സൊമാറ്റോയുടെ 'പ്യുവർ വെജ്' മോഡിന് തിരിച്ചടി; യൂണിഫോം പച്ചനിറമാക്കിയ തീരുമാനം മാറ്റി

സൊമാറ്റോയുടെ 'പ്യുവർ വെജ്' മോഡിന് തിരിച്ചടി; യൂണിഫോം പച്ചനിറമാക്കിയ തീരുമാനം മാറ്റി

'ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം' മാത്രം നൽകുന്ന റെസ്റ്റോറൻ്റുകളുടെ കൂട്ടമാണ് 'പ്യുവർ വെജ് മോഡ്' ലഭ്യമാക്കുക

പുതിയ “പ്യുവർ വെജ് മോഡ്” സേവനം പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങൾ ഉയർന്നതോടെ പച്ച യൂണിഫോം അവതരിപ്പിക്കാനുള്ള നീക്കം പിൻവലിച്ച് സൊമാറ്റോ. സസ്യാഹാരപ്രിയർക്ക് വേണ്ടി വെജിറ്റേറിയൻ ഹോട്ടലുകളിൽനിന്ന് മാത്രം ഭക്ഷണമെത്തിക്കുന്ന പുതിയ സംവിധാനമാണ് സൊമാറ്റോ ചൊവ്വാഴ്ച ആരംഭിച്ചത്. ഇതിനായി പ്രത്യേകം തയാറാക്കിയ പച്ച യൂണിഫോമും സൊമാറ്റോ പുറത്തിറക്കി. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഇതിന് പിന്നാലെയാണ് സൊമാറ്റോയുടെ നിലവിലെ ഡെലിവറി യൂണിഫോമായ ചുവപ്പ് ടീഷർട്ട് തന്നെ 'പ്യുവർ വെജ്' ഫ്‌ളീറ്റിലും ഉപയോഗിക്കുമെന്ന് കമ്പനി സിഇഒ ദീപീന്ദർ ഗോയൽ ബുധനാഴ്ച അറിയിച്ചത്.

“ഞങ്ങൾ സസ്യാഹാരികൾക്കായി പുതിയ സംവിധാനം തുടരുന്നുണ്ടെങ്കിലും, ഡെലിവറിക്കായി രണ്ടുനിറങ്ങൾ ഉപയോഗിക്കാനുള്ള നീക്കം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ റൈഡർമാരും ചുവപ്പ് നിറം ധരിക്കും” ദീപീന്ദർ ഗോയൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

ഉപഭോക്താക്കൾക്ക് ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി വെജ് മോഡ് ആരംഭിച്ച് ഒരു ദിവസം കഴിയവെയാണ് പുതിയ തീരുമാനം. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സസ്യാഹാരികൾ ഉള്ളത് ഇന്ത്യയിലാണെന്നും അവരുടെ ഫീഡ്‌ബാക്കിൻ്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഫീച്ചറുകൾ ആരംഭിച്ചതെന്നുമായിരുന്നു സൊമാറ്റോയുടെ വിശദീകരണം.

“ഞങ്ങൾ സസ്യാഹാരികൾക്കായി പുതിയ സംവിധാനം തുടരുന്നുണ്ടെങ്കിലും, ഡെലിവറിക്കായി രണ്ടുനിറങ്ങൾ ഉപയോഗിക്കാനുള്ള നീക്കം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ റൈഡർമാരും ചുവപ്പ് നിറം ധരിക്കും” ദീപീന്ദർ ഗോയൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

ഉപഭോക്താക്കൾക്ക് ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണംട എത്തിക്കുന്നതിന് വേണ്ടി വെജ് മോഡ് ആരംഭിച്ച് ഒരു ദിവസം കഴിയവെയാണ് പുതിയ തീരുമാനം.

സൊമാറ്റോയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് പുതിയ ഓപ്ഷനുകൾ അവതരിപ്പിച്ചതെന്നാണ് ഗോയൽ പറയുന്നത്. "ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യാഹാരികൾ ഉള്ളത് ഇന്ത്യയിലാണ്. അവർക്ക് വേണ്ട ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നുവെന്നും ഡെലിവറി ചെയ്യുന്നവർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ കുറിച്ചും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 100 ശതമാനം സസ്യാഹാരം മാത്രം കഴിക്കുന്ന ഉപഭോക്താക്കളുടെ ഭക്ഷണ മുൻഗണനകൾ മുന്നിൽകണ്ടാണ് “പ്യുവർ വെജ് മോഡും” “പ്യുവർ വെജ് ഫ്ലീറ്റും” ആരംഭിക്കുന്നത്" ഗോയൽ എക്‌സിൽ കുറിച്ചു.

'ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം' മാത്രം നൽകുന്ന റെസ്റ്റോറൻ്റുകളുടെ കൂട്ടമാണ് 'പ്യുവർ വെജ് മോഡ്' ലഭ്യമാക്കുക. സസ്യാഹാരം മാത്രം പാകം ചെയ്യുന്ന റെസ്റ്റോറന്റുകളിൽ നിന്നുള്ള ഓർഡറുകൾ മാത്രമേ ഇതുവഴി നൽകുകയുള്ളൂ. നോൺ-വെജ് ഭക്ഷണമോ നോൺ-വെജ് റെസ്റ്റോറൻ്റ് നൽകുന്ന വെജ് ഭക്ഷണമോ ഈ ഡെലിവറി ഓപ്ഷനിലൂടെ വിതരണം ചെയ്യില്ല. അതേസമയം, പുതിയ സേവനം ഏതെങ്കിലും മതപരമോ രാഷ്ട്രീയമോ ആയ മുൻഗണനകളെ അനുകൂലിക്കുന്നതോ അന്യവൽക്കരിക്കുന്നതോ അല്ലെന്നും സൊമാറ്റോ സിഇഒ അറിയിച്ചിരുന്നു.

സൊമാറ്റോയുടെ തീരുമാനം ജാതീയതയാണെന്ന് ആരോപിച്ച് നിരവധി നെറ്റിസൺസ് രംഗത്തുവന്നിരുന്നു. നോൺ വെജ് ഭക്ഷണം സസ്യാഹാരങ്ങളെ മലിനമാക്കുന്നു എന്നത് ജാതീയമായ ആശയമാണ്. സൊമാറ്റോ ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ സൊമാറ്റോയുടേത് ഒരു വ്യാപാര തന്ത്രം മാത്രമാണെന്നും അതിനെ മറ്റൊരു തരത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന വാദവുമുണ്ട്.

2019 ൽ, ഒരു മുസ്ലീം ഡെലിവറി ബോയിയിൽനിന്ന് ഭക്ഷണം വാങ്ങാൻ ഒരാൾ കൂട്ടാക്കാതിരിക്കുകയും അത് സൊമാറ്റോയെ വലിയ പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു. അഹിന്ദുവിൽനിന്ന് ഭക്ഷണം സ്വീകരിക്കാത്തതിനെ കുറിച്ച് ഉപഭോക്താവ് എക്‌സിൽ ട്വീറ്റ് ചെയ്യുകയും സംഭവം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in