വൃക്ക സൂക്ഷിക്കണം: 
ഇന്ത്യയിലെ 10 ശതമാനം ജനങ്ങൾക്ക് ഗുരുതര വൃക്ക രോഗങ്ങളുണ്ടെന്ന് റിപ്പോർട്ട്

വൃക്ക സൂക്ഷിക്കണം: ഇന്ത്യയിലെ 10 ശതമാനം ജനങ്ങൾക്ക് ഗുരുതര വൃക്ക രോഗങ്ങളുണ്ടെന്ന് റിപ്പോർട്ട്

രാജ്യത്ത് ക്രോണിക്കൽ കിഡ്നി ഡിസീസ്, എന്‍ഡ് സ്റ്റേജ് റീനല്‍ ഡിസീസുകള്‍ എന്നിവ വർധിച്ച് വരുന്നു

ഇന്ത്യയിലെ 10 ശതമാനം പേര്‍ക്കും ഗുരുതരമായ വൃക്ക രോഗങ്ങളുളളതായും (സികെഡി) വര്‍ഷത്തില്‍ ഒരു ലക്ഷത്തിന് മുകളില്‍ വൃക്കസംബന്ധമായ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.

എന്‍ഡ് സ്‌റ്റേജ് റീനല്‍ ഡിസീസുകള്‍ എന്ന് പറയുന്നത് കിഡ്‌നി ശരീരത്തിന് വേണ്ടതായ പ്രവര്‍ത്തികള്‍ ചെയ്യാതെ വരുന്നതിനെയാണ്. അതായത് രോഗം മൂര്‍ച്ഛിച്ച് കിഡ്‌നി പ്രവര്‍ത്തനരഹിതമാവുക. സികെഡി, എന്‍ഡ് സ്റ്റേജ് റീനല്‍ ഡിസീസുകള്‍ എന്നിവ തടയാന്‍ ആവശ്യമായ ബോധവത്കരണവും നേരത്തെയുള്ള പരിശോധനയും അനിവാര്യമാണ്.

ക്രോണിക് കിഡ്‌നി ഡിസീസുകള്‍ (സികെഡി) അഥവാ ഗുരുതരമായ വൃക്ക രോഗങ്ങള്‍ക്കുള്ള പ്രാഥമിക കാരണം പ്രമേഹവും രക്താതിസമ്മർദ്ദവുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതു വരാതെ നോക്കുന്നതും നിയന്ത്രിക്കുന്നതും ക്രോണിക് കിഡ്‌നി ഡിസീസുകള്‍ തടയുന്നതിനോ രോഗം വരുന്നതില്‍ കാലതാമസം വരുത്താനോ സഹായിക്കും. സികെഡി കേസുകളില്‍ 31 ശതമാനവും പ്രമേഹം മൂലമുള്ളതാണെന്നാണ് കണക്കാക്കപ്പെടുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമല്ല, രക്താതിസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, വൃക്കകളുടെയും ഹൃദത്തിന്റെയും പ്രവര്‍ത്തനങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവയും വൃക്ക രോഗങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ അവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ രക്താതിസമര്‍ദ്ദം, പ്രമേഹം, ഗ്ലോക്കോമ പോലുള്ള ലക്ഷണങ്ങള്‍ റെറ്റിനയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വഴി മനസ്സിലാക്കാവുന്നതാണ്. വര്‍ഷത്തിലൊരിക്കല്‍ കണ്ണ് പരിശോധിക്കുന്നതിലൂടെ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കും.

ഗര്‍ഭിണികള്‍ വൃക്ക സംബന്ധമായ രോഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. വൃക്കയുടെ ആരോഗ്യം സൂക്ഷിക്കാൻ കരുതൽ അനിവാര്യമാണ്. ഗര്‍ഭകാലത്തെ നിര്‍ജ്ജലീകരണവും രക്തസമ്മര്‍ദ്ദ രോഗങ്ങളും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഗര്‍ഭിണികളായ സ്ത്രീകള്‍ പതിവായി പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു.

ശരീരത്തിന്റെ വാരിയെല്ലിന് താഴെ ഇടുപ്പിന് മുകളിലായി വേദന, ആവര്‍ത്തിച്ചുള്ള മൂത്രാശയ അണുബാധ, മുഖത്തെ വീക്കം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. അള്‍ട്രാ സൗണ്ട് ചെക്ക്അപ്പ് വൃക്കയുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കും. ഗുരുതരമായ വൃക്ക രോഗമുള്ളവരിൽ കടുത്ത വേദന,അമിതമായി രക്ത സ്രാവം തുടങ്ങിയ അസ്വസ്ഥതകള്‍ ആര്‍ത്തവ സമയത്ത് അനുഭവപ്പെട്ടേക്കാം.

നെഫ്രോപ്ലസും രോഗികളുടെ അഭിഭാഷക ഗ്രൂപ്പായ കിഡ്‌നി വാരിയേഴ്‌സ് ഫൗണ്ടേഷനും സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

logo
The Fourth
www.thefourthnews.in