പെലെയെ ഞെട്ടിച്ച `ഇന്ത്യൻ പെലെ'

പെലെയെ ഞെട്ടിച്ച `ഇന്ത്യൻ പെലെ'

ഇത്രയും തലപ്പൊക്കമുള്ള കളിക്കാരെ ഇന്ത്യൻ ഫുട്ബാളിൽ അധികം കണ്ടിട്ടുണ്ടാകില്ല

മുഹമ്മദ് അക്ബറിന്റെ കിടിലനൊരു ലോംഗ് റേഞ്ചർ. മൂളിപ്പറന്നു വന്ന പന്ത് ന്യൂയോർക്ക് കോസ്മോസ് ഗോൾകീപ്പർ എരോൾ യാസിന്റെ കൈകളിൽ തട്ടി തിരികെ പെനൽറ്റി ബോക്സിലേക്ക്. ഈഡൻ ഗാർഡൻസ് ഗ്യാലറിയിൽ ശ്വാസമടക്കിപ്പിടിച്ച് 75,000 വരുന്ന ജനക്കൂട്ടം.

ഇനിയാണ് ആന്റി ക്ളൈമാക്സ്. അപകടമൊഴിവാക്കാൻ എതിർ പ്രതിരോധ ഭടന്മാർ ഓടിക്കൂടും മുൻപ് ബോക്സിൽ എങ്ങുനിന്നോ "പൊട്ടിവീഴുന്നു'' പത്താം നമ്പറുകാരൻ മുഹമ്മദ് ഹബീബ്; നിലത്തുവീണുയർന്ന പന്ത് പൊള്ളുന്നൊരു വലംകാൽ ഷോട്ടിലൂടെ തൽക്ഷണം പോസ്റ്റിലേക്ക് തിരിച്ചയക്കാൻ..

ഇത്തവണ ഗോളിക്ക് പിഴച്ചു. എരോൾ യാസിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് നേരെ വലയിൽ. മോഹൻ ബഗാൻ 2, ന്യൂയോർക്ക് കോസ്മോസ് 1.

അവസാന നിമിഷങ്ങളിൽ വീണുകിട്ടിയ വിവാദ പെനൽറ്റിയിലൂടെ മത്സരം പെലെയുടെ കോസ്മോസ് ടീം 2 - 2 ന് സമനിലയിലാക്കിയിരിക്കാം. എങ്കിലും ഹബീബിന്റെ ഓർമ്മയിൽ എന്നും 1977 സെപ്റ്റംബർ 24 ഒരു വിജയദിനമായിരുന്നു. ഫുട്ബാൾ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂർത്തം. "കളി കഴിഞ്ഞു ഡ്രസ്സിംഗ് റൂമിൽ വന്ന് പെലെ എന്റെ കൈപിടിച്ച് കുലുക്കിയപ്പോൾ സത്യമോ സ്വപ്നമോ എന്നറിയാതെ മിഴിച്ചു നിൽക്കുകയിരുന്നു ഞാൻ.''-- ഹബീബ് പറഞ്ഞു.

സാക്ഷാൽ പെലെ വിറച്ചു; ഇന്ത്യൻ പെലെയ്ക്ക് മുന്നിൽ

"അവിശ്വസനീയമായി കളിച്ചു നിങ്ങൾ. എന്തുകൊണ്ട് യൂറോപ്പിലെ പ്രൊഫഷണൽ ലീഗിൽ ഒരു കൈ നോക്കിക്കൂടാ?'' -- പെലെയുടെ ചോദ്യം. ഇതാണെന്റെ ലോകം; ഇവിടെയാണെന്റെ ലീഗ് -- തെല്ലൊരു സങ്കോചത്തോടെ, പതിഞ്ഞ ശബ്ദത്തിൽ ഹബീബിന്റെ മറുപടി. പിറ്റേന്ന് ഒരു പ്രമുഖ കൊൽക്കത്ത പത്രം മാച്ച് റിപ്പോർട്ടിന് നൽകിയ തലക്കെട്ട് ഇങ്ങനെ: സാക്ഷാൽ പെലെ വിറച്ചു; ഇന്ത്യൻ പെലെയ്ക്ക് മുന്നിൽ ....

