ഐഎസ്എല്‍ 2023: പുതിയ തന്ത്രങ്ങള്‍, പുതിയ താരങ്ങള്‍; തിരിച്ചുവരവിനൊരുങ്ങി എഫ്സി ഗോവയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും

ഐഎസ്എല്‍ 2023: പുതിയ തന്ത്രങ്ങള്‍, പുതിയ താരങ്ങള്‍; തിരിച്ചുവരവിനൊരുങ്ങി എഫ്സി ഗോവയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും

കപ്പുകളുടെ മേന്മയൊന്നും വീമ്പുപറയാന്‍ ഇല്ലെങ്കിലും പോരാട്ടവീര്യം കൊണ്ട് എപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട് ഇവര്‍

കളിമികവുകൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രണ്ടു ടീമുകള്‍, എഫ്‌സി ഗോവയും നോര്‍ത്തഈസ്റ്റ് യുണൈറ്റഡും. കപ്പുകളുടെ മേന്മയൊന്നും വീമ്പുപറയാന്‍ ഇല്ലെങ്കിലും പോരാട്ടവീര്യം കൊണ്ട് എപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട് ഇവര്‍. പലഘട്ടത്തിലും വമ്പന്മാരെ മുട്ടുകുത്തിച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച ഇരു ടീമുകളും ഇത്തവണ കളത്തിലിറങ്ങുമ്പോഴും ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

ഐഎസ്എല്‍ 2023: പുതിയ തന്ത്രങ്ങള്‍, പുതിയ താരങ്ങള്‍; തിരിച്ചുവരവിനൊരുങ്ങി എഫ്സി ഗോവയും നോർത്ത്ഈസ്റ്റ് യുണൈറ്റഡും
ഐഎസ്എല്‍ 2023: തുല്യ ശക്തികളായി മുംബൈ സിറ്റിയും ഹൈദരബാദ് എഫ്സിയും

എഫ്‌സി ഗോവ

പ്രതിരോധത്തില്‍ മേല്‍ക്കൈ പുലര്‍ത്തിയാണ് ഗോവ 2023 സീസണില്‍ കളിക്കാനിറങ്ങുന്നത്. നിര്‍ഭാഗ്യം കൊണ്ട് രണ്ടുതവണ നഷ്ടപ്പെട്ടുപോയ കപ്പ് വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്ക് മുന്‍പിലുള്ളത്. 2015 ലും 2018ലും കൈയ്യെത്തും ദൂരത്തുവച്ചാണ് ഗോവയ്ക്ക് കിരീടം നഷ്ടമായത്. ബംഗളൂരു എഫ്‌സിയില്‍ നിന്ന് ചേക്കേറിയ സന്ദേശ് ജിങ്കനെന്ന ഉരുക്കുമതിലാണ് ഗോവയുടെ പ്രതിരോധത്തിലെ പ്രധാനഘടകം. കൂടാതെ ഒഡെ ഒനൈന്ത്യ, ബോറിസ് സിങ്, മുന്‍ താരം നാരായണ്‍ ദാസ് തുടങ്ങിയ പ്രധാന താരങ്ങളെയും ടീമിലെത്തിക്കാന്‍ ഗോവയ്ക്ക് സാധിച്ചു. പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴും അവര്‍ ആക്രമണത്തിനും മൂര്‍ച്ചകൂട്ടിയിട്ടുണ്ട്. പരിചയസമ്പന്നനായ മുന്നേറ്റതാരം കാര്‍ലോസ് മാര്‍ട്ടിനസിന്റെ വരവ് ഗോവയെ കൂടുതല്‍ അപകടകാരികയാക്കുന്നു. ഉദാന്ത സിങ്, നോഹ സദൗയി എന്നീ വിങ്ങര്‍മാര്‍ മാര്‍ട്ടിനസിന് കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കും. 11 പേരെയാണ് ഗോവ ഇത്തവണ തട്ടകത്തിലെത്തിച്ചത്.

