ഗോത്രജീവിതങ്ങളുടെയും രുചികളുടെയും വൈവിധ്യക്കാഴ്ചകൾ; ഹോണ്‍ ബില്‍ ഉത്സവത്തിന് പോകാം നാഗാലാൻഡിലേക്ക്

ഗോത്രജീവിതങ്ങളുടെയും രുചികളുടെയും വൈവിധ്യക്കാഴ്ചകൾ; ഹോണ്‍ ബില്‍ ഉത്സവത്തിന് പോകാം നാഗാലാൻഡിലേക്ക്

നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലെ കിസാമാ ഗ്രാമമാണ് ഹോണ്‍ബില്‍ ഉത്സവത്തിന്റെ കേന്ദ്രം

ഡിസംബറില്‍ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണോ നിങ്ങള്‍? ഇന്ത്യയിലെ ഗോത്രവിഭാഗങ്ങളുടെ ജീവിതം തൊട്ടറിയാന്‍ താല്പര്യമുണ്ടോ? എങ്കില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ നാഗാലാന്‍ഡില്‍ നടക്കുന്ന ഹോണ്‍ ബില്‍ ഉത്സവം നിങ്ങള്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കും. നാഗാലാന്‍ഡ് സര്‍ക്കാറും സാംസ്‌കാരിക - വിനോദസഞ്ചാര വകുപ്പുകളും സംയുക്തമായി സംഘടിപ്പിക്കുന്ന നാഗാ ഗോത്രവിഭാഗങ്ങളുടെ ഉത്സവമാണ് ഹോണ്‍ ബില്‍ ഫെസ്റ്റിവല്‍.

ഫോട്ടോ: എ പി നദീറ

നാഗാലാന്‍ഡിലെ തലസ്ഥാനമായ കൊഹിമയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കിസാമാ എന്ന പൈതൃക ഗ്രാമത്തിലാണ് എല്ലാവര്‍ഷവും ഹോണ്‍ ബില്‍ ഉത്സവം നടക്കുന്നത്. നാഗാലാന്‍ഡിലെ 16 നാഗാ ഗോത്രവിഭാഗങ്ങളുടെ പാരമ്പര്യം, ജീവിതരീതി, ഭക്ഷണശൈലി, വസ്ത്രധാരണ രീതി, ആഭരണശൈലി, വേട്ടയ്ക്കുപയോഗിക്കുന്ന ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടും അനുഭവിച്ചും മനസ് നിറച്ച് നിങ്ങള്‍ക്ക് മടങ്ങാം.

ഫോട്ടോ: എ പി നദീറ

നാഗാ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി കിസാമ

ഉത്സവം നടക്കുന്ന കിസാമാ ഗ്രാമത്തില്‍ 16 ഗോത്രവിഭാഗങ്ങളുടെയും വീടുകളുടെ മാതൃക സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും ജീവിതരീതികള്‍ വ്യത്യസ്തമാണ്. കൃഷിയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നാഗകള്‍ അവരുടെ കാര്‍ഷിക സംസ്‌കൃതി സഞ്ചാരികളെ പരിചയപ്പെടുത്തുന്നത് ഇതിലൂടെയാണ്.

ഫോട്ടോ: എ പി നദീറ

നാഗകള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍, ആഹാരം പാചകം ചെയ്യുന്ന രീതി, വസ്ത്രങ്ങളും ആഭരണങ്ങളും തയാറാക്കുന്ന രീതി തുടങ്ങിയവയെല്ലാം ഇവിടെ എത്തിയാല്‍ നേരില്‍ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും നിരവധി സഞ്ചാരികളാണ് ഹോണ്‍ ബില്‍ ഉത്സവം കാണാന്‍ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നത്.

