ബാസ്ബോളിനെ കടത്തിവെട്ടി ഇന്ത്യയുടെ 'ദ്രാവ്ബോള്‍': ടെസ്റ്റ് ക്രിക്കറ്റിലെ ശ്രീലങ്കന്‍ റെക്കോര്‍ഡ്  ഇനി പഴങ്കഥ

ബാസ്ബോളിനെ കടത്തിവെട്ടി ഇന്ത്യയുടെ 'ദ്രാവ്ബോള്‍': ടെസ്റ്റ് ക്രിക്കറ്റിലെ ശ്രീലങ്കന്‍ റെക്കോര്‍ഡ് ഇനി പഴങ്കഥ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍റേറ്റുള്ള ടീം എന്ന റെക്കോർഡാണ് ഇന്ത്യ വിൻഡീസിനെതിരെ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ മെല്ലെപ്പോക്കിനെ മാറ്റിയെഴുതിയ ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ വെല്ലുന്ന പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. വെറും 24 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുത്ത് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 7.54 എന്ന അസാധാരണ റണ്‍റേറ്റിലാണ് ഇന്ത്യ റണ്ണുകള്‍ അടിച്ചുകൂട്ടിയത്. ഇന്ത്യയുടെ ഈ ചുവടുമാറ്റത്തിന് 'ദ്രാവ്‌ബോള്‍' എന്നാണ് ആരാധകര്‍ പേരു നല്‍കിയിരിക്കുന്നത്.

ബാസ്ബോളിനെ കടത്തിവെട്ടി ഇന്ത്യയുടെ 'ദ്രാവ്ബോള്‍': ടെസ്റ്റ് ക്രിക്കറ്റിലെ ശ്രീലങ്കന്‍ റെക്കോര്‍ഡ്  ഇനി പഴങ്കഥ
സിറാജിന് അഞ്ച് വിക്കറ്റ്, വിന്‍ഡീസ് 255-ന് പുറത്ത്; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

നാലാംദിനം വിന്‍ഡീസിന്റെ ഇന്നിങ്‌സ് 255 റണ്‍സില്‍ അവസാനിപ്പിച്ചശേഷമാണ് ഇന്ത്യ ആക്രമണബാറ്റിങ് പുറത്തെടുത്തത്. 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ വൈറ്റ്‌ബോള്‍ ശൈലിയിലാണ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തത്. അതോടെ മൈതാനത്ത് റണ്ണൊഴുകിത്തുടങ്ങി. 24 ഓവറില്‍ 181 റണ്‍സ് എടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. അതോടെ മിനിമം 20 ഓവര്‍ നീണ്ടുനിന്ന ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് നിലനിര്‍ത്തിയ ടീം എന്ന റെക്കോര്‍ഡ് ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ 7.53 എന്ന റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. 2017ല്‍ സിഡ്‌നിയില്‍ പാകിസ്താനെതിരേ നടന്ന മത്സരത്തില്‍ 32 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ഓസീസ് നേടിയത്.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് തികയ്ക്കുന്ന ടീം എന്ന റെക്കോര്‍ഡും വിന്‍ഡീസിനെതിരെ ഇന്ത്യ സ്വന്തമാക്കി

30 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 38 റണ്‍സെടുത്ത യശ്വസി ജെയ്‌സ്വാളും 44 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയും ഇന്നിങ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ടെസ്റ്റ് കരിയറിലെ തന്റെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി. നാലാം നമ്പറിലിറങ്ങിയ ഇഷാന്‍ കിഷാനും (34 പന്തിൽ 52 റണ്‍സ്) കളത്തില്‍ തകര്‍ത്തടിച്ചതോടെ റെക്കോര്‍ഡ് ഇന്ത്യക്കൊപ്പം പോന്നു. 33 പന്തില്‍ 50 തികച്ച ഇഷാന്‍ കിഷാന്‍ വേഗമേറിയ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും കരസ്ഥമാക്കി. 28 പന്തില്‍ 50 അടിച്ച ഋഷഭ് പന്താണ് ഇതില്‍ ഒന്നാം സ്ഥാനത്ത്.

ഇത് കൂടാതെ ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് തികയ്ക്കുന്ന ടീം എന്ന റെക്കോര്‍ഡും വിന്‍ഡീസിനെതിരെ ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ 12.2 ഓവറിലാണ് ഇന്ത്യ സെഞ്ചുറി തികച്ചത്. 22 വര്‍ഷമായി ശ്രീലങ്കയുടെ കൈപ്പിടിയിലായിരുന്ന റെക്കോര്‍ഡാണ് ഹിറ്റമാനും സംഘവും പിടിച്ചു വാങ്ങിയത്. 2001 ല്‍ ബംഗ്ലാദേശിനെതിരെ 13.2 ഓവറിലാണ് ലങ്ക 100 റണ്‍സ് എടുത്തത്. ഇന്ത്യയുടെ ചുവടുമാറ്റത്തെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് ചേര്‍ന്നു നിര്‍ത്തിയ 'ദ്രാവ്‌ബോള്‍' എന്ന പേര് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in