ഡീപ് ഫേക്കിനിരയായി സച്ചിനും; ഗെയിമിങ് പ്ലാറ്റ്ഫോമിനെ പിന്തുണച്ചുകൊണ്ട് വീഡിയോ

ഡീപ് ഫേക്കിനിരയായി സച്ചിനും; ഗെയിമിങ് പ്ലാറ്റ്ഫോമിനെ പിന്തുണച്ചുകൊണ്ട് വീഡിയോ

സച്ചിന്‍ ആപ്ലിക്കേഷനെ പിന്തുണയ്ക്കുക മാത്രമല്ല, മകള്‍ സാറയ്ക്ക് ആപ്ലിക്കേഷനിലൂടെ പണം ലഭിച്ചതായും അവകാശപ്പെടുന്ന തരത്തിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്

ഡീപ് ഫേക്ക് സാങ്കേതികവിദ്യക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍‍ തെണ്ടുല്‍ക്കറും. സമൂഹ മാധ്യമമായ എക്സിലൂടെ സച്ചിന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ വീഡിയോയും സച്ചിന്‍ പങ്കുവച്ചിട്ടുണ്ട്. ഗെയിമിങ് ആപ്ലിക്കേഷനായ സ്കൈവാഡ് ആവിയേറ്റർ ക്വസ്റ്റിനെ പിന്തുണച്ചുകൊണ്ടുള്ളതാണ് വീഡിയോ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സച്ചിന്‍ ആപ്ലിക്കേഷനെ പിന്തുണയ്ക്കുക മാത്രമല്ല, മകള്‍ സാറയ്ക്ക് ആപ്ലിക്കേഷനിലൂടെ പണം ലഭിച്ചതായും അവകാശപ്പെടുന്ന തരത്തിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്.

"ഈ വീഡിയോകള്‍ വ്യാജമാണ്. സാങ്കേതികവിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ദു:ഖകരമാണ്. ഈ വീഡിയോ റിപ്പോർട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യർഥിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. വ്യാജപ്രചരണങ്ങള്‍ തടയുന്നതിന് പ്ലാറ്റ്ഫോമുകളില്‍ നിന്ന് കൃത്യമായ നടപടി ആവശ്യമുണ്ട്," സച്ചിന്‍ കുറിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമിത ബുദ്ധി) സഹായത്തോടെ നിർമിക്കുന്ന വീഡിയോകളാണ് ഡീപ് ഫേക്ക്. ശരീരം, ശബ്ദം എന്നിവ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജമായി നിർമിച്ചാണ് പലരും ദുരുപയോഗം ചെയ്യുന്നത്. ഡീപ് ഫേക്ക് ചിത്രങ്ങളിൽ 96 ശതമാനവും അശ്ലീലവും സമ്മതമില്ലാതെ ഉപയോഗിക്കുന്നതുമാണെന്നാണ് റിപ്പോർട്ടുകള്‍.

ഡീപ് ഫേക്കിനിരയായി സച്ചിനും; ഗെയിമിങ് പ്ലാറ്റ്ഫോമിനെ പിന്തുണച്ചുകൊണ്ട് വീഡിയോ
ഡീപ് ഫേക്ക്: സൈബറിടങ്ങളിലെ സ്ത്രീ സുരക്ഷയ്ക്ക് വന്‍ വെല്ലുവിളി

സമൂഹ മാധ്യമങ്ങള്‍ക്ക് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശങ്ങള്‍ നല്‍കിയിരുന്നു.

ഡീപ് ഫേക്ക് എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണ്. ഡീപ് ഫേക്ക് വീഡിയോകള്‍ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനായി എല്ലാ പ്രമുഖ സമൂഹ മാധ്യമങ്ങള്‍ക്കും അടുത്തിടെ നിർദേശം നല്‍കിയുന്നു. സമൂഹ മാധ്യമങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. അവർ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയാനാകുന്നത്, കേന്ദ്രമന്ത്രി വ്യക്തമാക്കി.

സച്ചിനല്ല ഡീപ്ഫേക്കിനിരയാകുന്ന ആദ്യത്തെ പ്രമുഖ വ്യക്തി. നേരത്തെ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, രശ്മിക മന്ദാന എന്നിവരും ഡീപ് ഫേക്ക് ഇരയായിരുന്നു.

logo
The Fourth
www.thefourthnews.in