ഗോത്രജീവിതങ്ങളുടെയും രുചികളുടെയും വൈവിധ്യക്കാഴ്ചകൾ; ഹോണ്‍ ബില്‍ ഉത്സവത്തിന് പോകാം നാഗാലാൻഡിലേക്ക്
മലാന: ലഹരിയും പ്രകൃതിയും ഒത്തുചേരുന്ന ഗ്രാമം

ആട്ടവും പാട്ടും റൈസ് ബിയറും

താളലയമാണ് കിസാമയിലെ പത്ത് ദിനരാത്രങ്ങള്‍. ഗോത്രവിഭാഗങ്ങളുടെ നൃത്തരൂപങ്ങള്‍ പകല്‍ മൈതാനത്ത് അരങ്ങേറും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും പുരുഷന്മാരും മൈതാനത്തെത്തും. പിന്നെ കണ്ണിന് വിരുന്നാണ്. വര്‍ണാഭമായ ഉടയാടകള്‍, തൂവലുകള്‍ പതിച്ച മനോഹരമായ തലപ്പാവുകള്‍ ... മൈതാനം ക്ഷണ നേരംകൊണ്ട് നൃത്തവിരുന്നിനു സാക്ഷിയാകും. സഞ്ചാരികള്‍ക്ക് മൈതാനത്തിന് ചുറ്റുമുള്ള ഗ്യാലറിയിലുന്ന് ഇതാസ്വദിക്കാം. 16 ഗോത്രവിഭാഗങ്ങളും അവരവരുടെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന നൃത്തരൂപങ്ങള്‍ അവതരിപ്പിച്ച് മടങ്ങും. വൈകിട്ടോടെ തുറന്നവേദിയില്‍ നാഗാലാന്‍ഡിലെ പ്രമുഖ മ്യുസിക് ബാന്‍ഡുകള്‍ അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും. സഞ്ചാരികള്‍ ദേശ - ഭാഷാ ഭേദങ്ങള്‍ മറന്ന് ഒരുമിച്ചൊന്നായി പാട്ടുകള്‍ക്ക് ചുവടുവയ്ക്കും.

ഫോട്ടോ: എ പി നദീറ

അരിയിട്ട് വാറ്റിയുണ്ടാക്കിയ ചവര്‍പ്പ് രുചി അധികമില്ലാത്ത സുതോ (zutho) എന്ന ബിയറാണ് കിസാമയിലെ മറ്റൊരു ആകര്‍ഷണം. 100 രൂപയാണ് പെഗ്ഗിനു വില. മുളകൊണ്ട് നിര്‍മിച്ച പാത്രത്തിലാണ് ബിയര്‍ ലഭിക്കുക.

ഫോട്ടോ: എ പി നദീറ

എല്ലാ ഗോത്ര വിഭാഗങ്ങളുടെയും മാതൃകാ വീടുകളില്‍ സുതോ റൈസ് ബിയര്‍ വില്‍ക്കും. ഹോണ്‍ബില്‍ ഉത്സവ സമയത്ത് പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകും മിക്കപ്പോഴും നാഗാലാന്‍ഡിലെ താപനില. തണുത്തുവിറയ്ക്കുമ്പോള്‍ ശരീരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ നാഗകള്‍ ദിവസവും കഴിക്കുന്നതാണ് ഈ ബിയര്‍.

ഫോട്ടോ: എ പി നദീറ
ഫോട്ടോ: എ പി നദീറ

അണ്ണാന്‍ തന്തൂരി, പുഴു - പുല്‍ച്ചാടി വറുത്തത്, കക്ക പുഴുങ്ങിയത്, പന്നി -പട്ടി കറി

ബിയറിനൊപ്പം കഴിക്കാന്‍ എന്തുണ്ടെന്ന് ചോദിച്ചാല്‍ അകത്തുനിന്ന് വരുന്ന മറുപടി കേട്ട് അയ്യേയെന്ന് പറയാന്‍ തോന്നും ആദ്യമായി കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും. വീടിന്റെ സ്വീകരണമുറിയില്‍ മധ്യത്തിലായി അടുപ്പുകൂട്ടി അതിന്റെ മുകളില്‍ ചത്ത അണ്ണാനെ വേവിക്കുകയാണ് നാഗകള്‍. കുറെ സഞ്ചാരികള്‍ ആ അടുപ്പില്‍നിന്ന് തന്നെ തീ കായുന്നുണ്ട്.

ഫോട്ടോ: എ പി നദീറ

അടുക്കളയിലേക്കു നോക്കിയാല്‍ അടുപ്പില്‍ കറികള്‍ തിളച്ചുമറിയുന്നത് കാണാം. പന്നി ഇറച്ചിയും പട്ടി ഇറച്ചിയും വേണ്ടവര്‍ക്ക് അതും കിട്ടും.പുഴുവും പുല്‍ച്ചാടിയും കറുമുറെ രുചിക്കാനാണെങ്കില്‍ വറുത്തു തരും.

