ഐഎസ്എല്‍ 2023: തുല്യ ശക്തികളായി മുംബൈ സിറ്റിയും ഹൈദരബാദ് എഫ്സിയും

ഐഎസ്എല്‍ 2023: തുല്യ ശക്തികളായി മുംബൈ സിറ്റിയും ഹൈദരബാദ് എഫ്സിയും

കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ കൈവിട്ടുപോയ ഭാഗ്യം ഇത്തവണ തിരിച്ചുപിടിക്കുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പന്തുരുളാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ കിരീടപ്പോരാട്ടത്തിനുള്ള റേസില്‍ മുന്‍പന്തിയിലുള്ള രണ്ട് ടീമുകളാണ് മുംബൈ സിറ്റിയും ഹൈദരബാദ് എഫ്സിയും. കഴിഞ്ഞ സീസണില്‍ കിരീടം മോഹന്‍ ബഗാന്‍ കൊണ്ടുപോയെങ്കിലും മുംബൈ സിറ്റിയും ഹൈദരബാദ് എഫ്‌സിയുമായിരുന്നു പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. സെമി ഫൈനലില്‍ കൈവിട്ടുപോയ ഭാഗ്യം ഇത്തവണ തിരിച്ചുപിടിക്കുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം.

ഐഎസ്എല്‍ 2023: തുല്യ ശക്തികളായി മുംബൈ സിറ്റിയും ഹൈദരബാദ് എഫ്സിയും
ഐഎസ്എല്‍ 2023: കിരീടം നിലനിർത്താൻ മോഹൻബഗാൻ, ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ചെന്നൈയിൻ എഫ്‌സി

മുംബൈ സിറ്റി

കഴിഞ്ഞ ഐഎസ്എല്ലില്‍ മുംബൈ സിറ്റി മികച്ച ഫോമിലായിരുന്നു. തോല്‍വിയറിയാതെ 18 മത്സരങ്ങള്‍ കളിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതായി. എന്നാല്‍ സെമിയില്‍ ബംഗളൂരുവിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണുപോവുകയായിരുന്നു. കഴിഞ്ഞ കുറച്ചു സീസണുകളില്‍ മുംബൈ സിറ്റി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2020-21 സീസണില്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇത്തവണ അത് തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ്.

മുംബൈ സിറ്റിയെ ഐഎസ്എല്ലില്‍ ആധിപത്യമുള്ള ടീമാക്കി മാറ്റുന്നതില്‍ പരിശീലകന്‍ ഡെസ് ബക്കിങ്ഹാമിന്റെ പങ്ക് നിര്‍ണായകമാണ്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ ആക്രമണാത്മക ഫുട്‌ബോളിനെ പുറത്തെടുക്കാന്‍ ബക്കിങ്ഹാമിന് സാധിച്ചു. അത് അവരുടെ പോയിന്റ് പട്ടികയില്‍ പ്രതിഫലിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങളില്‍ നിന്ന്‌ 54 ഗോളുകള്‍ നേടി മുംബൈ സിറ്റിയായിരുന്നു ഗോളടിയില്‍ ഏറ്റവും മുന്നില്‍.

മുംബൈ സിറ്റി
മുംബൈ സിറ്റി

ഇത്തവണ ടീമിന്റെ സുപ്രധാന സ്ഥാനങ്ങളിലേക്ക് യുവതാരങ്ങളെ ഇറക്കി കളിക്കളത്തില്‍ വേഗത കൂട്ടാനാണ് മുംബൈയുടെ നീക്കം. ചില പ്രധാന കളിക്കാര്‍ ഈ സീസണില്‍ മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഒഡീഷ എഫ്‌സിയില്‍ ചേര്‍ന്ന അഹമ്മദ് ജഹൗ, മൗര്‍ടാഡ ഫാള്‍ എന്നിവരാണ് അതില്‍ പ്രധാനികള്‍. യോല്‍ വാന്‍ നീഫ്, ആകാശ് മിശ്ര, ടിരി, ജയേഷ് റാണേ തുടങ്ങിയവരുടെ കടന്നുവരവും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഫോര്‍വേഡ് ലാലിയന്‍സ്വാല ചാങ്‌തെ ടീമിലെ നിര്‍ണായക ഘടകമാണ്. ഇന്ത്യന്‍ ടീമംഗങ്ങളായ ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുല്‍ ഭേകെ എന്നിവര്‍ മുംബൈ സിറ്റി എഫ്സി പ്രതിരോധത്തിന്റെ ഭാഗമാണ്.

ടിരി, റോസ്റ്റിന്‍ ഗ്രിഫിത്ത്‌സ്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവര്‍ പ്രതിരോധം ശക്തമാക്കുമ്പോള്‍ ആല്‍ബെര്‍ട്ടോ നെഗ്വേര, റോയല്‍ നീഫ്, വിനിത് റായ്, ലാലെങ്മാവിയ എന്നിവര്‍ മധ്യനിരയിലെ പ്രധാന ഘടകങ്ങളാണ്. ആക്രമണത്തില്‍, ജോര്‍ജ് ഡയസ് ഗ്രെഗ് സ്റ്റുവര്‍ട്ട്, അബ്ദനാസര്‍ എല്‍ ഖയാതി തുടങ്ങിയ വിദേശ പേരുകള്‍ കൂടുതല്‍ കരുത്ത് പകരുന്നു. ലാലിന്‍ സുവാലയെ കൂടാതെ ഇടതുവിങ്ങിലെ മറ്റൊരു താരം ബിപിന്‍ സിങ്ങാണ്. സെപ്റ്റംബര്‍ 24 ന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് മുംബൈയുടെ ആദ്യമത്സരം.