സ്പാനിഷ് പരിശീലകന്‍ മാനലോ മാര്‍ക്വസിന്റെ സാന്നിധ്യം ഗോവയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 2020 ല്‍ ഹൈദരബാദ് എഫ്‌സിയിലൂടെയാണ് അദ്ദേഹം ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്, തൊട്ടടുത്തവര്‍ഷം അവര്‍ക്ക് കിരീടം നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം അവരെ പ്ലേ ഓഫിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഇത്തവണ ഗോവയില്‍ തന്ത്രങ്ങള്‍ മെനയാനും കളിമികവ് പൊടിതട്ടിയെടുത്ത് അവര്‍ക്ക് കിരീടം നേടിക്കൊടുക്കാനും അദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുമെന്ന് ഉറപ്പാണ്. ഹൈദരാബാദ് എഫ്‌സിയുമായാണ് ഗോവയുടെ ആദ്യമത്സരം തീരുമാനിച്ചിരുന്നത്. എന്നാല്‍ സന്ദേശ് ജിങ്കന്‍ ഏഷ്യന്‍ഗെയിംസില്‍ പങ്കെടുക്കുന്നതിനായി പോയതിനാല്‍ മത്സരം മാറ്റിവച്ചിരിക്കുകയാണ്.

നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്

കഴിഞ്ഞസീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ടീമായിരുന്നു നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്, പ്രതിരോധത്തിലെ വിള്ളലുകള്‍ അവരെ പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനത്തിലേക്ക് തള്ളിയിട്ടു. ഒരു ഐഎസ്എല്‍ സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയെന്ന നാണക്കേടും അവര്‍ക്ക് കഴിഞ്ഞവര്‍ഷം തലയിലേറ്റേണ്ടി വന്നു. എന്നാല്‍ ഒന്നോ രണ്ടോ സീസണുകളെടുത്ത് തള്ളിക്കളയാന്‍ സാധിക്കുന്ന ടീമല്ല ഈ വടക്കന്മാര്‍. 2014 മുതല്‍ ഐഎസ്എല്ലിലെ സ്ഥിര സാന്നിധ്യമായ ഇവര്‍ പലവമ്പന്മാരെയും തകർത്തുകളഞ്ഞ ചരിത്രവുമുണ്ട്.

പലസ്തീന്‍ ഡിഫന്‍ഡര്‍ യാസര്‍ ഹമദിനെ സൈന്‍ ചെയ്യിച്ചുകൊണ്ട് നോര്‍ത്ത്ഈസ്റ്റ് ഇത്തവണ പ്രതിരോധത്തിലെ ചോര്‍ച്ച അടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ മെയ്ന്‍ ഫിലിപ്പോട്ടോക്‌സ്, ബ്രസീലിയന്‍ മുന്നേറ്റതാരം ഇബ്‌സണ്‍ മെലോ, മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദലി ബൈമാമര്‍, സ്പാനിഷ് താരം നെസ്റ്റര്‍ ആല്‍ബിയത്ത് എന്നിവരടങ്ങിയ വിദേശനിര ടീമിന്റെ കരുത്തുകൂട്ടുന്നു. ഇത്തവണ 18 താരങ്ങളെയാണ് നോര്‍ത്ത്ഈസ്റ്റ് ടീമിലെത്തിച്ചിട്ടുള്ളത്.

പുതിയ മാനേജര്‍ ജുവാന്‍ പെഡ്രോ ബെനാലിയുടെ കീഴില്‍ ടീം പുതിയ കളിശൈലി മെനയുമെന്ന് പ്രതീക്ഷിക്കാം. സ്പാനിഷ് ഫുട്‌ബോള്‍ തന്ത്രങ്ങള്‍ വടക്കന്‍ തീരത്തെത്തിച്ച് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ പുതിയ ആശാന് സാധിച്ചിട്ടുണ്ട്. ഡ്യൂറണ്ട് കപ്പിലെ സെമിപ്രവേശം അതിനൊരു ഉദാഹരണമാണ്. ആ ടൂര്‍ണമെന്റില്‍ തിളങ്ങിയ പാര്‍ത്ഥിബാ ഗെഗോയിയും സഹോദരന്‍ ഹ്രഗ്യാന്‍ ഗൊഗോയിയും ഐഎസ്എല്ലിലും മികവ് തെളിയിക്കുമെന്നാണ് പ്രതീക്ഷ.

logo
The Fourth
www.thefourthnews.in