ഫോട്ടോ: എ പി നദീറ

മുളങ്കൂമ്പിനൊപ്പം വിളമ്പുന്ന പന്നിയിറച്ചിയും ഊണും മുളന്തണ്ടില്‍ വേവിച്ചെടുക്കുന്ന മീന്‍ കറിയും ഒക്കെ ഇവിടത്തെ രുചിവൈവിധ്യങ്ങളാണ്. മസാലകള്‍ ഒന്നുമിടാത്ത ഈ വിഭവങ്ങള്‍ നാഗാലാന്‍ഡിന് പുറത്തുള്ളവര്‍ക്ക് അത്ര ഇഷ്ടപ്പെടണമെന്നില്ല.

ഫോട്ടോ: എ പി നദീറ
ഗോത്രജീവിതങ്ങളുടെയും രുചികളുടെയും വൈവിധ്യക്കാഴ്ചകൾ; ഹോണ്‍ ബില്‍ ഉത്സവത്തിന് പോകാം നാഗാലാൻഡിലേക്ക്
'വരൂ ഹിമാചല്‍ ഗ്രാമങ്ങളില്‍ പാര്‍ക്കാം'

മുത്ത് മാലകള്‍, കമ്മലുകള്‍, തൂവല്‍ തലപ്പാവുകള്‍... വിസ്മയിപ്പിക്കും കരവിരുത്

സ്വയം നിര്‍മിക്കുന്ന ആഭരണങ്ങളാണ് നാഗകള്‍ അണിയുക. ഓരോ ഗോത്രവിഭാഗത്തിന്റെയും ആഭരണങ്ങള്‍ വ്യത്യസ്തമാണ്. ഗോത്രവിഭാഗങ്ങളെ പരസ്പരം തിരിച്ചറിയാന്‍ സഹായിക്കുന്ന അടയാളം കൂടിയാണ് ആഭരണങ്ങള്‍.

ഫോട്ടോ: എ പി നദീറ

കുപ്പിക്കഷ്ണങ്ങള്‍ സംസ്‌കരിച്ചും വേട്ടയാടുന്ന മൃഗങ്ങളുടെ പല്ലുകളും നഖങ്ങളും ഉപയോഗിച്ചും നാഗകള്‍ ആഭരണങ്ങള്‍ ഉണ്ടാക്കുന്നു. ഇവയുടെ വര്‍ണവൈവിധ്യം ഒട്ടേറെ വന്‍കിട ആഭരണ രൂപകല്‍പ്പന കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ നാഗകളെ വച്ച് നിര്‍മാണ യൂണിറ്റുകള്‍ നടത്തി പണം കൊയ്യുന്നവരും ഇവിടെയുണ്ട്. നാഗസ്ത്രീകള്‍ ഈ ആഭരണങ്ങള്‍ വില്‍പ്പനയ്ക്കുവയ്ക്കുന്നുണ്ട്, രണ്ടായിരം രൂപ മുതലാണ് വില.

ഫോട്ടോ: എ പി നദീറ

നാഗകളുടെ ആഭരണങ്ങള്‍ പോലെ തന്നെ സഞ്ചാരികളുടെ കണ്ണുടക്കുന്നതാണ് അവരുടെ തലപ്പാവുകള്‍. വേട്ടയാടി കൊന്ന പക്ഷികളുടെ തൂവലുകളാണ് നാഗകളുടെ തലപ്പാവുകളെ അലങ്കരിക്കുന്നത്. പുരാതന കാലം മുതല്‍ നാഗകള്‍ വേഴാമ്പലിനെ ധീരതയുടെയും പവിത്രതയുടെയും പ്രതീകമായാണ് കണ്ടുപോരുന്നത്. വേഴാമ്പലിനെ തൂവലുകള്‍ തൊപ്പിയില്‍ ധരിക്കാന്‍ അര്‍ഹത നേടുക ഏറ്റവും സമര്‍ത്ഥനും ധീരനുമായ വേട്ടക്കാരനാണ്. പക്ഷിത്തൂവലുകള്‍ കമ്മലായും പുരുഷന്മാര്‍ ഉപയോഗിക്കുന്നു.