മൂന്ന് പതിറ്റാണ്ടോളം മുൻപായിരുന്നു ഹബീബുമായുള്ള ആ "എൻകൗണ്ടർ.'' അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ നിരീക്ഷകനായി സന്തോഷ് ട്രോഫിക്ക് എത്തിയതാണ് പഴയ ഇന്ത്യൻ താരം. ഞാനാകട്ടെ കേരള കൗമുദി റിപ്പോർട്ടറുടെ റോളിലും. പ്രിയ സുഹൃത്തും മുൻ ഇന്ത്യൻ കീപ്പറുമായ വിക്ടർ മഞ്ഞില പരസ്പരം പരിചയപ്പെടുത്തിയപ്പോൾ, പണിപ്പെട്ടൊരു ചിരി മുഖത്ത് വരുത്തി ഹബീബ് പറഞ്ഞു: "നോക്കൂ, വാ തുറക്കാതിരിക്കാൻ ചുണ്ടിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുകയാണ് ഞാൻ. ഇല്ലെങ്കിൽ അരുതാത്തത് വല്ലതും പറഞ്ഞുപോകും. അതോടെ ഫെഡറേഷൻ എന്നെ ചവിട്ടി പുറത്താക്കുകയും ചെയ്യും.. അത് വേണോ?'' കൂട്ടിലിട്ട പുലിയുടെ അവസ്ഥയിലാണ് താനെന്ന് പറയാതെ പറയുകയായിരുന്നു ഹബീബ്.

രാജ്യത്തിന് വേണ്ടി കളിച്ചവർക്ക് ഇവിടെ പുല്ലുവിലയാണ്. എന്റെ ജന്മ നാടായ ഹൈദരാബാദിൽ പോലും എത്രയോ ഒളിമ്പ്യന്മാർ ദാരിദ്ര്യവും വാർദ്ധക്യത്തിന്റെ അവശതകളുമായി ജീവിതം നരകിച്ചു തീർക്കുന്നു

എന്നിട്ടും പ്രതിജ്ഞ ലംഘിച്ചുകൊണ്ട് പലതും വെട്ടിത്തുറന്നു പറഞ്ഞു ഹബീബ്. ടീം സെലക്ഷനിലെ നെറികേടുകൾ, സ്വജനപക്ഷപാതം, നിലവാരം കുറഞ്ഞ വിദേശ കോച്ചുകൾ ... അങ്ങനെ പലതിനേയും കുറിച്ച്. യാത്ര പറഞ്ഞു പിരിയവേ ചങ്കിൽ കൊള്ളുന്ന ഒരു സത്യം കൂടി പറഞ്ഞു അദ്ദേഹം: "രാജ്യത്തിന് വേണ്ടി കളിച്ചവർക്ക് ഇവിടെ പുല്ലുവിലയാണ്. എന്റെ ജന്മ നാടായ ഹൈദരാബാദിൽ പോലും എത്രയോ ഒളിമ്പ്യന്മാർ ദാരിദ്ര്യവും വാർദ്ധക്യത്തിന്റെ അവശതകളുമായി ജീവിതം നരകിച്ചു തീർക്കുന്നു; ജീവിത സായാഹ്നത്തിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ. അവരെ കണ്ടു വളരുന്ന പുതിയ തലമുറ എങ്ങനെ ഫുട്ബാൾ കളിക്കാൻ ധൈര്യപ്പെടും?'' -- ആത്മരോഷം നിറഞ്ഞ വാക്കുകൾ.

പെലെയെ ഞെട്ടിച്ച `ഇന്ത്യൻ പെലെ'
'ഇന്ത്യന്‍ പെലെ' മുഹമ്മദ് ഹബീബ് അന്തരിച്ചു

എഴുപതാം വയസ്സിൽ പാർക്കിൻസൺസ് രോഗവുമായി മല്ലിട്ട് ഹൈദരാബാദ് നഗരത്തിന്റെ ഒരു കോണിൽ `അജ്ഞാത'നായി ജീവിച്ച ഹബീബിനെ കുറിച്ചുള്ള റിപ്പോർട്ട് വായിച്ചപ്പോൾ, വീണ്ടും ഓർമ്മയിൽ വന്നു നിറഞ്ഞത് അതേ ആത്മരോഷം. ജാനകി നഗർ കോളനിയിലെ പഴയ ഫ്‌ളാറ്റിൽ നിന്ന് ദിവസവും സമീപത്തുള്ള പള്ളിയിലേക്ക് വേച്ചു വേച്ചു നടന്നുപോകുന്ന ഹബീബിനെ തിരിച്ചറിയുന്നവർ അയൽപക്കത്തു പോലും അപൂർവമായിരുന്നുവത്രെ. ആകെ സ്വന്തമായുള്ളത് ഒരു ടൂവീലറാണ്. കൈകളുടെ വിറയൽ കാരണം അത് ഓടിച്ചുപോകുക മിക്കവാറും അസാധ്യമായിരിക്കുന്നു. "സ്വന്തം നാട്ടുകാർക്കിടയിൽ പോലും അപരിചിതനാണ് ഞാൻ ഇപ്പോൾ. കാലഹരണപ്പെട്ട പഴയൊരു ഉരുപ്പടി.''

