കിതയ്ക്കുന്ന സിറ്റിക്ക് ക്ലബ്ബ് ലോകകപ്പ് കിരീടം കുതിപ്പ് നല്‍കുമോ?
Lexy Ilsley

കിതയ്ക്കുന്ന സിറ്റിക്ക് ക്ലബ്ബ് ലോകകപ്പ് കിരീടം കുതിപ്പ് നല്‍കുമോ?

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തുടർച്ചയായി തിരിച്ചടികള്‍ നേരിടുന്ന സിറ്റി നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ നിരാശയുടെ നീണ്ട നിരയ്ക്കുശേഷം ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടത്തോടെ ആശ്വാസം കണ്ടെത്തിയിരിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫ്ലുമിനെന്‍സിനെ എതിരില്ലാത്ത നാല് ഗോളിനായിരുന്നു സിറ്റി പരാജയപ്പെടുത്തിയത്. ഹൂലിയന്‍ ആല്‍വാരസ് ഇരട്ടഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഫില്‍ ഫോഡനാണ് സിറ്റിയുടെ മറ്റൊരു സ്കോറർ. നിനൊയുടെ ഓണ്‍ ഗോളായിരുന്നു ഫ്ലുമിനെന്‍സിന്റെ ആഘാതം വർധിപ്പിച്ചത്.

കിരീടനേട്ടം സിറ്റിക്ക് ബൂസ്റ്റാകുമോ?

ക്ലബ്ബ് ലോകകപ്പിലെ പ്രകടനം സിറ്റിയുടെ ആത്മവിശ്വാസം വർധിപ്പിച്ചേക്കും. സെമിയിലും ഫൈനലിലുമായി ഏഴ് ഗോളുകളാണ് സിറ്റി നേടിയത്. ഒരു ഗോളുപോലും വഴങ്ങിയതുമില്ല. എട്ട് മത്സരങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് സിറ്റി ഗോള്‍ വഴങ്ങാതിരിക്കുന്നുത്. ഗ്വാർഡിയോളയുടെ തന്ത്രങ്ങളിലേക്ക് പാകപ്പെട്ടുവരുന്ന പുതുനിരയ്ക്ക് ഈ പ്രകടനങ്ങള്‍ ആശ്വാസം നല്‍കുന്നതാണ്. എന്നാലിത് പ്രീമിയർ ലീഗില്‍ ആവർത്തിക്കാനാകുമോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

ക്രിസ്റ്റല്‍ പാലസിനെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിലാണ് സിറ്റി തങ്ങളുടെ തനതുശൈലിയില്‍ പരാജയപ്പെടുന്നത് അവസാനം കണ്ടത്. 75-ാം മിനുറ്റുവരെ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നില്‍നിന്ന ശേഷമായിരുന്നു സമനില വഴങ്ങിയത്, അതും 75 ശതമാനം പന്തടക്കമുണ്ടായിട്ട്. പന്തടക്കത്തിലൂടെ കളി നിയന്ത്രിച്ച് വിജയത്തോടെ അവസാനിപ്പിക്കുക എന്ന ഗ്വാർഡിയോളയുടെ തന്ത്രം സിറ്റിയുടെ കളിത്തട്ടില്‍തന്നെ പിഴച്ചു.

കിതയ്ക്കുന്ന സിറ്റിക്ക് ക്ലബ്ബ് ലോകകപ്പ് കിരീടം കുതിപ്പ് നല്‍കുമോ?
ഉള്‍ക്കാഴ്ചയില്ലാത്ത മധ്യനിരയും ഉത്തരം തേടുന്ന ഗ്വാർഡിയോളയും; പ്രീമിയർ ലീഗില്‍ തളരുന്ന സിറ്റി