ഹൈദരബാദ് എഫ്‌സി

ഐഎസ്എല്ലില്‍ മറ്റൊരു ആവേശകരമായ സീസണ് തയ്യാറെടുക്കുകയാണ് ഹൈദരബാദ് എഫ്‌സി. മൈതാനത്ത് ടീമിന്റെ പ്രകടനത്തിനായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലായി ഐഎസ്എല്ലിലെ സ്ഥിരതയുള്ള ടീമുകളിലൊന്നാണ് ഹൈദരാബാദ്. തുടര്‍ച്ചയായ രണ്ട് സീസണുകളില്‍ അവര്‍ ലീഗ് സറ്റാന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. 2021 സീസണ്‍ ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്താണ് അവര്‍ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണിലും മുന്ഡ ഹെഡ് കോച്ച് മനോലോ മാര്‍ക്വേസിന്റെ കീഴില്‍ ടീം അവരുടെ മുന്നേറ്റം തുടര്‍ന്നു. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തെത്തി വീണ്ടും പ്ലേ ഓഫ് ഉറപ്പാക്കി. എന്നാല്‍ സെമിയില്‍ മോഹന്‍ ബഗാനോട് പരാജയപ്പെട്ട് ഫൈനല്‍ കാണാതെ പുറത്താകേണ്ടി വന്നു.

ഹൈദരബാദ് എഫ്‌സി
ഹൈദരബാദ് എഫ്‌സി

ഇത്തവണ ഹൈദരാബാദിന് ആദ്യം മുതല്‍ തുടങ്ങേണ്ടിവരും. വലിയ മാറ്റങ്ങളോടെയാണ് ഹൈദരബാദ് 10ാം സീസണ് ഇറങ്ങുന്നത്. എഫ്‌സി ഗോവയിലേക്ക് ചേക്കേറിയ മുഖ്യ പരിശീലകന്‍ മനോലോ മാര്‍ക്വേസിന്റെ മാറ്റവും ആകാശ് മിശ്രയെ പോലുള്ള വമ്പന്‍ താരത്തെ മുംബൈ സിറ്റി സ്വന്തമാക്കിയതുമുള്‍പ്പടെ വലിയ പൊളിച്ചുപണികളാണ് ഇത്തവണ. കരാര്‍ അവസാനിച്ച ബര്‍ത്തലോമെലെവ് ഓഗ്ബച്ചെയും ക്ലബ്ബ് വിട്ടു. ഒഡെ ഒനൈന്ത്യ, ബോര്‍ജ ഹെരേര എന്നിവരും ടീമില്‍ നിന്ന് വേര്‍പിരിഞ്ഞിട്ടുണ്ട്.

പുതിയ മാനേജ്‌മെന്റിനു കീഴില്‍ സ്ഥിരത നിലനിര്‍ത്താനാണ് ഹൈദരാബാദ് എഫ്‌സി ലക്ഷ്യമിടുന്നത്

ഹെഡ് കോച്ച് താങ്‌ബോയ് സിങ്‌തോ, ഫസ്റ്റ് ടീം കോച്ച് കോനോര്‍ നെസ്റ്റര്‍, ഷമീല്‍ ചെമ്പകത്ത് എന്നിവരടങ്ങുന്ന പുതിയ നേതൃത്വമാണ് ഹൈദരാബാദിനെ ഇനി നയിക്കുക. പുതിയ മാനേജ്‌മെന്റിനു കീഴില്‍ സ്ഥിരത നിലനിര്‍ത്താനാണ് ഹൈദരാബാദ് എഫ്‌സി ലക്ഷ്യമിടുന്നത്. ഐഎസ്എല്‍ സമ്മര്‍ വിന്‍ഡോയില്‍ ഏറ്റവും കുറവ് സൈനിങ്ങുകള്‍ നടത്തിയ ടീമുകളിലൊന്നാണ് ഹൈദരബാദ്. ഏഴ് പുതിയ കളിക്കാരെയാണ് ടീമിലേക്ക് കൊണ്ടുവന്നത്. ലാല്‍ചന്‍ഹിമ സൈലോ, ഫിലിപ്പെ അമോറിം, മകന്‍ ചോത്തെ, പെറ്റേരി പൊന്നനെന്‍, ജോ നോള്‍സ്, ജൊനാഥന്‍ മോയ, വിഘ്‌നേഷ് ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ശേഷം ഗുര്‍മീത് സിങ്ങാവും ഇത്തവണ ഗോള്‍വല കാക്കുക.

logo
The Fourth
www.thefourthnews.in