ഓർക്കുക. ഈ അഞ്ചടി രണ്ടിഞ്ചുകാരന്റെ കളി കാണാൻ സ്റ്റേഡിയങ്ങൾ നിറഞ്ഞുകവിഞ്ഞിരുന്നു ഒരിക്കൽ. ഹബീബിന്റേയും അനുജൻ അക്ബറിന്റേയും "മാരകമായ'' പ്രകടനങ്ങൾ കൂടി ചേർന്നതാണ് എന്റെ നാഗ്ജീ ട്രോഫി സ്മരണ. 1966 മുതൽ 83 വരെ, നീണ്ട പതിനേഴ് വർഷം കൊൽക്കത്തയിൽ കളിച്ചു ഹബീബ്. ആദ്യം സെന്റർ ഫോർവേഡ് ആയി; പിന്നെ സ്കീമറായി. ഈസ്റ്റ് ബംഗാളിന്റെ കൊൽക്കത്ത ലീഗ്, ഐ എഫ് എ ഷീൽഡ് വിജയങ്ങളിൽ പങ്കാളിയായിക്കൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ സന്തോഷ് ട്രോഫിയിൽ ബംഗാളിന്റെ ജേഴ്‌സിയും അണിഞ്ഞു തുടങ്ങി. 1969 ലെ നൗഗോംഗ് നാഷണലിന്റെ ഫൈനലിൽ സർവീസസിനെതിരെ ഹബീബ് നേടിയ അഞ്ച് ഗോൾ ഇന്ന് ചരിത്രം. 1975 ൽ മുഹമ്മദൻസിന് വേണ്ടി ഒരു സീസൺ കളിച്ച ശേഷം അടുത്ത വർഷം അക്ബറിനൊപ്പം ബഗാനിലേക്ക്. 80 ൽ വീണ്ടും ഈസ്റ്റ് ബംഗാളിൽ. 84 ൽ വിടവാങ്ങും മുൻപ് ഒരിക്കൽ കൂടി ബഗാന്റെ പച്ചയും മെറൂണും കലർന്ന ജേഴ്സിയണിഞ്ഞു ഈ പടക്കുതിര. അതിനിടെ പതിറ്റാണ്ടിലേറെക്കാലം മുടങ്ങാതെ ബംഗാളിന്റെയും ഇന്ത്യയുടേയും കുപ്പായം.

ആറടിയിലേറെ ഉയരമുള്ള ``അംബര ചുംബിക''ളായ റഷ്യൻ പ്രതിരോധ ഭടന്മാരുടെ തലയ്ക്ക് മുകളിൽ ചാടിയുയർന്ന്, അഞ്ചടി രണ്ടിഞ്ചുകാരൻ നേടിയ ഗോൾ എങ്ങനെ മറക്കാനാകും

ഏറ്റവും തിളക്കമാർന്ന അന്താരാഷ്ട്ര നേട്ടങ്ങളിൽ 1970 ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിലെ വെങ്കലമെഡൽ വിജയവുമുണ്ട്. തൊട്ടടുത്ത വർഷം സിംഗപ്പൂരിൽ നടന്ന പെസ്റ്റ സുകാൻ ടൂർണമെന്റിലും കണ്ടു ഹബീബിന്റെ സ്കോറിംഗ് വൈഭവം-- ഇന്തോനേഷ്യക്കും മലേഷ്യക്കും എതിരെ ഈരണ്ടു ഗോളുകൾ. ഫൈനലിൽ സൗത്ത് വിയറ്റ്നാമിനെതിരായ മിന്നുന്ന പ്രകടനം വേറെ. സോവിയറ്റ് ലീഗ് ജേതാക്കളായിരുന്ന ജോർജിയൻ ക്ലബ് അറാറത്തിനെതിരെ 1977 ലെ ഐ എഫ് എ ഷീൽഡ് ഫൈനലിൽ ബഗാന് വേണ്ടി നേടിയ ഗോൾ തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗോളുകളിൽ ഒന്നായി എടുത്തുപറഞ്ഞിട്ടുണ്ട് ഹബീബ്. ആറടിയിലേറെ ഉയരമുള്ള ``അംബര ചുംബിക''ളായ റഷ്യൻ പ്രതിരോധ ഭടന്മാരുടെ തലയ്ക്ക് മുകളിൽ ചാടിയുയർന്ന്, അഞ്ചടി രണ്ടിഞ്ചുകാരൻ നേടിയ ഗോൾ എങ്ങനെ മറക്കാനാകും?

ഉയരം കുറവെങ്കിലെന്ത്? ഇത്രയും തലപ്പൊക്കമുള്ള കളിക്കാരെ ഇന്ത്യൻ ഫുട്ബാളിൽ അധികം കണ്ടിട്ടില്ലല്ലോ നാം.

logo
The Fourth
www.thefourthnews.in