ഒന്നൊന്നര ക്ലാസ്; 43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ബൊപ്പണ്ണ

ഒന്നൊന്നര ക്ലാസ്; 43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ബൊപ്പണ്ണ

ബൊപ്പണ്ണയുടെ ടെന്നീസ് കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കൂടിയാണിത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് കിരീടം രോഹന്‍ ബൊപ്പണ്ണ - മാത്യു എബ്ദന്‍ സഖ്യത്തിന്. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോലെല്ലി - ആന്‍ഡ്രിയ വവാസോരി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ 7-6, 7-5.

ബൊപ്പണ്ണയുടെ ടെന്നീസ് കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കൂടിയാണിത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍ കിരീടവും താരം നേടിയിട്ടുണ്ട്. ഗ്രാന്‍ഡ് സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ബൊപ്പണ്ണ സ്വന്തമാക്കി.

റോഡ് ലേവർ അറീനയില്‍ ആദ്യ സെറ്റ് മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇരുസഖ്യങ്ങളും കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ ഒരു ബ്രേക്ക് പോയിന്റ് പോലും നേടാന്‍ ഇരുസഖ്യങ്ങള്‍ക്കും കഴിഞ്ഞില്ല. ടൈ ബ്രേക്കറില്‍ ബോപ്പണ്ണയുടെ പരിചയസമ്പത്തും സഖ്യത്തിന്റെ തന്ത്രങ്ങളും ഫലം കണ്ടു. ടൈ ബ്രേക്കറില്‍ എതിരാളികള്‍ക്ക് ഒരു പോയിന്റ് പോലും വിട്ടുനല്‍കാതെയായിരുന്നു ആദ്യ സെറ്റിലെ ജയം. സ്കോർ 7-6.

ഒന്നൊന്നര ക്ലാസ്; 43-ാം വയസില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടി ബൊപ്പണ്ണ
സബാഷ് സബലെങ്ക; ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിർത്തി ബെലാറസ് താരം

രണ്ടാം സെറ്റ് ആദ്യ സെറ്റിന്റെ തനിയാവർത്തനം എന്നപോലെയായിരുന്നു മുന്നോട്ട് പോയത്. എന്നാല്‍ അവസാന നിമിഷം ഇറ്റാലിയന്‍ സഖ്യത്തിന് പിഴച്ചു. ബ്രേക്ക് പോയിന്റ് സ്വന്തമാക്കാന്‍ ബൊപ്പണ്ണയ്ക്കും എബ്ദനും സാധിച്ചു. 7-5 എന്ന സ്കോറിലായിരുന്നു രണ്ടാം സെറ്റ് സഖ്യം നേടിയത്.

നേരത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറസ് താരം അരീന സബലെങ്ക നിലനിർത്തിയിരുന്നു. ഫൈനലില്‍ ചൈനയുടെ ക്വിന്‍വെന്‍ ഷെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്കോർ 6-3, 6-2. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാമാണിത്. കസാഖിസ്ഥാന്റെ എലേന റെയ്ബാക്കിനയെ തോല്‍പ്പിച്ചായിരുന്നു സബലെങ്ക 2023ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയത്.

logo
The Fourth
www.thefourthnews.in