ഐഎസ്എല്‍ 2023: ഇന്ത്യൻ ഫുട്ബോളിലെ ആധിപത്യം ഐഎസ്എല്ലിലും ഉറപ്പിക്കണം; മാറ്റങ്ങളുമായി ഈസ്റ്റ് ബംഗാള്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 10ാം സീസണ് നാളെ തുടക്കമാവുകയാണ്. ഇത്തവണ 12 ടീമുകളാണ് ഇത്തവണ ലീഗില്‍ പന്തുതട്ടുന്നത്. ലീഗ് ചാമ്പ്യന്മാരായി ഐഎസ്എല്ലിലേക്ക് ചേക്കേറിയ പഞ്ചാബ് എഫ്‌സിയാണ് പുതിയ മുഖം. ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന സീസണെന്ന പ്രത്യേകത കൂടി ഇത്തവണ ഐഎസ്എല്ലിനുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ സജീവ സാന്നിധ്യമായ ഈസ്റ്റ്ബംഗാള്‍ ഐഎസ്എല്ലിലും ആധിപത്യമുറപ്പിക്കാനാണ് ഇറങ്ങുന്നത്. ദേശീയ ഫുട്‌ബോളിലുള്ള കേമത്തം ഐഎസ്എല്ലില്‍ പുറത്തെടുക്കാനാകാത്ത നിരാശ ഇത്തവണ ഈസ്റ്റ് ബംഗാളിന് മറികടന്നേ മതിയാകൂ. ഈ ഡ്യറണ്ട്കപ്പില്‍ ഫൈനലിലെത്തിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്.
ഹെഡ് കോച്ചടക്കം 16 പേരെയാണ് അവര്‍ ഈ സീസണില്‍ കളിത്തട്ടിലെത്തിച്ചിരിക്കുന്നത്
2020-21 സീസണിലാണ് ഐഎസ്എല്ലിന്റെ പോരാട്ടവേദിയിലെത്തുന്നത്. ദേശീയ തലത്തില്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കടന്നുവന്ന ടീമിന് ഐഎസ്എല്ലില്‍ മികച്ച തുടക്കമല്ല ലഭിച്ചത്. 1920 ല്‍ പന്തുരുട്ടിത്തുടങ്ങിയ വംഗനാട്ടിലെ കേമന്മാര്‍ 16 ഡ്യൂറണ്ട് കപ്പിലും മൂന്നുതവണ സൂപ്പര്‍ കപ്പിലും മുത്തമിട്ടിട്ടുണ്ട്. കൂടാതെ എട്ട് ഫെഡറേഷന്‍ കപ്പിലും ഇവര്‍ മുത്തമിട്ടു.
എന്നാല്‍ ഈ പോരാട്ടവീര്യം ഐഎസ്എല്ലിന്റെ കഴിഞ്ഞ മൂന്ന് സീസണിലും പുറത്തെടുക്കാന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിട്ടില്ല. മൂന്നിലും അവസാന പകുതിയില്‍ ഫിനിഷ് ചെയ്യാനേ അവര്‍ക്ക് സാധിച്ചുള്ളു. എന്നാല്‍ ഇത്തവണ ചില നിര്‍ണായക മാറ്റങ്ങളുമായാണ് ടീം ഇറങ്ങുന്നത്. നപോറെ മഹേഷ് സിങ്, ലാല്‍ചുങ്‌നുംഗ, സൗവിക് ചക്രവര്‍ത്തി എന്നീ പ്രധാന താരങ്ങളെ അവര്‍ നില നിര്‍ത്തിയിട്ടുണ്ട്. ഇവരെ കൂടാതെ കഴിഞ്ഞ സീസണില്‍ ഒരു അസിസ്റ്റ് ഉള്‍പ്പെടെ 12 ഗോളുകള്‍ സ്‌കോര്‍ ചെയ്ത ക്ലീറ്റണ്‍ സില്‍വയെയും അവര്‍ക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ സമര്‍ഥനായ പരിശീലകന്‍ കാള്‍സ് ക്വാഡ്‌ററ്റിനൊപ്പമാണ് ഇത്തവണ ഈസ്റ്റ് ബംഗാള്‍ കച്ചകെട്ടിയിറങ്ങുന്നത്. ഹെഡ് കോച്ചടക്കം 16 പേരെയാണ് അവര്‍ ഈ സീസണില്‍ കളിത്തട്ടിലെത്തിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഹര്‍മന്‍ജോത് കബ്രയെയും ഈസ്റ്റ്ബംഗാള്‍ അവരുടെ തട്ടകത്തിലെത്തിച്ചു. കബ്രയെകൂടാതെ മലയാളി താരം അതുല്‍ ഉണ്ണികൃഷ്ണന്‍, നിഷുകുമാര്‍, ആസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ എല്‍സി എന്നിവരെയും കൂട്ടിച്ചേര്‍ത്ത് പിന്‍നിര ശക്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. സ്പാനിഷ് സ്‌ട്രൈക്കര്‍ ജാവിയര്‍ സിവറിയോയും ബ്രസീല്‍ താരം ക്ലിറ്റണ്‍ സില്‍വയും മലയാളീ താരം വി പി സുഹൈറും ആക്രമണത്തിന് മൂര്‍ച്ചകൂട്ടും. പുതിയ പരിശീലകന്റെ കീഴില്‍ വിജയം അരക്കിട്ടുറപ്പിച്ചാണ് ഈസ്റ്റ്ബംഗാള്‍ പുതി സീസണില്‍ ബൂട്ടുകെട്ടുന്നത്.