ഫോട്ടോ: എ പി നദീറ

സന്ദര്‍ശിക്കാം രാജ്യത്തെ ആദ്യ ഹരിതഗ്രാമം

പത്തു നാള്‍ നീളുന്ന ഉത്സവത്തില്‍ രണ്ടോ മൂന്നോ ദിവസം മതിയാകും ഹോണ്‍ ബില്‍ ഉത്സവം എന്താണെന്ന് മനസിലാക്കാന്‍. അവശേഷിക്കുന്ന ദിനങ്ങള്‍ ഗോത്ര വിഭാഗങ്ങളുടെ ഗ്രാമങ്ങളിലേക്ക് യാത്ര പോകാം. അത്തരത്തില്‍ കാണാവുന്ന ഏറ്റവും മനോഹരമായൊരു ഗ്രാമമമാണ് ഖോനോമ. കൊഹിമയില്‍നിന്ന് 20 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ളത്. നാഗകളിലെ ഒരു വിഭാഗമായ അങ്കാമി നാഗകളുടെ ഗ്രാമമായ ഖോനോമയിലേക്ക് ജീപ്പിലും കാറിലും ബൈക്കിലും പോകാം.

ഫോട്ടോ: എ പി നദീറ

രാജ്യത്തെ ആദ്യ ഹരിതഗ്രാമം എന്ന തലയെടുപ്പോടെ സഞ്ചാരികളെ വരവേല്‍ക്കുന്ന ഗ്രാമത്തില്‍ കൃഷിയും പശു വളര്‍ത്തലുമാണ് ഉപജീവനമാര്‍ഗം. ഗ്രാമത്തിലുള്ള ഒരാളുടെ കൂടെയല്ലാതെ സന്ദര്‍ശിക്കാന്‍ വിലക്കുണ്ട്. 500 രൂപ പ്രവേശന ഫീയായി നല്‍കണം. അതിമനോഹരമായ ഗ്രാമക്കാഴ്ചകള്‍ നിങ്ങളെ ആന്ദഭരിതരാക്കും. സഞ്ചാരികള്‍ക്ക് അങ്കാമി ഗോത്ര വിഭാഗത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇവിടെ താമസിക്കുകയുമാകാം. ഖോനോമ ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല.

ഗോത്രജീവിതങ്ങളുടെയും രുചികളുടെയും വൈവിധ്യക്കാഴ്ചകൾ; ഹോണ്‍ ബില്‍ ഉത്സവത്തിന് പോകാം നാഗാലാൻഡിലേക്ക്
വേട്ടയാടി ജീവിച്ച കാലത്തിന് വിട, രാജ്യത്തെ ആദ്യത്തെ ഹരിത ഗ്രാമമായി ഖൊനോമയെ മാറ്റിയെടുത്ത ഗോത്ര ജീവിതം
ഫോട്ടോ: എ പി നദീറ

കേരളത്തില്‍നിന്ന് എങ്ങനെ എത്തിപ്പെടാം

നാഗാലാന്‍ഡില്‍ എത്തിച്ചേരാനുള്ള ഏറ്റവും അടുത്ത വിമാനത്താവളം ദിമാപുരാണ് .തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും വിമാനത്തില്‍ ദിമാപുരിലെത്താം. ട്രെയിനിലാണ് യാത്രയെങ്കില്‍ തിരുവനന്തപുരത്തുനിന്ന് മൂന്ന് ദിവസമെടുത്ത് ദിമാപുരിലെത്താം. അവിടെനിന്ന് ബസിലോ ഷെയര്‍ ടാക്‌സിയിലോ കിസാമയിലേക്ക് പോകാം.

ഫോട്ടോ: എ പി നദീറ

കൊഹിമയിലും കിസാമയിലും താമസ സൗകര്യങ്ങള്‍ കുറവാണ്. ടെന്റ് സ്റ്റേകള്‍ വാടകയ്ക്ക് ലഭിക്കും സ്വന്തമായി ടെന്റ് കൈവശമുണ്ടെകില്‍ കുറഞ്ഞ വാടക നല്‍കി ഇടം കണ്ടെത്താം. ഉത്സവസമയത്ത് താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഇത് മുന്‍കൂട്ടിക്കണ്ട് ആവശ്യമുള്ള വസ്ത്രങ്ങള്‍ കരുതുക. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതിന് സമാനമായി നാഗാലാന്‍ഡില്‍ രാവിലെ നാലരയോടെ സൂര്യനുദിക്കുകയും ഉച്ചതിരിഞ്ഞ് മൂന്നരയോടെ ഇരുട്ട് പരക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in