പന്തടക്കത്തിലും പിന്നോട്ട്

ബാഴ്സലോണയിലെ പരിശീലന കാലം മുതല്‍ ഗ്വാർഡിയോളയുടെ ഗെയിം പ്ലാന്‍ കുറിയ പാസുകളിലൂടെ പന്ത് കൈവശംവച്ച് മുന്നേറ്റം നടത്തി ഗോളില്‍ അവസാനിപ്പിക്കുക എന്നതാണ്. പക്ഷേ 2017-18 സീസണ്‍ മുതല്‍ ഇങ്ങോട്ട് പരിശോധിക്കുകയാണെങ്കില്‍ സിറ്റിയുടെ പന്തടക്കത്തിന്റെ ശതമാനത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2017-18 (71 ശതമാനം), 2018-19 (67.9 ശതമാനം), 2019-20 (66.2 ശതമാനം), 2020-21 (63.5 ശതമാനം), 2022-23 (64.7 ശതമാനം), 2023-24 (62.2 ശതമാനം) എന്നിങ്ങനെയാണ് കണക്കുകള്‍.

പന്തടക്കത്തിനെ ഫുട്ബോളില്‍ ഒരിക്കലും വിജയത്തിന്റെ അടിസ്ഥാനമായി കണക്കാക്കാനാകില്ല. സിറ്റിക്ക് 63 ശതമാനത്തിന് മുകളില്‍ പന്തടക്കമുണ്ടായിരുന്ന സീസണുകളില്‍ ഒരു തവണ മാത്രമാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. എന്നാല്‍ 63-ന് താഴേക്ക് വീണ ഈ സീസണില്‍ സിറ്റി നാലാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്. ഗോളടിയന്ത്ര എർളിങ് ഹാളണ്ടിന്റേയും മധ്യനിരയിലെ പ്രധാനി കെവിന്‍ ഡി ബ്രൂയിന്റെ അഭാവം തന്നെയാണ് തിരിച്ചടികളുടേയും ഗോള്‍ വരള്‍ച്ചയുടേയും കാരണമായി ചൂണ്ടിക്കാണിക്കാനാകുന്നത്. നടപ്പ് സീസണിന്റെ 15 ശതമാനത്തോളം ഹാളണ്ടിന് ഇതിനോടകം നഷ്ടമായിട്ടുണ്ട്. 22 മിനുറ്റ് മാത്രമാണ് സീസണില്‍ ഡി ബ്രൂയിന്‍ പന്ത് തട്ടിയിട്ടുള്ളത്.

കിതയ്ക്കുന്ന സിറ്റിക്ക് ക്ലബ്ബ് ലോകകപ്പ് കിരീടം കുതിപ്പ് നല്‍കുമോ?
ഗോദയിലെ കണ്ണീർ; അനീതിയുടെ 'സാക്ഷ്യ' പത്രം

ഹാളണ്ട് കേന്ദ്രീകൃതം

സിറ്റിയുടെ ആക്രമണം ഹാളണ്ടിനെ കേന്ദ്രീകരിച്ചായതിനാല്‍തന്നെ ദീർഘനേരം പന്ത് കൈവശം വച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് ഡി ബ്രൂയിനിന്റെ ജോലം ഭാരം വർധിപ്പിച്ചിട്ടുമുണ്ട്. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ബാധ്യത താരത്തിലേക്ക് എത്തി. ഡി ബ്രൂയിനിന്റെ സാന്നിധ്യം പൂർണമായുണ്ടായിരുന്ന സീസണുകളിലൊന്നും സിറ്റിക്ക് പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ഡി ബ്രൂയിനും ഹാളണ്ടുമില്ലാത്തതിനാലും കുറഞ്ഞ പന്തടക്കത്തില്‍ നിന്ന് ഗോളുകള്‍ കണ്ടെത്താന്‍ സിറ്റിക്കാകുന്നില്ല. ഇല്‍കെ ഗുണ്ടോഗന്റെ കൂടുമാറ്റവും റോഡ്രിക്ക് മത്സരങ്ങള്‍ നഷ്ടമായതും പുതിയ താരങ്ങള്‍ക്ക് സിറ്റിയുടെ ശൈലിയിലേക്ക് എളുപ്പത്തില്‍ എത്താനാകാത്തതുമാണ് മറ്റ് കാരണങ്ങള്‍.

logo
The Fourth
www.thefourthnews.in