പെലെ കളമൊഴിഞ്ഞിട്ട് ഒരാണ്ട്

പെലെ കളമൊഴിഞ്ഞിട്ട് ഒരാണ്ട്

അർബുദ ബാധയെത്തുടർന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു കഴിഞ്ഞ ഡിസംബർ 29-ന് പെലെ ലോകത്തോട് വിട പറഞ്ഞത്

ഒരു താരത്തിന്റെ പേര് കൊണ്ട് മാത്രം ഒരു രാജ്യം ആഗോളതലത്തില്‍ അറിയപ്പെടുമോ, അവരുടെ ദേശീയ ടീമിന് ലോകത്തിന്റെ എല്ലാ കോണിലും ആരാധകരുണ്ടാകുമോ, ബൂട്ടഴിച്ചിട്ട് അരനൂറ്റാണ്ടോളമായിട്ടും ആ താരത്തിന്റെ പേരെഴുതിയ ജേഴ്സിയണിഞ്ഞ് മൈതാനങ്ങളില്‍ പന്തു തട്ടുന്നുവരുണ്ടാകുമോ, ഉണ്ട് എന്നാണ് ഉത്തരം. ആ താരത്തിന്റെ പേര് എഡ്‌സണ്‍ ആരാന്റസ് ഡൊ നാസിമെന്റൊ. ലോകം അവനെ സ്നേഹത്തോടെയും ആദരവോടെയും ആരാധനയോടെയും വിളിച്ചു, പെലെ.

ഫുട്ബോളിന്റെ രാജാവെന്നും ഇതിഹാസമെന്നുമൊക്കെ വാഴ്ത്തപ്പെടുന്ന ബ്രസീലിന്റെ ഫുട്ബോള്‍ പര്യായം ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. അർബുദ ബാധയെത്തുടർന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമായിരുന്നു കഴിഞ്ഞ ഡിസംബർ 29-ന് പെലെ ലോകത്തോട് വിടപറഞ്ഞത്.

അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ഫുട്ബോള്‍ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി പെലെയുടെ വിയോഗം. കാരണം, പന്തുതട്ടാന്‍ കൊതിച്ചവർക്കെല്ലാം പെലെ പ്രചോദനമായിരുന്നു. അത് അദ്ദേഹത്തിന്റെ കളിവൈഭവം കൊണ്ടുമാത്രമല്ല, കൊടിയ ദാരിദ്ര്യത്തേയും പ്രതിസന്ധികളേയും അതിജീവിച്ച് ലോകം കീഴടക്കിയ സാധാരണക്കാരനോടുള്ള ബഹുമാനം കൊണ്ടുകൂടിയായിരുന്നു.

പെലെ കളമൊഴിഞ്ഞിട്ട് ഒരാണ്ട്
ആംസ്‌ട്രോങ് കാല്‍കുത്തിയപ്പോള്‍ ചന്ദ്രനോളം വളര്‍ന്ന പെലെ

കണക്കുകൂട്ടി നോക്കിയാല്‍ 60 വയസിന് താഴെ നിലവില്‍ പ്രായമുള്ളവരാരും പെലയുടെ കളി റേഡിയോയിലൂടെയോ നേരിട്ട് അറിഞ്ഞവരും കണ്ടവരുമുണ്ടാകില്ല. താരത്തിന്റെ ലഭ്യമായിട്ടുള്ള വീഡിയോകളാകട്ടെ വളരെ ചുരുക്കവും. എന്നിട്ടും പെലെയെ ലോകം ആരാധിക്കാനുള്ള കാരണം കാല്‍പന്തുകൊണ്ട് അദ്ദേഹം സൃഷ്ടിച്ച റെക്കോഡുകളും അത്ഭുതഗോളുകളും നേട്ടങ്ങളുമായിരിക്കാം.

പെലെ 1,363 കളികളില്‍ നിന്നായി 1,281 ഗോളുകള്‍ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍, അതും എതിർ പ്രതിരോധ നിരയുടെ ക്രൂരമായ ഫൗളുകള്‍ മറികടന്ന്. ലോകകപ്പില്‍ മുത്തമിടാനാകാതെ ഓരോ തവണയും സങ്കടത്തിലായ ബ്രസീലിയന്‍ ജനതയ്ക്ക് മൂന്ന് ലോകകപ്പുകള്‍ സമ്മാനിച്ചാണ് (1958, 1962, 1970) പെലെ ദേശീയ ടീമിന്റെ കുപ്പായം അഴിച്ചത്. അങ്ങനെ പറഞ്ഞുതീരാന്‍ കഴിയാത്തത്രം നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ആ രണ്ട് അക്ഷര പേരുകാരന്‍.

ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, ഡിയേഗൊ മറഡോണ, സിനദിന്‍ സിദാന്‍, ഡേവിഡ് ബെക്കാം..ഇങ്ങനെ ഒരു നീണ്ട ഇതിഹാസ നിര തന്നെ വന്നെങ്കിലും ഫുട്ബോള്‍ ലോകം ഈ പേരുകള്‍ പെലെയ്ക്കൊപ്പം ചേർത്തുവായിക്കാന്‍ തയാറായിട്ടില്ല.

എഡ്‌സണ്‍ ആരാന്റസ് ഡൊ നാസിമെന്റൊയ്ക്ക് മരണമുണ്ടാകാം. പക്ഷേ, മൈതാനങ്ങളില്‍ പന്തുരുളുന്ന കാലം വരെ പെലെ ജീവിക്കും.

logo
The Fourth
www.thefourthnews.in