ കിരീടം നേടുകയും ചെയ്തു. 2018 ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഛേത്രി കെനിയയ്‌ക്കെതിരെ ഇന്ത്യന്‍ ടീമിനായി തന്റെ 100-ാം മത്സരം കളിച്ചു. കളിക്കു മുന്‍പായി ഛേത്രി തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചു. അതില്‍ കൈകൂപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. 'നിങ്ങള്‍ കളികളെ വിമര്‍ശിക്കൂ, കളിയാക്കൂ... പക്ഷേ ഈ ഗാലറികള്‍ ഒഴിച്ചിടരുത്. കളിക്കളത്തിലെത്തി ഞങ്ങളുടെ കളി കാണണം ലോകത്തിലെ ഏറ്റവും മികച്ച കായികയിനമാണിത്. നമ്മുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ കളിക്കുന്നത് എന്നതും ഓര്‍ക്കണം. ഒരുതവണ ഞങ്ങളുടെ കളി വന്ന് കണ്ടുനോക്കൂ, ഫുട്ബോള്‍ ഇഷ്ടപ്പെടാതെ നിങ്ങള്‍ മടങ്ങില്ല.''

യൂറോപ്യന്‍ ക്ലബ്ബുകളെ ആരാധിക്കുകയും പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ട്. ഇന്ത്യന്‍ ഫുട്ബോളിന് അത്ര നിലവാരമില്ലെന്നു സമ്മതിക്കുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ഈ കളി വന്ന് കണ്ടതുകൊണ്ട് നിങ്ങള്‍ക്കൊരിക്കലും നിരാശരാവേണ്ടി വരില്ല. അതു ഞാന്‍ ഉറപ്പുനല്‍കുകയാണെന്നും ഛേത്രിക്ക് പറയേണ്ടി വന്നു.

തന്റെ നൂറാമത്തെ കളിയില്‍ ഇരട്ട ഗോളായിരുന്നു ഛേത്രി നേടിയത്. ഏഴു തവണ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ അദ്ദേഹം ഐഎസ്എല്ലില്‍, ടൂര്‍ണമെന്റില്‍ 50 ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി. മൂന്ന് തവണ നെഹ്റു കപ്പും നാല് തവണ സാഫ് കപ്പും ഛേത്രി ഇന്ത്യക്കായി നേടി. സെക്കന്തരാബാദില്‍നിന്ന് തുടങ്ങിയ ഫുട്ബോള്‍ യാത്ര ഇന്ത്യന്‍ ടീമിന്റെ നെടുംതൂണാക്കി ഛേത്രിയെ മാറ്റുകയായിരുന്നു.

logo
The Fourth
www.thefourthnews.in