കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ
കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണഫോട്ടോ: അജയ് മധു

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; സൂപ്പർ താരം ലൂണ ശസ്ത്രക്രിയക്ക് വിധേയനായി, തിരിച്ചുവരവ് അവ്യക്തം

പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു ലൂണയ്ക്ക് പരുക്കേറ്റത്

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി ടീമിലെ സുപ്രധാന താരം അഡ്രിയാന്‍ ലൂണയുടെ പരുക്ക്. താരം ആർത്രൊസ്കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി ക്ലബ്ബ് അധികൃതർ അറിയിച്ചു. കാല്‍മുട്ടിന് പരുക്കേറ്റതിനെ തുടർന്നായിരുന്നു താരത്തിന് ശസ്ത്രക്രിയ നടത്തേണ്ടതായി വന്നത്. ശാരീരികക്ഷമത പൂർണമായി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ലൂണ ആരംഭിച്ചതായും ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

താരത്തിന് എത്ര മത്സരങ്ങള്‍ നഷ്ടമാകുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ക്ലബ്ബ് അധികൃതർ തയാറായിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് മെഡിക്കല്‍ സ്റ്റാഫും വിദഗ്ധരും ചേർന്നിട്ടുള്ള സംഘം ലൂണയുടെ ആരോഗ്യനില നിരീക്ഷിച്ചു വരുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് കളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും പ്രസ്താവനയില്‍ ക്ലബ്ബ് വ്യക്തമാക്കി.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ
ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ

പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയായിരുന്നു ലൂണയ്ക്ക് പരുക്കേറ്റത്. ഗോളടിച്ചും അടിപ്പിച്ചും ലൂണ മഞ്ഞപ്പടയുടെ വിജയങ്ങളില്‍ നിർണായക പങ്കുവഹിക്കുന്നതിനിടെയാണ് പരുക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്. മൂന്ന് ഗോളും നാല് അസിസ്റ്റുമാണ് ലൂണയുടെ പേരില്‍ സീസണിലുള്ളത്.

താരത്തിന് കുറഞ്ഞത് മൂന്ന് മാസത്തെ വരെ വിശ്രമം ആവശ്യമായി വന്നേക്കാമെന്നും നാട്ടിലേക്ക് മടങ്ങിയേക്കുമെന്നും സൂചനകളുണ്ട്.

നിലവില്‍ 10 കളികളില്‍ നിന്ന് 20 പോയിന്റുമായി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. ഏഴ് കളികളില്‍ നിന്ന് സമാന പോയിന്റുള്ള എഫ്‌സി ഗോവയാണ് ഒന്നാം സ്ഥാനത്ത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന് ഇനി 12 മത്സരങ്ങളാണ് അവശേഷിക്കുന്നത്.

logo
The Fourth
www.thefourthnews.in